- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിസെപ് പദ്ധതിയിലെ പരാതികൾ തീരുന്നില്ല; വർഷത്തേക്ക് ആറായിരം രൂപ സർക്കാർ പ്രീമിയമായി ഈടാക്കുമ്പോൾ 5664 രൂപ മാത്രം ഇൻഷൂറൻസ് കമ്പനിക്ക്; മറ്റ് സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ സമാന പ്രീമിയത്തിന് 4800 രൂപ മാത്രവും; പദ്ധതിയിൽ സർക്കാർ ഖജനാവിലേക്ക് എത്തുക 40 കോടിയും
കോഴിക്കോട്: കൊട്ടിഘോഷിച്ച് അദ്ധ്യാപകരുടെ ആരോഗ്യ പരിരക്ഷക്കായി കഴിഞ്ഞ മാസം പിണറായി സർക്കാർ നടപ്പാക്കിയ മെഡിസെപ് പദ്ധതിയിൽ വൻ തട്ടിപ്പു നടക്കുന്നുണ്ടോ? ആരോപണണങ്ങളും സംശയങ്ങളും ഇപ്പോഴും തീർന്നിട്ടില്ല. കേരളത്തിലെ സർക്കാർ ജീവനക്കാർക്കും എയ്ഡഡ് മേഖലയിലെ അദ്ധ്യാപകർക്കുമായാണ് പദ്ധതി നടപ്പാക്കിയത്. എന്നാൽ ആർക്കെങ്കിലും ഇത് വേണമോ, വേണ്ടയോ എന്ന ചോദ്യമില്ലാതെ എല്ലാ ജീവനക്കാരിൽനിന്നും ആറായിരം രൂപ വീതം പിടിക്കുന്ന ഏകാധിപത്യപരമായ പ്രവണതയാണ് ഇതിൽ വെളിവായതെന്ന് പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ കുറ്റപ്പെടുത്തുന്നു. സാലറി ചാലഞ്ചിൽക്കൂടി തീരുമാനമെടുക്കാൻ ജീവനക്കാർക്ക് അവകാശം നൽകിയിരുന്നൂവെന്നത് ഓർക്കേണ്ടതാണ്. ഒരാളുടെ ഇൻഷൂറൻസ് തുകയിൽനിന്ന് 336 രൂപ വീതമാണ് സർക്കാർ ഖജനാവിലേക്ക് എത്തുന്നത്.
12 ലക്ഷം ജീവനക്കാരാണ് പദ്ധതിക്ക് കീഴിലുള്ളത്. ഇവരിൽനിന്ന് 18 ശതമാനം ജി എസ് ടി ചുമത്തുന്നതിലൂടെ മാത്രം 51.84 കോടിയാണ് ലഭിക്കുന്നത് ഈ തുക ഒൻപത് ശതമാനം വീതം കേന്ദ്രവും കേരളവും പങ്കിട്ടെടുക്കുകയാണ്്. കഴിഞ്ഞ ജൂണിലെ ശമ്പളത്തിൽനിന്നായിരുന്നു ഇൻഷൂറൻസിനുള്ള പ്രീമിയം സർക്കാർ എടുത്തത്. ജൂലൈ ഒന്നിന് തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ ഇൻഷൂറൻസ് കാർഡിന്റെ വിതരണവും നടത്തിയിരുന്നു. പക്ഷേ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുമെന്ന് കാർഡിൽ പറഞ്ഞിരിക്കുന്ന പല ആതുരാലയങ്ങളും ഇക്കഥയേ അറിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം. പലരും ആശുപത്രിയിൽ ചികിത്സക്കായി പോയെങ്കിലും നിരാശരായി മടങ്ങുകയോ, സ്വന്തം കീശയിലെ പണം മുടക്കി ചികിത്സ തേടേണ്ടിവരികയോ ചെയ്തുവെന്നതാണ് യാഥാർഥ്യം.
