തിരുവനന്തപുരം: അഴിമതിക്കാരനായ ഉദ്യോഗസ്ഥന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അഗ്നിശമന സേവാ മെഡൽ നൽകുന്നതായി ആക്ഷേപം. എറണാകുളം ജില്ലാ ഫയർ ഓഫീസറായ ഹരികുമാർ.കെയ്ക്ക് എതിരെയാണ് ആക്ഷേപം. അനധികൃതമായി കെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് അനുവദിച്ചതടക്കം ക്രമക്കേടുകൾ നടത്തിയതായി ആരോപണമുണ്ട്. ഇദ്ദേഹം വിജിലൻസ് അന്വേഷണം നേരിടുന്നതായും റിപ്പോർട്ടുണ്ട്.

കെട്ടിടങ്ങൾക്ക് അഗ്‌നിസുരക്ഷാ സർട്ടിഫിക്കറ്റ് അനുവദിച്ചത് സംബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ ജില്ലാ ഫയർ ഓഫീസുകളിലെയും കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കെടുക്കുകയാണ്. 20നകം മുഴുവൻ നിരാക്ഷേപ പത്ര ഫയലുകളും പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് അഗ്‌നിരക്ഷാ വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗത്തിന് വകുപ്പ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം മറുനാടനിൽ, നൽകിയ വാർത്തയുടെ പേരിൽ പത്തനംതിട്ട ജില്ലാ ഫയർഫോഴ്‌സ് മേധാവിയായിരിക്കെ ഹരികുമാർ കെ, ക്വട്ടേഷൻ നൽകിയതും വിവാദമായിരുന്നു. മറുനാടൻ, ഹരികുമാറിനെതിരെ നൽകിയ വാർത്ത മനോജ് ഗാലക്‌സി എന്നയാൾ നൽകിയതാണ് എന്ന് തെറ്റിദ്ധരിച്ചാണ് അയാളെ തീർത്തുകളയുമെന്ന ഭീഷണി ഫോൺ സംഭാഷണത്തിൽ മുഴക്കിയത്. ഇതിന്റെ ഓഡിയോ ടേപ്പ് മറുനാടൻ പുറത്തുവിട്ടിരുന്നു.

കൊല്ലം അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസിന്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്‌തെന്ന പരാതിയിൽ സിവിൽ ഡിഫൻസ് ഓഫീസറെ പുറത്താക്കിയിരുന്നു. ഇക്കാര്യം മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. മറുനാടൻ വാർത്ത ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വകുപ്പ് മേധാവി ആർ ശ്രീലേഖ തന്നെ നേരിട്ട് ഇടപെട്ട് വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി എടുത്തിരുന്നു. ഈ കേസിലെ പ്രധാനിയായിരുന്നു അന്ന് കൊല്ലത്ത് ജോലി ചെയ്തിരുന്ന ഹരികുമാർ. ഈ വാർത്തയുടെ പേരിലാണ് ഹരികുമാർ മറുനാടന് എതിരെ ക്വട്ടേഷൻ നൽകിയത്.

കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ ഡിഎഫ്ഒ അടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ജില്ലാ സിവിൽ ഡിഫൻസ് ഓഫീസർ നിഷാന്തിനെ പുറത്താക്കി. നേരത്തെ കോവിഡ് മാനദണ്ഡം ലംഘനത്തിന്റെ പേരിൽ കൊല്ലം ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാറിനെ പത്തനംതിട്ടയിലേക്കും, സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ ഇ ഡൊമനിക്കിനെ അടൂരിലേക്കും,ഫയർ ആൻഡ് റസ്‌ക്യു ഓഫിസർ ഡിഎസ് വിവേകിനെ പത്തനംതിട്ടയിലേക്കുമാണ് സ്ഥലം മാറ്റിയിയത്.

മറുനാടനെതിരെ വലിയ ഗൂഢാലോചനയാണ് ഹരികുമാർ നടത്തിയത്. യുവതിയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായിരുന്നു. കൊല്ലം ജില്ലാ ഫയർഫോഴ്സ് ഓഫീസർ ആയിരുന്ന ഹരികുമാറിനെ പണീഷ്മെന്റ് എന്ന നിലയിലാണ് പത്തനംതിട്ടയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങൾ പലരിൽ നിന്നും ഉണ്ടായിരുന്നു. സർക്കാരിന്റെയോ ഫയർ ആൻഡ് റെസ്‌ക്യു മേധാവിയുടെയോ അനുവാദമില്ലാതെ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് സർക്കാർ മുദ്രയുള്ള ഐഡന്റിറ്റി കാർഡ് നൽകിയതും വിവാദമായി. ഈ കാർഡുകൾ പിന്നീട് തിരിച്ചെടുത്തിരുന്നു.

