തൃശൂർ: അഞ്ചു വർഷത്തിനിടെ, കാർഷിക സർവ്വകലാശാലയിൽ നടന്നത് ഒമ്പതു സ്ത്രീ പീഡനങ്ങൾ. സർവ്വകലാശാലയുടെ ബിരുദ ദാന ചടങ്ങിൽ നിന്ന് ചാൻസലർ കൂടിയായ ഗവർണർ വിട്ടുനിന്നത് വരെയെത്തി കാര്യങ്ങൾ.സ്ത്രീ പീഡകരിൽ ഏഴുപേരും യുജിസി. ശമ്പളം വാങ്ങുന്ന ശാസ്ത്രജ്ഞരെണെങ്കിൽ, ഒരാൾ ഡ്രൈവറും മറ്റേയാൾ സ്ഥിരം തൊഴിലാളിയുമാണ്.ഇതിൽ വിചിത്രമായ കാര്യം സ്ത്രീ പീഡന കേസ്സുകൾ അന്വേഷിച്ച സർവ്വകലാശാലയുടെ തന്നെ ഗാർഹിക അന്വേഷണ സമിതികൾ എട്ടു സ്ത്രീ പീഡകരേയും കുറ്റവിമുക്തരാക്കിയെന്നുള്ളതാണ്. പലർക്കും പാരിതോഷികമായി ഉദ്യോഗക്കയറ്റവും കിട്ടി.ഇതിന് പുറമേ സർവകലാശാല വൈസ് ചാൻസലറും കുറ്റാരോപിതരുടെ പട്ടികയിലെത്തി.

സർവകലാശാലയിലെ വെളിച്ചത്തുവരാത്ത പഴയും പുതിയതുമായ പീഡനങ്ങളും അനവധി.ഈ വിഷയത്തിൽ മറുനാടൻ മലയാളി സമഗ്രമായ അന്വേഷണമാണ് നടത്തിയത്. സർവ്വകലാശാല വൈസ് ചാൻസലർ അടക്കം ഏഴു പീഡന പ്രതികളാണ് ഇപ്പോൾ സർവ്വകലാശാലയുടെ നേരിട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായും കോടതി വിധികളുടെ സഹായത്തോടെയും കുറ്റവിമുക്തരായിരിക്കുന്നത്. ഇവരിൽ ഏഴുപേർ അദ്ധ്യാപകരും ഒരാൾ ഡ്രൈവറുമാണ്. മറ്റൊരാൾ സ്ഥിരം തൊഴിലാളിയുമാണ്. ഡ്രൈവർ അബ്ദുൾ റഹമാൻ. സ്ഥിരം തൊഴിലാളി പ്രശാന്ത്. അദ്ധ്യാപകരായ ഡോ.ഭാസ്‌കരൻ, ഡോ. രാധാകൃഷ്ണൻ, ഡോ. രഞ്ജൻ, ഡോ. അബ്ദുൾ ഹക്കീം , ഡോ. രഞ്ജിത്ത്, ഡോ. ശ്രീനിവാസൻ, വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ എന്നിവരാണ് ആരോപണവിധേയരായി ഏഴു യുജിസി. അദ്ധ്യാപകർ. ഇതുമായി
ബന്ധപ്പെട്ട എല്ലാ ഫയലുകളും പരിശോധിച്ചതിനുശേഷമാണ് മറുനാടൻ മലയാളി
ഈ അന്വേഷണ റിപ്പോർട്ട് പുറത്തുവിടുന്നത്.

