കാസർകോട്: നാലുമാസം ഗർഭിണിയായ യുവതിയെ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഒരു പ്രശ്‌നവുമില്ലെന്നും അഭിനയം മാത്രമാണെന്നും പറഞ്ഞ് ഡിസ്ചാർജ് ചെയ്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ. അവശത കൂടിയതോടെ വീണ്ടും എത്തിച്ചെങ്കിലും കുഴപ്പമൊന്നും ഇല്ലെന്ന് മറുപടി. പിന്നീട് ഡിസ്ചാർജ് വാങ്ങി മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അപ്പോഴേക്കും ഗർഭസ്ഥ ശിശു മരിക്കുകയും ഇൻഫെക്ഷൻ ഉണ്ടാവുകയും ചെയ്തതോടെ യുവതിയും മരിച്ചു.

കാഞ്ഞങ്ങാട് കുന്നുമ്മലിലെ ദീപ ആശുപത്രിയിലെ ഡോക്ടറുടേയും ജീവനക്കാരുടെയും പിഴവിനെ തുടർന്ന് കാസർകോട്ട് രാജപുരത്തെ യുവതി മരണപ്പെട്ട സംഭവത്തിൽ വലിയ പ്രതിഷേധം ഉയരുകയാണ്. കാഞ്ഞങ്ങാട്ടെ ദീപ ആശുപത്രിയിൽ ഉണ്ടായ അനാസ്ഥയെ തുടർന്ന് രാജപുരം പൊടവടുക്കം അരിയളത്തെ മുരളീധരന്റെ ഭാര്യ ആശ (26) ആണ് മരണപ്പെട്ടത്. പാണത്തൂർ കുണ്ടുപ്പള്ളിയിലെ എംഎം കുഞ്ഞിരാമന്റേയും സുകുമാരിയുടേയും മകളാണ് ആശ. മുരളീധരനും ആശയ്ക്കും നാലുവയസ്സ് പ്രായമുള്ള കാർത്തിക് എന്ന മകനും ഉണ്ട്.

നിർത്താതുള്ള ഛർദ്ദിയും ക്ഷീണവും കാരണം ആശയെ മാർച്ച് 13ന് ശനിയാഴ്ചയാണ് രാവിലെ കാഞ്ഞങ്ങാട്ടെ ദീപ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ പരിശോധനയ്ക്കു ശേഷം ഇത് രോഗിയുടെ അഭിനയമാണെന്നും താനിത് കുറേ കണ്ടതാണെന്നും ഡോക്ടർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. വീണ്ടും വേദന കൂടി ആശ നിലവിളിച്ചപ്പോഴും ഇതേ തീരിതിലാണ് പ്രതികരണം ഉണ്ടായത്. ഡോക്ടറുടെ നിലപാടിൽ സംശയംതോന്നിയതോടെ ബന്ധുക്കൾ പിറ്റേന്ന് ഡിസ്ചാർജ് വാങ്ങി വൈകീട്ട് ബന്ധുക്കൾ മംഗലാപുരം യൂണിറ്റി ആശുപത്രിയിലേക്ക് ആശയെ കൊണ്ടുപോകുകയായിരുന്നു.

അവിടെ എത്തിയപ്പോൾ ഒരുപാട് വൈകിയെന്നും കുഞ്ഞ് മരിച്ചെന്നും ഡോക്ടർമാർ പറഞ്ഞു. മാത്രമല്ല, അപ്പോഴേക്കും ഇതുമൂലം ആശയുടെ ശരീരത്തിലും വ്യാപകമായി അണുബാധയുമുണ്ടായി. ആശ രക്ഷപ്പെടാൻ സാധ്യത കുറവാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. ചികിത്സ തുടർന്നെങ്കിലും മാർച്ച് 21 ബുധനാഴ്ച ഉച്ചയോടെ ആശ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ സംഭവത്തോടെ ദീപ ആശുപത്രിക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. വിഷയത്തിൽ ശക്തമായി പ്രതികരിച്ച് ആശുപത്രിയ്‌ക്കെതിരെയും അവിടത്തെ ഡോക്ടർക്ക് എതിരെയും വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലും ഉയരുന്നത്.

