ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള മൊബൈൽ ആപ്പും കോൺഗ്രസ്സിന്റെ ആപ്പും ഉപയോഗിക്കുന്നവരുടെ രഹസ്യങ്ങൾ ചോർ്ത്തുന്നു എന്ന ആക്ഷേപം ഉയർന്നതിന് സമാനമായ രീതിയിൽ മലയാളത്തിലെ മുൻനിര പത്രങ്ങളുടെ ആപ്പുകളും ഇത്തരത്തിൽ രഹസ്യം ചോർത്തുന്നതായി ആക്ഷേപം.

മലയാള മനോരമ, മാതൃഭൂമി പത്രങ്ങളുടെ ആപ്‌ളിക്കേഷനുകളും വെബ്‌സൈറ്റും ഇത്തരത്തിൽ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതായും ആസ്‌ട്രേലിയൻ കമ്പനിയായ ഇഫക്ടീവ് മെഷർ എന്ന സ്ഥാപനം ഈ വിവരങ്ങൾ ശേഖരിക്കുന്നതായും ആണ് ആരോപണം. കേംബ്രിഡ്ജ് അനലിറ്റിക്കയെ പോലെ ഇഫക്ടീവ് മെഷേഴ്‌സും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അവർ അറിയാതെ ചോർത്തുന്നു എന്ന് ബിജെപി സൈദ്ധാന്തികനായ ടി ജി മോഹൻദാസിനെ ഉദ്ധരിച്ച് പിഗുരൂസ് ഡോട്‌കോം വെളിപ്പെടുത്തുന്നു.

ഓൺലൈൻ ഓഡിയൻസ് മെഷർമെന്റ് ടൂൾ ആയ ഇഫക്റ്റീവ് മെഷേഴ്‌സിന്റെ ആസ്ഥാനം ആസ്‌ട്രേലിയ ആണ്. ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, മെൽബൺ, സിഡ്‌നി, സിംഗപ്പൂർ എന്നിവടങ്ങളിലും ഇവർക്ക് ഓഫീസ് ഉണ്ട്. മനോരമ ഓൺലൈൻ വെബ്‌സൈറ്റ്, മാതൃഭൂമി ന്യൂസ് വെബ്‌സൈറ്റ് എന്നിങ്ങനെയുള്ള മുൻനിര മാധ്യമങ്ങളുടെ സൈറ്റുകളും ആപ്പുകളും വഴി ഇവർ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നു എന്നാണ് ആക്ഷേപം. സർവേകളിൽ നിന്നും ജാവാ സ്‌ക്രിപ്റ്റ് അടിസ്ഥാനമാക്കിയുള്ള ടാഗുകളിൽ നിന്നുമാണ് വിവര ശേഖരണം നടത്തുന്നതെന്ന് സൈറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

യൂസർമാരുടെ ഓൺലൈനിലെ പെരുമാറ്റങ്ങൾ നിരീക്ഷിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നതും വിലയിരുത്തലുകൾ നടത്തുന്നതും. ഒരു പ്രത്യേക വിഭാഗം വായനക്കാരെ ടാഗുകളിലൂടെ കണ്ടെത്താനും ശ്രമം നടന്നിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. സമൂഹത്തിലെ ജനങ്ങളുടെ വയസ്സ്, വരുമാനം, ആണോ പെണ്ണോ എന്ന വിവരം, ആരോഗ്യപരമായ വിവരങ്ങൾ, യാത്രചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഫാഷൻ, സ്വത്തും വാഹനവും സംബന്ധിച്ച വിവരങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ ഉപയോക്താവ് അറിയാതെ ഇഫക്ടീവ് മെഷേഴ്‌സ് ശേഖരിച്ച് ്അവരുടെ വിവിധ താൽപര്യങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കുന്നതായും ആണ് ആക്ഷേപം.