ശ്രീകൃഷ്ണ ജയന്തിനാൾ ശോഭായാത്രക്കിടെ വനിതാ പൊലീസിനെ പീഡിപ്പിച്ച സ്ഥിരം തൊഴിലാളി പ്രശാന്തിന്റേയും ബസ്സിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച, ഡോ. ശ്രീനിവാസന്റെയും കേസ്സുകൾ അന്വേഷണത്തിലിരിക്കുന്നു. ഈ രണ്ടു കേസുകളും 2017 ൽ സർവ്വകലാശാല അരങ്ങേറ്റിയ ഏറ്റവും പുതിയ സ്ത്രീ പീഡനങ്ങളാണ്.സർവ്വകലാശാലയുടെ വൈസ് ചാൻസലർ തന്നെ പ്രതിസ്ഥാനത്തുനിന്നതുകൊണ്ടാവാം എല്ലാ പ്രതികളും അത്ഭുതകരമായി രക്ഷപ്പെട്ടതെന്ന് പറയേണ്ടിവരും. അതുകൊണ്ടുതന്നെ ഇപ്പോൾ അന്വേഷണത്തിലിരിക്കുന്നവരും രക്ഷപ്പെടാനാണ് സാധ്യത.

സ്ത്രീപീഡനം എന്നുപറയാതെ അപമര്യാദ എന്നു ഫയലുകളിൽ രേഖപ്പെടുത്തി വിഷയത്തെ ലഘൂകരിച്ചുകൊണ്ടാണ് സർവ്വകലാശാല എല്ലാ പ്രതികളെയും രക്ഷപ്പെടുത്തിയത്. ഗാർഹിക അന്വേഷണ സമിതിയാണ് ഈ കേസുകളൊക്കെ അന്വേഷിച്ച് തീർപ്പ് കൽപ്പിച്ചത്. സർവ്വകലാശാലയുടെ വരുതിയിൽ നിൽക്കാത്ത അന്വേഷണ സമിതികളെയും വനിതാ സെല്ലും, വൈസ് ചാൻസലർ പിരിച്ചുവിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മാത്രമല്ല, ഈ കേസ്സുകളിൽ രണ്ടെണ്ണം ഒഴിച്ചുനിർത്തിയാൽ മറ്റൊന്നും തന്നെ സംസ്ഥാന വനിതാ കമ്മീഷന്റെ പരിഗണനയ്ക്ക് വിട്ടിട്ടില്ല.

2012 ൽ സർവ്വകലാശാലയിലെ തന്നെ ഒരു ജീവനക്കാരിയുടെ ഒമ്പത് വയസുള്ള മകളെ പീഡിപ്പിച്ച സർവ്വകലാശാല ഡ്രൈവറും കുറ്റവിമുക്തരിൽ ഉൾപ്പെടുന്നു.ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഈ കേസിൽ അന്വേഷണം നടത്തുകയും ബാലികയിൽ നിന്ന് മൊഴി എടുത്തതുമാണ്. ശിശു ക്ഷേമ സമിതിയുടെ അന്വേഷണത്തിലും സർവ്വകലാശാലയുടെ ഗാർഹിക അന്വേഷണത്തിലും പ്തിയുടെ കുറ്റം തെളിഞ്ഞതുമാണ്. ഈ കേസാണ് കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.പി.രാജേന്ദ്രൻ സർവ്വകലാശാല എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽ പോലും വയ്ക്കാതെ പ്രതിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ എഴുതിത്ത്ത്ത്ത്ത്ത്ത്തള്ളിയത്.

പ്രതി സസ്‌പെൻഷനിൽ ആണെങ്കിലും പ്രതിയെ വെറുതെ വിട്ട ഉത്തരവിന്റെ പകർപ്പ് പ്രതി ജോലി ചെയ്തിരുന്ന സർവ്വകലാശാല കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ മേധാവി വഴിയാണ് അറിയിച്ചത്. സസ്‌പെൻഷനിൽ കഴിയുന്ന പ്രതിക്ക് എങ്ങനെയാണ് പഴയ ഓഫീസ് മേധാവി വഴി ഉത്തരവ് കൊടുക്കുക എന്നതും പ്രതിയെ ബോധപൂർവ്വം രക്ഷപ്പെടുത്തിയതിന്റെ സർവ്വകലാശാല തന്ത്രമായി നിലനിൽക്കുന്നു. മാത്രമല്ല ഈ ഉത്തരവിന്റെ പകർപ്പ് പീഡനത്തിന്നിരയായ ബാലികയുടെ അമ്മയും സർവ്വകലാശാലയിലെ തന്നെ ജീവനക്കാരിയുമായ പരാതിക്കാരിക്കും കൊടുത്തതായി കാണുന്നില്ല. ഈ കേസിൽ അന്വേഷണം നടത്തിയ ശിശു ക്ഷേമ സമിതിക്കും ഉത്തരവിന്റെ പകർപ്പ് കൊടുത്തിട്ടില്ല. കേസ് അന്വേഷിച്ച കമ്മറ്റിക്കും ഉത്തരവിന്റെ പകർപ്പ് കൊടുത്തുകാണുന്നില്ല.

