മെൽബൺ: ട്രെയിൻ ജീവനക്കാർ വെള്ളിയാഴ്ച പണിമുടക്കിന് ആഹ്വാനം നടത്തിയതിനാൽ അടുത്ത ദിവസങ്ങളിൽ ട്രെയിൻ യാത്ര ദുരിതപൂർണമാകും. വെള്ളിയാഴ്ച നാലു മണിക്കൂർ പണിമുടക്കിനാണ് ട്രെയിൻ ജീവനക്കാർ ആഹ്വാനം ചെയ്തിരിക്കുന്നതെങ്കിലും ഇതിനു മുന്നോടിയായി വ്യാഴാഴ്ച ഒരു മണിക്കൂർ സർവീസ് നിർത്തി വയ്ക്കുന്നതും യാത്രാ ദുരിതത്തിന് ആക്കം കൂട്ടും.

ട്രെയിൻ ജീവനക്കാർ പണിമുടക്കുന്നതു മൂലം എഴുന്നൂറോളം ട്രെയിനുകളാണ് സർവീസ് നിർത്തി വയ്ക്കുന്നത്. രണ്ടു ദിവസം അടുപ്പിച്ച് ട്രെയിൻ മുടങ്ങുന്നത് യാത്രക്കാരെ ഏറെ വലയ്ക്കും. രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് സമരം. എഴുന്നൂറോളം ട്രെയിനുകൾ സർവീസ് നിർത്തുന്നതു മൂലം മൂന്നു ലക്ഷത്തോളം ട്രിപ്പുകളെയാണ് ഇതു ബാധിക്കുക. സമരത്തെ നേരിടാൻ 300 എമർജൻസി ബസ് സർവീസുകൾ ഏർപ്പാടാക്കുന്നുണ്ടെങ്കിലും ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ അധികൃതർക്കു പോലും സംശയമാണ്.

നാലു മണിക്കൂർ നേരത്തെക്കാണ് സമരത്തിന് ആഹ്വാനമെങ്കിലും രണ്ടു മണിക്കു ശേഷം രണ്ടു മണിക്കൂർ കൂടി സർവീസുകളെ ബാധിക്കുമെന്നും അറിയിപ്പുണ്ട്. മൊത്തത്തിൽ ആറു മണിക്കൂറിലധികം സർവീസുകളെ ബാധിക്കുമെന്നതിനാൽ വെള്ളിയാഴ്ച മൊത്തത്തിൽ ട്രെയിൻ യാത്ര ദുഷ്‌ക്കരമാകും.

മെട്രോയുടെ ഡ്രൈവർമാർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അതേസമയം സിഗ്നലിങ് സ്റ്റാഫുകൾ, കൺട്രോളർമാർ, സ്‌റ്റേഷൻ സ്റ്റാഫ്, ഓഫീസർമാർ തുടങ്ങിയവരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ജീവനക്കാരുടെ പണിമുടക്ക് പിൻവലിക്കാൻ യൂണിയൻ മാനേജ്‌മെന്റുമായി ചർച്ചകൾ നടത്തുന്നുണ്ട്. ജീവനക്കാരുടെ ശമ്പള ആനുകൂല്യ വ്യവസ്ഥകൾ അംഗീകരിക്കണമെന്നുള്ളതാണ് ആവശ്യം.

വെള്ളിയാഴ്ചത്തെ പണിമുടക്കിന് മുന്നോടിയായി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നാലു വരെയാണ് സർവീസ് നിർത്തി വയ്ക്കുന്നത്. അമ്പതോളം ട്രെയിൻ സർവീസുകളായിരിക്കും വ്യാഴാഴ്ചത്തെ പണിമുടക്കിൽ തടസപ്പെടുക. ഇതിനു പകരം ബസ് സർവീസുകൾ ഏർപ്പെടുത്തുമെന്നും മെട്രോ അധികൃതർ അറിയിച്ചിട്ടുണ്ട്.