ശരണർക്കു തുണയായി നമ്മുടെ നാട്ടിൽ ആരാണുണ്ടാകുക. ചോദിക്കാനും പറയാനും ആരുമില്ലാത്തവർക്ക് ഒരു നീതിയും ധനാഢ്യർക്കും അധികാര കേന്ദ്രത്തിൽ പിടിയുള്ളവർക്കു മറ്റൊരു നീതിയും എന്ന രീതി എന്നാണ് നമ്മുടെ നാട്ടിൽ അവസാനിക്കുക. കിടപ്പാടം നഷ്ടമായ എൺപതുകാരിയായ പാവം സ്ത്രീയുടെ കഥ ഇനിയെങ്കിലും അധികാരികളുടെ കണ്ണുതുറപ്പിക്കുമോ.

കായൽ കൈയേറി നിർമ്മിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എൺപതുകാരിയായ അല്ലിയമ്മയുടെ വീട് കൊച്ചി നഗരസഭാധികൃതർ പൊളിച്ചുനീക്കിയത്. സമീപത്തുതന്നെ അനധികൃതമായി നിരവധി ഫ്‌ളാറ്റുകളും ഹോട്ടലുകളും ഉയരുന്നത് കണ്ടില്ലെന്നു നടിച്ചാണ് അല്ലിയമ്മയുടെ വീട് അധികൃതർ പൊളിച്ചുമാറ്റിയത്. ലോകമെങ്ങും പുതുവത്സര ലഹരിയിൽ ആറാടിയപ്പോഴും മേൽക്കൂരയില്ലാത്ത കൂരയ്ക്കു കീഴിൽ തണുത്തുവിറങ്ങലിച്ച് ആരും തുണയില്ലാതെയാണ് അല്ലിയമ്മ കഴിച്ചുകൂട്ടിയ കഥ മറുനാടൻ മലയാളി റിപ്പോർട്ട്‌ ചെയ്തിരുന്നു.

പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കു കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടി നൽകിയ പരാതിയും അല്ലിയമ്മയുടെ വീട് പൊളിച്ചുമാറ്റുന്നതിനു പിന്നിലുണ്ട്. എന്നാൽ, പുരയിലേക്കു ചാഞ്ഞുനിന്ന തെങ്ങുവെട്ടി മാറ്റാൻ പരാതി നൽകിയതിന് അയൽവാസിയുടെ പ്രതികാരമാണ് അല്ലിയമ്മയ്ക്കു വിനയായത്.

എറണാകുളം തേവര ഫെറി റൂട്ടിൽ മട്ടമ്മൽ സ്റ്റോപ്പിൽ നിന്ന് സുധർമ്മ റോഡ് വഴി പോകുമ്പോഴാണ് അല്ലിയമ്മയുടെ വീട്. കായലിനോട് ചേർന്ന് മറ്റൊരു വീടും രണ്ടു വീടുകൾ കാണാം. ഇരുപത്തി രണ്ട് വർഷം മുമ്പ് കായൽ നികത്തിയുണ്ടാക്കിയതാണ് ആ വീടെന്ന് അവർ സമ്മതിക്കുന്നു. എന്നാൽ, തേവര ഫെറിവരെയുള്ള പലരും കായൽ നികത്തിയാണ് വീടു പണിതത്. സിനിമാ താരങ്ങളും പത്രമുതലാളിമാരുമുൾപ്പെടെയുള്ളവരാണ് വർഷങ്ങൾക്കു മുമ്പുതന്നെ കായൽ കൈയേറി വീടു നിർമ്മിച്ചിരിക്കുന്നത്. ഇതിലൊന്നും ആർക്കും പരാതി ഇല്ലാതിരിക്കെയാണ് കൊച്ചി നഗരസഭ അല്ലിയമ്മയുടെ വീടു മാത്രം പൊളിച്ചുനീക്കിയത്. 31ന് ഉച്ചയോടെ എത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥർ വീട്ടുസാധനങ്ങളും ഇലക്ട്രിക് മീറ്ററും ഉൾപ്പെടെയാണ് തച്ചുതകർത്തത്.

