- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് രൂപ വാങ്ങുമ്പോൾ രണ്ട് രൂപയുടെയെങ്കിലും ജോലി എടുക്കണം; മെസേജ് ചെയ്താൽ മറുപടി തരില്ല, ഫോൺ വിളിച്ചാൽ എടുക്കില്ല; യുവ നടി നൂറിൻ ഷെരീഫിനെതിരെ കടുത്ത ആരോപണങ്ങളുമായി നിർമ്മാതാവ്; തൽക്കാലം മറുപടി പറയാതെ അടാർ ലവ് നായിക; നൂറിൻ ആത്മാർഥതയുള്ള നടിയെന്ന് സംവിധായകനും
കൊച്ചി: അടാർ ലവ് സ്റ്റോറി എന്ന സിനിമയിലൂടെ നായികയായി എത്തിയ നടിയാണ് നൂറിൻ ഷെരീഫ്, കൊല്ല സ്വദേശിനിയായ ഈ യുവനടി കുറഞ്ഞ കാലം കൊണ്ട് തന്നെ വിവാങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ നൂറിനെതിരെ പരസ്യമായി പരാതിയുമായി രംഗത്തെത്തിയിരിക്കയാണ് സാന്റാക്രൂസ് എന്ന സിനിമയുടെ നിർമ്മാതാവും. ചിത്രത്തിലെ നായികയായ നൂറിന്റെ നിസഹകരണം കാരണം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടികൾ പലതും നഷ്ടമായെന്നും പത്തുരൂപ വാങ്ങിയാൽ രണ്ടുരൂപയുടെ ജോലി എങ്കിലും എടുക്കേണ്ടേയെന്നും സാന്റാക്രൂസിന്റെ നിർമ്മാതാവ് രാജു ഗോപി ചിറ്റേത്ത് ചോദിക്കുന്നു.
സാന്റാക്രൂസ് സിനിമയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിലാണ് നടി നൂറിൻ ഷെരീഫിനെതിരേ നിർമ്മാതാവ് വിമർശനമുന്നയിച്ചത്. ''നൂറിൻ ചോദിച്ച പണം മുഴുവൻ കൊടുത്തു. പ്രൊമോഷന് വരാമെന്ന് അവർ ഏറ്റിരുന്നു. നൂറിൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അത്രയും ആളുകൾ കൂടി പടം കാണാൻ തിയറ്ററിൽ കേറുമായിരുന്നു. പത്ത് രൂപ വാങ്ങുമ്പോൾ രണ്ട് രൂപയുടെയെങ്കിലും ജോലി എടുക്കണം. എട്ട് രൂപയുടെ ജോലി ചെയ്യേണ്ട. രണ്ട് രൂപയുടെയെങ്കിലും ആത്മാർഥത കാണിക്കണം അതല്ലേ മനസാക്ഷി. മെസേജ് ചെയ്താൽ മറുപടി തരില്ല ഫോൺ വിളിച്ചാൽ എടുക്കില്ല. 'എന്നെ കണ്ടാണോ സിനിമയ്ക്ക് കാശ് മുടക്കിയത്' എന്നാണു നൂറിൻ ഞങ്ങളോട് ചോദിച്ചത്.'' നിർമ്മാതാവ് പറയുന്നു.
നൂറിൻ പങ്കെടുക്കാത്തതിന്റെ പേരിൽ പല പരിപാടികളും നഷ്ടമായതായി സംവിധായകൻ ജോൺസൺ ജോൺ ഫെർണാണ്ടസ് പറഞ്ഞു. ''നിർമ്മാതാവ് ഒടിടിക്ക് എതിരല്ല. അദ്ദേഹത്തിന്റെ വേദനയാണ് പങ്കുവച്ചത്. പുതുമുഖത്തെ വച്ച് സിനിമ ചെയ്യാൻ ആരുണ്ടാകും. സിനിമയുടെ റിലീസിന്റെ തലേ ദിവസമുള്ള വാർത്താസമ്മേളനത്തിൽ നൂറിനെതിരേ സംസാരിക്കേണ്ടെന്ന് പറഞ്ഞത് ഞാനാണ്. പക്ഷേ ഇപ്പോൾ പറയാതെ പറ്റില്ല എന്നായി. നൂറിൻ ഇല്ലാത്തതുകൊണ്ട് ചാനൽ പ്രൊമോഷൻ പ്രോഗ്രാം ഒന്നും കിട്ടുന്നില്ല. അവരെ കുറ്റപ്പെടുത്തുന്നതല്ല. അവർക്ക് അതുകൊണ്ട് കാര്യമില്ല.
