- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളിൽ നിന്നും വി എസ് ശിവകുമാർ മൂന്ന് ലക്ഷം രൂപ വീതം തലവരി പിരിച്ചോ? പണം വാങ്ങിയിട്ടും വോട്ട് മറിച്ചത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ട് ഉറപ്പിക്കാനോ? തലസ്ഥാനത്തെ കോൺഗ്രസുകാർക്കിടയിൽ ഭൂകമ്പം രൂപപ്പെടുന്നു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലും ജില്ലയിലെ നഗരസഭകളിലും ദയനീയമായി തോൽവി നേരിടേണ്ടി വന്നതോടെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ ശക്തമായ ആഭ്യന്തര കലാപത്തിന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ കരുനീക്കം തുടക്കി. ആരോഗ്യമന്ത്രി വി എസ് ശിവകമാർ മുൻകൈയെടുത്തായിരുന്നു തിരുവനന്തപുരം കോർപ്പറേഷനിലെ അടക്കം സ്ഥാനാർത്ഥി നിർണ്ണയം നടത്തി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലും ജില്ലയിലെ നഗരസഭകളിലും ദയനീയമായി തോൽവി നേരിടേണ്ടി വന്നതോടെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ ശക്തമായ ആഭ്യന്തര കലാപത്തിന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ കരുനീക്കം തുടക്കി. ആരോഗ്യമന്ത്രി വി എസ് ശിവകമാർ മുൻകൈയെടുത്തായിരുന്നു തിരുവനന്തപുരം കോർപ്പറേഷനിലെ അടക്കം സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത്. കഴിവുള്ളവരെ പുറത്തുനിർത്തി മന്ത്രിയുടെ ഇഷ്ടക്കാരെയും സ്ഥാനാർത്ഥികളാക്കിയതിന്റെ പരിണിത ഫലമാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിയെന്നാണാണ് ഒരുവിഭാഗം കോൺഗ്രസുകാർ പറയുന്നത്.
അതിനിടെ കോർപ്പറേഷൻ സ്ഥാനാർത്ഥികളാക്കാൻ വേണ്ടി മന്ത്രി വി എസ് ശിവകുമാർ ഇടപെട്ട് തലവരിപ്പണം പിരിച്ചെന്ന് ആക്ഷേപവും കോൺഗ്രസുകാർക്കിടയിൽ തന്ന ശക്തമായി ഉയർന്നിട്ടുണ്ട. വിജയസാധ്യതയുള്ള കൗൺസിൽ വാർഡുകളിൽ മത്സരിക്കാൻ വേണ്ടി മന്ത്രി മൂന്ന് ലക്ഷം വീതം പണം വാങ്ങിയെന്നാണ് കോൺഗ്രസുകാർ തമ്മിൽ ആരോപിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കരുതൽ ധനം എന്ന നിലയിലാണ് മന്ത്രി പണം വാങ്ങിയതെന്നാണ് ഒരു വിഭാഗം ആക്ഷേപിക്കുന്നത്. അതേസമയം ഇങ്ങനെ സ്ഥാനാർത്ഥികളായവർക്കും മന്ത്രി പറ്റിച്ചു എന്ന വികാരമാണ് ശക്തമായിട്ടുള്ളത്. ബിജെപിക്ക് വേണ്ടി വോട്ടുമറിച്ചു നൽകാൻ മന്ത്രി ഇടനിലക്കാരനാക്കി എന്നാണ് ഒരു വിഭാഗം കോൺഗ്രസുകാർ തന്നെ ആക്ഷേപിക്കുന്നത്.
ഇക്കാര്യം നേരത്തെ കെപിസിസി യോഗത്തിൽ നേതാക്കൾ പരസ്യമായി തന്നെ നേതാക്കൾ ഉന്നയിച്ചിരുന്നു. വി എസ് ശിവകുമാർ ബിജെപിയുമായി ധാരണ ഉണ്ടാക്കിയെന്നും ഇതാണ് തിരുവനന്തപുരത്ത് ബിജെപിയുടെ നേട്ടത്തിന് കാരണമായതെന്നുമായിരുന്നു യോഗത്തിൽ വിമർശനം ഉയർന്നത്. ബിജെപിയുമായും സിപിഎമ്മുമായും മന്ത്രി പ്രാദേശികമായി ധാരണ ഉണ്ടാക്കിയെന്നും ഇനിയെങ്കിലും ഇടപെട്ടില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തിരുവനന്തപുരത്ത് അഞ്ചു സീറ്റെങ്കിലും നേടുമെന്നും യോഗത്തിൽ വിമർശനം ഉയരുകയുണ്ടായി.