ആശേച്ചി ഞങ്ങൾക്ക് ആരായിരുന്നു എന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമില്ല... കൂടെ പിറന്ന പെങ്ങൾ, ഏട്ടത്തി 'അമ്മ, ബെസ്‌ററ് ഫ്രണ്ട്, അങ്ങനെ എല്ലാമെല്ലാമാണ്.. ഒരു നിമിഷത്തെ അശ്രദ്ധ മൂലം നിങ്ങൾ ഇല്ലാതാക്കിയത് നാല് വയസ്സ് മാത്രം പ്രായമുള്ള ഞങ്ങളുടെ കാർത്തികിന്റെ (കണ്ണൻ) പെറ്റമ്മയെ ആണ് എന്ന് വ്യക്തമാക്കി നാട്ടുകാരനും പ്രവാസിയായ മനീഷ് തമ്പാൻ ഫേസ്‌ബുക്കിൽ പോസ്റ്റ് നൽകി.

പോസ്റ്റ് ഇപ്രകാരം:

*കണ്ണീരിൽ കുതിർന്ന ദിനം..*??

ആദരാജ്ഞലികൾ പൊന്നുമോളെ..

*കാഞ്ഞങ്ങാട്ടെ *പ്രമുഖ* അല്ലെങ്കിൽ വേണ്ട ഇവരെയൊക്കെ ഭയ ഭക്തി ബഹുമാനത്തോടെ കാണുന്നവർ പ്രമുഖർ എന്ന് വിശേഷിപ്പിച്ചാൽ മതി..
ഞങ്ങൾ പേരെടുത്തു തന്നെ പറയാം കാഞ്ഞങ്ങാട് കുന്നുമ്മൽ ദീപ നഴ്‌സിങ് ഹോം ലെ ആധുനിക വൈദ്യശാസ്ത്രത്തിലെ തലതൊട്ടപ്പന്മാർ എന്ന് സ്വയം കരുതുന്ന ഡോക്ടർ മാരുടെ അശ്രദ്ധ കാരണം ഞങ്ങൾക്ക് നഷ്ടമായത്...
എല്ലാമെല്ലാമായ ഞങ്ങളുടെ ആശേച്ചിയെ ആണ്...

ആശേച്ചി ഞങ്ങൾക്ക് ആരായിരുന്നു എന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമില്ല... കൂടെ പിറന്ന പെങ്ങൾ, ഏട്ടത്തി 'അമ്മ, ബെസ്‌ററ് ഫ്രണ്ട്, അങ്ങനെ എല്ലാമെല്ലാമാണ്..

ഒരു നിമിഷത്തെ അശ്രദ്ധ മൂലം നിങ്ങൾ ഇല്ലാതാക്കിയത് നാല് വയസ്സ് മാത്രം പ്രായമുള്ള ഞങ്ങളുടെ കാർത്തിക് (കണ്ണൻ) ന്റെ പെറ്റമ്മയെ ആണ്....

ഒന്ന് മനസിലാക്കുക

നിർത്താതെയുള്ള ചർധിയും, ക്ഷീണവും കാരണം നാല് മാസം ഗർഭിണിയായിരുന്ന ആശ യെ 17.3.2018 ശനിയാഴ്‌ച്ച രാവിലെ കാഞ്ഞങ്ങാടുള്ള ദീപ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്യുന്നു.
ഡോക്റ്ററുടെ പരിശോധനക്ക് ശേഷം ഇത് രോഗിയുടെ വെറും അഭിനയമാണെന്നും ഇതുപോലെ ഒരുപാട് ഞാൻ കണ്ടിട്ടുണ്ടെന്നും ഡോക്ടർ അവകാശപ്പെടുന്നു. രോഗി പറ്റെ അവശയായപ്പോൾ ബന്ധുക്കൾ ഡോക്ടറെ കണ്ട് കാര്യം സൂചിപിച്ചു.അപ്പോൾ ഡോക്ടർ പറയുന്നു അവളുടെ അഭിനയത്തിന് നിങ്ങൾ കൂട്ട് നിക്കരുതെന്ന്.