നൂറിൻ സഹകരിക്കാത്തതുകൊണ്ട് ഇങ്ങനെയുള്ള സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. നൂറിൻ ഉണ്ടെങ്കിൽ സ്ലോട്ട് തരാമെന്നാണ് പറയുന്നത്. എല്ലാവരും നൂറിനെക്കുറിച്ചാണ് ചോദിക്കുന്നത്. ഈ സിനിമയിൽ അധികം പ്രശസ്തരില്ല. അജു വർഗീസ് ഗസ്റ്റ് റോളിൽ ആണ്. ഇന്ദ്രൻസ് ചേട്ടനൊക്കെ എപ്പോൾ വിളിച്ചാലും വരും. അദ്ദേഹത്തിന് സമയം ഇല്ലാത്തത്‌കൊണ്ടാണ്''. സംവിധായകൻ ജോൺസൺ ജോൺ പറയുന്നു.
നിർമ്മാതാവിന്റെയും സംവിധായകന്റെയും ആരോപണങ്ങളോട് നൂറിൻ ഷെരിഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇക്കാര്യത്തിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് നടി. ഇതിനിടെ സാന്റാക്രൂസ് സിനിമയുടെ വിജയാഘോഷം ഞായറാഴ്ച കൊച്ചി സംഗീത തിയറ്ററിൽ നടന്നു. സിനിമയുടെ അണിയറ പ്രവർത്തകരോടൊപ്പം ചലച്ചിത്ര താരങ്ങളായ സ്‌നേഹ ശ്രീകുമാർ, മറിമായം ശ്രീകുമാർ, വീണാ നായർ എന്നിവർ പങ്കെടുത്തു.
അതേസമയം നടി നൂറിൻ ഷെരീഫിനെതിരെ 'സാന്റാക്രൂസ്' എന്ന ചിത്രത്തിന്റെ നിർമ്മാതാവ് രാജു ഗോപി ചിറ്റേത്ത് രംഗത്തെത്തിയെങ്കിലും മറ്റൊരു യുവ സംവിധായകൻ നടിയെ പിന്തുണച്ചു രംഗത്തുവന്നു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത നിർമ്മാതാവ് മറ്റാരുടെയോ വാക്കുകൾ കേട്ട് പുലമ്പുന്ന വാക്കുകൾ മാത്രമാണത് എന്ന് ചൂണ്ടിക്കാട്ടി യുവസംവിധായകൻ പ്രവീൺ രാജ് രംഗത്ത് എത്തിയിരിക്കുകയാണ്. നൂറിൻ ഷെരീഫ് അഭിനയിക്കുന്ന ചിത്രമായ 'വെള്ളേപ്പ'ത്തിന്റെ സംവിധായകനാണ് പ്രവീൺ രാജ്.
പ്രവീൺ രാജിന്റെ വാക്കുകൾ
പത്തു രൂപയുടെ കൂലിക്ക് രണ്ടു രൂപയുടെ പോലും ജോലി ചെയ്യാത്ത നടി. നൂറിൻ ഷെരിഫ് എന്ന എന്റെ നായികയെ കുറിച്ചാണ് രാവിലെ മുതൽ ഇത്തരത്തിൽ പ്രചരിക്കുന്നത്. സത്യത്തിൽ ആ പ്രചരണത്തിന്റെ ഉദ്ദേശം എന്താണ് എന്ന് ആ വാർത്ത പ്രസിദ്ധീകരിച്ച പേജുകൾക്കടിയിൽ പലരും കമന്റ് ആയി ഇടുന്നും ഉണ്ട്. സിനിമ നന്നായാൽ ആളുകൾ വരും എന്ന് ആണ് ഇത്രയും കാലമായിട്ടും എന്റെ ഇളയ അനുഭവം.