സ്വന്തം താൽപ്പര്യം മാത്രം മുൻനിർത്തിയാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ ശിവകുമാർ കണ്ടതെന്നാണ് ഉയർന്ന പ്രധാന ആക്ഷേപം. തിരുവനന്തപുരം കോർപ്പറേഷനിൽ ഭൂരിപക്ഷവും നായർസമുദായ അംഗങ്ങളാണ്. ഈ വോട്ടുബാങ്കിന്റെ ബലത്തിൽ തന്നെയാണ് ശിവകുമാർ നിയമസഭയിലേക്ക് വിജയിച്ചു പോന്നതും. എന്നാൽ, ഇത്തവണ ശിവകുമാർ ഇടപെട്ട് ബിജെപിക്ക് വോട്ടു മറിച്ചു നൽകുകയായിരുന്നു. തദ്ദേശത്തിൽ വിട്ടുവീഴ്‌ച്ച ചെയ്താൽ നിയമസഭയിൽ സഹായിക്കാമെന്ന ധാരണ പ്രകാരമാണ് ഈ നീക്കുപോക്കെന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ തന്നെ ഒരു വിഭാഗം വാദിക്കുന്നത്.
നേരത്തെ തിരുവനന്തപുരത്തെ പരാജയത്തിന് കാരണം ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയും മന്ത്രി വി എസ്. ശിവകുമാറും ചേർന്ന് നടത്തിയ സ്ഥാനാർത്ഥി നിർണയമാണെന്ന് മണക്കാട് രാജേഷ്, എൻ.എസ്. നുസൂർ, വിനോദ് യേശുദാസ്, ടി.ജി. സുനിൽ, ടി.എസ്. സനൂബ് തുടങ്ങിയവർ പാർട്ടി വേദികളിൽ അഭിപ്രായം പറഞ്ഞിരുന്നു. ഒരുഘട്ടത്തൽ ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുകയുണ്ടായി.
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് ബിജെപി നീക്കുപോക്ക് ഉണ്ടെന്ന ആരോപണം പ്രചരണത്തിന്റെ തുടക്കത്തിൽ തന്നെ ശക്തമായിരുന്നു. കോൺഗ്രസിന് മുൻതൂക്കമുള്ള വാർഡുകളിൽ ബിജെപിക്ക് മറിച്ച് സഹായിക്കുകയും ബിജെപിക്ക് മുൻതൂക്കമുള്ള വാർഡുകളിൽ കോൺഗ്രസുകാർ ബിജെപിക്ക് വോട്ടു ചെയ്യുകയും ചെയ്യണമെന്ന ധാരണയാണ് ഉണ്ടായതെന്നാണ് കരുതുന്നത്. ഫലം വന്നപ്പോൾ ഇത് ശരിവെക്കുന്ന വിധത്തിലുമായിരുന്നു കാര്യങ്ങൾ. ബിജെപി വൻ മുന്നേറ്റം ഉണ്ടാക്കുകയും കോൺഗ്രസിന് ദയനീയ പരാജയവുമാണ് നേരിടേണ്ടി വന്നത്.