മറുനാടനിലെ വാർത്തയ്ക്ക് പിന്നിൽ മനോജ് ഗാലക്സി എന്ന റിപ്പോർട്ടർ ആണെന്നാണ് ഹരികുമാർ ആരോപിച്ചത്. അയാൾക്കിട്ട് പണി കൊടുക്കണമെന്നാണ് ആവശ്യം. മനോജിന്റെ ദൗർബല്യങ്ങൾ മനസ്സിലാക്കി പണി കൊടുക്കാനാണ് കൃപ ജോൺ അഥവാ ജോൺസി മരിയ ജോൺ എന്ന യുവതിക്ക് നിർദ്ദേശം നൽകിയത്. തനിക്ക് ഇനിയും 15 വർഷം സർവീസ് ഉണ്ടെന്നും ഇനിയും അതൊന്നും കാര്യമാക്കുന്നില്ലെന്നും ഏറിയാൽ ഒരു സസ്പെൻഷൻ കിട്ടുമെന്നും ഫോൺ സംഭാഷണത്തിൽ പറഞ്ഞിരുന്നു. തന്നെ സ്ഥലം മാറ്റിയ അന്നത്തെ ഫയർ ഫോഴ്‌സ മേധാവി ശ്രീലേഖയെ കുറിച്ചും വളരെ മോശമായി സംസാരിക്കുന്നുണ്ട്. 2020-21ൽ ബാഡ്ജ് ഓഫ് ഹോണർ ഇയാൾക്ക് ലഭിച്ചിരുന്നു എന്നതാണ് അശ്ചര്യജനകം. മനോജ് ഗാലക്സി എന്ന ഒരു റിപ്പോർട്ടർ മറുനാടനില്ലെന്നതാണ് വസ്തുത.

കൊല്ലത്ത് ജില്ലാ ഫയർ ഓഫീസറുടെ ഒത്താശയോടെ സമാന്തര സർക്കാർ സംവിധാനം എന്ന രീതിയിൽ നിഷാന്ത് സവിൽ ഡിഫൻസിനായി ഓഫീസ് വരെ നടത്തിയിരുന്നു. ഇതിന്റെ മറവിലാണ് സിവിൽഡിഫൻസിലേക്ക് വരുന്ന സ്ത്രീകളെ വ്യാജ വാഗ്ദാനങ്ങൾ നൽകി നീശാന്ത് ചൂഷണം ചെയ്തത്. സിവിൽ ഡിഫൻസിലേക്ക് എത്തുന്നവർക്ക് ഫയർഫോഴ്‌സിൽ സ്ഥിരനിയമനം ഉൾപ്പടെയുള്ള വ്യാജവാഗ്ദാനങ്ങളാണ് ഇയാൾ നൽകിയത്. ഈ വാഗ്ദാനങ്ങളിലുടെയാണ് മാനസികമായി പല ഉദ്യോഗാർത്ഥികളെയും ഇയാൾ ചൂഷണം ചെയതത്.

പീഡനം അടക്കമുള്ള പരാതികൾ ഉണ്ടായ സാഹചര്യത്തിലാണ് നടപടികൾ അന്നുണ്ടായത്. പ്രശ്‌നം ചൂണ്ടിക്കാട്ടി നിഷാന്തിന്റെ മേൽഉദ്യോഗസ്ഥനായ ജില്ലാഫയർ ഓഫീസർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഇതിനുപുറമെ പലവിധത്തിലുള്ള ഭയം കാരണം പലരും ഇയാൾക്കെതിരെ പരാതി നൽകാൻ തയ്യാറായില്ല, എന്നാൽ മറുനാടൻ വാർത്ത പുറത്ത് വിട്ടതോടെ ഇയാൾക്കെതിരെ പരാതിയുമായി സ്ത്രീകൾ രംഗത്തെത്തിയിരുന്നു. തുടർന്ന് വകുപ്പ് മേധാവി നേരിട്ടുനടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെടുകയും കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയുമായിരുന്നു.

