കൊച്ചി: തന്റെ മകൾ രേഷ്മയെ കൊലപ്പെടുത്തിയാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് അമ്മ ഷീബാ മാണി. മകളുടെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുന്നതുവരെ പോരാട്ടം തുടരുമെന്നാണ് ഷീബാ മാണി വ്യക്തമാക്കുന്നത്. മരണ ശേഷം ബിനോയിയുടെ മുഖത്ത് കണ്ട പാടുകളും രേഷ്മയുടെ മൂക്കിന്റെ ഭാഗം കറുത്തിരുന്നതും കൊലപാതകത്തിന്റെ ശക്തമായ സൂചനയായി ഷീബാ മാണി ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തരമന്ത്രിയക്കും വനിതാ കമ്മീഷനും നൽകിയ പരാതികൾ വെറുതെയാകില്ലെന്ന് അമ്മ പറയുന്നു.

ദൈവ വഴിയെ സഞ്ചരിക്കാനായിരുന്നു രേഷ്മയുടെ ആഗ്രഹം. അതുകൊണ്ട് മാത്രമാണ് ഫയർവിങ്‌സ് ഗ്രൂപ്പിലെ ബിനോയ് കൊട്ടാരക്കരയ്ക്ക് മകളെ വിവാഹം ചെയ്തു കൊടുത്തത്. ചില പാസ്റ്റർമാരാണ് വിവാഹ ആലോചനയുമായെത്തിയത്. അടൂരിലെ സുവിശേഷത്തിന് പോയപ്പോൾ ബിനോയിയെ കണ്ട് പരിചയമുണ്ടായിരുന്നു. കുടുംബമൊന്നും നോക്കാതെ ആത്മീയ പ്രവർത്തനങ്ങൾക്ക് മകൾക്ക് ബിനോയ് കരുത്താകുമെന്ന് കരുതി. അതാണ് മകളുടെ മരണത്തോടെ തകരുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ മകളെ ബിനോയ് പീഡിപ്പിക്കാൻ തുടങ്ങിയെന്നും ഷീബ പറയുന്നു. പഠനത്തിൽ മിടുക്കിയായിരുന്ന രേഷ്മയ്ക്ക് മറ്റ് ജോലികളും കിട്ടുമായിരുന്നു. എന്നാൽ ദൈവ വിശ്വാസത്തിന്റെ കരുത്തിൽ ജീവിക്കാനായിരുന്നു ഇഷ്ടം. അതാണ് ബിനോയിയുമായുള്ള വിവാഹത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് അമ്മയുടെ വാക്കുകൾ നൽകുന്ന സൂചന.

രേഷ്മയുടെ മരണം കൊലപാതകമെന്ന് ഉറപ്പിക്കാനുള്ള എല്ലാം മരണ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. രേഷ്മയുടെ മുഖത്തെ കുറത്ത പാട് വായ പൊത്തിയതിന്റെ സൂചനയാണ്. സിഐയ്ക്ക് സംശയം തോന്നിയതു കൊണ്ടാണ് ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടന്നത്. അതിന് ശേഷം കാര്യങ്ങൾ അട്ടിമറിക്കപ്പെട്ടോ എന്ന സംശയം ഷീബയ്ക്കുണ്ട്. എന്തായാലും മകൾ ആത്മഹത്യ ചെയ്യില്ല. അവളുടെ രണ്ട് കുട്ടികളോടും അത്രയ്ക്ക് സ്‌നേഹമായിരുന്നു. മാനസിക പ്രശ്‌നങ്ങളൊന്നും തന്റെ മകൾക്ക് ഉണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള പ്രചരണങ്ങൾ മനപ്പൂർവ്വം നടത്തുന്നതാണെന്നും ഷീബ പറയുന്നു. ഇരുപത്തിമൂന്ന് വയസ്സുവരെ തന്റെ ഒപ്പമാണ് അവൾ ജീവിച്ചത്. പഠനത്തിലും മിടുക്കിയായിരുന്നു. അതിന് ശേഷം മനോരോഗം വന്നിട്ടുണ്ടെങ്കിൽ അതും ബിനോയിയുടെ കുഴപ്പം കൊണ്ടായിരിക്കുമെന്നാണ് ഷീബ പറയുന്നത്. എന്നാൽ അത്തരം പരാതി ആരും മരണം വരെ പറഞ്ഞിട്ടില്ലെന്നും സൂചിപ്പിക്കുന്നു.

വിവാഹത്തിന്റെ ആദ്യ നാളുകളിൽ തന്നെ പീഡനം തുടങ്ങി. ഫയർ വിങ്‌സിലെ പല പാസ്റ്റർ മാരോടും എല്ലാം പറഞ്ഞു. ബിജു അഞ്ചൽ എന്ന പാസ്റ്റർക്ക് എല്ലാം അറിയാം. പലപ്പോഴും മധ്യസ്ഥ ചർച്ചകൾ നടന്നു. കുണ്ടറയിലുള്ള സഹോദരൻ സാമിന്റെ വീട്ടിലായിരുന്നു ചർച്ചകൾ. എല്ലാം പരിഹരിച്ചുവെന്ന് കരുതി ഒരോ ചർച്ചയ്ക്ക് ശേഷവും പെരുമ്പാവൂരിലെ വീട്ടിലേക്ക് പോകും. പക്ഷേ ഒന്നും നേരെയായില്ല. പട്ടിണിക്കിട്ടും ഉപദ്രവിച്ചും ബിനോയ് മകളെ പീഡിപ്പിച്ചുവെന്നാണ് അമ്മ പറയുന്നത്. ബിനോയിയുടെ സ്ത്രീകളുമായുള്ള ഫോൺ സംഭാഷണങ്ങൾ ചോദ്യം ചെയ്യുന്നതായിരുന്നു മകളെ ഉപദ്രവിക്കാനുള്ള പ്രധാന കാരണം. പകലും രാത്രിയിലും എല്ലാം ഫോണുകളാണ്. അവയെല്ലാം സ്ത്രീകളുമായാണെന്ന് രേഷ്മയ്ക്ക് സംശയമുണ്ടായിരുന്നു. പലപ്പോഴും അതിനെ ചോദ്യം ചെയ്തു. ഇതാണ് സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. അമേരിക്കിയുള്ള സ്ത്രീയുമായുള്ള ഫോൺ സംഭാഷണം മണിക്കൂറുകൾ നീളുമായിരുന്നുവെന്ന പരാതി രേഷ്മയ്ക്കുണ്ടായിരുന്നതായും അമ്മ പറയുന്നു.

