- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ തൂലികയിലൂടെ വളർന്ന് സൂപ്പർ താരങ്ങളായവർ പോലും തിരിഞ്ഞുനോക്കിയില്ല; രണ്ടു മാസത്തെ ചികിത്സക്ക് ഇരുപത് ലക്ഷം ചെലവിട്ടതോടെ കുടുംബം ബുദ്ധിമുട്ടിൽ; നൂറോളം സിനിമകൾക്ക് തിരക്കഥ ഒരുക്കിയിട്ടും വീടില്ല; കെപിഎസി ലളിതയെ പോലെ നിർദ്ധനനായി ജോൺപോളിന്റെയും മരണം
കോഴിക്കോട്: അമ്പതും, നൂറും, ഇരുനൂറും കോടി ക്ലബുകളിലൊക്കെ ഉൾപ്പെടാൻ കഴിയുന്ന രീതിയിൽ മലയാള സിനിമ വളർന്നിട്ടും, സാമ്പത്തിക സുരക്ഷിതത്വമുള്ളത് ഏതാനും സൂപ്പർ താരങ്ങൾക്ക് മാത്രമാണോ? നേരത്തെ കെപിഎസി ലളിതയുടെ മരണവും ചികിത്സാവിവാദവും ഈ ചോദ്യം പൊതുസമൂഹത്തിന് മുന്നിലേക്ക് ഉയർന്നിരുന്നു. ഇപ്പോൾ നൂറിലേറെ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ജോൺപോളിന്റെ മരണം ഓർമ്മിപ്പിക്കുന്നത് ഈ ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. അവസാന കാലത്ത് ചികിത്സിക്കാൻ പണമില്ലാതെ കഷ്ടതയിലായിരുന്നു, മലയാളം കണ്ട എക്കാലത്തെയും പ്രഗൽഭനായ, നിരവധി ഹിറ്റുകൾക്ക് തൂലിക ചലപ്പിച്ച 71 കാരനായ അതുല്യ കലാകാരൻ.
തിരക്കഥയെഴുത്തിൽ സെഞ്ച്വറി തികച്ചിട്ടും സ്വന്തമായി ഒരു വീട് അദ്ദേഹത്തിനുണ്ടായില്ല. സാമ്പത്തിക ലാഭത്തിന് വേണ്ടി സിനിമാപ്രവർത്തനം നടത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അവസാനനാളുകളിൽ ജോൺ പോളിന്റെ ചികിത്സക്കായി സുഹൃത്തുക്കളും സഹപ്രവർത്തകരും അഭ്യുദയകാംക്ഷികളുടെ ദയ തേടേണ്ടി വന്നതും ഏറെ വിഷമിപ്പിക്കുന്നു. 40 വർഷക്കാലം നീണ്ട ചലച്ചിത്ര ജീവിതത്തിനൊടുവിൽ ജോൺപോൾ കിടപ്പിലാകുമ്പോൾ, അദ്ദേഹത്തിനുവേണ്ടി സിനിമാരംഗത്ത് നിന്ന് സഹായഹസ്തം ആദ്യം നീണ്ടിരുന്നില്ല. എം.കെ. സാനുമാഷിന്റെ നേതൃത്വത്തിലുള്ള സിനിമാ ഇതര സാംസ്‌കാരിക പ്രവർത്തകരുടെ ഒരു കൂട്ടമാണ് ഇതിനായി ആദ്യം രംഗത്ത് എത്തിയത്. രണ്ടു മാസത്തെ ചികിത്സക്ക് ഇരുപത് ലക്ഷം ചെലവിട്ടതോടെ കുടുംബം ബുദ്ധിമുട്ടിലായിരുന്നു.
