കോഴിക്കോട്: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനുവേണ്ടിയും, കശുവണ്ടിബോർഡിലെ ആരോപിതരായ കോൺഗ്രസ് നേതാക്കൾക്കുമൊക്കെവേണ്ടി ഹാജരായി മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് അഡ്വ.എം.കെ ദാമോദരൻ വിവാദങ്ങളിൽപെട്ടിരിക്കെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായ അഡ്വ.മഞ്ചേരി ശ്രീധരൻ നായരും വിവാദത്തിൽ. ശ്രീധരൻ നായരെ രണ്ടാം പ്രതിയാക്കി വഞ്ചനാകുറ്റത്തിനാണ് ഹരജി വന്നിരിക്കുന്നത്.

കെ.എഫ്.സിയിൽനിന്ന് അഞ്ച് കോടി വായ്പയെടുത്ത് വഞ്ചിച്ചെ പരാതിയിൽ കോഴിക്കോട് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് അന്യായക്കാരന്റെ മൊഴിയെടുത്തു. സാക്ഷിവിസ്താരത്തിനായി കേസ് ഓഗസ്റ്റ് 20ലേക്ക് മാറ്റി. നിലമ്പൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിന്റെ ആറ് ഏക്കർ ഭൂമിയുടെ പ്രമാണം ഈട് നൽകി കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് (കെ.എഫ്.സി) അഞ്ച് കോടി വായ്പയെടുത്ത് തിരിച്ചടക്കാത്ത സംഭവത്തിലാണ് ഹരജി. മഞ്ചേരി ഡി.എം.ഒയും സ്ഥാപനത്തിന്റെ ഡയറക്ടർമാരിൽ ഒരാളുമായ ഡോ. കെ.ആർ. വാസുദേവനാണ് പരാതിക്കാരൻ.

സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ അഹമ്മദ് ഷരീഫ്, വായ്പയെടുത്ത ബിനാമി ശിഹാബുദ്ദീൻ എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികൾ. ഫ്‌ളാറ്റ് നിർമ്മാണത്തിനായി ഡയറക്ടർ ബോർഡ് തീരുമാനമില്ലാതെ പ്രമാണം ഈട് നൽകി ബിനാമി പേരിൽ പണം വാങ്ങുകയായിരുന്നു. വായ്പാ കുടിശ്ശിക മുടങ്ങിയതോടെ കെ.എഫ്.സി ഭൂമി ജപ്തി നടപടി തുടങ്ങിയപ്പോഴാണ് അന്യായക്കാരൻ സംഭവമറിയുന്നത്. ഇതോടെ, സിപിഐ(എം) നേതാക്കൾ ഇടപെട്ട് തിരിച്ചടക്കാനുള്ള തിയതി നീട്ടി കൊടുത്തെങ്കിലും പണം തിരിച്ചടച്ചില്ല.

വഞ്ചനാ കുറ്റത്തിന് പുറമെ അപമാനിക്കൽ, കൃത്രിമരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകളും എതിർകക്ഷികൾക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. അഡ്വ. എൻ. ഭാസ്‌കരൻ നായർ മുഖേനയാണ് ഹരജി നൽകിയത്.അതേസമയം കേസിൽ കഴമ്പൊന്നുമില്‌ളെന്നാണ് അഡ്വ.മഞ്ചേരി ശ്രീധരനായരുടെ ഓഫീസ് പറയുന്നത്.

എന്നാൽ സർക്കാറിന്റെ നിർണ്ണായ സ്ഥാനത്ത് ഇരിക്കുന്ന നിയമഞ്ജൻ ഈ രീതിയിൽ വിവാദങ്ങളിൽപെടുന്നത് സിപിഎമ്മിലും ചർച്ചയായിട്ടുണ്ട്.എം.കെ ദാമോദരന്റെ കാര്യത്തിൽ ഉടൻതന്നെ വ്യക്തമായ തീരുമാനം ഉണ്ടാവുമെന്നാണ് പാർട്ടികേന്ദ്രങ്ങൾ പറയുന്നത്.