ലണ്ടൻ: മുൻ കാമുകി ഓൾഗ ഷാരിപോവയുടെ ഗാർഹിക പീഡന ആരോപണങ്ങളിൽ ജർമൻ ടെന്നീസ് താരം അലക്സാണ്ടർ സവരേവിനെതിരേ അന്വേഷണം ആരംഭിച്ച് അസോസിയേഷൻ ഓഫ് ടെന്നീസ് പ്രൊഫഷണൽസ്.

സവരേവിനെതിരേ ഉയർന്നിട്ടുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും അവ പരിഹരിക്കാനുള്ള ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്നും എടിപി സിഇഒ മാസ്സിമോ കാൽവെല്ലി പ്രസ്താവനയിൽ വ്യക്തമാക്കി. വസ്തുകൾ കണ്ടെത്താനും തുടർ നടപടികൾ നിർണയിക്കാനും ഈ അന്വേഷണം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സവരേവ് ഈ അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും കാൽവെല്ലി വ്യക്തമാക്കി.

ഓഗസ്റ്റിൽ ഒരു അഭിമുഖത്തിനിടെയാണ് സവരേവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി മുൻ ടെന്നീസ് താരം കൂടിയായ ഓൾഗ വെളിപ്പെടുത്തിയത്. എന്നാൽ ഓൾഗയുടെ ആരോപണങ്ങൾ സവരേവ് നിഷേധിച്ചിരുന്നു. അതേസമയം ഓൾഗയുടെ അഭിമുഖം പ്രസിദ്ധീകരിച്ച ഓൺലൈൻ മാധ്യമമായ 'സ്ലേറ്റ്' തങ്ങളുടെ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി പ്രസ്താവന ഇറക്കിയിരുന്നു.