- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം സഹയാത്രികർക്ക് നിയമനം നൽകാൻ മത്സരം; സ്വകാര്യ സ്ഥാപനങ്ങളേക്കാൾ കഴുത്തറുക്കുന്ന ഫീസ്; മതിയായ അദ്ധ്യാപകരും ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും ഇല്ല; യുജിസി ചട്ടങ്ങളോട് തെല്ലും ബഹുമാനമില്ലാതെ കേരള യൂണിവേഴ്സിറ്റിയുടെ യുഐടികൾ
തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികൾ പ്രവർത്തിക്കുന്നത് യുജിസി (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ) യുടെ മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് ആക്ഷേപം. ഇതുസംബന്ധിച്ച് യുജിസിയുടെയും ഹൈക്കോടതിയുടെയും നിർദ്ദേശങ്ങളുണ്ടായിട്ടും അതെല്ലാം അവഗണിച്ചാണ് കേരള സർവ്വകലാശാല ഈ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നത്. സർവ്വകലാശാലയ്ക്ക് വരുമാനം കണ്ടെത്തുക, സിപിഎം സഹയാത്രികർക്ക് നിയമനം നൽകുക എന്നിവ മാത്രമായി ചുരുങ്ങിയിരിക്കുകയാണ് യുഐടികളുടെ ഉദ്ദേശ ലക്ഷ്യം.
സ്വകാര്യ സ്ഥാപനങ്ങളെക്കാളും ഉയർന്ന ഫീസ് ഈടാക്കി പ്രവർത്തിക്കുന്ന യുഐടികൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ പോലും ഒരുക്കുന്നില്ലെന്നതാണ് വസ്തുത. സാങ്കേതിക വിദ്യാഭ്യാസത്തിനായി ആരംഭിച്ച ഈ സ്ഥാപനങ്ങളിൽ സാങ്കേതിക കോഴ്സുകളെക്കാൾ സാഹിത്യപഠനങ്ങൾക്ക് പ്രാധാന്യം നൽകുന്ന കോഴ്സുകളാണ് ഇപ്പോൾ തുടങ്ങുന്നത് എന്ന ആക്ഷേപവും ശക്തമാണ്.
ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ നഗരഹൃദയത്തിൽ രണ്ടേക്കർ, മറ്റിടങ്ങളിൽ അഞ്ച് ഏക്കർ ഭൂമി വേണമെന്നാണ് യുജിസി ചട്ടം, എന്നാൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 34 യു.ഐ.ടികളിൽ ഒരിടത്തുപോലും ഈ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഇവ പ്രവർത്തിക്കുന്നത്. നിശ്ചിത വലിപ്പമുള്ള ക്ലാസ് മുറികൾ, കുറഞ്ഞത് ആയിരം പുസത്കങ്ങളെങ്കിലുമുള്ള ലൈബ്രറി, അത്യാധുനിക സൗകര്യങ്ങളുള്ള ലബോറട്ടറികൾ, കളിസ്ഥലം ഇവയൊക്കെ യുജിസി നിർദ്ദേശങ്ങളിലുണ്ടെങ്കിലും ഒരിടത്തുപോലും ആയിരം പുസ്തകങ്ങളുള്ള ലൈബ്രറിയോ സൗകര്യങ്ങളുള്ള ലബോറട്ടറികളോ ഇല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മിക്കതും പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്.
ഇപ്പോൾ പ്രവർത്തിക്കുന്ന 34 യുഐടികളിൽ 14 എണ്ണവും പിണറായി സർക്കാരിന്റെ കാലത്ത് പ്രവർത്തനമാരംഭിച്ചതാണ്. എന്നാൽ ഇവിടങ്ങളിൽ ആവശ്യത്തിന് അദ്ധ്യാപകരോ മറ്റ് സ്റ്റാഫുകളോ ഇല്ല. സ്ഥിരം അദ്ധ്യാപകർക്ക് പകരം മണിക്കൂർ അടിസ്ഥാനമാക്കി വേതനം നിശ്ചയിക്കുന്ന കരാർ അദ്ധ്യാപകരും ജീവനക്കാരുമാണ് ഈ സ്ഥാപനങ്ങളിലുള്ളത്. ഇടത് സംഘടനകളിലുള്ളവർക്ക് നിയമനം നൽകാനുള്ള സ്ഥാപനമായാണ് സർക്കാർ ഇതിനെ കാണുന്നതെന്ന പരാതിയും ഉയരുന്നുണ്ട്.
വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന യുഐടികളിൽ പലതും ഹയർ സെക്കണ്ടറി, പ്രൈമറി സ്‌കൂളുകളോട് ചേർന്നാണ്. പ്രൈമറി സ്‌കൂളുകളിലെ വിദ്യാർത്ഥികളോട് ഇടപഴകുന്ന രീതിയിൽ കോളേജുകൾ പ്രവർത്തിക്കാൻ പാടില്ലെന്ന റൈറ്റ് ടു എജുക്കേഷൻ ആക്ടിന്റെ ലംഘനമാണ് യുഐടികളുടെ സ്‌കൂളുകളോട് ചേർന്നുള്ള പ്രവർത്തനം. കുട്ടികൾക്ക് സ്‌കോളർഷിപ്പ് പോലും കൊടുക്കുന്നില്ല.
ഏതെങ്കിലും യുഐടിയിൽ പഠനത്തിനായി ചേർന്നുകഴിഞ്ഞാൽ വിദ്യാർത്ഥിക്ക് പിന്നീട് മറ്റ് സ്ഥാപനങ്ങളിലേക്ക് മാറിപ്പഠിക്കാനുള്ള സൗകര്യം നിലവിലില്ല. യു.ഐ.ടികളിലെ ചട്ടലംഘനങ്ങളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് കോടതി സർവ്വകലാശാലയോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉയർന്ന ഫീസ് നൽകി പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെ ഇരുട്ടിലാക്കുന്ന ചട്ടലംഘനങ്ങളാണ് യുഐടികളിൽ നടന്നുവരുന്നത്.