ഡൽഹി: മേഘാലയ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ചുമതലക്കാരനായി കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ അൽഫോൻസ് കണ്ണന്താനത്തെ നിയോഗിച്ചു. കേന്ദ്രസഹമന്ത്രി സ്ഥാനം നൽകി ദിവസങ്ങൾക്കുള്ളിലാണ് അടുത്ത വർഷം നടക്കുന്ന മേഘാലയ നിയമസഭ തിരഞ്ഞെടുപ്പ് ചുമതല കൂടി നൽകിയിരിക്കുന്നത്.

ശനിയാഴ്ചയാണ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കാൻ ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചത്. പുതിയ സ്ഥാനാരോഹണത്തിന് ശേഷം ദിവസം ഒന്ന് കഴിഞ്ഞപ്പോഴാണ് കണ്ണന്താനത്തെ തേടി അടുത്ത ചുമതലയെത്തിയത്. 2018 ഏപ്രിലിലാണ് സംസ്ഥാനത്തെ 60 നിയമസഭ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 6 വരെയാണ് മേഘാലയ നിയമസഭയുടെ കാലാവധി.

മോദിയുടെ ശബ്ദവും പദ്ധതികളും മേഘാലയയിലെത്തിക്കുകയാണ് തന്റെ ദൗത്യമെന്ന് കണ്ണന്താനം പറഞ്ഞു. നിലവിൽ കോൺഗ്രസാണ് മേഘാലയ ഭരിക്കുന്നത്. കേരളാ ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വിരുന്നിന് ശേഷമാണ് കണ്ണന്താനം പുതിയ ചുമതലയുടെ സന്തോഷം മാധ്യമ പ്രവർത്തകരുമായി പങ്ക് വച്ചത്. കൂടെ തനിക്ക് മുഖ്യമന്ത്രിയോടുള്ള കടപ്പാടും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

തന്നെ വിശ്വാസത്തിലെടുത്ത് തിരഞ്ഞെടുപ്പിന്റെ സംഘടനാ ചുമതല കൂടി തന്നെയേൽപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് അൽഫോൻസ് കണ്ണന്താനം മാധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് നേരിടാനുള്ള ഒരുക്കങ്ങൾ പൂർത്തീകരിക്കാൻ ബിജെപി പ്രവർത്തകർക്കും നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് പ്രഭാരിമാരായി അരുൺ ജെയ്റ്റ്‌ലി(ഗുജറാത്ത്),പ്രകാശ് ജാവ്‌ദേക്കർ(കർണാടക), തവർചന്ദ് ഗെലോട്ട്(ഹിമാചൽ പ്രദേശ്) എന്നിവരെ നേരത്തെ നിയമിച്ചിരുന്നു.

മോദി സർക്കാരിന്റെ മൂന്നാം മന്ത്രിസഭ പുനഃസംഘടനയോടെയാണ് കേരളത്തിൽ നിന്നുള്ള അൽഫോൻസ് കണ്ണന്താനം കേന്ദ്ര ക്യാബിനറ്റിൽ ഇടം നേടിയത്. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയും ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പിന്റെ സഹമന്ത്രി സ്ഥാനവുമാണ് കണ്ണന്താനത്തിനുള്ളത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സത്യപ്രതിജ്ഞ ചൊല്ലി കണ്ണന്താനം ചുമതലയേറ്റത്.