ന്യൂഡൽഹി: സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടുന്ന കെ- റെയിലിന്റെ സമഗ്ര പദ്ധതി രൂപരേഖ കെട്ടുകഥയാണെന്ന് വെളിപ്പെടുത്തി പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവൻ അലോക് വർമ്മ. പദ്ധതിയുടെ രൂപരേഖ വെറും കെട്ടുകഥയാണ്. വേണ്ടത്ര പഠനങ്ങൾ നടത്താതെയാണ് അത് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിലിന്റെ മറവിൽ വലിയ തോതിലുള്ള റിയൽ എസ്റ്റേറ്റ് കച്ചവടമാണ് ലക്ഷ്യമിടുന്നതെന്ന് കെ റെയിലിന്റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവൻ അലോക് വർമയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നു.

പ്രളയ, ഭൂകമ്പ സാധ്യത, ഭൂപ്രകൃതി, ഭൂഘടന, നീരൊഴുക്ക് തുടങ്ങിയവയൊന്നും പദ്ധതിയുടെ രൂപരേഖയിലില്ല. ബദൽ അലൈമെന്റിനെ കുറിച്ച് പഠിക്കാതെയാണ് കേരളത്തിലെ ഇടനാടിലൂടെ പാത പോകുന്നതെന്നും അലോക് വർമ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുന്നത്.

സ്റ്റേഷനുകളും മറ്റും തീരുമാനിച്ചതും കൃത്രിമ ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) വച്ചാണ്. സ്റ്റാൻഡേർഡ് ഗേജ് മതിയോ ബ്രോഡ്ഗേജ് വേണോ എന്ന് ആദ്യം റെയിൽവേ ബോർഡാണ് തീരുമാനിക്കേണ്ടത്. പദ്ധതിരേഖ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൃത്രിമമായി കെട്ടിപ്പടുത്ത ഒരു രേഖയാണ് പദ്ധതിയുടെ ഡിപിആർ എന്ന പേരിൽ റെയിൽവേ ബോർഡിന് മുമ്പിൽ വെച്ചിട്ടുള്ളത്. കേരളത്തിന് വേണ്ടി നേരത്തെ ഡിഎംആർസി തയ്യാറാക്കിയ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ടിന്റെ ഏകദേശ രൂപം കോപ്പിയടിച്ചാണ് കെ റെയിലിന് വേണ്ടി കൊടുത്തിട്ടുള്ളത്.

യാത്രക്കാരുടെ എണ്ണം കൂട്ടിചേർത്തിരിക്കുകയാണ്. സ്റ്റേഷനുകൾ ക്രമീകരിച്ചതിലും വലിയ പിഴവാണ് വരുത്തിയിട്ടുള്ളത്. നഗരങ്ങളെ ഒഴിവാക്കി ഇടനാടുകളിലാണ് സ്റ്റേഷനുകൾ നൽകിയിരിക്കുന്നത്. ഡിപിആറിൽ 80 ശതമാനം മണ്ണിട്ട് നികത്തിയ പാതയിലൂടെ ഓടിക്കുമെന്നാണ് പറയുന്നത്. ഭൂപ്രകൃതിയും പ്രളയസാധ്യതയും ഒന്നും പഠിക്കാതെ ഇങ്ങനെ ചെയ്യുന്നത്.

സിൽവർലൈനിന്റെ ഓരോ സ്റ്റേഷനുകളും നിശ്ചയിച്ചിരിക്കുന്നത് കൃത്രിമമായ ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ട് വച്ചാണ് എന്നും അദ്ദേഹം പറഞ്ഞു. പ്രളയസാധ്യതയും, ഭൂപ്രകൃതിയെ കുറിച്ചുള്ള പഠനങ്ങളും ഒന്നും തന്നെ നടത്തിയിട്ടില്ല. ഇത് വലിയ പിഴവാണ്. ലീഡാർ സർവേ ഡാറ്റ അടിസ്ഥാനമാക്കി കെട്ടിച്ചമച്ചതാണ് പദ്ധതിയെന്നും അലോക് വർമ്മ പറഞ്ഞു. പദ്ധതിക്ക് സ്റ്റാൻഡേർഡ് ഗേജ് മതിയോ ബ്രോഡ്ഗേജ് വേണോ എന്നതൊക്കെ തീരുമാനിക്കേണ്ടത് റെയിൽവേയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ റെയിൽവേയ്ക്ക് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് കൃത്രിമമായി ഉണ്ടാക്കിയതാണ്. സംസ്ഥാനത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി മുമ്പ് ഡിഎംആർസി തയ്യാറാക്കി നൽകിയ പദ്ധതിയുടെ റിപ്പോർട്ട് കോപ്പിയടിച്ചാണ് കെ റെയിലിന്റെ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

പിണറായി സർക്കാരിന്റെ കെ-റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരനും നേരത്തെ രംഗത്ത് എത്തിയിരുന്നു. പദ്ധതി നടപ്പിലായാൽ കെ-റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. പദ്ധതിയുടെ നിലവിലെ അലൈന്മെന്റിനെ അദ്ദേഹം വിമർശിച്ചിരുന്നു.

ഈ പദ്ധതി സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്ന് ശ്രീധരൻ വ്യക്തമാക്കി. സർക്കാർ പ്രഖ്യാപിച്ചതുപോലെ പദ്ധതി 2025ൽ പൂർത്തിയാക്കാൻ കഴിയില്ലെന്നും, രാത്രിയിൽ ചരക്കുഗതാഗതം നടത്തുമെന്ന കെ-റെയിൽ പ്രഖ്യാപനം അപ്രായോഗികമാണെന്നുമാണ് ഇ ശ്രീധരൻ അഭിപ്രായപ്പെട്ടത്.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നിർമ്മാണത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായ താൽപര്യക്കുറവിനെയും അദ്ദേഹം വിമർശിച്ചു. ലൈറ്റ് മെട്രോ പദ്ധതികൾ ആരാണ് നിർത്തലാക്കിയതെന്ന് വ്യക്തമാക്കണമെന്നും പദ്ധതി നിർമ്മാണം സമയത്ത് തുടങ്ങിയിരുന്നെങ്കിൽ ഇന്ന് കേരളത്തിലെ ഈ രണ്ട് നഗരങ്ങളിലൂടെയും ലൈറ്റ് മെട്രോ സർവീസ് ആരംഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

11 ജില്ലകളിലായി 1221 ഹെക്ടർ ഭൂമി ഏറ്റെടുത്താണ് കെ-റെയിൽ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തെ നടുവോടെ മുറിക്കുന്ന ഈ പദ്ധതിക്ക് അനുമതി നൽകരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയും കോൺഗ്രസും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിലാണ്.