- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
30 ലക്ഷം രൂപ ഒരുവർഷത്തെ കാലാവധിയിൽ സ്ഥിരനിക്ഷേപം; കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാതെ വണ്ടിച്ചെക്ക് നൽകി കബളിപ്പിക്കൽ; തൊഴിൽ വാഗ്ദാനം ചെയ്തും തട്ടിപ്പ്; തലസ്ഥാനത്തെ പേരൂർക്കട ട്രാവൻകൂർ സോഷ്യൽ വെൽഫെയർ കോ ഓപറേറ്റീവ് സൊസൈറ്റിക്കെതിരെ പരാതിപ്രളയം
തിരുവനന്തപുരം: സഹകരണ സ്ഥാപനത്തിന്റെ മറവിൽ കോടികളുടെ പണം തട്ടിപ്പെന്ന് പരാതി. തിരുവനന്തപുരം ട്രാവൻകൂർ സോഷ്യൽ വെൽഫെയർ കോ ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ ടി 2005 പേരൂർക്കട ശാഖക്കെതിരെയാണ് നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പെന്ന പരാതി. നിക്ഷേപം സ്വീകരിച്ച ലക്ഷക്കണക്കിന് രൂപ കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാതെ വണ്ടിച്ചെക്ക് നൽകി കബളിപ്പിക്കുകയാണെന്നാണ് വർക്കല സ്വദേശിയായ അരുൺ എന്ന യുവാവും കുടുംബവും പരാതി നൽകിയിരിക്കുന്നത്.
തിരുവനന്തപുരം പെരുങ്കടവിള സ്വദേശി അഭിലാഷ് ബാലകൃഷ്ണൻ (32 വയസ്സ്), മലയിൻകീഴ് സ്വദേശി സ്വാമി തപസ്യാനന്ദ (56 വയസ്സ്), ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി സുരേഷ് കുമാർ (42 വയസ്സ്), സുതൻ (75 വയസ്സ്) എന്നിവർക്കെതിരെയാണ് പണം തട്ടിച്ചെടുത്ത് മുങ്ങിനടക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്.
ഒരുവർഷം കാലാവധിയിൽ സ്ഥിരം നിക്ഷേപം സ്വീകരിച്ചതിന് ശേഷം കാലാവധി കഴിഞ്ഞതിന് ശേഷവും പണം തിരികെ നൽകുന്നില്ലെന്നാണ് പരാതി. 30 ലക്ഷം രൂപ നിക്ഷേപം ഇവർ വഴി സഹകരണ സ്ഥാപനത്തിലേക്ക് സ്വീകരിച്ചിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പലിശയ്ക്ക് പകരം രണ്ടുപേർക്ക് സ്ഥാപനത്തിൽ തൊഴിൽ നൽകുമെന്നായിരുന്നു വാഗ്ദാനം. 20 ലക്ഷം രൂപ പരാതിക്കാരന്റെ അച്ഛനിൽ നിന്നാണ് ഇവർ ബാങ്ക് നിക്ഷേപമായി സ്വീകരിച്ചത്.
ട്രാവൻകൂർ സോഷ്യൽ വെൽഫെയർ സഹകരണ സൊസൈറ്റിയിൽ രണ്ടു പേർക്ക് ജോലി നൽകിയെങ്കിലും ആറ് മാസങ്ങൾക്ക് ശേഷം ഇവർക്ക് ശമ്പളം ലഭിക്കാതായി. ഒരുവർഷം കാലാവധി പറഞ്ഞാണ് ഇവരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത്. നിക്ഷേപ കാലാവധി കഴിഞ്ഞ് പണം തിരികെ ആവശ്യപ്പെട്ട രാധാകൃഷ്ണനും കുടുംബത്തിനും പണം നൽകാതെ വണ്ടിച്ചെക്ക് നൽകി കബളിപ്പിക്കുകയാണെന്ന് അരുണും കുടുംബവും സഹകരണ മന്ത്രിക്കും പൊലീസിലും നൽകിയ പരാതിയിൽ പറയുന്നു. പൊതുജനങ്ങളിൽ നിന്ന് ഈ സ്ഥാപനത്തിലേക്ക് നിക്ഷേപം സ്വീകരിക്കലായിരുന്നു പരാതിക്കാരിൽ നിന്ന് ലക്ഷങ്ങൾ നിക്ഷേപം സ്വീകരിച്ചതിന് ശേഷം ഏൽപ്പിച്ച തൊഴിൽ.