പക്ഷേ ജോൺപോളിന്റെ ജീവിതം സിനിമയായിരുന്നു. അതുകൊണ്ടുതന്നെ സിനിമാ സംഘടനകളുടെയും സിനിമാ പ്രവർത്തകരുടെയും മുൻകെയിലായിരുന്നു അദ്ദേഹത്തിന് സഹായം എത്തിക്കേണ്ടിയിരുന്നതെന്നും, ഇത് വലിയ നന്ദികേടായിപ്പോയെന്നും അന്നുതന്നെ ജോൺപോളിന്റെ സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടിരുന്നു. ഇതുപോലെ ഒരാൾ കിടപ്പിലാകുമ്പോൾ അദ്ദേഹം എഴുതിയ സിനിമകളിൽ അഭിനയിച്ചവർക്കും ആ സിനിമകൾ സംവിധാനം ചെയ്തവർക്കും കെട്ടിപ്പടുത്ത സംഘടനക്കും ആ സിനിമകളുടെ ലക്ഷങ്ങളുടെ നികുതി വരുമാനമുണ്ടാക്കിയ സർക്കാറിനും മുൻകൈ എടുക്കാൻ ഒരു ഉത്തരവാദിത്വമില്ലേ എന്ന ചോദ്യമാണ് അന്ന് ഉയർന്നുകേട്ടത്. ഇത് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായതോടെയാണ് ചലച്ചിത്രലോകത്തെ ചിലർ സഹായവുമായി രംഗത്ത് എത്തിയത്. ജോൺപോളിന്റെ സിനിമകളിലൂടെ വളർന്ന് കാലക്രമത്തിൽ 100 കോടി ക്ലബ്ബിൽ അംഗങ്ങളായ നായകന്മാർ വിചാരിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു സഹായത്തിന്റെ ആവശ്യം തന്നെ ഉണ്ടാവുമായിരുന്നില്ല.
ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് കാനറാ ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോൺപോൾ ജോലി ചെയ്തിരുന്നു. സിനിമയിൽ തിരക്കായപ്പോൾ അദ്ദേഹം ബാങ്കിലെ സുരക്ഷിതമായ ജോലി രാജിവെക്കുകയായിരുന്നു. അന്ന് ബാങ്കിലെ ആ ജോലി നിലനിർത്തിയിരുന്നെങ്കിൽ അദ്ദേഹത്തിന് ഈ ഗതികേട് ഉണ്ടാവുമായിരുന്നില്ല എന്നാണ് സുഹൃത്തുക്കൾ കടുംബം പറയുന്നത്.
മാക്ട ഫെഡറേഷന്റെ സ്ഥാപകൻ കൂടിയിരുന്നു അദ്ദേഹം. ജോൺപോളിന്റെ സിനിമയിലെ സുഹൃത്തുക്കളും ശിഷ്യന്മാരും, അദ്ദേഹത്തിന്റെ സാമ്പത്തിക സുരക്ഷക്കായി ഒരു സിനിമ നിർമ്മിക്കുമെന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്നു. മുമ്പ് കെ ജി ജോർജിനായി അങ്ങനെ ഒരു സംരംഭം യാഥാർഥ്യമായിരുന്നു. എന്നാൽ ജോൺപോളിന്റെ ചിത്രങ്ങളിലൂടെ വളർന്ന താരങ്ങൾപോലും ഡേറ്റ് കൊടുത്തില്ലെന്നാണ് പറഞ്ഞു കേൾക്കുന്നത്. എന്നാൽ ഇക്കാര്യത്തിലൊന്നും പരസ്യമായി പ്രതികരിക്കരുതെന്നും, വിവാദങ്ങൾക്ക് ഇല്ലെന്നുമാണ് ജോൺപോളിന്റെ ബന്ധുക്കളുടെ പ്രതികരണം.
പക്ഷേ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നേരത്തെ കെപിഎസി ലളിത മരിച്ചപ്പോഴുള്ള ചികിത്സാസഹായ വിവാദം ആരും മറന്നിട്ടുണ്ടാവില്ല. ഇത്രയും ചിത്രങ്ങളിൽ അഭിനയിച്ചിട്ടും ലളിതചേച്ചിക്ക് എന്തിനാണ് സർക്കാറിന്റെ സഹായം എന്നാണ് പലരും ചോദിച്ചത്. അതുപോലെ തന്നെ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി, തിരക്കഥാകൃത്ത് ടിഎ റസാഖ് എന്നിവർ മരിച്ചപ്പോഴും ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് പക്ഷേ ചലച്ചിത്രമേഖലയിൽ നിന്നുള്ളവർ തന്നെയാണ് ആ ബാധ്യതകൾ വീട്ടിയത്. ഏതാനും ചില താരങ്ങൾക്കുമാത്രം ഗുണം കിട്ടുന്ന ഒരു മേഖലയയായി മലയാളത്തിലെ ചലച്ചിത്രലോകം മാറുന്നുണ്ടോ എന്നാണ് പൊതുവെ ഉയരുന്ന വിമർശനം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