കോട്ടയം: പത്താംക്ലാസിൽ ഉയർന്ന മാർക്കില്ല. ഈ പയ്യനെ സ്‌കൂളിലെ മണ്ടനെന്ന് പോലും പലരും വിളിച്ചു. ഈ വിളിയായിരുന്നു അൽഫോൻസ് കണ്ണന്താനത്തെ പിന്നീട് മുമ്പോട്ട് നയിച്ചത്. പഠിക്കാത്ത കുട്ടി ഐഎഎസ് ജയിച്ചു. കളക്ടറായി. ഡൽഹിയിലെ രാഷ്ട്രീയക്കാരുടെ കണ്ണിൽ തീകോരിയിട്ട ഭരണാധികാരിയായി. ഇടതു പക്ഷത്ത് ചേർന്ന് എംഎൽഎയുമായി. ഇപ്പോൾ കേന്ദ്രമന്ത്രിയും. സ്‌കൂൾ പഠനകാലത്തെ അൽഫോൻസിനെ അറിയാവുന്നവർക്ക് ഇതെല്ലാം അൽഭുതമാണ്.

ഇംഗ്ലീഷിനോട് എവിടേയോ പ്രണയം ചോന്നി. ഇതാണ് എല്ലാം മാറ്റി മറിച്ചത്. അങ്ങനെ മണിമലയിൽ നിന്ന് മനക്കരുത്തിൽ അൽഫോൻസ് കണ്ണന്താനം മുമ്പോട്ട് നടന്നു. ആർക്കും വഴങ്ങുമായിരുന്നില്ല പയ്യൻ. പക്ഷേ പത്താംക്ലാസ് കഴിഞ്ഞതോടെ എങ്ങനേയോ പഠനത്തിലേക്ക് ശ്രദ്ധയെത്തി. സിവിൽ സർവ്വീസ് മോഹം പോലും മനസ്സിൽ താലോലിച്ചു. അന്ന് അന്നത്തെ കണ്ണന്താനം ഒരു ഹിപ്പിയായിരുന്നു. സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള അഭിമുഖത്തിന് അൽഫോൻസ് കണ്ണന്താനം എത്തിയത് നീട്ടിവളർത്തിയ മുടിയുമായിട്ടായിരുന്നു. പലരും അങ്ങനെ പോകരുതെന്ന് ഉപദേശിച്ചു. പക്ഷേ കണ്ണന്താനം മുടി മുറിച്ചില്ല. ഇതിന് വിലയും കൊടുക്കേണ്ടി വന്നു.

അതുകൊണ്ട് തന്നെ സിവിൽ സർവ്വീസ് ഇന്റർവ്യൂവിൽ ആദ്യമേ തന്നെ അതിനുള്ള മൈനസ് മാർക്കും കിട്ടി. മസൂറിയിൽ സിവിൽ സർവീസ് പരിശീലനത്തിനു ചെന്നപ്പോൾ ബാക്കി എല്ലാവരും കോട്ടും സ്യൂട്ടും ടൈയുമൊക്കെയായി കുട്ടി ഐഎഎസുകാരായി വിലസുന്നു. കണ്ണന്താനം മാത്രം തോളറ്റം മുടിയുമായി വിചിത്ര ജീവിയെപ്പോലെ. മൈനസ് മാർക്കിൽ തന്റെ മുടി മുറിക്കേണ്ട തീരുമാനവും എടുക്കേണ്ടി വന്നു. മൈനസ് മാർക്ക് കിട്ടിയിട്ടും എട്ടാം റാങ്കോടെ സിവിൽ സർവ്വീസ് ജയിച്ച് മിടുക്ക് കാട്ടി. അതിന് ശേഷം വർഷങ്ങൾ പഴക്കമുള്ള മുടി മുറിച്ചു. അന്ന് കണ്ണന്താനത്തിന്റെ മുടി മുറിക്കുമ്പോൾ ബാർബർ പറഞ്ഞു... ഇന്ത്യൻ സിവിൽ സർവീസിനെ ഞാൻ സംസ്‌കാരസമ്പന്നമാക്കിയെന്ന്

ഇരുട്ടു നിറഞ്ഞൊരു ഗ്രാമത്തിൽനിന്നു തിളങ്ങുന്ന വിജയങ്ങൾ നേടിയ വ്യക്തിയാണ് അൽഫോൻസ് കണ്ണന്താനം. സ്‌കൂൾ പഠനകാലത്തു മണിമലയിലോ പരിസര പ്രദേശങ്ങളിലോ വൈദ്യുതിയില്ലായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്നായിരുന്നു പഠനം. കണ്ണന്താനം വീട്ടിൽ കെ.വി.ജോസഫ്ബ്രിജിത്ത് ദമ്പതികൾക്ക് ഒൻപതു മക്കളായിരുന്നു. കൂടാതെ അപ്പനും അമ്മയും രണ്ടുപേരെ ദത്തെടുത്തു. അങ്ങനെ പതിനൊന്നു പേർ. മണിമല സെന്റ് ജോർജ് സ്‌കൂളിലാണു പത്താംക്ലാസുവരെ പഠിച്ചത്. സ്‌കൂളിലെ ഏറ്റവും മണ്ടനായ വിദ്യാർത്ഥി എന്നുപോലും പലരും വിളിച്ചു. പത്താം ക്ലാസ് ജയിക്കില്ലെന്നു പലരും കരുതിയെങ്കിലും അൽഫോൻസ് കടന്നുകൂടി. ഈ അപ്രതീക്ഷിത വിജയമാണ് അൽഫോൻസിന്റെ ജീവിതം മാറ്റിമറിച്ചത്.

