കണ്ണൂർ: തലശ്ശേരി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ദമ്പതിമാർ. സദാചാര പൊലീസ് ചമഞ്ഞ് മർദ്ദിച്ച് അറസ്റ്റ് ചെയ്തതായി ദമ്പതിമാരുടെ പരാതി. ദമ്പതിമാരായ മേഘ, പ്രത്യൂഷ് എന്നിവർക്കാണ് പൊലീസിൽ നിന്ന് മോശം അനുഭവം ഉണ്ടായത്. രാത്രി കടൽ പാലം കാണാൻ പോയതിന് പിന്നാലെ പൊലീസിൽ നിന്ന് ദുരനുഭവം ഉണ്ടായെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

പൊലീസിൽ നിന്ന് മോശം പെരുമാറ്റമുണ്ടായപ്പോൾ തിരികെ ചോദ്യങ്ങൾ ചോദിച്ചു. പിന്നാലെ പൊലീസ് അസഭ്യവർഷം നടത്തി. സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഭർത്താവിനെ മർദിച്ചെന്നും മേഘ പറഞ്ഞത്. ഭർത്താവിനെ സ്റ്റേഷനിൽ കെട്ടിത്തൂക്കും എന്ന് ഭീഷണിപ്പെടുത്തി. രാത്രി മുഴുവൻ പൊലീസ് സ്റ്റേഷന് പുറത്ത് നിർത്തിയെന്നും മേഘ പറഞ്ഞു.

ഈ മാസം അഞ്ചാം തിയതി രാത്രിയാണ് സംഭവമുണ്ടായത്. ദമ്പതികൾ കടൽ പാലം കാണാൻ പോയപ്പോഴായിരുന്നു സംഭവം. തലശേരി പാലയാട് ചിറക്കുനി പാവനത്തിൽ പ്രത്യുഷ് (31), ഭാര്യ പിണറായി എരുവട്ടിയിലെ മേഘ(27) എന്നിവർക്കാണ് ദുരനുഭവം നേരിട്ടത്. കുടുംബം മുഖ്യമന്ത്രിക്കും എസ്‌പിക്കും പരാതി നൽകിയിട്ടുണ്ട്.

'അഞ്ചാ തിയതിയാണ് കടൽ പാലം കാണാൻ പോയിരുന്നത്. നല്ല മഴ കാരണം ഒരു ഷെഡിലേക്ക് കയറിയിരുന്നിരുന്നു. അപ്പോഴാണ് പൊലീസ് അവിടെ വരുന്നത്. പൊലീസ് ഭർത്താവിനോട് എന്താണിവിടെ എന്ന് ചോദിച്ചപ്പോൾ വെറുതെ വന്നതാണ് എന്നാണ് മറുപടി നൽകിയത്. അപ്പോൾ ഇവിടെ സേഫല്ല, ഇവിടെ നിന്ന് പോകണം എന്ന് പൊലീസ് പറഞ്ഞു. അതിന് എന്തെങ്കിലും ഓർഡർ ഉണ്ടോ എന്ന് ഭർത്താവ് ചോദിച്ചു. മാന്യമായി ആയിരുന്നു അദ്ദേഹം അത് ചോദിച്ചത്.

പക്ഷേ അത് ചോദിച്ചത് പൊലീസിന് ഇഷ്ടമായില്ല. അതിന് ശേഷം ഞങ്ങളുടെ ലൈസൻസ്, വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ചെങ്കിലും ആ സമയത്ത് കയ്യിലുണ്ടായിരുന്നില്ല. അത് ഹാജരാക്കാം എന്ന് പറഞ്ഞു. പക്ഷേ പൊലീസ് ഞങ്ങളുടെ വാഹനം കൊണ്ടുപോകും എന്നാണ് പറഞ്ഞത്. അതിന് ശേഷം ബലം പ്രയോഗിച്ചാണ് ഞങ്ങളെ സ്റ്റേഷനിലെത്തിച്ചത്. എന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ ഒരു വനിത പൊലീസ് ഉണ്ടായിരുന്നില്ല,' മേഘ പറഞ്ഞു.

സ്റ്റേഷനിൽ എത്തിയ ശേഷം പൊലീസ് ഭർത്താവിനെ മർദിച്ചെന്നും മദ്യപിച്ചെത്തിയ ഒരു സിഐ തന്നോട് മോശമായി സംസാരിച്ചെന്നും മേഘ കൂട്ടിച്ചേർത്തു. അതേസമയം, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ച കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പ്രത്യുഷിനെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. തലശ്ശേരി എസ്‌ഐ ആർ. മനുവിന്റെ കോളറിനുപിടിച്ച് കൈയേറ്റത്തിന് മുതിർന്നതായി പൊലീസ് പറഞ്ഞു.എസ്‌ഐയെ കയ്യേറ്റം ചെയ്തെന്നാണ് കേസ്. ഇത് കെട്ടിച്ചമച്ച കള്ളക്കേസാണെന്നാണ് മേഘ ആരോപിക്കുന്നത്.

സംഭവം മാധ്യമങ്ങളിലൂടെ വാർത്ത ആയതോടെ പൊലീസ് വിവാദത്തിലായിട്ടുണ്ട്. ദമ്പതികളുടെ ആരോപണം നിഷേധിക്കുകയാണ് പൊലീസ്.