ഒരോ വർഷവും അദ്ധ്യാപകരുടെയും സർ്ക്കാർ ഉദ്യോഗസ്ഥരുടെയും മെഡിക്കൽ അഡ്വാൻസിനും റീ ഇംബേഴ്സ്മെന്റിനുമായി പ്രത്യേകം തുക വകയിരുത്താറാണ് കഴിഞ്ഞ കാലങ്ങളിലെ പതിവ്. കഴിഞ്ഞ വർഷം 230 കോടിയായിരുന്നു നീക്കിവച്ചത്. എന്നാൽ പുതിയ ഇൻഷൂറൻസ് പദ്ധതിയുടെ മറവിൽ ആ തുകയും വകയിരുത്തുന്നതിൽനിന്നു രക്ഷപ്പെടാനും മെഡിസെപ്പിലൂടെ സർക്കാരിനായി. അതുകൂടി കണക്കുകൂട്ടിവേണം ഈ പദ്ധതി സർക്കാരിന് ഏതെല്ലാം രീതിയിൽ ലാഭം നേടിക്കൊടുക്കുന്നതാണെന്ന് മനസ്സിലാക്കാൻ.
ലോകത്ത് എവിടെയായാലും തങ്ങളുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ പരിരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ തൊഴിൽദാതാവിൽ നിക്ഷിപ്തമാണെന്നാണ് സങ്കൽപം. കേരളത്തിലെ അദ്ധ്യാപകരും ഉദ്യോഗസ്ഥരുമെന്നാൽ സംസ്ഥാന സർക്കാരിന്റെ ജോലിക്കാരാണ്. അപ്പോൾ അവരുടെ ആരോഗ്യം ഉറപ്പാക്കേണ്ട ബാധ്യതയും സർക്കാരിനാണ്. ഖജനാവിൽനിന്ന് അഞ്ചുപൈസ ചെലവില്ലാതെയുള്ള ഈ ഇൻഷൂറൻസ് സർക്കാരിന് വലിയ തുക ലാഭവും നൽകുന്നതാണെന്ന് അറിയുമ്പോൾ ഇതിലെ ചതിയെക്കുറിച്ച് പറയേണ്ടതില്ലല്ലോ.
ഇൻഷൂറൻസ് ലഭിക്കുന്ന ആശുപത്രികളിൽ പലതിലും പല ചികിത്സകളും ലഭ്യമല്ലെന്നതും പോളിസി അംഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഉദാഹരണത്തിന് ഒരാൾ ആശുപത്രിയിലേക്കു ചെല്ലുന്നത് ഹൃദയസംബന്ധമായ അസുഖവുമായാണെങ്കിൽ പരിശോധനക്കിടെ ആ വ്യക്തിക്ക് പനി കണ്ടെത്തുന്നുവെങ്കിൽ ആ ആശുപത്രിയിൽ ആ ചികിത്സ മെഡിസെപ്പിൽ ലഭ്യമാവില്ലെന്നതും ഇതിന്റെ വൈചിത്ര്യം. രോഗി ആ ഗുരുതരാവസ്ഥയിൽ മറ്റൊരു ആശുപത്രി തേടി പോകേണ്ട ഗതികേടുമുണ്ട്.
്്്പത്താം ശമ്പള കമ്മിഷന്റെ ശുപാർശയായിരുന്നു സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കണമെന്നത്. എന്നാൽ ആറു വർഷക്കാലം ചുവപ്പുനാടയിൽ ഉറങ്ങിയ ശേഷമാണ് ജൂലൈയിൽ പദ്ധതിയാരംഭിച്ചതും കടുംവെട്ടുമായി സർക്കാർ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. പദ്ധതി യാഥാർഥ്യയമായതോടെ ആരോഗ്യ പരിരക്ഷയുടെ ഉത്തരവാദിത്വം ഇൻഷൂറൻസ് കമ്പനിയെ ഏൽപ്പിച്ച് സർക്കാർ കൈകഴുകിയിരിക്കുന്നതാണ് ഫലത്തിൽ ജൂലൈ ഒന്നിന് പ്രഖ്യാപിച്ച കൊട്ടിഘോഷിക്കപ്പെട്ട ഇൻഷൂറൻസ് പരിരക്ഷാ പദ്ധതിയിലൂടെ സംസ്ഥാനത്ത് സംഭവിച്ചിരിക്കുന്നത്. പദ്ധതിയുടെ പരിധിയിൽ അപ്രധാനമായതും ആളുകൾ തിരിഞ്ഞുനോക്കാത്തതുമായ ആശുപത്രികളെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നതിലും ഗുണഭോക്താക്കൾ സംശയാലുക്കളാണ്. 2013ൽ മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് സ്‌കീമിൽ 84 ആശുപത്രികളെ ഉമ്മൻ ചാണ്ടി സർക്കാർ അന്ന് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇവയിൽ പലതും മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെട്ട എംപാനൽ ലിസ്്റ്റിൽ കാണുന്നുമില്ല.