പുസ്തകങ്ങൾ വായിച്ചുകൊണ്ടാണു ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചത്. ഇംഗ്ലിഷ് പുസ്തകങ്ങൾ ധാരാളം വായിച്ചു. വിവർത്തനം ചെയ്തു. ആകാശവാണിയിൽ ഇംഗ്ലിഷ് വാർത്തകൾ കേട്ടു. അപൂർവം ഇംഗ്ലിഷ് സിനിമകൾ കണ്ടു. മുറിയടച്ചിരുന്നു ചുവരിനോടു പ്രസംഗിച്ചു. ആറുമാസം നീണ്ട പരിശീലനം. അതാണ് സിവിൽ സർവ്വീസിലേക്ക് ചവിട്ടുപടിയായി മാറിയത്. പത്താംക്ലാസിലെ അപ്രതീക്ഷിത വിജയമാണ് എന്റെ ജീവിതം മാറ്റി മറിച്ചതെന്ന് അൽഫോൻസും സമ്മതിച്ചിട്ടുണ്ട്.

മണിമലയാറിന്റെ കരയിലിരുന്ന് എന്നെക്കുറിച്ച് ചിന്തിച്ചു. ഞാൻ ജനിച്ചത് മാറ്റങ്ങൾ വരുത്താൻ വേണ്ടിയാണെന്നു സ്വയം വിശ്വസിച്ചു. 25 പേജ് ഇംഗ്‌ളിഷ് ഡിക്ഷണറി പഠിച്ചു തുടക്കമിട്ടു. ആദ്യപ്രസംഗത്തിൽ സഹപാഠികളുടെ ചെരിപ്പേറു കിട്ടി. തളർന്നില്ല. അന്തർസർവകലാശാല യുവജനോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ തുടർച്ചയായി മൂന്നു പ്രാവശ്യം ഒന്നാമനായി. ഇന്നോളം ആരും തിരുത്തിയിട്ടില്ല ആ റെക്കോർഡ്-കണ്ണന്താനം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

അഴിമതിക്കെതിരെ നടത്തിയ സമരങ്ങളുടെ പേരിൽ ഇടത്തരക്കാരുടെ ആരാധനാപാത്രമായ വ്യക്തിയാണ് 1979ലെ ഐഎഎസ് ബാച്ചുകാരനായ ഈ അറുപത്തിനാലുകാരൻ. അഴിമതി വിരുദ്ധത മുഖമുദ്രയാക്കി മൂന്നുവർഷം പൂർത്തിയാക്കിയ മോദി സർക്കാരിലേക്ക് കേരളത്തിന്റെ പ്രതിനിധിയായി എത്തിപ്പെടാനുള്ള നിയോഗം അഴിമതിവിരുദ്ധനെന്ന് പേരുകേട്ട കണ്ണന്താനത്തിന് ലഭിച്ചത് കഴിവനുള്ള അംഗീകരാമാണ്. ബിജെപി ദേശീയ നിർവാഹക സമിതി അംഗമെന്ന നിലയിൽ കുറച്ചു കാലമായി ഡൽഹി കേന്ദ്രീകരിച്ചാണ് കണ്ണന്താനത്തിന്റെ പ്രവർത്തനം. ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി മനോഹർ പരീക്കർ രാജിവച്ച രാജ്യസഭാ സീറ്റിൽനിന്ന് അൽഫോൻസ് കണ്ണന്താനത്തെ എംപിയാക്കുമെന്നാണ് സൂചന.

സിവിൽ സർവീസിൽനിന്ന് വിരമിക്കാൻ ഏഴു വർഷം അവശേഷിക്കെയാണ് സ്ഥാനമാനങ്ങളെല്ലാം രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയത്. ലാൻഡ് റവന്യൂ കമ്മിഷണർ ആയിരിക്കെ ഇടതു രാഷ്ട്രീയം ലക്ഷ്യമിട്ടായിരുന്നു രാജി. തുടർന്ന് 2006ൽ സി.പി.എം സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയിൽനിന്ന് നിയമസഭയിലെത്തി. 2011ൽ ബിജെപിയിലേക്ക് ചേക്കേറിയ കണ്ണന്താനം പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയിൽ അംഗമായി. അതിനു പിന്നാലെയാണ് കേന്ദ്രമന്ത്രി സ്ഥാനത്തേക്കെത്തുന്നത്.

നേരത്തെ, കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിന്റെ ലഫ്.ഗവർണർ സ്ഥാനത്തേക്ക് കേന്ദ്ര സർക്കാർ കണ്ണന്താനത്തെ പരിഗണിച്ചിരുന്നു. എന്നാൽ, ഇവിടെ ലഫ്.ഗവർണറായി പഞ്ചാബ് സ്വദേശി മതിയെന്ന അകാലിദളിന്റെ കടുംപിടുത്തത്തെ തുടർന്ന് സർക്കാർ ഈ നീക്കത്തിൽനിന്ന് പിന്മാറുകയായിരുന്നു.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)