- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടുവേദനയ്ക്ക് ചികിത്സ തേടിയെത്തി, നൽകിയത് കാൻസർ രോഗികൾക്കുള്ള മരുന്ന്; മരുന്ന് കഴിച്ചതിന് പിന്നാലെ ശരീരം മുഴുവൻ പുണ്ണ് വന്ന് ഗുരുതരാവസ്ഥയിലായി; തങ്കം ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച വയോധികയുടെ കുടുംബം
പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിക്കെതിരെ വീണ്ടും ആരോപണം. രണ്ട് യുവതികളുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രി പ്രതിസ്ഥാനത്ത് നിൽക്കവേയാണ് പുതിയ പരാതിയും ഉയർന്നിരിക്കുന്നത്. മരുന്ന് മാറി നൽകിയതിന്റെ പാർശ്വഫലം മൂലം വയോധിക മരിച്ചെന്ന പരാതിയാണ് ഒടുവിൽ ലഭിച്ചിരിക്കുന്നത്. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പഴമ്പാലക്കോട് സ്വദേശി സാവിത്രിക്ക് കാൻസർ രോഗികൾക്ക് നൽകുന്ന മരുന്നാണ് നൽകിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ വർഷം ഫെബ്രുവരി അഞ്ചിനാണ് നടുവേദനയ്ക്ക് ചികിത്സ തേടി സാവിത്രി തങ്കം ആശുപത്രിയിലെത്തിയത്. മരുന്ന് കഴിച്ചതിന് പിന്നാലെ ശരീരം മുഴുവൻ പുണ്ണ് വന്ന് ഗുരുതരാവസ്ഥയിലായി. തുടർന്ന് മറ്റൊരു ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് മരുന്ന് മാറിയ വിവരം അറിയുന്നത്. സാവിത്രിയുടെ മരണശേഷം കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകി ഒരു വർഷത്തിനിപ്പുറവും അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് സാവിത്രിയുടെ ഭർത്താവ് മോഹനൻ പറഞ്ഞു. ഇതിനിടെ ആശുപത്രി അധികൃതർ ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ അമ്മയും കുഞ്ഞു മരിച്ച സംഭവത്തിലും ആശുപത്രിക്കെതിരെ ആരോപണം ഉയർന്നിരുന്നു. എന്നാൽ, ശിശുവും അമ്മയും മരിക്കാനിടയായതിൽ പിഴവില്ലെന്ന് വിശദീകരിച്ച് പാലക്കാട് തങ്കം ആശുപത്രി അധികൃതർ പറയുകയുമുണ്ടായി. ഐശ്വര്യയുടെ കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾ കൊടി ചുറ്റിയിരുന്നു. പ്രസവ സമയത്ത് ഹൃദയമിടിപ്പ് നോക്കുന്നുണ്ടായിരുന്നു. കുഞ്ഞ് പുറത്തേക്ക് വന്നിട്ടും കരഞ്ഞില്ല. തുടർന്ന് ശിശു രോഗ വിദഗ്ധന്റെ സഹായത്തോടെ എം ഐ സി യുവിൽ ചികിൽസ നൽകി. പക്ഷേ കുട്ടിയെ രക്ഷിക്കാനായില്ല.തുടർന്ന് കുഞ്ഞിന്റെ മൃതദേഹം ഐശ്വര്യയുടെ ബന്ധുവായ രേഷ്മയ്ക്ക് കൈമാറി. ബന്ധുക്കളെ അറിയിക്കാതെ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്‌തെന്ന ആരോപണവും ആശുപത്രി അധികൃതർ തള്ളി. കുഞ്ഞിന്റെ മൃതദേഹം രേഷ്മക്ക് നൽകിയെന്ന് വ്യക്തമാക്കുന്ന രേഷ്മ ഒപ്പിട്ട രേഖകൾ ആശുപത്രിയിലുണ്ടെന്നും തങ്കം ആശുപത്രി എം ഡി ആർ. രാജ്‌മോഹൻ നായർ പറഞ്ഞു.
പ്രസവം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ ഐശ്വര്യയ്ക്ക് രക്തസ്രാവം തുടങ്ങി . രക്തസ്രാവം കുറയ്ക്കാനുള്ള മരുന്നുകളും ചികിൽസയും നൽകിയെങ്കിലും അത് നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. തുടർന്ന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന വിവരം ബന്ധുക്കളെ അറിയിച്ചു.രക്തം നൽകേണ്ടി വരുമെന്നതുൾപ്പെടെ ഉള്ള കാര്യങ്ങളും ബന്ധുക്കളെ അറിയിച്ചു. ഇതിനെല്ലാം അനുമതിയും ബന്ധുക്കളിൽ നിന്ന് വാങ്ങിയെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.
ശസ്ത്രക്രിയയിലൂടെ രക്തസ്രാവം നിർത്താൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. തുടർന്ന് രോഗിയുടെ ജീവൻ രക്ഷിക്കാൻ ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നു. അതിനുശേഷം തീവ്ര പരിചരണ യൂണിറ്റിലേക്ക് മാറ്റി. ശസ്ത്രക്രിയ വിദഗ്ധൻ,ജനറൽ മെഡിസിൻ ഡോക്ടർ, ഹൃദ്രോഗ വിദഗ്ധൻ,നെഫ്രോളജിസ്റ്റ് അങ്ങനെ വിദ്ഗധരടങ്ങുന്ന ഒരു സംഘം ആണ് ഐശ്വര്യയെ ചികിൽസിച്ചതെന്നും ആശുപത്രി എം ഡി പറയുന്നു.പിന്നീട് വിവിധ അവയവങ്ങളുടെ പ്രവർത്തനം നിലച്ച് മരണം സംഭവിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു.
അതേസമയം ശസ്ത്രക്രിയക്കിടെ ഭിന്നശേഷിക്കാരിയായ യുവതി മരിച്ച സംഭവത്തിൽ തങ്കം ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും മൊഴിയെടുത്തു. അനസ്തീഷ്യ ഡോക്ടർമാരായ വേണു, സ്മിത എന്നിവരുടെയും ചികിത്സിച്ച മറ്റ് ഡോക്ടർമാർ, ഈ സമയം ജോലിയിലുണ്ടായിരുന്ന ജീവനക്കാർ എന്നിവരുടെയുമാണ് മൊഴി എടുത്തത്. സൗത്ത് എസ്‌ഐ ബി. ഹേമലതയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാർത്തിക(29) ചികിത്സാപിഴവിനെ തുടർന്ന് മരിച്ചത്. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. പാലക്കാട് സൗത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. കാർത്തികക്ക് കാലിന് ചെറുപ്പം മുതൽ പ്രയാസമുണ്ട്. ഇത് സർജറിയിലൂടെ ശരിയാക്കാമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇതിനായി തൊണ്ടയിലൂടെ ട്യൂബ് ഇട്ടിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ഹൃദയാഘാതം വന്ന് മരിച്ചു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. രാത്രി ഒമ്പതരക്ക് ശേഷമാണ് മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. കുലിക്കിലിയാട് സഹകരണ ബാങ്ക് ജീവനക്കാരിയാണ് കർത്തിക.
മറുനാടന് മലയാളി ബ്യൂറോ