ന്യൂഡൽഹി: അപ്രതീക്ഷിതമായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിസ്ഥാനം. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എല്ലാം വൃത്തിയും വെടിപ്പോടെയും ചെയ്യുമെന്ന് കരുതി ടൂറിസത്തിലെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനം പ്രധാനമന്ത്രി മോദി നൽകി. എന്നാൽ അന്ന് മുതൽ മന്ത്രി വിവാദങ്ങളിലൂടെയാണ് യാത്ര.

ബീഫിനെ കുറിച്ച് തമാശയ്ക്ക് പറഞ്ഞ കാര്യങ്ങൾ. ഭാര്യയുടെ തള്ളി. കറുത്ത കണ്ണടയുമായെത്തി തള്ളൽ നടത്തിയ കണ്ണന്താനത്തിന്റെ ഭാര്യ മലയാളം ട്രോൾ സൈറ്റുകൾക്ക് വമ്പൻ വിഷയമായി. അതുകഴിഞ്ഞപ്പോൾ പെട്രോൾ വിലവർദ്ധനവിനെ ന്യായീകരിക്കുന്ന മന്ത്രിയുടെ പ്രസ്താവനയും എത്തി. ഇപ്പോഴിതാ സ്വച്ഛ് ഭാരത്തിലെ ഇടപെടൽ. ഇതോടെ ദേശീയ മാധ്യമങ്ങളും കണ്ണന്താനത്തെ കളിയാക്കാൻ തുടങ്ങുകയാണ്. ചവറു കൊണ്ടിട്ട് ചവറു വൃത്തിയാക്കുന്ന ടൂറിസം മന്ത്രിയെന്നാണ് മലയാളിക്കെതിരായ പരിഹാസം.

ഇന്ത്യാ ഗേറ്റ് പരിസരത്തിലെ ശുചീകരണമാണ് ഇതിന് കാരണം. ശുചീകരണത്തിനായി മാലിന്യമില്ലാതിരുന്ന ഇന്ത്യ ഗേറ്റ് പരിസരത്ത് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചുകൊണ്ട് വോളണ്ടിയർമാരായ കോളജ് കുട്ടികൾ ചേർന്ന് തിടുക്കത്തിൽ കുറച്ച് മാലിന്യങ്ങൾ എത്തിച്ചു വിതറി.തുടർന്ന് അവയെല്ലാം സ്വയം പെറുക്കിയെടുത്ത് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം സ്വഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത് സ്വഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായാണ് അൾഫോൺസ് കണ്ണന്താനം ഇന്ത്യാഗേറ്റ് വൃത്തിയാക്കാൻ ഞായറാഴ്ച എത്തിയത്. ഏറ്റവും വ്യത്തിയുള്ള സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യാ ഗേറ്റ് പരിസരം. ഇവിടെ വൃത്തിയാക്കലിന് ടൂറിസം മന്ത്രി തെരഞ്ഞെടുത്തതിനെയാണ് കളിയാക്കുന്നത്.

ഇവിടെ വൃത്തിയാക്കാൻ ചവറുകളൊന്നും ഇല്ലായിരുന്നു. ഇതോടെയാണ് ചവർ തന്നെ മന്ത്രിക്കായി എത്തിയത്. വളണ്ടിയർമാർ ശേഖരിച്ച് എത്തിച്ച കുപ്പികളും പാന്മസാല പാക്കറ്റുകളും പെറുക്കി കാമറയ്ക്കു മുന്നിൽ ശുചിത്വ സന്ദേശം നൽകിയാണ് അദ്ദേഹം മടങ്ങിയത്. മന്ത്രിയെ ഇന്ത്യാഗേറ്റിലുണ്ടായിരുന്ന ജനങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാനും സാധിച്ചില്ല. എങ്കിലും സമീപത്തെ തട്ടുകടക്കാരോടും മറ്റും പ്രദേശം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കണ്ണന്താനം ഓർമ്മിപ്പിച്ചു.

ടൂറിസം മന്ത്രാലയം പ്രമുഖരെ ഉപയോഗിച്ചുള്ള 14 ദിവസത്തെ വൃത്തിയാക്കൽ യജ്ഞത്തിനായി തിരഞ്ഞെടുത്ത 15 ടൂറിസ്റ്റ് പ്രദേശങ്ങളിൽ ഒന്നാണ് ഇന്ത്യാഗേറ്റ്. 'ഇന്ത്യാഗേറ്റ് വൃത്തിയാക്കാനാണ് ഞങ്ങളിന്ന് ഇവിടെയെത്തിയത്. രാജ്യത്തുടനീളം ശുചിത്വ യജ്ഞം നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് കാമ്പയിൻ കൊണ്ടുദ്ദേശിക്കുന്നത്. സർക്കാർ ജീവനക്കാർ മാത്രമല്ല എല്ലാവരും ഇതിൽ പങ്കാളികളാവണം'. 'വർഷത്തിലൊരിക്കൽ കാമറയ്ക്കു മുമ്പിൽ മാത്രമല്ല വർഷത്തിലെല്ലാ ദിവസവും വൃത്തിയാക്കൽ പ്രക്രിയ തുടർന്നു കൊണ്ടു പോവണം', കണ്ണന്താനം പറഞ്ഞു.