ആധാർ വിഷയത്തിലും കേംബ്രിഡ്ജ് അനലറ്റിക്ക വിഷയത്തിലും ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നതിനെ ചൊല്ലി വിശദമായ ചർച്ചകൾ നടത്തുന്ന പത്രങ്ങൾ തന്നെ ഇത്തരത്തിൽ വിവര ചോരണത്തിന് കൂട്ടുനിൽക്കുന്നതിലെ അധാർമികതയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ബ്രിട്ടനിലെ കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനി അഞ്ച് കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും അതിലൂടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള രാഷ്ട്രീയക്കാരെ സഹായിച്ചതുമായ വാർത്തയാണ് വിവാദമായത്. ഇതിന് പിന്നാലെയാണ് സമാനമായ വിവര ശേഖരണത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നതും മൊബൈൽ ആപ്പുകൾ വഴി ഇത്തരത്തിൽ വ്യാപകമായി അനധികൃത വിവര ശേഖരണം നടക്കുന്നു എന്ന വിവരം ചർച്ചയാകുന്നതും.

ഇഫക്റ്റീവ് മെഷർ നടത്തുന്ന തട്ടിപ്പ് ഇപ്രകാരം

കേംബ്രിഡ്ജ് അനലിറ്റിക്ക അമേരിക്കയിലെ 5 കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ കവർന്നു എന്ന ആക്ഷേപമാണ് ഇപ്പോൾ ഫേസ്‌ബുക്കിനെ പിടിച്ചുകുലുക്കുന്നത്. എന്നാൽ ഓരോ മാസവും ലോകത്തിലെ 130 കോടിയിൽ പരം ജനങ്ങളുടെ സ്വകാര്യത കവരുന്ന ഒരു വിവരവിശകലന സ്ഥാപനമാണ് എഫക്റ്റീവ് മെഷർ. അവരുടെ ഇടപെടലുകൾക്ക് അവർ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളേയും ഉപകരണമാക്കി എന്നതും ഇതോടെ ചർച്ചയാവുന്നു.

ഓസ്ട്രേലിയയിൽ 2008 ൽ സ്ഥാപിതമായ ഈ സ്ഥാപനം ഓൺലൈൻ പ്രേക്ഷകരിൽ നിന്നും സ്വകാര്യ വിവരങ്ങൾ സമ്പാദിക്കുന്നതിൽ വിദഗ്ധരും ഈ മേഖലയിൽ മുൻപന്തിയിൽ നിൽക്കുന്നവരുമാണ്. ഏകദേശം 130 കോടി ജനങ്ങളുടെ വിവരം ശേഖരിക്കുന്നു എന്നാണ് അവർ തന്നെ അവകാശപ്പെടുന്നത്. അവർ ശേഖരിച്ച വിവരങ്ങൾ പ്രസാധകർ, ഏജൻസികൾ, സ്വകാര്യ നെറ്റ് വർക്കുകൾ, പരസ്യദാതാക്കൾ, ഗവേഷകർ എന്നിവർക്ക് ഈ വിവരങ്ങൾ കൈമാറുന്നതാണ് ഇവരുടെ രീതി. ഇങ്ങനെ സമ്പാദിച്ച പണത്തിന്റെ പങ്ക് അവർ തങ്ങൾക്കു വിവരം നൽകാൻ സഹായിച്ച മാധ്യമങ്ങൾക്കും നൽകുന്നു എന്ന ആരോപണമാണ് ഉയരുന്നത്.

നിങ്ങൾ ആരെയൊക്കെ വിളിച്ചുവെന്നും എത്രനേരം സംസാരിച്ചുവെന്നും ഉള്ള വിവരങ്ങൾ ഉൾപ്പെടെ ഇത്തരം അപ്‌ളിക്കേഷൻ ഉപയോഗിക്കുന്നവരുടെ ഫോണിൽ നിന്ന് ചോർത്തപ്പെടുന്നു എന്ന് മോഹൻദാസ് അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. ഇതിന് ആരിൽ നിന്നും അനുവാദം വാങ്ങുന്നില്ല. മാത്രമല്ല, നിങ്ങളുടെ കോൾ ആ ആപ്‌ളിക്കേഷൻ റെക്കോഡ് ചെയ്ത് വേണ്ടപ്പെട്ടവരിൽ എത്തിക്കുന്നോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മോഹൻദാസ് പറയുന്നു. ഉപയോക്താവിൽ നിന്ന് അനുമതി പോലും തേടാതെയാണ് ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

പിഗുരുസ് ടിജി മോഹൻദാസുമായി നടത്തിയ അഭിമുഖം