- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുപ്പക്കാരായ അലനും, താഹയും മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായിരിക്കാം; മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ യുഎപിഎ ചുമത്താനാകില്ല; സുപ്രീംകോടതി വിധി എൻഐഎക്ക് മാത്രമല്ല സംസ്ഥാന സർക്കാരിനും തിരിച്ചടി
ന്യൂഡൽഹി: പന്തീരാങ്കാവ് കേസിൽ, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലൻ ശുഹൈബിനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എൻഐഎ കോടതി വിധി സുപ്രീംകോടതിയും ശരിവെച്ചപ്പോൾ എൻഐഎക്കും, സംസ്ഥാന സർക്കാരിനും അത് വലിയ തിരിച്ചടിയായി. വിധിയുടെ വിശദാംശങ്ങൾ പുറത്തുവന്നപ്പോൾ, അലൻ ശുഹൈബിനും താഹ ഫസലിനുമെതിരേ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് സുപ്രീംകോടതി സംശയലേശമെന്യേ വ്യക്തമാക്കിയിട്ടുണ്ട്
മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ യുഎപിഎ ചുമത്താനാകില്ല. മാവോയിസ്റ്റ് സംഘടനകളുടെ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ മാത്രമേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽകുകയുള്ളുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. താഹ ഫസലിന് ജാമ്യം അനുവദിച്ചു പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം. അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യവും സുപ്രീം കോടതി തള്ളി.
ചെറുപ്പക്കാരായ അലനും, താഹയും മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായിരിക്കാം. അതിനാൽ അവരുടെ പക്കൽ മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും, ലഘുലേഖകളും കണ്ടേക്കാം. അലനും താഹയും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടനയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. എന്നാൽ ഇത് മാവോയിസ്റ്റ് സംഘടനയുടെ പ്രവർത്തനം ആണെന്ന് വിലയിരുത്താൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ശ്രീനിവാസ് ഓക് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2020 സെപ്റ്റംബറിൽ കൊച്ചിയിലെ എൻഐഎ കോടതി അനുവദിച്ച അതേ വ്യവസ്ഥകളിലാണ് താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയായ അലൻ ശുഹൈബിന് വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരി വച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ഈ നിരീക്ഷണങ്ങൾ ജാമ്യഹർജിയിൽ മാത്രം ഒതുങ്ങുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ വിചാരണ നടപടികളെ നിരീക്ഷണങ്ങൾ സ്വാധീനിക്കരുതെന്നും വിധിയിൽ പറയുന്നു. ഇപ്പോൾ ജയലിലുള്ള ത്വാഹയെ പ്രത്യേക കോടതിയിൽ ഹാജരാക്കി ജാമ്യ നടപടികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2019 നവംബർ മാസത്തിലായിരുന്നു അലനെയും ത്വാഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ യുഎപിഎയും ചുമത്തി. പിന്നീട് കേസ് എൻഐഎ ഏറ്റെടുത്തു. എന്നാൽ പ്രാഥമിക തെളിവ് പോലും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എൻഐഎ കോടതി ഇരുവർക്കും ജാമ്യം നൽകി. ഇതിൽ ത്വാഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയെങ്കിലും അലനെ ജാമ്യത്തിൽ തുടരാൻ അനുവദിച്ചു. സുപ്രീംകോടതി വിധിയോടെ അലനൊപ്പം ത്വാഹയും ജയിൽ മോചിതനാവുകയാണ്.
അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.ഐ.എയായിരുന്നു ഹരജി നൽകിയത്. കേസിൽ ഇരുവർക്കും ജാമ്യം അനുവദിച്ചതിനെതിരെ എൻഐഎ നൽകിയ അപ്പീലിലാണ് ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കിയത്. താഹ ഫൈസലിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകൾ യുഎപിഎ നിലനിൽക്കുന്നതിന് തെളിവാണ് എന്ന എൻഐഎയുടെ വാദം അംഗീകരിച്ചായിരുന്നു വിധി.
പ്രായം, മാനസിക നില, ചികിത്സ തുടരുന്നത്, വിദ്യാർത്ഥിയാണ് എന്നത് ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ച് അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കേണ്ടതില്ല എന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അലന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകൾ യുഎപിഎ ചുമത്താൻ പര്യാപ്തമല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
മറുനാടന് മലയാളി ബ്യൂറോ