പത്തനംതിട്ട: പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ രേഷ്മയുടെ ദുരൂഹമരണത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്തുന്നില്ലെന്ന് ആക്ഷേപം. രേഷ്മയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടു പോലും പുറത്തുവിടാതെ അന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെന്നാണ് ആരോപണം. രേഷ്മയുടെ മരണത്തിൽ ബിനോയ് കൊട്ടാരക്കരയ്ക്ക് പങ്കുണ്ടെന്ന് കാട്ടി അമ്മ പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയുടെ എടുത്തിട്ടില്ല. ദുരൂഹതകൾ ഏറെയുള്ള മരണം കൊലപാതകമാക്കാൻ പൊലീസിൽ സമ്മർദ്ദമുണ്ടെന്നാണ് സൂചന. അതിനിടെ കേസുമായി മുന്നോട്ട് പോകരുതെന്ന് വ്യക്തമാക്കി പെരുമ്പാവൂരിലെ രേഷ്മയുടെ വീട്ടിൽ ഭീഷണി സന്ദേശങ്ങളുമെത്തി.

ബിനോയ് കൊട്ടാരക്കര തന്നെയാണ് മകളെ കൊന്നതെന്ന് രേഷ്മയുടെ അമ്മ ഷീബാ മാണി പൊലീസിന് പരാതി നൽകിയിരുന്നു. ഇത് ഫലം കാണാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. രേഷ്മയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരാനായി സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും സജീവമായതോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ' നിങ്ങൾ എല്ലാറ്റിലും നിന്നു പിന്മാറി അടങ്ങി ഒതുങ്ങി കഴിഞ്ഞില്ലങ്കിൽ കുടുംബം കുട്ടിച്ചോറാക്കുമെന്നാണ് ഭീഷണി സന്ദേശം. കേസ് അന്വേഷണത്തിൽ പൊലീസ് നിഷ്‌ക്രിയമാണെന്ന് ചൂണ്ടിക്കാട്ടി ഷീബാ മാണി കോടതിയെ സമീപിക്കാൻ ഒരുങ്ങവേയാണ് ഭീഷണി എത്തിയത്. എന്നാൽ എന്തു സംഭവിച്ചാലും മകളുടെ മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നാണ് ഷീബാ മാണിയുടെ നിലപാട്.

ബിനോയ് കൊട്ടാരക്കര അംഗമായ ഫയർവിങ്‌സ് ഗ്രൂപ്പിലുള്ളവരാണ് ഭീഷണിപ്പെടുത്തുന്നതെന്നാണ് ആരോപണം. എന്തായാലും എന്തിനേയോ ഭയപ്പെടുന്നവനല്ലേ ഭീഷണിപ്പെടുത്തു.... ആർക്കാണ് രേഷ്മയുടെ വീട്ടുകാരെ ഭയം.... കുറ്റം ചെയ്തവർ ഭയപ്പെട്ടാൽ പോരെ....അപ്പോൾ സത്യം പലരേയും ഞെട്ടിക്കുന്ന വാർത്ത തന്നെ.... എന്തായാലും കാത്തിരുന്നു കാണാമെന്നാണ് രേഷ്മയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ഷീബാ മാണിക്ക് പിന്തുണ നൽകുന്ന പെന്തകോസ്ത് സഭയിലെ ഒരു പ്രധാന പാസ്റ്റർ മറുനാടൻ മലയാളിയോട് പറഞ്ഞത്. രേഷ്മയുടെ മരണ ദിവസം ബിനോയ് കൊട്ടാരക്കരയുടെ വീട്ടിലുണ്ടായിരുന്ന അമേരിക്കകാരിയെ പൊലീസ് ചോദ്യം ചെയ്താൽ തന്നെ എല്ലാം പുറത്തുവരുമെന്നാണ് ഇവരുടെ വാദം.

