തിരുവനന്തപുരം: വൻ അഴിമതിക്ക് കളമൊരുക്കിയാണ് ഹൈഡൽ ടൂറിസം പദ്ധതി പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ നടപ്പാക്കാൻ ഒരുങ്ങിയതെന്ന ആരോപണം ശക്തമാകുകയും ഇതിന്റെ രേഖകൾ പുറത്തുവന്നതും ചെയ്തതോടെ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു. 

അഴിമതിനീക്കം പുറത്തായതിനെ തുടർന്ന് വൈദ്യുതി ബോർഡിന് കീഴിൽ തുടങ്ങാനിരുന്ന ഹൈഡൽ ടൂറിസം കോറിഡോർ പദ്ധതിയാണ് സർക്കാർ ഉപേക്ഷിക്കുന്നത്. അതേസമയം ഇത്തരമൊരു തട്ടിപ്പിന് കൂട്ടുനിന്ന ഉന്നതന് വകുപ്പുമന്ത്രിയുടെ ഓഫീസിൽ സുരക്ഷിതനിയമനം ലഭിച്ചതായ വാർത്തകളും പുറത്തുവന്നു.

മലബാറിലെ ഡാമുകളെ കൂട്ടിയിണക്കി, 320 കോടി ചെലവിൽ തുടങ്ങാൻ തീരുമാനിച്ച പദ്ധതിയാണ് പ്രാരംഭഘട്ടത്തിലേ അവസാനിപ്പിക്കേണ്ടി വരുന്നത്. ക്രമക്കേടിന്റെ രേഖകൾ മനോരമ ന്യൂസ് പുറത്തുവിട്ടു. വയനാട്ടിലെ ബാണാസുരസാഗർ, കോഴിക്കോട് കക്കയം, പെരുവണ്ണാമൂഴി. സഞ്ചാരികളേറെ എത്തുന്ന ഈ ഡാമുകളെ തമ്മിൽ ബന്ധിപ്പിച്ച് ടൂറിസം ഇടനാഴി. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ വൈദ്യുതി ബോർഡിന് കീഴിലെ ഹൈഡൽ ടൂറിസം സെന്ററിന്റെ ചുമതലയിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

320കോടി ചെലവ് കണക്കാക്കിയ പദ്ധതിക്ക് പിന്നിൽ മലബാറിലെ സിപിഎം നേതൃത്വത്തിൽ ഒരുവിഭാഗത്തിന്റെ താൽപര്യമുണ്ടെന്ന് തുടക്കത്തിലേ ആക്ഷേപമുയർന്നു. കിഫ്ബിയിൽ നിന്ന് വായ്പ അനുവദിക്കാൻ തീരുമാനിച്ചതായി ഡാമുകൾ നേരിട്ട് ധനമന്ത്രിയുടെ പ്രഖ്യാപനവും ഉണ്ടായി. ഇതോടെ സിപിഎമ്മിലെ കണ്ണൂർ ലോബിയുടെ താൽപര്യമാണ് പദ്ധതിയിലുള്ളതെന്ന ആക്ഷേപം ഉയരുകയും ഇതേപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവരികയുമായിരുന്നു.

ടെണ്ടർ നടപടികൾ മുതൽ ക്രമക്കേട് നിറഞ്ഞതായിരുന്നു എന്ന ആക്ഷേപമാണ് ഉയർന്നത്. പദ്ധതിക്കായി എറണാകുളത്തെ കമ്പനിയെ തിരഞ്ഞെടുത്തത് വഴിവിട്ടാണ് എന്നതിന് തെളിവുകൾ സഹിതം പരാതികൾ വൈദ്യുതി റഗുലേറ്ററി കമ്മിഷന് മുന്നിലെത്തി. ടൂറിസം മേഖലയിൽ പരിചയം ഒന്നുമില്ലാത്ത കമ്പനിക്ക് പദ്ധതിയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ മാത്രം നൽകേണ്ടിയിരുന്നത് 92ലക്ഷം രൂപ.

ഭരണസമിതിയുടെ അനുമതിയില്ലാതെ ഇതുകൊടുക്കാൻ ഹൈഡൽ ടൂറിസം ഡയറക്ടർ നടത്തിയ നീക്കം റഗുലേറ്ററി കമ്മിഷൻ ആദ്യം തടഞ്ഞു. തുടർന്ന് പദ്ധതിയുമായി ബന്ധപ്പെട്ട മറ്റെല്ലാ നടപടികളും നിർത്തിവയ്ക്കാനും കമ്മിഷൻ നിർദ്ദേശിച്ചു. പിന്നാലെ കെഎസ്ഇബി ചെയർമാൻ ഡോ കെ ഇവങ്കോവനും വിഷയത്തിൽ ഇടപെട്ടു.

ക്രമക്കേടുകൾ വിശദമാക്കി വകുപ്പ് മന്ത്രിക്ക് അദ്ദേഹം നൽകിയ കത്തിന്റെ പകർപ്പാണ് പുറത്തുവന്നത്. ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നായിരുന്നു ചെയർമാന്റെ ശുപാർശ. എന്നാൽ അപ്പോഴേക്കും ആരോപണവിധേയൻ വൈദ്യുതി മന്ത്രിയുടെ തന്നെ ഓഫീസിൽ ഉന്നതസ്ഥാനത്ത് എത്തിയിരുന്നു.

റഗുലേറ്ററി കമ്മിഷന്റെയും ബോർഡ്‌ചെയർമാന്റെയും തലയ്ക്കുമുകളിലൂടെയാണ് പിന്നെ കാര്യങ്ങൾ നീങ്ങിയത്. ആരോപണ വിധേയന് അനുകൂലമായി അന്വേഷണ റിപ്പോർട്ട് തന്നെ പിന്നീടുണ്ടായി. ക്രമക്കേട് കണ്ടുപിടിച്ച് തടഞ്ഞതിനാൽ നഷ്ടമുണ്ടായില്ലെന്നും അതിനാൽ നടപടി വേണ്ടെന്നും തീരുമാനമുണ്ടായി. എന്നാൽ വിഷയം ചർച്ചയായിരിക്കുകയാണ് ഇപ്പോൾ.