പാലക്കാട്: അടുത്തിടെ ആത്മഹത്യ ചെയ്ത പാലക്കാട് കണ്ണാടിയിലെ പാലന ആശുപത്രിയിലെ ജീവനക്കാരി നിരവധി തവണ ലൈംഗിക ചൂഷണത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ഫെബ്രുവരി 20 ന് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പാലന ആശുപത്രി ജീവനക്കാരിയുടെ മരണത്തിൽ ഇതോടെ ദുരൂഹതയേറി. കഴിഞ്ഞ മൂന്നുമാസത്തിനിടെ ആശുപത്രിയിലെ രണ്ടു ജീവനക്കാരാണ് ആത്മഹത്യ ചെയ്തത്.

ഈ മാസം ആദ്യ ആഴ്ചയിൽ രണ്ടുപേർ ആത്മഹത്യാ ശ്രമം നടത്തുക കൂടി ചെയ്തതോടെ ആശുപത്രിയിൽ കൊടിയ പീഡനമാണ് നടക്കുന്നതെന്ന ആക്ഷേപങ്ങളും ശക്തമായി. ഇതോടെ ഈ മരണങ്ങളിലും ആത്മഹത്യാ ശ്രമങ്ങളിലും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആശുപത്രിയുടെ ജോയിന്റ് ഡയറക്ടറായ വൈദികൻ പെൺകുട്ടികളെ പീഡിപ്പിച്ചതായും പരാതി ഉയർന്നതോടെ ബിജെപിയുടെയും ഡിവൈഎഫ്‌ഐയുടേയും നേതൃത്വത്തിൽ ആശുപത്രിക്കെതിരെ പ്രക്ഷോഭവും ആരംഭിച്ചിട്ടുണ്ട്.

ഫെബ്രുവരി 21നാണ് ചിറ്റൂർ സ്വദേശിനിയായ നഴ്‌സ് ആത്മഹത്യ ചെയ്തത്. ഇരുപതുകാരിയായ ഇവർ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് ഇന്ന് പുറത്തുവന്നത്. പാലക്കാട് പൊലീസ് സർജൻ തയ്യാറാക്കിയ റിപ്പോർട്ടിൽ മരിച്ച പെൺകുട്ടി നിരവധി തവണ ലൈംഗിക ചൂഷണത്തിനിരയായി എന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ മറ്റു പരിക്കുകളോ ഒന്നും കണ്ടെത്തിയിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ് ക്രൈംബ്രാഞ്ച് സംഘം.

അതേസമയം, പാലന ആശുപത്രിയിലെ ജീവനക്കാർ തുടരെ ആത്മഹത്യ ചെയ്യുന്നതും ജീവനൊടുക്കാൻ ശ്രമിക്കുന്നതുമായ സംഭവങ്ങളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് രാഷ്ട്രീയ കക്ഷികൾ സമരം തുടങ്ങിയിട്ടുള്ളത്. ജീവനക്കാരുടെ മുഴുവൻ ദുരൂഹ മരണങ്ങളെക്കുറിച്ചും പ്രത്യേകസംഘം അന്വേഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ രണ്ടു ജീവനക്കാരാണ് ആത്മഹത്യ ചെയ്തത്. ഇതിന് പുറമെ രണ്ടു പേർ ആത്മഹത്യാശ്രമം നടത്തുകയും ചെയ്തു.

നഴ്സുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വീട്ടുകാരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടർന്നാണ് പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചത്. 2016 ഡിസംബർ അഞ്ചിനാണ് പാലക്കാട് കാവശ്ശേരി സ്വദേശിനിയായ പെൺകുട്ടി ആത്മഹത്യ ചെയ്യുന്നത്. പാലക്കാട്ടെ പാലന ആശുപത്രിയിൽ നഴ്സായിരുന്നു പെൺകുട്ടി. ഫെബ്രുവരി 21 ന് ചിറ്റൂർ സ്വദേശിയായ നഴ്സും ആത്മഹത്യ ചെയ്തു. മാർച്ച് ആദ്യ ആഴ്ചയിൽ മറ്റ് രണ്ട് നഴ്സുമാർ ആത്മഹത്യാശ്രമം നടത്തി.

പാലക്കാട് കോട്ടായി, അട്ടപ്പള്ളം, ചിറ്റൂർ എന്നിവടങ്ങളിൽ നിന്നുള്ള മൂന്നുപേർ നേരത്തേയും ആത്മഹത്യ ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്. കേസൊതുക്കാൻ ഇവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ നൽകിയെന്നും ആക്ഷേപം ഉയരുന്നു. 22 ജീവനക്കാരികളെ ലൈംഗികമായി പീഡിപ്പിച്ചെന്നും ആശുപത്രിയിലെ നഴ്‌സിങ് ഹോസ്റ്റലിൽ താമസിക്കുന്നവരുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കുന്നതെന്നുമെല്ലാം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി നഴ്‌സിങ് കൗൺസിലിനും പരാതി നൽകിയിരുന്നതായി സൂചനയുണ്ട്.

എന്നാൽ പെൺകുട്ടികളുടെ വീട്ടുകാരോ ബന്ധപ്പെട്ടവരോ പരാതി ഒന്നും നൽകാത്തതിനാൽ പൊലീസ് സ്വമേധയാ ഈ കേസ് അന്വേഷിച്ച് വരികയാണ്. ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറെയും മറ്റൊരു ജീവനക്കാരനെയും പൊലീസ് ചോദ്യം ചെയ്തു. മരിച്ച പെൺകുട്ടികളുടെ വീട്ടുകാരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. നഴ്സുമാരുടെ മരണത്തിന് പിന്നിലെ ദുരൂഹത മറനീക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും കേസൊതുക്കാൻ ശ്രമം നടന്നെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐയും സമരരംഗത്തുണ്ട്.

അതേസമയം, ആശുപത്രിക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കി പാലന ആശുപത്രി മാനേജ്‌മെന്റും രംഗത്തെത്തിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് ആത്മഹത്യയെന്നും ആശുപത്രിക്കോ മാനേജ്മെന്റിനോ പങ്കില്ലെന്നുമാണ് കഴിഞ്ഞദിവസം ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. ഒരു എക്സ്റേ ജീവനക്കാരിയും നഴ്സുമാണ് ആത്മഹത്യ ചെയ്തത്. മറ്റു രണ്ടുപേർ ആത്മഹത്യക്കു ശ്രമിച്ചു. ഇതിലൊന്നും ആശുപത്രിക്കു പങ്കില്ല. മരിച്ചവരുടെ ബന്ധുക്കളോ ആത്മഹത്യക്കു ശ്രമിച്ചവരോ പരാതി പറഞ്ഞിട്ടില്ല. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പുറത്താക്കപ്പെട്ട ചിലരാണ് വിവാദങ്ങൾക്കു പിന്നിലെന്നും ആണ് ആശുപത്രി മാനേജ്മെന്റ് പറയുന്നത്.