വ്യക്തിവൈരാഗ്യത്തെത്തുടർന്ന് അല്ലിയമ്മയുടെ അയൽവാസിയായ പ്രൊഫ. ഉമ്മൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീട് പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിട്ടത്. കായൽപുറമ്പോക്ക് കൈയേറി വീട് നിർമ്മിച്ചെന്ന പരാതിയുമായാണ് ഇയാൾ കോടതിയെ സമീപിച്ചത്. വയോധികയായ അല്ലിയമ്മയും മകൾ ജലജയുമാണ് ഈ വീട്ടിൽ താമസം. റിട്ട. അദ്ധ്യാപകനായ ഉമ്മനും ജലജയും തമ്മിൽ വർഷങ്ങൾക്കു മുമ്പുണ്ടായ വഴക്കിനെത്തുടർന്നാണ് ഇയാൾ ഇവർക്കെതിരെ കേസ് നൽകിയത്. അല്ലിയമ്മയുടെ വീട്ടിലേക്കു ചാഞ്ഞുനിന്ന തെങ്ങു ഭീഷണിയായപ്പോൾ ഇതു മുറിച്ചുമാറ്റാൻ നടപടി വേണം എന്നാവശ്യപ്പെട്ടു നൽകിയ പരാതിയാണ് ഉമ്മനെ ചൊടിപ്പിച്ചതെന്ന് അല്ലിയമ്മ പറയുന്നു.

കേസിൽ 2014 ജൂലൈയിലാണ് വീട് പൊളിച്ചുനീക്കണമെന്ന് കോടതി ഉത്തരവിട്ടത്. കോടതിവിധി നടത്തണമെന്നാവശ്യപ്പെട്ട് ഇയാൾ നഗരസഭയെ സമീപിച്ചതിനെത്തുടർന്നാണ് ഉദ്യോഗസ്ഥരെത്തി വീട് പൊളിച്ചുനീക്കിയത്. വീട് പൊളിക്കരുതെന്നാവശ്യപ്പെട്ട് അല്ലിയമ്മയും മകളും നഗരസഭയെ പലതവണ സമീപിച്ചിരുന്നു. എന്നാൽ, ആവശ്യമായ സഹായം നൽകാനോ പകരം സൗകര്യം ഒരുക്കാനോ നഗരസഭ തയ്യാറായില്ല. മേയർ ടോണി ചമ്മണിക്കു തന്നെ നേരിട്ട് ഇക്കാര്യത്തിൽ പരാതി കൊടുത്തിരുന്നതാണ്. പരിഹാരമുണ്ടാക്കാം എന്ന് ഉറപ്പുനൽകുകയുംചെയ്തു.

എന്നാൽ, പൊളിക്കാൻ അധികൃതർ എത്തിയപ്പോൾ മേയർ തനിക്കിനി ഒന്നും ചെയ്യാൻ ആകില്ലെന്നാണ് പറഞ്ഞതെന്ന് അല്ലിയമ്മ പറയുന്നു. ഡിഎൽഎഫ് അടക്കമുള്ള വൻകിടക്കാരുടെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്ത നഗരസഭ ആരോരുമില്ലാത്ത വയോധികയുടെ വീട് പൊളിച്ചുനീക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വീട് പൊളിക്കണമെന്നാവശ്യപ്പെട്ട് മൂന്നുപ്രാവശ്യമാണ് നഗരസഭ ഉദ്യോഗസ്ഥരെത്തിയത്.

ഇക്കുറി കലക്ടർ രാജമാണിക്യം ഇടപെട്ടെങ്കിലും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായില്ല. ഒടുവിൽ കഴിഞ്ഞ 31ന് മകൾ ജലജ വീട്ടുപണിക്കു പോയ സമയത്താണ് നഗരസഭാ ഉദ്യോഗസ്ഥരെത്തി വീട് പൊളിച്ചുമാറ്റിയത്. ഇവർക്കു പേകാൻ മറ്റൊരു ഇടവുമില്ല. മട്ടമ്മൽ ഭാഗത്ത് കായൽപ്പുറമ്പോക്കിൽ താമസിക്കുന്ന പത്തോളം കുടുംബങ്ങളുണ്ട്. 30 വർഷത്തിലധികമായി ഇവിടെ വീടുവച്ച് താമസിക്കുന്നവരാണിവർ.

