കോട്ടയം: സിൽവർ ലൈൻ പാതയുടെ വിശദ പദ്ധതി രേഖ അശാസ്ത്രീയമെന്ന് പദ്ധതിയുടെ പ്രാഥമിക സാധ്യത പഠനം നടത്തിയ മുൻ ഐ.ആർ.എസ്.ഇ ഉദ്യോഗസ്ഥൻ അലോക് കുമാർ വർമ. പദ്ധതി രൂപരേഖ വന്നതിനുശേഷമുള്ള അദ്ദേഹത്തിന്റെ പഠനത്തിന്റെ ആദ്യഭാഗം വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. വരുംദിവസങ്ങളിൽ മറ്റുള്ള ഭാഗങ്ങളും പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനസാന്ദ്രത ഏറിയ സംസ്ഥാനത്ത് പുനരധിവാസച്ചെലവ് കണക്കാക്കുന്നതിലും അധികമാകുമെന്ന് അദ്ദേഹം പറയുന്നു. ജലപ്രവാഹപഠനം നടത്തിയിട്ടില്ല എന്നത് ഗുരുതരമാണ്. ഭൗമശാസ്ത്രപഠനങ്ങൾ നടത്തിയിട്ടില്ല. ഭൗമസർവേതന്നെ നടത്തേണ്ടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പദ്ധതിക്ക് ഇപ്പോഴത്തെനിലയിൽ 1.40 ലക്ഷംമുതൽ 1.60 ലക്ഷം കോടി രൂപവരെ ചെലവുവരുമെന്നാണ് അലോക് വർമ്മ വിശദീകരിക്കുന്നത്. കേരളത്തിന്റെ ഭൂഘടന അനുസരിച്ച് സിൽവർ ലൈൻ പാതയ്ക്ക് നേരിടാനുള്ളത് അതിദുർഘട സാഹചര്യങ്ങളാണ്. കേരളം ചെറു പട്ടണങ്ങളുടെ ചങ്ങലയാണ്. ജനസാന്ദ്രത കൂടുതലുമാണ്. പുനരധിവാസച്ചെലവ് കണക്കാക്കുന്നതിലും അധികമാകും. മണ്ണ് വളരെ ദുർബലമായതിനാൽ ആഴത്തിൽ അസ്ഥിവാരം നിർമ്മിക്കണം. പുഴകളും ചതുപ്പുകളും മറ്റുമായി അതിസങ്കീർണ ഭൂവിടങ്ങളിലൂടെയാണ് പാത പോകുന്നത്.

ഭൗമശാസ്ത്രപഠനങ്ങൾ നടത്തിയിട്ടില്ല. ഭൗമസർവേതന്നെ നടത്തേണ്ടിയിരുന്നു. മണ്ണിന്റെ പഠനത്തിന് കുറച്ച് സാംപിൾ മാത്രമേ ശേഖരിച്ചതായി കാണുന്നുള്ളൂ. ഭൂകമ്പപഠനം, ഭൗമാന്തർഘടനാപഠനം എന്നിവ നടത്തിയതായി കാണുന്നില്ല.

പദ്ധതി രൂപരേഖയിലെ ചില പിഴവുകൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂർ സ്റ്റേഷനിൽ സിൽവർ ലൈൻ ഇടാൻ നിലവിലെ രണ്ടു പാളങ്ങൾ 13 മീറ്റർ കിഴക്കോട്ടു മാറ്റണം. നിലവിലെ സ്റ്റേഷന്റെ മധ്യത്തിലൂടെയാകും പാത കടന്നുപോകുന്നതെന്ന് മനസ്സിലാക്കാം. സ്റ്റേഷൻ കെട്ടിടം പൊളിച്ചുമാത്രമേ ഈ ക്രമീകരണങ്ങൾ ചെയ്യാനാകൂ. സിൽവർ ലൈൻ വന്നാൽ റെയിൽവേ അതിന്റെ മൂന്നും നാലും പാതകൾ എതിലേ കൊണ്ടുപോകുമെന്നു വ്യക്തമാക്കണം.

ഇവിടെ സിൽവർ ലൈൻ സ്റ്റേഷൻ 21 മീറ്റർ പൊക്കത്തിൽ തൂണുകളിലാകും നിലകൊള്ളുക. ഇതിലേക്കെത്താനുള്ള അനുബന്ധ മേൽപ്പാലം പണിയുമ്പോൾ നിലവിലെ സ്റ്റേഷന്റെ ഇരുഭാഗത്തും വലിയ മാറ്റങ്ങൾ നിലവിലെ പാളത്തിൽ വരുത്തണം. ഇത് എങ്ങനെയെന്നു വ്യക്തമല്ല. കൊച്ചുവേളി, എറണാകുളം സ്റ്റേഷനുകളും ഇതുപോലെ തൂണുകളിലാണ്. അവിടെയും സമാനപ്രശ്‌നങ്ങൾ നേരിടണം.

കോഴിക്കോട് സ്റ്റേഷൻ 41.86 മീറ്റർ താഴ്ചയിലാണ് ഉദ്ദേശിക്കുന്നത്. 6.78 കിലോമീറ്റർ ദൂരം തുരങ്കംവഴി സഞ്ചരിച്ചാകും സ്റ്റേഷനിൽ എത്തേണ്ടത്. തെക്കൻഭാഗത്തുള്ള തുരങ്കം വലിയ ജനസാന്ദ്രതയേറിയ ഇടത്തുകൂടിയാകും പോകുക. കല്ലായിപ്പുഴയുടെ അടിത്തട്ടിലൂടെയും തുരങ്കം നിർമ്മിക്കേണ്ടിവരും. തുരങ്കം പണിയുമ്പോൾ ഭൂമിയുടെ ഉപരിതലത്തിലുള്ള കെട്ടിടങ്ങൾ നീക്കേണ്ടിവരുമോ എന്നതിൽ വ്യക്തതയില്ല. പുഴയുടെ അടിത്തട്ടിലെ പണിയിലും കൃത്യതവരുത്തേണ്ടതുണ്ട്.

ഭൂനിരപ്പിലൂടെ പാത കടന്നുപോകുന്ന ചിലയിടത്ത് പാളം ഉറപ്പിക്കാനുള്ള പ്ലാറ്റ്ഫോമും സംരക്ഷണഭിത്തിയും കൂടി 13 മീറ്റർവരെ ഉയരത്തിലുണ്ട്. ഇത് വളരെ ഉയർന്ന നിർമ്മിതിയാണ്. തുരങ്കം, മേൽപ്പാലം എന്നിവയിലൂടെ പോകുന്ന പാളം ചെറിയൊരു ഭാഗം മാത്രമാണ്. ബാക്കിയുള്ളിടത്ത് ഉണ്ടാക്കുന്ന വലിയ കെട്ട് വെള്ളപ്പൊക്കത്തിനിടയാക്കും. ജലപ്രവാഹപഠനം നടത്തിയിട്ടില്ലെന്നത് ഗുരുതരമാണ്.