പരാതിയിൽ പറയുന്ന സുരേഷ് കുമാറും സൂതനുമാണ് അരുണിന്റെ വീട്ടുകാരെ സമീപിച്ച് ഇയാൾക്കും ഇയാളുടെ സഹോദരി ഭർത്താവ് ശ്രീക്കുട്ടനും തിരുവനന്തപുരം ജില്ലാ സഹകരണ ബയോ ടെക്നോളജി വെള്ളറട ബ്രാഞ്ചിൽ ജോലി വാഗ്ദാനം ചെയ്തത്. സ്ഥിരം ജോലിയാണെന്നും പെൻഷൻ ലഭിക്കുമെന്നും ഒക്കെ പറഞ്ഞുവിശ്വസിപ്പിച്ചാണ് ഇവർക്ക് ജോലി വാഗ്ദാനം നടത്തിയത്. എന്നാൽ ഈ ജോലി ലഭിക്കണമെങ്കിൽ ഒരു വർഷം കാലാവധിയിൽ 12 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും ഒരു വർഷം കഴിയുമ്പോൾ തിരികെ നൽകുമെന്നും ഇവരുടെ ബാങ്കിലേക്ക് നിക്ഷേപിക്കണമെന്നും അറിയിക്കുകയായിരുന്നു.
ഇതുപ്രകാരം പരാതിക്കാരൻ അരുണും സഹോദരി ഭർത്താവായ ശ്രീക്കുട്ടനും അഭിലാഷ് ബാലകൃഷ്ണന്റെയും സ്വാമി തപസ്യാനന്ദയുടെയും അക്കൗണ്ടുകളിലേക്ക് പല ഘട്ടത്തിലായി പണം അടച്ചു. മറ്റ് പല ബാങ്കുകളിൽ നിന്ന് ലോണെടുത്തും മറ്റുമാണ് ഈ പണം ഇവർ നൽകിയത്.
പറഞ്ഞതുപ്രകാരം ഈ സ്ഥാപനങ്ങളിൽ ഇരുവർക്കും ജോലി നൽകിയെങ്കിലും വളരെ കുറഞ്ഞ കാലയളവിൽ മാത്രമേ ഇവർക്ക് ശമ്പളം പോലും നൽകിയുള്ളൂ. നിക്ഷേപത്തിന് പലിശയില്ല, പകരം ശമ്പളം എന്നായിരുന്നു ഇവർക്ക് വാഗ്ദാനം. എന്നാൽ ശമ്പളം പോലും ലഭിക്കാതായതോടെ ഇവർക്ക് ജോലി ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. നിക്ഷേപിച്ച തുക കാലാവധി കഴിഞ്ഞപ്പോൾ തിരികെ ആവശ്യപ്പെട്ടപ്പോൾ ഇപ്പോൾ ബാങ്കിന് ഫണ്ടില്ല എന്നും ഡെപ്പോസിറ്റുകൾ പുതുക്കി രസീത് നൽകി പറഞ്ഞുവിടുകയായിരുന്നു. എന്നാൽ ഇവരുടെ മാതാവിന്റെ പേരിലുള്ള ഏഴുലക്ഷം രൂപ കാലാവധി കഴിഞ്ഞിട്ടും പുതുക്കി രസീതും നൽകിയിട്ടില്ല പണം നൽകിയിട്ടുമില്ല.
ഇവരെക്കൂടാതെ നിരവധിയാളുകളിൽ നിന്ന് ഇവർ ഇതുപോലെ പലവിധ വാഗ്ദാനങ്ങൾ നൽകി കോടികൾ കൈക്കലാക്കിയിരിക്കുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. നാട്ടുകാരുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് ആർഭാട ജീവിതം നയിക്കുകയും ഉന്നത രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ ഇപ്പോഴും ഫണ്ട് പിരിക്കുകയും ചെയ്യുന്ന ഇവർക്കെതിരെ കൃത്യമായ അന്വേഷണം നടത്തുകയും പണം നഷ്ടപ്പെട്ടവർക്ക് അത് തിരികെ നൽകണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.