രോഗിയുടെ ദയനീയമായുള്ള കരച്ചിൽ സഹിക്ക വയ്യാതെ നിരന്തരം അവിടെയുള്ള ഡ്യൂട്ടി നേഴ്‌സിനെയും ഡോക്റ്റർ മറെയുമൊക്കെ ബന്ധപ്പെട്ടപ്പോൾ എല്ലാവരും പുഛിച് തള്ളുകമാത്രമാണ് ചെയ്തത്. രോഗിയുടെ അവസ്ഥയെ എല്ലാ അർത്ഥത്തിലും ഡോക്ടർ വേണ്ട വിധത്തിൽ കണ്ട് ചികിത്സ നല്കുനില്ലന്ന് ബന്ധുക്കൾക്ക് മനസിലായപ്പോൾ,18.3.2018 വൈകുന്നേരം ബന്ധുക്കൾ അവിടെനിന്നും ഡിസ്ചാർജ് ചെയ്യിച്ച് മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നു. 

അവിടെയുള്ള ഡോക്ടർ മാരുടെ വിശദമായ പരിശോധനക്ക് ശേഷം നിങ്ങൾ ഒരുപാട് വൈകിപ്പോയെന്നും വയറ്റിലുള്ള കുട്ടി മരിച്ചെന്നും,ബോഡി മുഴുവൻ ഇൻഫെക്ഷെൻ ബാധിച്ചിട്ടുണ്ടെന്നും രോഗി രക്ഷപെടാൻ ഒരു ശദമാനമേ ചാൻസുള്ളൂ എന്നും പറയുന്നു. 

ഗർഭസ്ഥ ശിശു മരിച്ചിട്ടും അത് തിരിച്ചറിയാതെ,അല്ലങ്കിൽ അത് തിരിച്ചറിയാനോ ഗർഭസ്ഥ ശിശു സുരക്ഷിതമാണോ എന്ന് പരിശോധിക്കാനുള്ള പ്രാഥമിക ടെസ്റ്റുകൾ പൊലും ചെയ്യാതെ രോഗിയുടെ അഭിനയമാണെന്ന് പറഞ് പുച്ഛിച്ചുതള്ളി സ്വന്തം കഴിവ്കേട് മറച്ച് രണ്ട് ജീവൻ കൊണ്ട് പന്താടി.

ഭൂ മാഫിയ യുടെ കണ്ണിയായും മറ്റും പ്രവൃത്തിക്കുന്ന ?? *വാസു ഡോക്ടറെയും,രൂപ പൈ യെയും* പോലുള്ളവർക്ക് ഇത് മനസിലാക്കണമെന്നില്ല...

നിങ്ങളുടെ മേൽ വിശ്വാസം അർപ്പിച്ചു ഞങ്ങളുടെ ഉറ്റവരെ നിങ്ങളുട കൈകളിൽ ഏൽപ്പിക്കുമ്പോൾ നിങ്ങൾ ഞങ്ങളുടെ മനസ്സിൽ ദൈവ തുല്യനാണ്.. ആ വിശ്വാസം ആണ് തകർന്നടിഞ്ഞത്.....

പണത്തിനോടുള്ള ആർത്തി മൂത്ത് നിങ്ങൾ കാട്ടികൂട്ടുന്ന ഈ ചെയ്തികൾക്ക് എല്ലാറ്റിനും മുകളിൽ പരമ കാരുണികനായ സർവ്വ ശക്തന്റെ മുന്നിൽ മറുപടി പറയേണ്ട ഒരു ദിനം വരും.....

*ആ കാലം വിദൂരമല്ല..*

*ഇത് വായിക്കുന്നവരോട് ഒരു അപേക്ഷ മാത്രം അറിഞ്ഞോ അറിയാതെയോ ആരും കുന്നുമ്മൽ ദീപ നഴ്‌സിങ് ഹോമിൽ ചികിത്സ തേടി പോകരുത്.*

ആദരാഞ്ജലികൾ പൊന്നുമോളെ....