അതിനിടെ ആരോപണ വിധേയയായ സ്ത്രീ താൻ അന്ന് ബിനോയ് കൊട്ടാരക്കരയുടെ വീട്ടിലിലെന്ന് പ്രചരിപ്പിക്കുന്നുണ്ടത്രേ. അമേരിക്കയിൽ മീറ്റിംഗിനു ക്ഷണിച്ചവർ രേഷ്മയുടെ മരണത്തിൽ അവർക്കുള്ള പങ്കിനെ പറ്റി തിരക്കി. അപ്പോഴാണ് ഫയർ വിങ്‌സുമായി അവർക്ക് യതോരു ബന്ധവും ഇല്ലാ എന്നും, രേഷ്മ മരിച്ച ദിവസം ഞാൻ അവിടെ ഇല്ലായിരുന്നു എന്നും അവർ പറഞ്ഞത്. എന്നാൽ രേഷ്മ മരിച്ച ദിവസം ഇവർ ബിനോയിയുടെ വീട്ടിൽ ഉണ്ടായിരുന്നു എന്നതിന് അനേക ദൃക്‌സാക്ഷികൾ ഉണ്ടെന്ന് രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ മറനീക്കാൻ പ്രവർത്തിക്കുന്നവർ പറയുന്നു. മകളുടെ മരണ വാർത്ത അറിഞ്ഞ് നാലു മണിക്കൂർ യാത്ര ചെയ്ത് പെരുമ്പാവൂർ നിന്നു വന്ന രേഷ്മയുടെ അമ്മയുടെ മുഖത്തുനോക്കി ഇവർ ചിരിച്ചതായും അവർ പറയുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടത്തുന്നതെന്ന് അറിഞ്ഞപ്പോൾ ' ഓഹ് നമ്മൾ രക്ഷപ്പെട്ടു' എന്ന് അവർ പറഞ്ഞതിനും ദൃക്‌സാക്ഷികളുണ്ടെന്നാണ് അവരുടെ വാദം. ഈ സാഹചര്യത്തിൽ രേഷ്മയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് എന്തുകൊണ്ട് പുറത്തു വരുന്നില്ലെന്ന ചോദ്യവും പ്രസക്തമാണ്. ഫയർവിങ്‌സ് ഗ്രൂപ്പിലെ പ്രധാന പാസ്റ്റർമാരുടെ ഫോൺ കോളുകൾ നിയമ പ്രകാരം അന്വേഷണ പരിധിയിൽപ്പെടുത്തിയാൽ രേഷ്മയുടെ മരണത്തേക്കുറിച്ചുള്ള ചില തെളിവുകളുടെ ചുരുൾ അഴിയും. ഇതുമനസ്സിലാക്കി ഇവരിൽ പലരും അമേരിക്കയിലേക്ക് കടന്നതായും ആരോപണമുണ്ട്. ഏതായാലും രേഷ്മയുടെ മരണ സമയം ബിനോയിയ്‌ക്കൊപ്പമുണ്ടായിരുന്നവർ അമേരിക്കയിൽ എത്തിയെന്ന് ഇവർ സ്ഥിരീകരിക്കുന്നു.

കാനഡയിലും അമേരിക്കയിലും ഫയർവിങ്‌സിന് സ്വാധീനമുണ്ട്. ഇത് മറയാക്കി കൊലക്കേസിൽ നിന്ന് രക്ഷപ്പെടാനാണ് ഫയർവിങ്‌സ് പാസ്റ്റർമാർ നാടുവിട്ടതെന്നാണ് ആരോപണം. ബിനോയ് കൊട്ടാരക്കരയും രാജ്യം വിടാൻ ശ്രമിക്കുന്നതായാണ് സൂചന. അതു സംഭവിച്ചാൽ രേഷ്മയുടെ മരണത്തിന് ഉത്തരവാദികളെ ഒരിക്കലും നാട്ടിലേക്ക് എത്തിക്കാൻ കഴിയില്ലെന്നാണ് അഭിപ്രായം ഉയരുന്നത്. രേഷ്മയുടെ മരണം സംഭവിച്ചപ്പോൾ തന്നെ ഫയർവിങ്‌സ് ഗ്രൂപ്പിലെ ബംഗളുരുവിലുള്ള ഉന്നതർ കൊട്ടാരക്കരയിൽ എത്തി ബിനോയിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. ഈ നീക്കമാണ് കേസ് അന്വേഷണം അട്ടിമറിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. എന്നാൽ ഇതിനോടൊന്നും പ്രതികരിക്കാൻ പോലും പൊലീസ് തയ്യാറല്ലെന്നതും ശ്രദ്ധേയമാണ്. എല്ലാം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മാത്രമാണ് മറുപടി.