ഒ പി ചികിത്സ ഇതിന്റെ പരിധിയിൽ വരില്ലെന്നതിനാൽ നിത്യരോഗികളായവർക്ക് അവർ കഴിക്കുന്ന മരുന്നിനും ഇത് ഉപകാരപ്പെടില്ല. ഭാര്യയും ഭർത്താവും ജോലിക്കാരായുള്ളവരും മാതാപിതാക്കൾ പെൻഷനായവരുമെല്ലാം ഓരോരുത്തരും പെൻഷൻ സ്‌കീമിൽ അംഗമാവുന്നതിനെയും ജീവനക്കാർ എതിർക്കുന്നുണ്ട്. ഇങ്ങനെയുള്ളവരിൽ ഒരാൾക്കു പോളിസി മതിയെന്നിരിക്കേ നാലുപേരിൽനിന്നും പണം പിരിക്കുന്നതും പിടിച്ചുപറിക്കു തുല്യമാണെന്ന നിലപാടിലാണ് പ്രതിപക്ഷ സംഘടനകൾക്കു പുറമേ ഭരണപക്ഷത്തുള്ള സംഘടനകളിലെയും അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായം, പക്ഷേ ഇവർ പരസ്യമായി ഇത് പ്രകടിപ്പിക്കുന്നില്ലെന്നു മാത്രം.
കേരളത്തിലെ പല നഗരങ്ങളിലെയും ആശുപത്രികളിൽ കാർഡിയാക് സംബന്ധമായ ചികിത്സ മെഡിസെപ്പിൽ ലഭ്യമല്ലെന്നു എഴുതിവച്ചതായും ചികിത്സക്കായി പോയി നിരാശരായ അനുഭവസ്ഥർ പറയുന്നു.
1960ലെ മെഡിക്കൽ റൂൾ പ്രകാരം ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ സർക്കാരിന്റെ ബാധ്യതയാവുമ്പോഴാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പ്രതിമാസം 300 രൂപ മാത്രം പ്രീമിയം നൽകിയാൽ ഏഴര ലക്ഷത്തിന്റെ ഇൻഷൂറൻസ് പരിരക്ഷ വർഷത്തിൽ ലഭിക്കുന്ന സ്‌കീമുകളുള്ളപ്പോഴാണ് ആറായിരം രൂപ വർഷത്തിൽ ശമ്പളത്തിൽനിന്ന് പിടിച്ചെടുത്ത് വെറും മൂന്നു ലക്ഷത്തിന്റെ പരിരക്ഷ ഉറപ്പാക്കുന്നത്. മിക്ക ഇൻഷൂറൻസ് കമ്പനികളും കോടിക്കണക്കിന് രൂപ പരസ്യത്തിനായി ചെലവഴിച്ചാണ് ബിസിനസ് നേടുന്നതെങ്കിൽ ഇവിടെ യാതൊരു തുകയും ഈ ഇനത്തിൽ ചെലവഴിക്കാതെയാണ് കമ്പനികൾക്ക് സ്വപ്നം കാണാൻപോലും സാധിക്കാത്തത്രയും പോളിസി ഹോൾഡർമാരെ സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്. ഈ പദ്ധതിയിൽ പ്രത്യക്ഷത്തിൽ കാണുന്ന വൈരുദ്ധ്യങ്ങൾ വിലയിരുത്തുന്ന ഏതൊരാൾക്കും സർക്കാരുമായി ബന്ധപ്പെട്ട പലരുടെയും താൽപര്യങ്ങളും അഴിമതിയും ഇതിൽ സംഭവിച്ചരിക്കാമെന്ന് ബലമായും സംശയിക്കേണ്ടുന്ന സ്ഥിതിയാണ്. മുഖ്യമന്ത്രിയുടേയോ, മന്ത്രിമാരുടെയോ വേണ്ടപ്പെട്ടവർക്ക് ഈ മെഡിസെപ്പുമായി വല്ല ബന്ധവുമുണ്ടോയെന്ന അന്വേഷണവും ഇപ്പോൾ തകൃതിയായി നടക്കുകയാണ്.