2010ൽ നേടിയ ആറ് സീറ്റിൽ നിന്ന് 34 സീറ്റായാണ് ബിജെപി കോർപ്പറേഷനിലെ സീറ്റുനില വർധിപ്പിച്ചത്. കോർപ്പറേഷനിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ഉണ്ടായി. ബിജെപിയുടെ വിജയത്തിലെ കോൺഗ്രസ് പങ്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിരിക്കുന്നത്. കോർപ്പറേഷനിൽ ബിജെപി വിജയിച്ച എല്ലാ സീറ്റുകളിലും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കോ അതിലും പിന്നിലേക്കോ പിന്തള്ളപ്പെട്ടു. അതേസമയം തന്നെ കോൺഗ്രസ് വിജയിച്ച സീറ്റുകളിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് നീങ്ങുകയും ചെയ്തു. ഇതാണ് വോട്ടുകച്ചവടം നടന്നുവെന്നതിന്റെ തെളിവായി തന്നെ പാർട്ടിക്കാർ വ്യക്തമാക്കുന്നത്.
ആറ്റിപ്ര വാർഡിൽ ബിജെപിയുടെ സുനി ചന്ദ്രൻ 1914 വോട്ട് നേടി വിജയിച്ചപ്പോൾ യുഡിഎഫിന്റെ ആർഎസ്‌പി സ്ഥാനാർത്ഥി ജയപ്രകാശ് 364 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. രണ്ടാം സ്ഥാനത്ത് വന്ന സിപി.മ്മിന്റെ ദീപുവിന് 1804 വോട്ടുകൾ നേടാനായി. കോൺഗ്രസുമായി നീക്കുപോക്കുണ്ടായോ എന്ന പ്രാഥമികമായി സംശയം ഉണർത്തുന്ന കാര്യമാണ് ഇത്. മറിച്ച് യുഡിഎഫ് വിജയിച്ച ആക്കുളം വാർഡിൽ ബിജെപിയുടെ കെ പി സുധ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇവിടെയും രണ്ടാം സ്ഥാനത്ത് സിപിഎമ്മാണ്. ആറ്റുകാൽ വാർഡിൽ ബിജെപിയുടെ ബീന ആർസി വിജയിച്ചപ്പോൾ കോൺഗ്രസിന്റെ അംബിക അമ്മ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം സ്ഥാനത്ത് സിപിഎമ്മിന്റെ രാജേശ്വരി എസാണ്.
ബീമാപ്പള്ളി വാർഡിൽ യു.ഡി.എഫിന്റെ ലീഗ് പ്രതിനിധി ജയിച്ചുകയറിയപ്പോൾ ബിജെപി സ്ഥാനാർത്ഥി 37 വോട്ടുമായി എട്ടാം സ്ഥാനത്തായി. ബീമാപ്പള്ളി ഈസ്റ്റിൽ ലീഗ് സ്ഥാനാർത്ഥി വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചാല വാർഡിൽ ബിജെപി വിജയിച്ചു. കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. ചാലയിൽ രണ്ടാം സ്ഥാനത്ത് സിപിഐ(എം) രണ്ടാം സ്ഥാനത്താണ്. ചന്തവിളയിലും സ്ഥതി വ്യത്യസ്തമല്ല, ഇവിടെ കോൺഗ്രസ് വിജയിച്ചു ബിജെപി മൂന്നാം സ്ഥാനത്തായി. ചെറുവയ്ക്കൽ വാർഡിൽ കോൺഗ്രസ് നേടിയപ്പോൾ ബിജെപി രണ്ടാം സ്ഥാനത്താണ്.
ഇങ്ങനെ ഈ വാർഡുകളിലെ ഫലം പരിശോധിക്കുമ്പോൾ ഇരുപാർട്ടികളും തമ്മിൽ പരസ്പ്പരം സഹായിച്ചു എന്ന ആരോപണം ശരിവെക്കുന്നതായിരുന്നു. എന്നാൽ, ഇതിന് പിന്നിൽ മന്ത്രി വി എസ് ശിവകുമാറിന്റെ കരങ്ങളാണെന്നാണ് കോൺഗ്രസുകർ ആരോപിക്കുന്നത്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച അഭിപ്രായപ്രകടനങ്ങൾ ചില നേതാക്കൾ പരസ്യമായി തന്നെ നടത്തിയേക്കുമെന്നും സൂചനയുണ്ട്. അങ്ങനെ വന്നാൽ ജില്ലാ കോൺഗ്രസിൽ അത് ഒരു ഭൂകമ്പത്തിന് തന്നെ വഴിവച്ചേക്കും.