ഇതിന് പിന്നാലെയാണ് മറ്റു ഏഴു അദ്ധ്യാപകരായ സ്ത്രീ പീഡന പ്രതികളും രക്ഷപ്പെട്ടത്. പ്രതികളെ തൽക്കാലം സസ്‌പെൻഷനിൽ നിർത്തി കോടതിയെ സമീപിക്കാനും ഇരകളെ സ്വാധീനിക്കാനും അവസരങ്ങൾ കൊടുത്താണ് കേസുകളൊക്കെ സർവ്വകലാശാല ഒതുക്കി തീർത്തത്. പിന്നീട് ജോലിയെടുക്കാതിരുന്ന സസ്‌പെൻഷൻ കാലത്തെ മുഴുവൻ ശമ്പളത്തോടെയും ചിലർക്കെങ്കിലും ഉദ്യോഗകയറ്റത്തോടെയുമാണ് പുനർനിയമനം ലഭിച്ചിട്ടുള്ളത്.

സർവകലാശാലയിൽ ഏറ്റവുമൊടുവിൽ കേസിൽ പെട്ട ഡോ. ശ്രീനിവാസൻ ഈയ്യിടെ വീണ്ടും സ്ത്രീപീഡന കേസ് പ്രതിയായ വാർത്ത മറുനാടൻ പുറത്തുവിട്ടിരുന്നു. ബസ്സിൽ യാത്ര ചെയ്യുന്നതിന്നിടെ ജനനേന്ദ്രിയം പുറത്തെടുത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ശരീരത്തിൽ ഉരസിയെന്ന പേരിലാണ് കേസ്.

2000 സെപ്റ്റംബർ മാസത്തിൽ അരങ്ങേറിയ സ്ത്രീപീഡന കേസിൽ ഇപ്പോഴത്തെ വൈസ് ചാൻസലർ ഡോ. പി.രാജേന്ദ്രൻ പ്രതിസ്ഥാനത്തുനിൽക്കുന്ന വാർത്ത ഇതിനിടെ പുറത്തുവന്നിരുന്നെങ്കിലും സ്വാധീനബലം കൊണ്ട് കേസ് ഒതുക്കിത്തീർത്തു.ഇത് സംബന്ധിച്ച് തൃശൂർ കോടതിയിലെ അഭിഭാഷകനായ അഡ്വ. സത്യജിത് വിവരാവകാശ നിയമ പ്രകാരം വിശദീകരണം തേടിയപ്പോൾ ഇതുമായി ബന്ധപ്പെട്ട ഫയൽ നിയമാനുസൃതം നശിപ്പിച്ചുവെന്നാണ് സർവ്വകലാശാല അറിയിച്ചത്. ഇതേതുടർന്ന് പൊതുപ്രവർത്തകനായ ടി. ചന്ദ്രശേഖരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കവേ പരാതിക്കാരൻ മരണപ്പെട്ടുപോയത് ഡോ. രാജേന്ദ്രന് രക്ഷയായി.

വെള്ളായണി കാർഷിക കോളജിലെ ഒരു പി.എച്ച്ഡി വിദ്യാർത്ഥിനിയെ അന്ന് അതെ കോളജിൽ പ്രൊഫസ്സറായിരുന്ന ഡോ. രാജേന്ദ്രൻ പീഡിപ്പിച്ചുവെന്നതായിരുന്നു ആരോപണം. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് അന്നത്തെ വൈസ് ചാൻസലറും, അന്നത്തെ വനിതാ കമ്മീഷൻ അധ്യക്ഷ സുഗതകുമാരി ടീച്ചറും അന്വേഷണത്തിന് ഉത്തരവിട്ടെങ്കലും ഫലമുണ്ടായില്ല.സോയിൽ സയിൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസ്സറായിരുന്ന ഡോ. പി. രാജേന്ദ്രൻ തന്നോട് മോശമായി പെരുമാറിയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് വിദ്യാർത്ഥിനി പരാതിപ്പെട്ടിരുന്നത്. ഡോ. പി.രാജേന്ദ്രൻ വിദ്യാർത്ഥിനിയുടെ ഗവേഷണ പഠനത്തിന്റെ പ്രധാന ഉപദേഷ്ടാവായിരുന്നു.

