- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കാർക്കുള്ള സൗജന്യം മറച്ചുവച്ച് ഫീസ് വാങ്ങി; ഭിന്നശേഷിക്കാരുടെ ഫണ്ടും അടിച്ചുമാറ്റി സാക്ഷരത മിഷൻ; സാമൂഹ്യ നീതി വകുപ്പിനെ കബളിപ്പിച്ചത് ലക്ഷങ്ങൾ; വിവരം പുറത്തായത് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ സാക്ഷരത മിഷൻ ഡയറക്ടർക്ക് കത്തയച്ചതോടെ
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് പത്താംക്ലാസ്, ഹയർ സെക്കന്ററി തുല്യത പരീക്ഷയ്ക്കുള്ള ധനസഹായ പദ്ധതി നിലവിലുണ്ടെങ്കിലും അത് പുറത്തറിയിക്കാതെ അവരിൽ നിന്നും ഫീസ് ഈടാക്കി സാക്ഷരതാമിഷന്റെ തട്ടിപ്പ്. സൗജന്യപഠനത്തിനായി സാമൂഹ്യ നീതി വകുപ്പ് അനുവദിച്ച തുകയും സാക്ഷരത മിഷൻ അധികൃതർ തട്ടി.
2017-18 വർഷം മുതൽ 40 ശതമാനത്തിനു മുകളിൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് പത്താംക്ലാസ്, ഹയർ സെക്കന്ററി തുല്യത പരീക്ഷയ്ക്കുള്ള ധനസഹായ പദ്ധതി സാക്ഷരത മിഷൻ വഴി സാമൂഹ്യ നീതി വകുപ്പ് നടത്തിവരുന്നുണ്ട്.
ഈ പദ്ധതി പ്രകാരം 2017 മുതൽ 2020 വരെ മൊത്തം 4,11,950 രൂപ സാമൂഹ്യ നീതി വകുപ്പ് സാക്ഷരത മിഷന് നൽകിയിരുന്നു. 2017-18ൽ 118300 രൂപയും 2018-19ൽ 221150 രൂപയും, 2019-2020 ൽ 72500 രൂപയുമാണ് സൗജന്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് നൽകിയത്. എന്നാൽ ഇത് മറച്ചുവച്ച് ഭിന്നശേഷിക്കാരിൽ നിന്നും കോഴ്സ്, പരീക്ഷ ഫീസ് എന്നിവ സാക്ഷരത മിഷൻ നേരിട്ട് സമാഹരിച്ചാണ് സാക്ഷരതമിഷനിലെ ഉദ്യോഗസ്ഥർ ലക്ഷങ്ങൾ അടിച്ചുമാറ്റിയത്. ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർമാർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി സാമൂഹ്യ നീതിവകുപ്പ് ഡയറക്ടർ സാക്ഷരത മിഷൻ ഡയറക്ടർക്ക് കത്ത് അയച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്.
ഭിന്നശേഷിക്കാരിൽ നിന്നും സാക്ഷരത മിഷൻ അധികൃതർ കോഴ്സ്, പരീക്ഷ ഫീസുകൾ നേരിട്ട് വാങ്ങി തട്ടിപ്പ് നടത്തിയ ശേഷം ഫീസ് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ നീതി വകുപ്പിന് സാക്ഷരത മിഷൻ ഡയറക്ടർ 2020 ഓഗസ്റ്റ് 11ന് കത്ത് നൽകിയിരുന്നു. ഈ കത്തിനെ തുടർന്നാണ് സാമൂഹ്യ നീതിവകുപ്പ് അന്വേഷണം നടത്തിയതും ക്രമക്കേട് കണ്ടെത്തിയതും.
അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റും 40 ശതമാനത്തിൽ മുകളിൽ വൈകല്യമുള്ള ഭിന്നശേഷിക്കാർ സാക്ഷരത മിഷനിൽ നേരിട്ട് പണം അടക്കുന്നുവെന്ന് സാമൂഹ്യ നീതി വകുപ്പ് ഓഫീസർമാർ കണ്ടെത്തി. ഇക്കാര്യം മറച്ചു വച്ചാണ് സാക്ഷരത മിഷൻ ഭിന്നശേഷിക്കാർക്കുള്ള ഫീസിനായി സാമൂഹ്യ നീതി വകുപ്പിൽ കത്ത് നൽകിയത്. 2017 മുതൽ സാമൂഹ്യ നീതി വകുപ്പ് സൗജന്യ വിദ്യാഭ്യാസ പദ്ധതി സാക്ഷരത മിഷൻ വഴി നടത്തിവരുന്നുണ്ടെന്ന് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ അയച്ച കത്തിൽ പറയുന്നുമുണ്ട്.
ജില്ലാ സാമൂഹ്യ നീതി വകുപ്പിൽ ആവശ്യമായ രേഖകൾ സഹിതം ധന സഹായത്തിന് അപേക്ഷിക്കുന്നവരുടെ മാത്രം കോഴ്സ്, പരീക്ഷ ഫീസ് എന്നിവയുമായി ബന്ധപ്പെട്ട തുക സാക്ഷരത മിഷന് ഇനിമേൽ നൽകുകയുള്ളൂവെന്നും സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ സാക്ഷരത മിഷൻ ഡയറക്ടർക്ക് അയച്ച കത്തിൽ അറിയിച്ചിട്ടുണ്ട്.
പത്താംതരത്തിന് കോഴ്സ് ഫീസ് 1850 രൂപയാണ്. പരീക്ഷ ഫീസ് 750യും. ഹയർ സെക്കൻഡറിക്ക് 2500 രൂപയാണ് കോഴ്സ് ഫീസ്. 750 രൂപയാണ് പരീക്ഷ ഫീസ്. വിവിധ വകുപ്പുകളിൽ നിന്നും വിവിധ പദ്ധതികളുടെ മറവിൽ സാക്ഷരത മിഷൻ അധികൃതർ 2016 മുതൽ സ്വരൂപിച്ച തുകയുടെ കണക്കുകൾ സൂക്ഷിക്കാത്തതും തനത് വരുമാനത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന തുല്യത ഫണ്ടിന്റെ വിവരങ്ങൾ സംസ്ഥാന ഓഫീസിൽ നിന്നും അപ്രത്യക്ഷമായതും നേരത്തെ വിവാദം ആയിരുന്നു. ശാരീരിക അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ഉന്നമനത്തിനായി ആരംഭിച്ച പദ്ധതിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തവർക്കെതികെ ശക്തമായ അന്വേഷണങ്ങൾ നടത്തി നടപടി എടുക്കണമെന്ന ആവശ്യവും വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