അതിനിടെ രേഷ്മയുടെ മരണം കൊലപാതകമാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഎമ്മും രംഗത്തുവന്നു. എന്നാൽ ഈ രാഷ്ട്രീയ സമ്മർദ്ദം പോലും പൊലീസ് കാര്യമായെടുക്കുന്നില്ല. രേഷ്മ ആത്മഹത്യ ചെയ്തുവെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അവർ. ഏതായാലും പ്രശ്‌നമുയർത്തി സിപിഐ(എം) പ്രചരണം തുടങ്ങിയിട്ടുണ്ട്. സിപിഎമ്മിന്റെ പിന്തുണ കൊലയാളികളെ കണ്ടെത്താൻ സഹായിക്കുമെന്നാണ് ഇതിന് പിന്നിലുള്ളവരുടേയും പ്രതീക്ഷ, കൂടുതൽ പിന്തുണ വരും ദിനങ്ങളിൽ ലഭിക്കുമെന്നും കരുതുന്നു. അല്ലാത്ത പക്ഷം കേസ് അന്വേഷണം ഒതുക്കി തീർക്കുമെന്ന വിലയിരുത്തൽ തന്നെയാണ് ഉയരുന്നത്.

രേഷ്മ (26)യെ ഭർത്താവ് പാസ്റ്റർ ബിനോയി ബാബുവിന്റെ കൊട്ടാരക്കര നെല്ലിക്കുന്നത്തെ പഴയവിള വീട്ടിൽ ഓഗസ്ത് 15നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ കൊട്ടാരക്കര റൂറൽ എസ്‌പിക്കു പരാതി നൽകി. എന്നാൽ, അന്വേഷണത്തിന് പൊലീസ് തയ്യാറായില്ല. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ബിനോയി രേഷ്മയെ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയാക്കുമായിരുന്നു. സംഭവദിവസം പകൽ രണ്ടിനു ബിനോയി ഫോണിൽ വിളിച്ച് രേഷ്മ ആത്മഹത്യ ചെയ്തതായി അമ്മയെ അറിയിക്കുകയായിരുന്നു. പെരുമ്പാവൂരിൽനിന്ന് വൈകിട്ടോടെ കൊട്ടാരക്കരയിലെ വീട്ടിലെത്തി. രേഷ്മയുടെ മൃതദേഹം തറയിൽ കിടത്തിയ നിലയിലായിരുന്നു. മുറിയിലെ ജനലഴിയിൽ ചുരിദാറിന്റെ ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്‌തെന്നാണ് ബിനോയി പറഞ്ഞത്. എന്നാൽ, അത്തരത്തിൽ ആത്മഹത്യ ചെയ്യാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് പരാതി നൽകിയത്.

അമേരിക്കയിലെ ഡാളസ്സിലെ ബിനോയിയുടെ അടുത്ത വനിതാ സുഹൃത്തായിരുന്നു രേഷ്മയുടെ മരണദിവസം മുകളിൽ വാതിലടച്ച മുറിയിൽ സുവിശേഷ'വേല' ചെയ്തുകൊണ്ടിരുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. വാതിലടച്ചു കുറ്റിയിട്ട മുറിയിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ രേഷ്മ പല പ്രാവശ്യം ശ്രമിച്ചു. അതിന്റെ ഭാഗമായി ആ വാതിലിൽ പലപ്രാവശ്യം മുട്ടിനോക്കി. അവസാനം ശബ്ദമുയർത്തിയ രേഷ്മയെ വാതിൽ തുറന്നു ഇറങ്ങി വന്ന ബിനോയിയുടെ ആരോഗ്യം ആ പാവം പെൺകുട്ടിയെ കീഴ്‌പ്പെടുത്തിയെന്നാണ് ആക്ഷേപം. ആ മരണവെപ്രാളത്തിൽ അല്ലേ രേഷ്മ ബിനോയിയുടെ മുഖം മാന്തി കീറിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. കിടപ്പറയിലെ മൂന്നരയടിപ്പൊക്കമുള്ള ജനാലയിൽ നടുവിലെ കമ്പിയിൽ അഞ്ചരയടിയോളം പൊക്കവും അറുപത്തിയഞ്ച് കിലോയോളം ഭാരവുമുള്ള രേഷ്മ ചുരിദാറിന്റെ ഷോളിൽ തൂങ്ങിമരിച്ചു എന്നു പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥന്മാർക്കുപോലും വിശ്വസിക്കാൻ കഴിയുന്നില്ല.

