കുറ്റ്യാടി: കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുക - എന്ന പൊലീസ് ശൈലി ഇവിടെ ശരിക്കും ചേരും. കാരണം പ്രാദേശിക കോൺഗ്രസ് നേതാവിനെ മർദ്ദിച്ചവരെ പിടികൂടാൻ സാധിക്കാതെ വന്നപ്പോൾ കുറ്റ്യാടി പൊലീസ് ചെയ്തത് കിട്ടിയവരെ പ്രതികളാക്കുകയായിരുന്നു. മർദ്ദിച്ചവരല്ല അറസ്റ്റിലായതെന്ന് പരാതിക്കാരൻ പറഞ്ഞിട്ടും കുലുക്കമില്ലാതെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുക്കുകയും ചെയ്തു.

കുറ്റ്യാടി അടുക്കത്ത് സ്വദേശി കാക്കോത്തിയാലിൽ ജാഫർ, കുറ്റ്യാടി ചിറക്കര വീട്ടിൽ സുബൈർ എന്നിവരെയാണ് കുറ്റ്യാടി പൊലീസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. റിമാൻഡ് ചെയ്തിരിക്കുന്ന ഇരുവരും തന്നെ മർദ്ധിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നും ഇവർ തന്നെ അക്രമിച്ചില്ലെന്നും പരാതിക്കാരൻ പൊലീസിനോട് പറഞ്ഞെങ്കിലും ബിരുദ വിദ്യാർത്ഥിയായ ജാഫറിനെയും അവധിക്ക് വിദേശത്തു നിന്നും നാട്ടിലെത്തിയ സുബൈറിനെയും പൊലീസ് അന്യായമായി റിമാൻഡ് ചെയ്യുകയായിരുന്നു.

നാല് ദിവസങ്ങൾക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുറ്റ്യാടി ടൗണിൽ കച്ചവടക്കാരനും കോൺഗ്രസ് ബൂത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഷാക്കിർ എന്നയാൾ തന്റെ കച്ചവട സ്ഥാപനമായ നോബിൾ പേപ്പർ മാർട്ട് അടയ്ച്ച് വീട്ടിലേക്കു പോകാൻ ഒരുങ്ങുകയായിരുന്നു. കുറ്റ്യാടി ലയൺസ് ക്ലബ്ബിന് പരിസരത്തെ പാർക്കിംങ് ഏര്യക്കു സമീപം നിന്നിരുന്ന യുവാക്കളുമായി വാക്കു തർക്കമുണ്ടാകുകയും തുടർന്ന് മർദ്ദിക്കുകയുമാണ് ഉണ്ടായത്. എന്നാൽ ഷാക്കിറിനെ മർദ്ദിച്ച സംഘത്തിലുണ്ടായിരുന്നവർ സംഭവം നടന്നതിന് ശേഷം നാടു വിടുകയായിരുന്നു. കുറ്റ്യാടി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞ ആളുകളെ പിടികൂടാതെയാണ് സംഭവവുമായി ബന്ധമില്ലാത്ത രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കിയതോടെ കോടതി റിമാൻഡ് ചെയ്യുകയും ചെയത്ു.

കോഴിക്കോട് ഡെപ്യൂട്ടി കളക്ടറുടെ അയൽവാസിയായ പരാതിക്കാരനും കോൺഗ്രസ് നേതാവുമായ ഷാക്കിറിനെ മർദ്ദിച്ചവരെ പിടികൂടണമെന്നുള്ള മേൽ ഉദ്യോഗസ്ഥരുടെയും കളക്ടർ അടയ്ക്കമള്ളവരുടെയും ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദമാണ് നിരപരാധികളുടെ മേലിൽ വധശ്രമം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ സംഭവം നടന്നതിനു ശേഷം പ്രതികളായ മൂന്നു പേരിൽ രണ്ടു പേർ ബാംഗ്ലൂരിലേക്കും ഒരാൾ ചെന്നൈയിലേക്കും കടന്നതായി കുറ്റ്യാടി എസ്.ഐ ശശീന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുന്ന ജാഫർ, സുബൈർ എന്നിവർ തന്നെ മർദ്ദിച്ചിരുന്നുവെന്ന് പരാതിക്കാരൻ ഷാക്കിർ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

അതേസയം പരാതിക്കാരനായ ഷാക്കിർ മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെയാണ്: ഇപ്പോൾ റിമാൻഡ് ചെയ്ത രണ്ടു പേർ എന്നെ മർദ്ദിക്കുകയോ ആ സംഘത്തിലുള്ളതായോ ഞാൻ കണ്ടിട്ടില്ല. പ്രതികളെ തിരിച്ചറിയാൻ എന്നെ എസ്.ഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴും ഈ രണ്ടു പേർ എന്നെ മർദ്ദിച്ചില്ലെന്നാണ് ഞാൻ പറഞ്ഞിരുന്നത്. ഇവർ നിരപരാധികളാണ് എനിക്ക് ഇവർക്കെതിരിൽ പരാതിയില്ല, ഇവർ രക്ഷപ്പെടണം പക്ഷെ യഥാർത്ഥ പ്രതികളെ കണ്ടെത്തുകയാണ് എനിക്ക് വേണ്ടത്. ഇവർ എന്നെ മർദ്ദിക്കാത്ത സ്ഥിതിക്ക് കേസ് നടത്തുമ്പോൾ ഞാൻ ഇവരെ ഒഴിവാക്കും.

റിമാൻഡ് ചെയ്തിരിക്കുന്നവർ തന്നെ അക്രമിച്ചില്ലെന്ന് പരാതിക്കാരൻ തന്നെ പറഞ്ഞതോടെ ഇവിടെ പൊലീസിന്റെ നുണ പൊളിയുകയാണ് ചെയ്യുന്നത്. ഇവർക്കെതിരെ വധശ്രമവും കയ്യേറ്റവും അടയ്ക്കമുള്ള വകുപ്പുകൾ ചുമത്തി മേൽ ഉദ്യോഗസ്ഥരിൽ നിന്നും മുഖം മിനുക്കാൻ പൊലീസ് തന്നെ കെട്ടിച്ചമച്ചതാണെന്നാണ് ആരോപണം. നിരപരാധികളെ കേസിൽ നിന്നും ഒഴിവാക്കി വിട്ടയക്കണമെന്നാണ് ജാഫറിന്റെയും സുബൈറിന്റെയും ബന്ധുക്കളുടെ ആവശ്യം.