തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബിജെപിയും സിപിഎമ്മും നേർക്കുനേർ നിന്ന് പോരാടുകയാണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ ശബരിമലയെ രക്ഷിക്കുക, നിരോധനാജ്ഞ പിൻവലിക്കുക.. എന്നീ മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്നത്. നിരാഹാര സമരം ഇന്ന് എട്ടാം ദിവസത്തേക്ക് കടനന്നിട്ടുണ്ട്. സമരം ഒത്തു തീർപ്പാക്കുന്നതിന്റെ ഭാഗമായി ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും അതൊന്നും വിജയിച്ചിട്ടില്ല. ഇതോടെയാണ് ബിജെപി ഇന്ന് അക്രമസമരത്തിലേക്ക് നീങ്ങിയത്. ഇന്ന് ബിജെപി റാലിക്കിടെ ലാത്തിച്ചാർജ്ജും സംഘർഷവും ഉണ്ടായി.

അണികൾ ശബരിമല വിഷയത്തിൽ നടുറോഡിൽ തല്ലുകൊള്ളുമ്പോൾ തന്നെ പ്രശ്‌നം തീർക്കാൻ സർക്കാർ ഇടപെടലിന് അനുമതി തേടി ബിജെപി നേതാക്കൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സെക്രട്ടറിയേറ്റിൽ എത്തിയാണ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ഒ രാജഗോപാലുമാണ് സമവായ ചർച്ച നടത്തിയത്. എന്നാൽ, മുഖ്യമന്ത്രി തന്റെ നിലപാടിൽ ഉറച്ചു നിന്നതോടെ എ എൻ രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാനുള്ള നീക്കവും പൊളിഞ്ഞു. ബിജെപി ന്യൂനപക്ഷ സെൽ നേതാവും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചയിൽ പങ്കെടുത്തു.

ചർച്ചയിൽ ശബരിമലയിൽ പ്രഖ്യാപിച്ചിരിക്കുന്ന 144 പിൻവലിക്കണമെന്നും സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ ശബരിമലയുമായി ബന്ധപ്പെട്ടു ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കണമെന്നും അൽഫോൻസ് കണ്ണന്താനം ആവശ്യപ്പെട്ടു. ചർച്ചയുടെ വീഡിയോയും ചിത്രങ്ങളും അൽഫോൻസ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അദ്ദേഹം പുറത്തുവിട്ട വീഡിയോയിൽ നിന്നും തന്നെ വ്യക്തമാകുന്ന കാര്യം ചർച്ച പൊളിഞ്ഞു എന്നതാണ്.

അൽഫോൻസും രാജഗോപാലും മുഖ്യമന്ത്രിയോട് പല കാര്യങ്ങളും പറഞ്ഞെങ്കിലും മുഖ്യമന്ത്രി തമാശയായി കണ്ട് ചിരിക്കുന്നതാണ് വീഡിയോയിൽ വ്യക്തമാകുന്നത്. ശബരിമലയിലെ സംഘർത്തെ കുറിച്ചായിരുന്നു മുഖ്യമന്ത്രിയുമായി ഇരുവരും സംസാരിച്ചത്. ശബരിമലയിലെ നാമജപക്കാരെ പ്രതിഷേക്കാരായി കാണരുതെന്നായിരുന്നു ബിജെപി നേതാക്കളുടെ ആവശ്യം. എന്നാൽ, മുഖ്യമന്ത്രി ഈ ആവശ്യം തള്ളുകയും ചെയ്തു.

ശബരിമലയിൽ ഒരു കാലത്തും നാമജപമില്ലെന്നും ശരണം വിളിയേ ഉള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ ഈ ശരണം വിളിയെയാണ് നാമജപമെന്ന് പറയുന്നതെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തിരിച്ചടിച്ചു. എങ്കിലും മുഖ്യമന്ത്രി തന്റെ നിലപാട് മാറ്റിയില്ല, നാമജപം വേറെയുണ്ട് ശരണം വിളി വേറെയുണ്ടെന്ന് ആവർത്തിക്കുകയായിരുന്നു പിണറായി. ചിരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതിനിടെ ശരണം വിളിക്കുന്നവരെയാണ് ക്രിമിനലുകളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുന്നതെന്ന് വാദിച്ച് ഒ രാജഗോപാൽ എംഎൽഎയും പറഞ്ഞു. എങ്കിലും ഈ വിഷയം എങ്ങനെയെങ്കിലും തീർത്തു തരണം എന്നു തന്നെയാണ് കണ്ണന്താനം ആവശ്യപ്പെട്ടത്. ഇതോടെ ശബരിമലയിലെ അനുരജ്ഞന ചർച്ച പൊളിയുകയും ചെയ്തു.

പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ നടത്തുന്ന സമരത്തോട് മുഖം തിരിക്കുന്ന മുഖ്യമന്ത്രിയാണ് ബിജെപി നേതാക്കളുമായി ചർച്ചക്ക് തയ്യാറായതാണെന്നും ശ്രദ്ധേയമാണ്. നേരത്തെ എഎൻ രാധാകൃഷ്ണന് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം സമരപന്തൽ സന്ദർശിച്ച വേളയിൽ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന് ഷുഗർ കുറവാണ്. അവയവങ്ങളുടെ പ്രവർത്തനം മോശമാണെന്ന് ഡോക്ടർമാർ പറഞ്ഞതായും കണ്ണന്താനം വ്യക്തമാക്കി.

ഞങ്ങളുടെ പ്രിയസുഹൃത്ത് നിരാഹാരം കിടക്കുന്നതിന് പരിഹാരമുണ്ടാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇത് കേരളത്തിലെ എല്ലാ ആളുകളുടെയും വിശ്വാസത്തിന്റെ പ്രതിനിധിയായാണ് ഒരാൾ ഇവിടെ കിടക്കുന്നത്. എനിക്ക് മനസിലാകുന്നില്ല എന്തുകൊണ്ട് ആരാധനാ സ്വാതന്ത്ര്യത്തെ തടയുന്നതെന്ന്. വിശ്വാസികൾക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കുകയും വേണം. പൊലീസിനെ ഇറക്കി ഇവരെ വിരട്ടിയോടിക്കാം നിശബ്ദരാക്കാം എന്ന രീതിയൊന്നും ഇവിടെ നടക്കില്ല. കേരള ജനത ഒരുമിച്ച് നിന്ന് വിശ്വസിക്കുന്ന ഈ വിഷയത്തിൽ ഉടൻ പരിഹാരമുണ്ടാകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്. ജനാധിപത്യത്തിൽ ജനങ്ങളുടെ വിശ്വാസത്തിനനുസരിച്ച് പ്രവർത്തിക്കണം. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ്. ജനങ്ങളുടെ വികാരമനുസരിച്ച് പെരുമാറണം.- കണ്ണന്താനം പറഞ്ഞു.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം എന്നാവിശ്യപ്പെട്ട് എംഎൽഎമാരുടെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ധാർഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും സമീപനമാണ് സർക്കാരിന്റേത്. സഭ നിർത്തിയത് അഴിമതി പുറത്തുവരുമെന്ന സർക്കാരിന്റെ ഭയം കൊണ്ടാണന്നും ചെന്നിത്തല പറഞ്ഞു. അടിയന്തരപ്രമേയ നോട്ടിസ് സർക്കാരിന്റെ അഴിമതി തുറന്നുകാട്ടുന്നതായിരുന്നുവെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

തുടർച്ചയായ 6ാം ദിവസവും സഭ സ്തംഭിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നും, യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹം ഒത്തുതീർക്കണമെന്നാവിശ്യപ്പെട്ടാണ് യുഡിഎഫ് സഭയിൽ പ്രതിഷേധിച്ചത്. യുഡിഎഫ് പ്രതിഷേധം സഭയുടെ നടുത്തളത്തിലേക്ക് നീങ്ങി. ഇതേത്തുടർന്ന് ചോദ്യോത്തരവേള റദ്ദാക്കി. എന്നാൽ സഭാനടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കർ പി. ശ്രീരാമക്യഷ്ണൻ ആവിശ്യപ്പെട്ടിരുന്നു.