നമ്മുടെ കുറ്റങ്ങളും കുറവുകളും മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കുകയും അവ രസകരമായ തലക്കെട്ടുകളയി മാധ്യമങ്ങളിൽ നിറക്കുകയും ചെയ്തു വ്യക്തിഹത്യ നടത്തുന്നു. ആത്മരതിയുടെ അപ്പോസ്ഥലന്മാർ അവ വാരി എറിഞ്ഞു ആനന്ദം കണ്ടെത്തുന്നു. ഈ സൈബർ ബുള്ളിങ് ഏതാനും ദിവസങ്ങളോ മണിക്കൂറുകളോ ഉണ്ടാകുള്ളൂ എങ്കിലും അത് അനുഭവിക്കുന്ന വ്യക്തിക്ക് ആ വ്യക്തിയെ കുറിച്ച് രൂപപ്പെടുന്ന പൊതുബോധം കാലങ്ങളോളം നിലനിൽക്കും, പലരും അത് അവസാനം വരെ വിശ്വസിക്കുകയും ചെയ്യും എന്നതാണ് വസ്തുത.
സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത നിർമ്മാതാവ് മറ്റാരുടെയോ വാക്കുകൾ കേട്ട് പുലമ്പുന്ന വാക്കുകൾ മാത്രമാണത്. എന്റെ അനുഭവത്തിൽ ഞങ്ങളുടെ കൊച്ചു സിനിമയിൽ ഒത്തൊരുമയോടെ മുന്നോട്ട് പോയ മിടുക്കി ആണ് നൂറു. വെറും നിലത്തു ഇരുന്നു ചോറുണ്ട് അമ്പത് രൂപയുടെ സിനിമ ബിരിയാണി ഒക്കെ ആയിരിക്കും ഭക്ഷണം എന്നാലും ഒന്നും മിണ്ടാതെ പാവം അച്ചാറ് പാക്കറ്റ് പിടിച്ചു ഇരിക്കുന്നത് കാണുമ്പോൾ സങ്കടം വരും. രാവിലെ മുതൽ വാട്‌സാപ്പിൽ വാർത്തകൾ കൊണ്ട് തള്ളുന്ന എല്ലാവർക്കും വേണ്ടി കൂടി ആണ് ഇത് പോസ്റ്റുന്നത്.
ഈ ചിത്രം ഒരു കുഞ്ഞു പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി എടുത്തതാണ്. തൃശൂർ കോർപ്രേഷൻ നടത്തുന്ന ശുചിത്വ മിഷൻ പരിപാടിയുടെ ഉത്ഘാടനം ചെയ്യാൻ ഉള്ള പരിപാടി. ശക്തൻ സ്റ്റാൻഡിന്റെ ഒരു വശം മുഴുവൻ വൃത്തിയാക്കാൻ അവിടെ ഉള്ള കുടുംബശ്രീ ചേച്ചിമാർക്ക് ഒപ്പം നടക്കുന്ന നൂറിനെ കണ്ട് എന്റെ പോലും കിളി പോയി.ഒരു കാര്യം ചെയ്യുമ്പോൾ അതിന്റെ ആത്മാർത്ഥതയോടെ ചെയ്യണം എന്ന് നമ്മൾക്ക് തന്നെ തോന്നിപ്പിക്കുന്ന തരം പ്രകൃതമുള്ള ബോൾഡ് ആയ പെൺകുട്ടി. ഇപ്പോൾ ഈ കേൾക്കുന്നതിനും പറയുന്നതിനും ഒന്നും അധികം ആയുസ് ഉണ്ടാകില്ല എന്നാലും നമ്മളെ അറിയുന്ന നമ്മൾക്ക് അറിയുന്ന ഒരാളെ കുറിച്ച് രണ്ടു രൂപയുടെ വാർത്ത ഒക്കെ വരുമ്പോൾ അതു ഇത്തിരി ബുദ്ധിമുട്ട് തന്നെ ആണ്. യൂണിവേഴ്‌സിറ്റി എക്‌സാം ദിവസം റിലീസ് വെച്ചിട്ട് ഫസ്റ്റ് ഷോ കാണാം വരണമെന്ന് പറയുന്നതിലെ യുക്തി കൂടി മനസിലാക്കണം.
ഇനി എന്റെ സിനിമയുടെ കാര്യം പറയാം അത് ആളുകളിലേക്ക് എത്തിക്കേണ്ട വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. ആരൊക്കെ കൂടെ ഉണ്ടാകും ഉണ്ടാകില്ല എന്നൊന്നും ഇല്ല.ഒരിക്കലും തോറ്റു കൊടുക്കില്ല എന്ന ഒരു വിശ്വാസം മാത്രമുള്ള ഒരു ഞാൻ.
മറുനാടന് ഡെസ്ക്