കൊല്ലത്ത് ജില്ലാതല പരിശീലനത്തിന്റെ സമാപന ദിവസമാണ് കോവിഡ് മാനദണ്ഡം ലംഘിച്ച് അംഗങ്ങൾക്കായി പരിപാടികൾ സംഘടിപ്പിച്ചത്. ഡാൻസും പാട്ടും ഒക്കെയായി കോവിഡ് മാനദണ്ഡത്തിന്റെ പരിപൂർണ്ണലംഘനമായിരുന്നു നടന്നത്. തിരുവനന്തപുരം ഫയർ ഓഫീസർ അന്വേഷണം നടത്തി പരാതി ശരിയാണെന്നും കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇത്തരം വീഴ്‌ച്ചകൾ നിയന്ത്രിക്കാൻ ചുമതലയുള്ള ജില്ലാ ഓഫീസർ തന്നെ ഗുരുതരവീഴ്‌ച്ചയ്ക്ക് കൂട്ടുനിന്നതായും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

മറുനാടനെതിരെ ക്വട്ടേഷൻ നൽകാൻ യുവതിയുമായി ഹരികുമാർ നത്തിയ സംഭാഷണം ഇങ്ങനെ

ഓഫീസർ: ഹലോ... എവിടെയാടി കൊച്ചേ നീ..
(യുവതി): ഞാൻ എറണാകുളത്ത്.. ഇപ്പൊ ഇവിടെയാ..
ഓഫീസർ: അവിടെ സ്റ്റേ ആണോ
യുവതി: അതെ... ഞാനും കൊച്ചുങ്ങളും ഇവിടെ റുമുണ്ട്
ഓഫീസർ: നീ മൂവാറ്റുപുഴയല്ലെ.. ആരാ ഈ ഗ്യാലക്‌സി മനോജ്
യുവതി: അറിയില്ലലോ... ഗ്യാലക്‌സി മനോജോ... എനിക്കറിയില്ല... സിവിൽ ഡിഫൻസാണോ...
ഓഫീസർ: നമ്മുടെ ഹരിസാറിന് പണികൊടുത്ത ടീമാ .. അവൻ ഏതാന്നറിയാമോ നിനക്ക്..
യുവതി: ഇല്ല.... അറിയില്ല... എന്ത് പണിയാ കൊടുത്തെ മുവാറ്റുപുഴക്കാരൻ എങ്ങിനെയാ പത്തനംതിട്ടക്കാരന് പണികൊടുക്കുന്നെ
ഓഫീസർ: അതുകൊല്ലത്തിരുന്നപ്പോ കൊടുത്ത പണിയാ .. അവനെ ഒന്ന് തപ്പിപ്പിടിക്കാൻ പറ്റുമോ
യുവതി: അയ്യോ എനിക്കറിയില്ലലോ... ഞാൻ അവിടെ ആരോടെലും ചോദിച്ച് നോക്കാം
ഓഫീസർ: തപ്പിപ്പിടിച്ചെടുക്കണം... നമ്മുടെ ഒരു ഗ്ലാമറിന്റെ പ്രശ്‌ന.. പറ്റുവോ ഇല്ലയോ..
യുവതി: അയോ അത്.... ഞാനവിടെയുള്ളവവരോട് ഒന്ന് ചോദിച്ച് നോക്കട്ടെ....

ഓഫീസർ: ചോദിക്കാം എന്നല്ല.... അല്ലെങ്കിൽ ഞാനിപ്പോ ഡിഎഫ്ഒയുടെ കയ്യിൽ കൊടുക്കാം.. നീ ഇത് വേറെ ആരോടും പറയരുത്.. നിന്റെ ചങ്കിനോട് പോലും.. നമ്മുടെ സകല കോൺടാക്ടും വച്ച് അവനെ തപ്പിപ്പിടിക്കണം.. നീ അന്വേഷിച്ച് ഈ ഗ്യാലക്‌സി മനോജ് ആരാണെന്ന് തപ്പിപ്പിടിച്ച് എനിക്ക് എടുത്ത് തരണം

ഡിഎഫ്ഒയ്ക്ക് ഫോൺ കൈമാറുന്നു

ഡിഎഫ്ഒ: ഹലോ

യുവതി: ഹലോ സർ ഗുഡ് ഇവിനിങ്ങ്..