മരണമറിഞ്ഞ് കൊട്ടാരക്കരയിലെത്തിയപ്പോൾ ഒരു കൂസലുമില്ലാതെ ഇരിക്കുന്ന ബിനോയിയേയും കുടുംബത്തേയുമാണ് കണ്ടത്. ജനൽ കമ്പിയിലെ ആത്മഹത്യാ വാദം അംഗീകരിക്കാൻ കഴിയില്ല. അറുപത്തിയഞ്ച് കിലോയിലധികം ഭാരമുള്ള രേഷ്മ അതു ചെയ്‌തെന്ന് വിശ്വസിക്കാനും കഴയില്ല. വീട്ടിലെത്തിയപ്പോൾ ബിനോയിയ്‌ക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു. എന്നാൽ ഈ സ്ത്രീ ആരെന്ന് എനിക്കറിയില്ല. പ്രാർത്ഥനയ്ക്ക വന്നതാണെന്നാണ് മനസ്സിലാക്കിയത്. ബിനോയിയുടെ മുഖത്തെ മാന്തി പൊളിച്ച പാടുകൾ കണ്ടപ്പോഴെ എല്ലാം വ്യക്തമായി. ഈ കള്ളത്തരം പുറത്തു കൊണ്ടു വരും വരെ പോരാട്ടം തുടരുമെന്നും ഷീബാ മാണി പറയുന്നു. ഫയർ വിങ്‌സ് പാസ്റ്റർമാർക്ക് എല്ലാം അറിയാമെന്നും ഷീബ കൂട്ടിച്ചേർക്കുന്നു. വനിതാ കമ്മീഷനും ഇതു സംബന്ധിച്ച പരാതി നൽകി. മൊഴിയെടുക്കാൻ അഡീഷണൽ എസ് ഐ വന്നത് മാത്രമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഷീബ പറയുന്നത്.

രേഷ്മ (26)യെ ഭർത്താവ് പാസ്റ്റർ ബിനോയി ബാബുവിന്റെ കൊട്ടാരക്കര നെല്ലിക്കുന്നത്തെ പഴയവിള വീട്ടിൽ ഓഗസ്റ്റ് 15നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ കൊട്ടാരക്കര റൂറൽ എസ്‌പിക്കു പരാതി നൽകി. വീട്ടിലെ ജനലിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത് എന്നാണ് ബിനോയ് പറയുന്നത്. മുറിയിലെ ജനലിന് മൂന്നരയടിമാത്രമാണ് പൊക്കമുള്ളത്. അഞ്ചരയടിയിൽ കൂടുതൽ ഉയരമുള്ള രേഷ്മയ്ക്ക് ജനൽക്കമ്പിയിൽ തൂങ്ങിമരിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഈ കേസിൽ ദുരൂഹതകൾ ഏറെയാണ്. അതിനൊന്നും മറുപടി പോലും നൽകാതെ കേസ് ഒതുക്കി തീർക്കാനാണ് നീക്കം. രേഷ്മ തൂങ്ങിമരിച്ച ജനലിൽ ഒരാൾ ആത്മഹത്യ ചെയ്തുവെന്നത് തന്നെ അസാധ്യമാണ്. അതുകൊണ്ട് തന്നെയാണ് ഈ ചോദ്യങ്ങൾക്ക് പ്രസക്തി കൂടുന്നതും.

5 അടി പൊക്കം ഉള്ള ഒരാൾക്ക് തിരെ പൊക്കം ഇല്ലാത്ത ചെറിയ ജനൽ എഴിയിൽ തുങ്ങാൻ സാധിക്കുമോ? മരണ വാർത്ത അറിഞ്ഞ് ബിനോയിയുടെ വീടിനു അടുത്തു താമസിക്കുന്ന രേഷ്മയുടെ അങ്കിളും ആന്റിയും ആ വീട്ടിൽ ഓടി എത്തിയപ്പോൾ ബിനോയിയുടെ പിതാവിന്റെ വാക്കുകൾ 'ഇവൻ കാരണം ഞങ്ങൾക്ക് ഈ വയസാംകാലത്ത് ജയിലിൽ കിടക്കേണ്ടി വരുമല്ലോ ദൈവമേ' ഇതു കേട്ട ബിനോയി സ്വന്തം പിതാവിന്റെ വായ് പൊത്തി റൂമിൽ കൊണ്ടുപോയി പൂട്ടിയതെന്തിന് ? രേഷ്മയുടെ അമ്മയുടെ ഈ ചോദ്യങ്ങളിൽ കഴമ്പുണ്ടെന്ന് പൊലീസിനുമറിയാം. എന്നാൽ മിണ്ടാതിരിക്കാനാണ് മുകളിൽ നിന്ന് ലഭിച്ച നിർദ്ദേശം. ഇതെല്ലാം ഉയർത്തിയാണ് ഷീബയുടെ നീതിക്കായുള്ള പോരാട്ടം.