പത്തനംതിട്ട: ശബരിമലയിൽ അഴിമതിയുടെ പമ്പ മേളം നടക്കുന്നതായി ആക്ഷേപം. സ്റ്റാളുകൾ കുത്തകലേലം ചെയ്തു കൊടുക്കുന്നതിലും കൊടുത്ത സ്റ്റാളിന് ബദലായി പുതിയ സ്റ്റാൾ അനുവദിച്ചും കൈക്കൂലിയിനത്തിൽ ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈപ്പറ്റുന്നതായാണ് പരാതി ഉയരുന്നത്.

93 ലക്ഷത്തിന് കുത്തകലേലം കൊണ്ട സ്റ്റാളിന് മുന്നിലായി അദർ സ്റ്റാൾ അനുവദിച്ചു നൽകി അഞ്ചു ലക്ഷവും ഒരു സ്റ്റാൾ മാറ്റി സ്ഥാപിച്ചതിന്റെ പേരിൽ നാലു ലക്ഷവും മറ്റൊരു സ്റ്റാളിന് മേൽക്കൂര ഇട്ടു നൽകാമെന്ന് പറഞ്ഞ് ഒരു ലക്ഷവും ഒരു അസി. എൻജിനീയർ കൈപ്പറ്റിയതായി ശബ്ദരേഖ അടക്കമുള്ള തെളിവും സഹിതം ദേവസ്വം ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.

പ്ലാനിൽ കാണിച്ചിരിക്കുന്നതിൽ നിന്നും കടമുറികൾ മാറ്റി നൽകുന്നതിന് ദേവസ്വം പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ പലരിൽ നിന്നായി ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. പമ്പ രാമമൂർത്തി മണ്ഡപത്തിന് സമീപത്തെ ക്ലോക്ക് റൂമിന്റെ കുത്തക പാട്ടക്കാരനായ റാന്നി മന്ദിരം മണികണ്ഠ വിലാസത്തിൽ പിജി സുനിൽ കുമാറാണ് ദേവസ്വം മന്ത്രി, സ്പെഷൽ കമ്മിഷണർ, പ്രസിഡന്റ് വിജിലൻസ് ഓഫീസർ എന്നിവർക്ക് അടക്കം പരാതി നൽകിയിരിക്കുന്നത്.

208 എ ക്ലോക്ക് റൂം 93.39 ലക്ഷം രൂപയ്ക്കാണ് സുനിൽ കുത്തക ലേലം കൊണ്ടത്. എന്നാൽ രാമമൂർത്തി മണ്ഡപത്തിനും ക്ലോക്ക് റൂമിനും ഇടയിലായി വടക്കു പടിഞ്ഞാറേ മൂലയിൽ ഷെഡ്യൂൾ കാണിച്ചിരുന്ന ഐറ്റം നമ്പർ 98 അദർ സ്റ്റാൾ സുനിൽ ലേലം കൊണ്ട സ്റ്റാളിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഇത് തനിക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തി വച്ചുവെന്ന് സുനിൽ പറയുന്നു. പ്ലാനിൽ കാണിച്ചിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി 98-ാം നമ്പർ സ്റ്റാൾ സ്ഥാപിച്ചതിൽ വൻ അഴിമതി നടന്നുവെന്നും കൈക്കൂലിയായി അഞ്ചു ലക്ഷം രൂപ എൻജിനീയർ കൈപ്പറ്റിയെന്നും സുനിലിന്റെ പരാതിയിൽ പറയുന്നു.

അതു പോലെ തന്നെ രാമമൂർത്തി മണ്ഡപത്തിന് പിന്നിൽ ഇന്റർലോക്ക് പാകിയ ഭാഗത്തേക്ക് കടകൾ മാറ്റി നൽകിയതിനും ഈ എൻജിനീയർ കൈക്കുലി വാങ്ങിയതായും സുനിൽ ആരോപിക്കുന്നു. ഒരു ടീ സ്റ്റാൾ ഉടമയിൽ നിന്നും നാലു ലക്ഷം രുപ വാങ്ങിയതിന്റെ തെളിവായുള്ള ഫോൺ സംഭാഷണം തന്റെ കൈവശമുണ്ട്. ക്ലോക്ക് റൂമിന്റെ മുകളിൽ റൂഫിങ് നടത്തുന്നതിന് തന്റെ കൈയിൽ നിന്നും ഈ ഉദ്യോഗസ്ഥൻ ഒരു ലക്ഷം രൂപ വാങ്ങിയതായും സുനിൽ പറയുന്നു.

പമ്പ പെട്രോൾ പമ്പിന് മുന്നിലായി നടന്ന് പോകുന്ന പാലത്തിന് സമീപം കാണുന്ന ഹോട്ടലിന് അനധികൃതമായി സ്ഥലം അനുവദിച്ചതിന് ഈ ഉദ്യോഗസ്ഥൻ ഒരു ലക്ഷം കൈക്കുലി വാങ്ങിയതിന്റെ തെളിവും നൽകാൻ തയാറാണെന്ന് സുനിൽകുമാർ പരാതിയിൽ പറയുന്നു. ഇതു കാരണം ബോർഡിനും തനിക്കും ലക്ഷങ്ങളുടെ നഷ്മാണ് ഉണ്ടായിട്ടുള്ളത്. ക്ലോക്ക് റുമിന്റെ വരുമാനം കുറഞ്ഞതിനാൽ ബാക്കി തുക അടയ്ക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ 98-ാം നമ്പർ സ്റ്റാൾ മാറ്റി സ്ഥാപിക്കണം. അല്ലാത്ത പക്ഷം കുത്തക റദ്ദ് ചെയ്ത് താൻ അടച്ച തുക തിരികെ നൽകണമെന്നും സുനിൽ ആവശ്യപ്പെടുന്നുണ്ട്.