ഡിഎഫ്ഒ; ഗുഡ് ഈവിനിങ്ങ്.. അതേ ഞാൻ കൊല്ലത്തെ ഡിഎഫ്ഒ ആയിരുന്നു. അവിടെ മറുനാടൻ മലയാളി വീഡിയോ വിഷയം ഉണ്ടായിരുന്നു. ( ഇടയ്ക്ക് ഇടപെട്ട് എനിക്കറിയാമെന്ന് യുവതിയുടെ മറുപടി) ഞാൻ നമ്മുടെ നിശാന്ത് എന്ന് പറഞ്ഞയാളെ സപ്പോർട്ട് ചെയ്തു എന്നൊക്കെ പറഞ്ഞിട്ട് ഇവര് ശ്രീലേഖ മാഡത്തിന്റെ ------- വിധേയത്വവുമായിരുന്നു. അങ്ങിനെ ക്വട്ടേഷൻ കൊടുത്ത് എന്നെ അവിടുന്ന് മറ്റാനുള്ള ശ്രമം നടത്തി പത്തനംതിട്ടയിലോട്ട് മാറ്റുകയായിരുന്നു. അപ്പോ ഈ മനോജ് ഗ്യാലക്‌സി എന്നൊരുത്തനായിരുന്നു മറുനാടൻ മലയാളിയുടെ റിപ്പോർട്ടറായി പ്രവർത്തിച്ചത്. അവനാണ് നിശാന്തിന്റെ എതിരാളി,

അപ്പൊ കൊല്ലത്തുള്ളൊരു .......... ഒരു ഫ്രോഡുണ്ട്. അവൾ പക്ക ...... സ്ത്രീയാണ്. അവളാണ് ഈ മനോജ് ഗ്യാലക്‌സിയുമായുള്ള അവിഹിത ബന്ധത്തിൽ ക്വട്ടേഷൻ കൊടുത്തിട്ടാണ് ഈ പണി നടത്തിയത്. നിശാന്തനെയും എന്നെയും പണിഞ്ഞത്. നിശാന്തിനെ റിമൂവ് ചെയ്യുകയും എന്നെ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തത്. പിന്നെ ഇവർ തമ്മിൽ സംസാരിച്ച ഫോൺ ഓഡിയോ ക്ലീപ്പ് ഉൾപ്പടെയുള്ള ക്ലീപ്പ് എന്റെ കൈയിലുണ്ട്. ഞാൻ കോടതിയിലൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷെ നോട്ടിഫിക്കേഷൻ വരുന്നതുകൊണ്ട് ഞാൻ കരുതി പത്തനംതിട്ടയിൽ തന്നെ അങ്ങ് ജീവിച്ച് പോകാം എന്ന്. പിന്നെ മനോജ് എന്ന് പറയുന്നവൻ ഒരു ഫ്രോഡാണ്. അവൻ വളരെ മോശമായിട്ടാണ് ഓഫീസർമാരെയൊക്കെ ട്രീറ്റ് ചെയ്യുന്നത്. അവനെ അറിയാമോ മനോജ് ഗ്യാലക്‌സിയെ.

യുവതി: ഞാൻ കേട്ടിട്ടില്ലലോ സാറെ...
ഡിഎഫ്ഒ: അ... ഫേസ്‌ബുക്കിൽ അടിച്ചാൽ കാണാൻ പറ്റും... മനോജ് ഗ്യാലക്‌സി എന്ന അവന്റെ പേര്. മൂവാറ്റ്പുഴയാണ് അവന്റെ താമസം എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്.

