അങ്കമാലി: നടിയെ ഉപദ്രവിച്ച കേസിലെ പ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) വക്കാലത്തിന്റെ പേരിൽ ആളൂരിനെതിരെ വ്യാപക പ്രതിഷേധം. വിവാദ കേസുകളിലെ പ്രതികളെ ആളൂർ നേരിട്ട് കണ്ട് കേസ് ഏറ്റെടുക്കുന്നതാണ് ഇതിന് കാരണം. ഗോവിന്ദചാമിയുടേയും അമീർ ഉൾ ഇസ്ലാമിന്റേയും അഭിഭാഷകനായ ആളൂർ പൾസർ സുനിയുടെ അഭിഭാഷകനാകുന്നതിനെ പ്രതിഷേഘത്തോടെയാണ് വക്കീലന്മാരും കാണുന്നത്.

അതുകൊണ്ടാണ് പൾസർ സുനിയുടെ വക്കാലത്തിൽ കോടതി മുറിയിൽ അഭിഭാഷകരുടെ വാക്‌പോര് ഉണ്ടായത്. ഇതുവരെ പ്രതിക്കു വേണ്ടി ഹാജരായ സി.പി. ടെന്നിയും ആളൂരും തമ്മിലാണു തർക്കമുണ്ടായത്. ഇതോടെ വക്കാലത്തിൽ വ്യക്തത വരുത്താൻ മജിസ്‌ട്രേട്ട് ഇടപെട്ടു. കോടതി സുനിലിന്റെ അഭിപ്രായം ആരാഞ്ഞു. വക്കാലത്ത് ഒഴിയുന്നതായി കോടതിയെയും ടെന്നിയെയും അറിയിച്ച സുനിൽ പുതിയ അഭിഭാഷകനു വക്കാലത്ത് ഒപ്പിട്ടു നൽകി. കേസ് വിവാദമായതോടെ ജയിലിൽ സുനിലിനെ സന്ദർശിച്ച ബി.എ. ആളൂർ കേസ് ഏറ്റെടുക്കുകയായിരുന്നു.

സുനിലിനെ ആളൂർ ജയിലിൽ സന്ദർശിച്ചതു ശരിയായ നടപടിയല്ലെന്നു സി.പി. ടെന്നി കുറ്റപ്പെടുത്തി. പ്രതിയുടെ അടുത്ത ബന്ധുക്കൾക്കും വക്കാലത്ത് എടുത്തിട്ടുള്ള അഭിഭാഷകനും മാത്രമാണു കസ്റ്റഡിയിലുള്ള പ്രതിയെ ജയിലിൽ സന്ദർശിക്കാൻ അനുവാദമുള്ളത്. പ്രതിക്ക് അഭിഭാഷകനെ മാറ്റാം. എന്നാൽ പുറമേ നിന്നുള്ള അഭിഭാഷകനു പ്രതിയെ ജയിലിൽ കാണാനുള്ള സാഹചര്യം എങ്ങനെയുണ്ടായി എന്നറിയില്ല. ജയിലിൽ പ്രതി വക്കീലുമായി സംസാരിച്ച കാര്യം വെളിപ്പെടുത്തിയതും ശരിയല്ല. ആരു പറഞ്ഞിട്ടാണ് സുനിൽ അഭിഭാഷകനെ മാറ്റിയതെന്നും വ്യക്തമല്ലെന്നും പറഞ്ഞു.

ഇതുൾപ്പെടെയുള്ള കാര്യങ്ങൾ അറിയുന്നതിനായി അന്വേഷണ സംഘം പുതിയ അഭിഭാഷകനെ ചോദ്യം ചെയ്യണമെന്നും മുൻ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് കേരളത്തിലെ അഭിഭാഷകരുടെ പൊതു നിലപാടാണ്. വിവാദ കേസുകൾ അങ്ങോട്ട് പോയി ആളൂർ ഏറ്റെടുക്കുന്നു. ഇത് മുൻ അഭിഭാഷകന് പേരു ദോഷമുണ്ടാകുന്ന കാര്യമാണ്. ഇത് ഇനിയും അനുവദിക്കാനാകില്ലെന്നാണ് അഭിഭാഷകരുടെ നിലപാട്. എന്നാൽ പൾസറിന്റെ സുഹൃത്തുക്കൾ പറഞ്ഞിട്ടാണ് താൻ പൾസറിനെ പോയി കണ്ടതെന്ന് ആളൂരും പറയുന്നു.

കേരളം ഞെട്ടിത്തരിച്ചുപോയ 2011ലെ സൗമ്യയെന്ന പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകത്തിൽ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ആളൂർ വക്കീൽ ആദ്യമായി ഹാജരാകുമ്പോൾ കേരളം ഞെട്ടലോടെ ചിന്തിച്ചുപോയിരുന്നു. വിചാരണക്കോടതിയിൽ ആളൂർ വക്കീൽ തിരിച്ചുംമറിച്ചും വാദിച്ചെങ്കിലും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു. പിന്നീട് സുപ്രീംകോടതിയിൽ വാദം കൊലക്കയറിൽ നിന്ന് ഗോവിന്ദചാമിയെ രക്ഷിച്ചു. ജീവിക്കാൻപോലും കാശില്ലാതെ തെണ്ടിനടക്കുന്ന ഒരു ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് വാദിക്കാൻ ആരെയും കിട്ടില്ലെന്നാണ് ആദ്യഘട്ടത്തിൽ എല്ലാവരും കരുതിയത്. കേരളത്തിലെ അഭിഭാഷകരാരും ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകില്ലെന്ന് ഏതാണ്ടുറപ്പാകുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് അഡ്വ. ആളൂർ ഈ കൊടുംകുറ്റവാളിക്കുവേണ്ടി ഹാജരാകുമെന്ന വാർത്തകൾ വരുന്നത്. അതോടെ ആരാണീ ആളൂരെന്നും ഇയാൾ എന്തിനാണ് ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകുന്നതെന്നും കേരളം അന്വേഷിച്ചുതുടങ്ങുകയായിരുന്നു.

ഈ കേസിന്റെ വിജയത്തോടെ ജിഷാ കൊലക്കേസിൽ താരാമാകാൻ ആളൂരെത്തി. അമീർ ഉൾ ഇസ്ലാമിന്റെ വക്കീലിന്റെ കോട്ടുമിട്ടു. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയും ചെയ്തു. സാധാരണഗതിയിൽ മനസ്സാക്ഷിയുള്ള ഒരു വക്കീലും ഏറ്റെടുക്കാത്ത കേസുകൾ അങ്ങോട്ടുചെന്ന് ഏറ്റെടുക്കുന്നതിലൂടെ നേടിയ കുപ്രസിദ്ധി മാത്രമാണ് ആളൂരിന്റെ കൈമുതലെന്നും ജാമ്യമെടുക്കുന്നതിനുപോലും സാധാരണഗതിയിൽ അറിയാവുന്നവരാരും ഇയാളെ സമീപിക്കാറില്ലെന്നുംവരെ സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു. എന്നാൽ പൾസർ സുനി പോലും ആളൂരിനെ കണ്ടപ്പോൾ വക്കാലത്ത് മാറ്റി നൽകുന്നു. കാരണം ആളൂർ വിചാരിച്ചാൽ ജയിക്കാമെന്ന് പ്രതികൾ കരുതുന്നുവെന്നത് തന്നെയാണ് ഇതിന് കാരണം.