കോട്ടയം: ഇൻസ്റ്റിട്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലെ ചികിത്സയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് യാഥാർത്ഥ്യത്തോട് ബന്ധവുമില്ലാത്ത കാര്യങ്ങളെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സവിദ മറുനാടനെ അറിയിച്ചു. ചൈൽഡ് ലൈനിൽ നിന്നും എത്തിയ യുവതി പകർത്തിയ ചിത്രങ്ങൾ ആശുപത്രിക്ക് എതിരായ കുപ്രചരണത്തിന്റെ ഭാഗമാണെന്നും സൂപ്രണ്ട് പറയുന്നു

അഞ്ചു ജില്ലകളിൽ നിന്നുമാണ് ഐസിഎച്ചിൽ ചികിത്സ തേടി കുട്ടികൾ എത്തുന്നത് . വളരെ ഗുരുതരാവസ്ഥയിൽ ഉള്ള കുട്ടികളാണ് ഇവരെല്ലാം. പല സ്വകാര്യ ആശുപത്രികളും കൈയൊഴിഞ്ഞ നിലയിലാണ് കുഞ്ഞുങ്ങളിൽ ഭൂരിഭാഗവും എത്തുക. ഇത്തരമൊരു കുട്ടിയുടെ കെയർടേക്കർ എന്ന നിലയിലാണ് ചൈൽഡ് ലൈനിൽ നിന്നും ആരതി എന്ന യുവതി എത്തിയത്. ഐ സിയിൽ ഉള്ള കുട്ടിയെ പരിചരിക്കാനായി അമ്മയോ ബന്ധുക്കളോ ഇല്ലെങ്കിൽ ആശുപത്രി തന്നെ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട് ഇത്തരം കെയർടേക്കർമാരെ ഏർപ്പെടുത്താറുണ്ട്.

രോഗിയായ കുഞ്ഞിന്റെ അമ്മയ്ക്ക് മാനസികരോഗവുമായി ബന്ധപ്പെട്ട ചികിത്സ നടത്തുന്നതിനാൽ ബന്ധുക്കൾ തന്നെ ഏർപ്പെടുത്തിയിട്ടാണ് ഈ യുവതിയെ. എന്നാൽ ആശുപത്രിയെ ഇക്കാര്യമൊന്നും ബന്ധുക്കൾ അറിയിച്ചിരുന്നില്ല. അനധികൃതമായാണ് ഇവിടെനിന്ന് ചിത്രങ്ങൾ പകർത്തിയതെന്നും ഇതിൽ പരാതി നല്കിയിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു

യുവതി ആരോപിക്കുന്നതിൽ ഒന്നിലും വസ്തുതയില്ല. മരുന്നു പരീക്ഷണം സംബന്ധിച്ച് അന്താരാഷ്ട്ര പ്രോട്ടോക്കോളാണ് ആശുപത്രിയിൽ പിന്തുടരുന്നത്. ഇൻസ്ററിട്യൂഷൻ റിസർച്ച് ബോർഡ് നിർദ്ദേശിക്കുന്ന മരുന്നുകൾ മാത്രമാണ് നല്കുന്നത്. യുവതിയുടെ ആരോപണം ഇതേക്കുറിച്ചുള്ള അജ്ഞതകൊണ്ടുള്ള സംശയം മാത്രമാണ്.

ഓഗസ്റ്റിലെ ആദ്യ രണ്ടാഴ്ചയിൽ ആറു മരണം എന്നത് ആശുപത്രി അധികൃതർ ശരിവയ്ക്കുന്നുണ്ട്. പക്ഷേ ഇതിൽ സംശയാത്മകമയി ഒന്നും തന്നെ ഇല്ല. മരിച്ച ആറു കുട്ടികളും അതീവഗുരുതരാവസ്ഥയിലാണ് എത്തിയത്. ഇതിൽ നാലു പേർക്ക് ഹൃദയത്തിനും ഒരു കുട്ടിക്ക് തലച്ചോറിനും ജനിതക വൈകല്യം മൂലമുള്ള രോഗങ്ങളായിരുന്നു. ആറാമത്തെ കുഞ്ഞാവട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഗുരുതരമായ അണുബാധയെ തുടർന്ന് കൈയൊഴിഞ്ഞ് എത്തിയതായിരുന്നു. ഇവരെയാണ് രക്ഷിക്കാൻ കഴിയാതെ പോയത്.

പ്രതിവർഷം ശരാശരി ഒന്നേ മുക്കാൽ വർഷത്തോളം കുഞ്ഞുങ്ങളാണ് ചികിത്സ തേടി ഐ സി എച്ചിൽ എത്തുന്നത്. ഇവരിൽ എണ്ണായിരത്തിലേറെ പേർക്ക് കഴിഞ്ഞ വർഷം കിടത്തി ചികിത്സ നടത്തി. അമിതമായ തിരക്കുകൊണ്ട് ഉള്ള സാധാരണ പരാതികളല്ലാതെ കാര്യമായ ഒരു പരാതിയും ആശുപത്രിക്കെതിരേ ഉണ്ടായിട്ടില്ല. കേരളത്തിൽ നവജാത ശിശുക്കളുടെ മരണനിരക്ക് 11 ശതമാനമായിരിക്കെ ഐസിഎച്ചിലെ മരണ നിരക്ക് 4.2 ശതമാനം മാത്രമാണെന്നും സൂപ്രണ്ട് അറിയിച്ചു. ലോകോത്തരമുള്ള ഈ നേട്ടങ്ങൾ കൈവരിച്ച ആശുപത്രിയെ മനപ്പൂർവ്വം താഴ്‌ത്തിക്കെട്ടാനുള്ള നീക്കമാണ് നടന്നതെന്നും ഡോക്ടർ സവിദ പറയുന്നു. ഈ നേട്ടങ്ങൾക്ക് പിന്നിൽ ആത്മാർത്ഥമായ സേവനം നടത്തുന്ന ജീവനക്കാരെ താൻ പിന്തുണയ്ക്കുന്നതായും സൂപ്രണ്ട് പറയുന്നു.