യുവതി: മൂവാറ്റ്പുഴയാണേൽ നമുക്ക് നോക്കാം സാറെ... ഏത് ലൊക്കേഷനാണെന്ന് നോക്കാം

ഡിഎഫ്ഒ: ആം... ഒരിക്കൽ അവനോട് സംസാരിച്ചപ്പോ പറയുവ... ഡിഎഫ്ഒ ഹരിസാർ നിന്നെ ഒന്ന് കോണ്ടാക്ട് ചെയ്യട്ടെ എന്നു ചോദിച്ചപ്പോ അവൻ പറയുവാ.... വേണ്ടടെ... വേണ്ട ആ പേടി അങ്ങ് മാറുമെന്ന്.... എനിക്കെന്ത് പേടി അവനെ... എനിക്കൊരു പുല്ലുമില്ല... കാരണം എനിക്ക് ഒന്നും പോകാനില്ല... ഏറിയാൽ ഇനി സസ്‌പെൻഷൻ. അത് ആറുമാസം കഴിഞ്ഞ ജോലിയിൽ കയറാം... പക്ഷെ ഭാര്യയും പെൺമക്കളുമൊക്കെ ഉള്ളതുകൊണ്ട്... രണ്ട് പെൺമക്കള... അവരെയൊക്കെയോർത്താ ഞാൻ പിന്നെ ഒന്നിനും പോകാത്തെ... പക്ഷെ അവൻ വിചാരിക്കുന്നത് നമ്മളൊക്കെ ഉണ്ണാക്കന്മാരാന്നാ...മനസിലായില്ലെ... അവന് ഈ അവളുമായിട്ടുള്ള അവിഹിതബന്ധം വച്ചാ ഇതൊക്കെ കളിക്കുന്നെ ...അവളൊരു ഫ്രാഡ് ഒരുത്തി കൊല്ലത്തുള്ളത്... അവളെക്കൂട്ടിയാണ് അവനീ പന്ന പരിപാടികളൊക്കെ കാണിക്കുന്നെ...

യുവതി; ഓഹോ അത് ശരി....

ഡിഎഫ്ഒ: അങ്ങിനെ ഒരു ഫ്രോഡാണ് അവൻ.. നാട്ടിലെ പെണ്ണുങ്ങളുമായ് കോൺടാക്ട് ചെയ്യുവ.. ഫേസ്‌ബുക്ക് വഴി... എന്നിട്ടവൻ നല്ല പിള്ള ചമയുക..മറുനാടനെ കൊണ്ട് ഉണ്ടാക്കുക ഇതൊക്കെയ അവന്റെ പരിപാടി.വേണ്ട.. വേണ്ടന്നു വച്ച നടക്കത്തില... അങ്ങിനെ ഞാൻ ഇറങ്ങിത്തിരിക്കുവാ. പത്ത് പതിനഞ്ച് വർഷം സർവ്വീസ്സുള്ളത്... എന്നാലും വേണ്ടില്ല.. ഇനി വരുന്നിടത്ത് വച്ച് കാണാം... ഇവനീ പെട്ടിമുടി ദുരന്തമൊക്കെയായിട്ട് ഇടപെട്ടിട്ടുണ്ടായിരുന്നു

യുവതി: ഓ.... ആ മനോജാണോ.... പക്ഷെ ആ മനോജ് നമ്മുടെ മൂന്നാർ ഭാഗത്തല്ലെ തൊടുപുഴക്കാരൻ.. ഞാൻ കേട്ടിട്ടുണ്ട്. ഇടുക്കിക്കാരനാണ്. തൊടുപുഴയിലെങ്ങാണ്ടാണ് ആൾടെ വീട്.

ഡിഎഫ്ഒ: അ... അതെ അതെ...

യുവതി: മൂവാറ്റുപുഴയല്ല...കാരണം അന്ന് അവിടെ അഡ്വ മനോജ് എന്നൊരാളും ഈ പുള്ളിയും ഉണ്ടായിരുന്നു.കാരണം ഞാനും പോയിട്ടുണ്ടായിരുന്നു മൂന്നാർ റസ്‌ക്യുവിൽ.അന്ന് ഞാൻ ഈ പേര് കേട്ടിട്ടുണ്ട് പക്ഷെ കണ്ടിട്ടില്ല. എനി ഞാൻ കണ്ടുപിടിച്ച് തരാം സറെ... സാറിന് ലൊക്കേഷൻ അറിഞ്ഞ പോരെ..എവിടെയാന്ന്

ഡിഎഫ്ഒ: ഉം.. അവന്റെ ലൊക്കേഷൻ... അവന്റെ ദൗർബല്യങ്ങൾ.... ഉം... അവനിട്ടൊരു പണി കൊടുക്കണം...അവനിതൊക്കെ വച്ച് വല്യ ആളായിട്ടെ.. സർക്കാറിനൊക്കെ മുകളിലാ അവൻ എന്ന കരുതുന്നെ... ഞാനെ എന്റെ ഫേസ്‌ബുക്ക് വാട്‌സ് ആപ്പിൽ അയച്ചുതരാം..

യുവതി: കുഴപ്പമില്ല സർ.. ഇന്നലെ എന്റെ എഫ് ബിയിൽ ഫ്രണ്ട് സജഷൻ വന്നപ്പോ ഞാൻ സർ ന് റിക്വസ്റ്റ് അയച്ചിട്ടുണ്ട്.