കൊച്ചി: ആധാർ വിഷയത്തിൽ അൽഫോൻസ് കണ്ണന്താനം നടത്തിയ പരാമർശം വിവാദമാകുന്നു. ആധാറിനെ അമേരിക്കയിലെ വിസാ പരിശോധനകളിലൊന്നായ ബോഡി സ്‌കാനുമായി ഉപമിച്ച അൽഫോൻസിന്റെ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. ആധാറിനായി സർക്കാർ എന്തെങ്കിലും വ്യക്തി വിവരങ്ങൾ ആരാഞ്ഞാൽ ജനം പറയും സ്വകാാര്യതയിലേക്ക് കടന്നു കയറി എന്ന്.

എന്നാൽ അമേരിക്കയിൽ ചെന്ന് സായിപ്പന്മാരുടെ മുന്നിൽ സുരക്ഷാ പരിശോധനയ്ക്കായി നഗ്നരായി നിൽക്കാൻ ആർക്കും ഒരു മടിയും ഇല്ലെന്നാണ് അൽഫോൻസ് കണ്ണന്താനം പരാമർശിച്ചത്. അമേരിക്കയിൽ എത്തിയാൽ തങ്ങളുടെ ഫിംഗർ പ്രിന്റ് പതിപ്പിക്കുന്നതിനോ നഗ്നരായി ഒരു സായിപ്പിന് മുന്നിൽ നിൽക്കുന്നതിനോ ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ല.

ഞാൻ അമേരിക്കൻ വിസയ്ക്ക് അപേക്ഷിച്ചപ്പോൾ 10 പേജുകളാണ് പൂരിപ്പിക്കേണ്ടി വന്നത്. എന്റെ അപ്പൂപ്പൻ എവിടെയാണ് ജനിച്ചതെന്ന വിവരം വരെ അമേരിക്കൻ വിസയ്ക്ക് അപേക്ഷിച്ചപ്പോൾ നൽകേണ്ടി വന്നു. കഴിഞ്ഞ പത്ത് വർഷം എവിടെയൊക്കെ യാത്ര നടത്തി എന്നും എന്തിനാണ് യാത്രകൾ നടത്തി എന്നതടക്കം വിവരങ്ങൾ നൽകണം.

അമേരിക്കയിൽ ചെല്ലുമ്പോൾ ഫിംഗർ പ്രിന്റ് പതിപ്പിക്കുന്നതിലോ ഒരു സായിപ്പിന് മുന്നിൽ ഉടുതുണി ഉരിഞ്ഞ് ശരീരം മുഴുവൻ കാണിച്ച് നഗ്നനായി നിൽക്കുന്നതിലോ ആരും ഒരു പ്രശ്‌നവും കാണുന്നില്ല. എന്നാൽ ഇന്ത്യൻ സർക്കാർ പേരോ വിലാസമോ ചോദിച്ചാൽ അപ്പോൾ തുടങ്ങും അത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ആരോപിച്ചുള്ള പ്രക്ഷോഭങ്ങൾ എന്നുമാണ് അദ്ദേഹം കൊച്ചിയിൽ പറഞ്ഞത്.

എന്നാൽ ഞായറാഴ്ച എത്തിയതോടെ താൻ പറഞ്ഞത് എന്താണെന്ന് ജനത്തിന് മനസ്സിലായിട്ടില്ല എന്നുപറഞ്ഞാണ് അദ്ദേഹം രംഗത്ത് എത്തിയത്. ആധാർ വിവരങ്ങൾ ഒരിക്കലും ചോരില്ലെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അൽഫോൻസിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേർ രംഗത്തെത്തി.

മുൻ ജമ്മൂ കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇതിനോട് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. യുഎസ് വിസയ്ക്ക് നമുക്ക് വേണമെങ്കിൽ അപേക്ഷിച്ചാൽ മതി. അമേരിക്കയിലെ ബോഡി സ്‌കാൻ നമുക്ക് ഇഷ്ടമല്ലെങ്കിൽ അമേരിക്കയിലേക്ക് പോെേകണ്ടന്ന് വയ്ക്കാനുള്ള അവകാശം നമുക്കുണ്ട് എന്നാൽ ഇന്ത്യയിൽ ചെയ്യുന്നത് എന്താണ്. നമ്മുടെ വിവരങ്ങൾ നിർബന്ധമായും ഷെയർ ചെയ്യണമെന്നാണ് സർക്കാർ പറയുന്നത്.

130 കോടി ഇന്ത്യക്കാരിൽ വളരെ കുറച്ച് പേർമ മാത്രമാണ് അമേരിക്കൻ വിസ നേടുന്നത്. പ്രതിപക്ഷ സ്ഥാനത്ത് ഇരുന്നപ്പോൾ ആധാറിനെ എതിർത്തവരാണ് ബിജെപിക്കാർ എന്നും എംബി രാജേഷ് എംപി പറഞ്ഞു.

എന്നാൽ ഞായറാഴ്ച തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിൽ ആധാർ പൂർണ സുരക്ഷിതമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ബയോമെട്രിക്ക് സിസ്റ്റത്തിൽ നിന്നും ഒരാളുടെയും വിവരങ്ങൾ ചോർന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നരേന്ദ്ര മോദി ആപ്പിലൂടെയും ജനങ്ങളുടൈ വ്യക്തി വിവരങ്ങൾ ചോർന്നു എന്ന വാർത്തയും അദ്ദേഹം നിഷേധിച്ചു