രേഷ്മയുടെ മരണാനന്തര ശുശ്രൂഷകൾ നടന്ന ബിനോയിയുടെ വീട്ടിലെ കുഴിമാടത്തിൽപോലും നടന്ന വാഗ്വാദങ്ങളും ഉന്തും തള്ളും നടന്നിരുന്നു. വീട്ടിന്റെ നടുത്തളത്തിൽ നിശ്ചലമായിക്കിടക്കുന്ന രേഷ്മയുടെ ശവശരീരത്തിന്റെ ഫോട്ടോ എടുക്കുവാൻ ശ്രമിച്ച ബന്ധുക്കളെ വിലക്കിയതും ദുരൂഹമാണ്. രേഷ്മയുടെ സഹോദരി ശുശ്രൂഷഷാ സമയത്ത് തനിക്ക് സംസാരിക്കണം എന്ന് പറഞ്ഞ് എഴുന്നേറ്റപ്പോൾ അതിനും അനുവദിച്ചില്ല. ആത്മസമീപനം പാലിക്കണമെന്നും പ്രശ്‌നങ്ങളിലേയ്ക്ക് പോകരുതെന്നും രേഷ്മയുടെ അമ്മയെ ചിലർ വിലക്കുകയും ചെയ്തു. ഇതെല്ലാം ബിനോയിയെ രക്ഷിക്കാനുള്ള നീക്കമായി വിലയിരുത്തുന്നു. വീട്ടിലെ ജനലിലാണ് തൂങ്ങിമരിച്ചനില യിൽ കണ്ടത് എന്നാണ് ബിനോയ് പറയുന്നത്. മുറിയിലെ ജനലിന് മൂന്നരയടിമാത്രമാണ് പൊക്കമുള്ളത്.അഞ്ചരയടിയിൽ കൂടുതൽ ഉയരമുള്ള രേഷ്മയ്ക്ക് ജനൽക്കമ്പിയിൽ തൂങ്ങിമരിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഈ കേസിൽ ദുരൂഹതകൾ ഏറെയാണ്.

അതിനൊന്നും മറുപടി പോലും നൽകാതെ കേസ് ഒതുക്കി തീർക്കാനാണ് നീക്കം. രേഷ്മ തൂങ്ങിമരിച്ച ജനലിൽ ഒരാൾ ആത്മഹത്യ ചെയ്തുവെന്നത് തന്നെ അസാധ്യമാണെന്നും നാട്ടുകാർ പറയുന്നു. 5 അടി പൊക്കം ഉള്ള ഒരാൾക്ക് തിരെ പൊക്കം ഇല്ലാത്ത ചെറിയ ജനൽ അഴിയിൽ തുങ്ങാൻ സാധിക്കുമോ? മരണ വാർത്ത അറിഞ്ഞ് ബിനോയിയുടെ വീടിനു അടുത്തു താമസിക്കുന്ന രേഷ്മയുടെ അങ്കിളും ആന്റിയും ആ വീട്ടിൽ ഓടി എത്തിയപ്പോൾ ബിനോയിയുടെ അച്ഛന്റെ വാക്കുകൾ 'ഇവൻ കാരണം ഞങ്ങൾക്ക് ഈ വയസാംകാലത്ത് ജയിലിൽ കിടക്കേണ്ടി വരുമല്ലോ ദൈവമേ'എന്നായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇതു കേട്ട ബിനോയി സ്വന്തം പിതാവിന്റെ വായ് പൊത്തി റൂമിൽ കൊണ്ടുപോയി പൂട്ടിയതെന്തിനെന്ന ചോദ്യവും ബാക്കി.