സോയിൽ സയിൻസ് വിഭാഗം മേധാവി ഡോ. സൂസമ്മ മാത്യുവിനായിരുന്നു അന്വേഷണ ചുമതല. ഡോ. സി.കെ. പിതാംബരനും ഡോ. എൻ. വിമലകുമാരിയും അന്വേഷണ സമിതി അംഗങ്ങളായിരുന്നു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു അന്വേഷണ സമിതിക്ക് നിർദ്ദേശം നൽകിയിരുന്നത്. തൊഴിൽ സ്ഥലങ്ങളിലെ സ്ത്രീപീഡനം അന്വേഷിക്കുമ്പോൾ കണക്കിലെടുക്കേണ്ട സുപ്രീംകോടതി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ കൊടുക്കാൻ അന്നത്തെ അസി. രജിസ്ട്രാർ എസ്. വനജയേയും അസി. കംപ്‌ട്രോളർ വി.കെ. വിജയമ്മയെയും ചുമതലപ്പെടുത്തിയിരുന്നു.എന്നാൽ,ഇതുമായി ബന്ധപ്പെട്ട ഫയലുകളും റിപ്പോർട്ടുകളുമാണ് ഇപ്പോൾ സർവ്വകലാശാല നിയമാനുസൃതം നശിപ്പിച്ചെന്നു പറയുന്നത്. കാർഷിക സർവ്വകലാശാല വൈസ് ചാൻസലറുടെ നിയമനം നടത്തിയ സർക്കാരിനും ചാൻസലറായ ഗവർണർക്കും ഈ ഫയലുകളും റിപ്പോർട്ടുകളും പൊതു ജനത്തിനുമുന്നിൽ വയ്ക്കാൻ ഇപ്പോഴും ധാർമ്മികമായ ബാധ്യതയുണ്ട്.

സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ യുജിസി. മാനദണ്ഡം അനുസരിച്ച് യോഗ്യത നിർണ്ണയിക്കുമ്പോൾ വളരെ പ്രധാനമായി പരിഗണിക്കേണ്ട ഒന്നാണ് വ്യക്തിയുടെ സ്വഭാവ ശുദ്ധി. അക്കാദമിക് യോഗ്യതകൾ രണ്ടാമതാണ് പരിഗണിക്കപ്പെടുന്നത്. ഡോ. പി. രാജേന്ദ്രന് അക്കാദമിക് യോഗ്യതകൾ വേണ്ടത്ര ഇല്ലെന്ന അഭ്യുഹങ്ങളും നിലനിൽക്കുന്നു. എന്തായാലും ഉന്നതതല സമ്മർദം, ഡോ. പി. രാജേന്ദ്രനെ കാർഷിക സർവ്വകലാശാല വൈസ് ചാൻസലറായി നിയമിക്കുന്നതിൽ ഉണ്ടായിരുന്നെന്ന ആരോപണത്തെ ഈ വസ്തുതകൾ ശരിവയ്ക്കുന്നു. അതുകൊണ്ടുമാത്രമാണ് 2009 ൽ ഡോ. പി. രാജേന്ദ്രനെതിരെ ഉയർന്നുവന്ന സ്ത്രീ പീഡനം ബോധപൂർവ്വം സൂക്ഷപരിശോധനാ സമിതി മൂടിവച്ചത്.