അല്ലിയമ്മയ്‌ക്കെതിരെ പരാതി നൽകിയ ഉമ്മൻ കോശിയുടെ വീടിനു സമീപത്തുതന്നെയുള്ള വൻകിട സ്ഥാപനങ്ങളൊക്കെ ഇത്തരത്തിൽ കായൽ കൈയേറി നിർമ്മിച്ചവയാണെങ്കിലും അവയ്‌ക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. പരാതി ലഭിച്ചതു മാത്രമാണ് പൊളിച്ചതെന്ന വാദമാണ് നഗരസഭ അധികൃതർക്കുള്ളത്. എന്നാൽ, സ്വകാര്യ താൽപര്യത്തിനുവേണ്ടി ഒരാൾ നൽകിയ പരാതിയിൽ നിരാലംബയായ വയോധികയെ എന്തിനു ബലിയാടാക്കി എന്ന ചോദ്യത്തിന് നഗരസഭയ്‌ക്കോ മേയർക്കോ മറുപടിയില്ല. ഹൈക്കോടതി പൊളിക്കാൻ ഉത്തരവിട്ടു, ഞങ്ങളത് അനുസരിച്ചു, അത്രമാത്രമെന്നാണ് മേയർ പറയുന്നത്. ഡിഎൽഎഫ്, ലുലു, പ്രസ്റ്റീജ് തുടങ്ങി പലകാലങ്ങളിൽ പല ഉത്തരവുകൾ ഹൈക്കോടതി ഇറക്കിയിട്ടുണ്ട്. എന്നിട്ടും ഇവർക്കൊക്കെ ഒന്നും സംഭവിച്ചിട്ടില്ല.

കയ്യേറ്റമാരോപിച്ച് അല്ലിയമ്മയുടെ വീട് പൊളിച്ചുകളഞ്ഞ കൊച്ചി കോർപ്പറേഷൻ നടപടിയെ ക്രൂരമെന്നാണ് നാട്ടുകാർ വിശേഷിപ്പിക്കുന്നത്. തൊട്ടടുത്ത് ഏക്കർ കണക്കിന് കായൽപുറമ്പോക്ക് കയ്യേറി വൻകിട ഫ്‌ളാറ്റ് നിർമ്മാതാക്കളും പണച്ചാക്കുകളും സുഖിച്ച് വാഴുമ്പോഴാണ് അല്ലിയമ്മയെന്ന 80കാരിയോട് പ്രാദേശികഭരണകൂടം ഈ കൊടുംക്രൂരത കാണിച്ചത്.

22 വർഷം മുമ്പു ഈ 3 സെന്റ് കായൽ പുറമ്പോക്കിൽ താമസം തുടങ്ങിയ അല്ലിയമ്മയുടെ ഏക ആശ്രയമാണ് ഇതോടെ ഇല്ലാതായത്. ഏഴു മക്കളുള്ള അല്ലിയമ്മ മകളുമൊത്താണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. സർക്കാർ രേഖകളിൽ നികത്തുഭൂമിയായതിനാലാണ് കയ്യേറ്റമാരോപിച്ച് കൊച്ചി കോർപ്പറേഷൻ ഇവരുടെ കൂര പൊളിച്ചുനീക്കിയതെന്നു പറയുമ്പോഴും തൊട്ടടുത്ത് വൻകിടക്കാർ സസുഖം വാഴുകയാണ്. എന്നാൽ, രാഷ്ട്രീയ നേതൃത്വം അറിഞ്ഞിട്ടല്ല കോർപ്പറേഷൻ ഈ നടപടിയെടുത്തതെന്നാണ് പ്രാദേശിക യു.ഡി.എഫ് നേതാക്കളുടെ വാദം.

വൻകിടക്കാരെ ഒഴിവാക്കി ഒരു പാവം എൺപതുകാരിയെ മാത്രം ഭവനരഹിതയാക്കിയതിനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കൊച്ചി നിവാസികൾ. അല്ലിയമ്മയ്ക്ക് വേണ്ടി ഒരുനാട് ഒന്നിച്ച് പ്രതിഷേധത്തിന് കോപ്പുകൂട്ടുകയാണ്. ഇതിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് രാഷ്ട്രീയ കക്ഷികളും, സാംസ്‌കാരികപ്രവർത്തകരും തേവരയിൽ പ്രതിഷേധയോഗം ചേരുന്നുണ്ട്. ഡിവിഷൻ കൗൺസിലർമാരും നേതാക്കളും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഡിവൈഎഫ്ഐ തേവര മേഖലാ സെക്രട്ടറി പി കെ പ്രവീൺരാജ് പറഞ്ഞു. മത്സ്യതൊഴിലാളിയായ അല്ലിയമ്മയ്ക്ക് നിയമസഹായം നല്കാനുള്ള നടപടികളെക്കുറിച്ചും പ്രദേശവാസികൾ ആലോചിക്കുന്നുണ്ട്. ജനകീയ സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ചവൈകിട്ട് മട്ടമ്മൽ ജംഗ്ഷനിലും അല്ലിയമ്മയ്ക്ക് വേണ്ടി പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ, മത്സ്യത്തൊഴിലാളിയായ വയോധികയോട് ചെയ്ത കൊടുംക്രൂരത കാണാതെ മുഖ്യധാരാമാദ്ധ്യമങ്ങൾ ഇപ്പോഴും മുഖം തിരിക്കുകയാണ്.