കാർഷിക സർവ്വകലാശാലയിലെ ഇരകൾ വിദ്യാർത്ഥിനികൾ, അദ്ധ്യാപികമാർ, സ്ത്രീ ജീവനക്കാർ, താൽക്കാലിക സ്ത്രീ ജീവനക്കാർ എന്നിവരെ കൂടാതെ സർവ്വകലാശാല ക്വാർട്ടേഴ്‌സുകളിൽ താമസിക്കുന്ന സ്ത്രീകൾ എന്നിവരാണ്. വിദ്യാർത്ഥിനികളുടെ ആന്തരിക മൂല്യനിർണയം,ഗവേഷണ പ്രബന്ധത്തിന്റെ അംഗീകാരം തുടങ്ങിയ കടമ്പകളാണ് അവരെ പീഡനത്തിന്ന് ഇരയാക്കുന്നത്. വേട്ടക്കാരൻ രക്ഷപ്പെടുന്നതും അതുവഴി തന്നെ.

സ്ത്രീജീവനക്കാരിൽ ഏറ്റവുമധികം പീഡനങ്ങൾക്ക് വിധേയരാവുന്നവർ താൽക്കാലിക സ്ത്രീ ജീവനക്കാരാണ്. നിലവിലുള്ള സർവ്വകലാശാല നിയമം അനുസരിച്ച് താൽക്കാലിക ജീവനക്കാർ് 59 ദിവസത്തിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ലെന്നാണ്. പുനർനിയമനത്തിന്റെ പേരിലാണ് ഇവരെ ചൂഷണം ചെയ്യുന്നത്. സർവ്വകലാശാലയിൽ പുനർനിയമനം വഴി ഇരുപതും ഇരുപത്തഞ്ചും വർഷമായി ജോലിയിൽ തുടരുന്നവരുണ്ട്. നിസ്സഹായരായ ഇവരുടെ നിസ്സഹായത ചൂഷണം ചെയ്തുകൊണ്ടാണ് ഇവിടെ വേട്ടക്കാർ രക്ഷപ്പെടുന്നത്.

സർവ്വകലാശാലയുടെ ക്വാർട്ടെഴ്‌സുകളിൽ താമസിക്കുന്നവരിൽ പലരും നിയമപ്രകാരമുള്ള താമസക്കാരല്ല. സർവ്വകലാശാലക്ക് പുറത്തുള്ളവരും അവിടെ താമസിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരുപാടുകാലം സർവ്വകലാശാലയുടെ ക്വാർട്ടേഴ്‌സിൽ സൗജന്യമായി താമസിച്ചുവന്ന തപാൽ വകുപ്പിലെ ഒരു ജീവനക്കാരി സർവ്വകലാശാലയുടെ പെൻഷൻ അക്കൗണ്ടിൽ നിന്ന് ലക്ഷക്കണക്കിന്നു രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയത് വാർത്തയായിരുന്നു. സർവ്വകലാശാല ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഈ കേസ് പിന്നീട് ആരുമറിയാതെ ഒതുക്കിത്തീർത്തു. അതുപോലെതന്നെ ഇവിടെ അനധികൃതമായി താമസിച്ചുവന്നിരുന്ന കരാറുകാരനായ ഒരു സെക്യുരിറ്റി ജീവനക്കാരൻ സർവ്വകലാശാലയിലെ ഒരു ജീവനക്കാരിയെ പീഡിപ്പിച്ച ചരിത്രവും സർവ്വകലാശാലക്കുണ്ട്.

സൗജന്യമായി താമസിക്കാനുള്ള സാഹചര്യങ്ങളും പലപ്പോഴും സ്ത്രീ പീഡനങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. ഇവിടെ വേട്ടക്കാർ സർവ്വകലാശാല ഉദ്യോഗസ്ഥരായതുകൊണ്ട് അവർക്ക് രക്ഷപ്പെടാൻ എളുപ്പമുണ്ട്.വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാന വ്യാപനം എന്നീ മേഖലകളിൽ ലക്ഷ്യം വച്ച് പ്രവർത്തിക്കേണ്ട സർവ്വകലാശാല കഴിഞ്ഞ കുറെ കാലങ്ങളായി അതിൽ നിന്നൊക്കെ വ്യതിചലിച്ചാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ആക്ഷേപവും നിലനിൽക്കുന്നു.