- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20,000 രൂപയുടെ മത്സ്യം നഷ്ടപ്പെട്ടു; സംഘർഷത്തെ തുടർന്നുള്ള കേസുകൾ പിന്നാലെയും; വീഴ്ച്ചയിൽ ഇടതു കൈ ചതഞ്ഞതിന്റെ പരിക്കേ വേറെയും; അഞ്ചു പേരടങ്ങുന്ന കുടുംബത്തിന്റെ വയറു നിറയ്ക്കാൻ മീൻകുട്ടയുമായി കച്ചവടത്തിന് ഇറങ്ങിയ അൽഫോൻസിയക്ക് നഷ്ടക്കണക്കുകൾ മാത്രം
ആറ്റിങ്ങൽ: അഞ്ചു പേരടങ്ങുന്നു കുടുംബത്തിന്റെ വയറു നിറയ്ക്കാൻ വേണ്ടിയാണ് അൽഫോൻസിയ മീൻകുട്ടയുമായി റോഡരികിൽ കച്ചവടത്തിന് ഇറങ്ങിയത്. എന്നാൽ, അതിന്റെ പേരിൽ എല്ലാം കൊണ്ടും നഷ്ടങ്ങൾ മാത്രമാണ് അവർക്കുണ്ടായത്. നഗരസഭാ ജീവനക്കാരിൽ നിന്നും അതിക്രമവും അവഹേളനവും നേരിട്ട മത്സ്യവിൽപനക്കാരിക്ക് പരിക്കേറ്റ് വീട്ടിൽ വിശ്രമത്തിലായി.
പരുക്കിന്റെ വേദന ശരീരത്തിലും ഏറ്റ അപമാനത്തിന്റെയും അനീതിയുടെയും വേദന മനസ്സിലും. കയ്യിലെ അസ്ഥിക്കു പൊട്ടലുണ്ട്. വേദന കലശലായതോടെ ഇടയ്ക്കു ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോയെങ്കിലും ഡോക്ടറില്ലാഞ്ഞതിനാൽ മടങ്ങിപ്പോന്നു. കടം വാങ്ങി കച്ചവടം നടത്തുന്ന ഇവർക്ക് 20,000 രൂപയുടെ മത്സ്യം നഷ്ടപ്പെട്ടത് ഓർക്കാൻ പോലുമാവുന്നില്ലെന്ന് അൽഫോൻസിയ പറയുന്നു.
'വില കൂടിയ മീനാണ്, കളയരുതെടാ, ഇനി എനിക്ക് അവർ കടം തരില്ലല്ലോ' എന്നൊക്കെ ഞാൻ കാലുപിടിച്ചു പറഞ്ഞു. പക്ഷേ... വേദന പങ്കു വയ്ക്കുമ്പോൾ അൽഫോൻസയുടെ വാക്കുകൾ മുറിയുന്നു. മാധ്യമങ്ങളിലെല്ലാം വാർത്തയായിട്ടും വനിതാ കമ്മിഷൻ അംഗങ്ങൾ അടക്കം ആരും ഈ വനിതയെ അന്വേഷിച്ചെത്തിയില്ലെന്നതിൽ നാട്ടുകാർക്കുമുണ്ട് അമർഷം. അഞ്ചു പേരടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് അൽഫോൻസിയ. ഭർത്താവ് സേവ്യർ 6 വർഷം മുൻപ് നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം മീൻപിടിക്കാൻ പോകുന്നില്ല.
കോവിഡ്കാലമായതോടെ ചന്ത തുറക്കാതായി. വഴിയരികിലിരുന്നത് അതുവഴി പോകുന്ന വണ്ടിക്കാരെക്കൂടി മനസ്സിൽ കണ്ടാണ്. ടോൾമുക്കിലെ കച്ചവടംകഴിഞ്ഞ് തെരുവ് ജങ്ഷനിലെത്തി രണ്ടുപേർക്ക് മീൻ നൽകിയപ്പോഴേ നഗരസഭയിൽനിന്ന് ആളെത്തി. മൂന്ന് ചരുവത്തിൽ മീനുണ്ടായിരുന്നതിനാൽ എടുത്തുകൊണ്ട് ഓടാൻ കഴിഞ്ഞില്ല. ഒരു ചരുവമെടുത്ത് തലയിൽവെച്ചപ്പോൾ ജീവനക്കാരിലൊരാൾ ചരുവത്തിൽ പിടിച്ചു അത് താഴെവീണു. ചരുവവും മീനും വലതുകൈയിലിടിച്ചാണ് വീണത്. കൈ ചതഞ്ഞിട്ടുണ്ട്. റോഡിൽവീണ് ഇടതുകൈയ്ക്കും പരിക്കേറ്റു. വലിയവിലകൊടുത്തുവാങ്ങിയ കൊഞ്ച് കൊണ്ടുപോകല്ലേയെന്ന് പറഞ്ഞിട്ടും കേട്ടില്ല. അതുമെടുത്ത് വണ്ടിയിൽ കയറ്റിയപ്പോഴാണ് തടയാൻ ശ്രമിച്ചത്. ആർക്കും ഒരുപദ്രവവുമുണ്ടാക്കാതെയാണ് കച്ചവടം നടത്തിയിരുന്നതെന്ന് അൽഫോൻസിയ പറയുന്നു.
മീൻലേലംകൊണ്ട് ആറ്റിങ്ങലിൽ കച്ചവടത്തിനെത്തിക്കുമ്പോൾ മീൻവിലയ്ക്ക് പുറമേ 2000 രൂപ ചെലവുവരും. ഐസിനും വണ്ടിക്കൂലിക്കും ഉൾപ്പെടെയുള്ള ചെലവാണിത്. കോവിഡിനുമുമ്പ് ലേലംകൊണ്ട് മീനെടുത്താൽ അഞ്ചോ ആറോ ദിവസം കഴിഞ്ഞ് പണംകൊടുത്താൽമതിയായിരുന്നു. ഇപ്പോൾ മുഴുവൻ പണവും ആദ്യമേ കൊടുക്കണം. ദിവസച്ചിട്ടിക്ക് പണംകടമെടുത്താണ് മീൻവാങ്ങുന്നത്. ദിവസവും 500 രൂപ ചിട്ടിക്ക് കൊടുക്കണം. രാവിലെ വീട്ടിൽനിന്ന് ചായകുടിച്ചിട്ടുപോയാൽ രാത്രി എട്ടുമണിയോടെ തിരികെയെത്തിയിട്ടാണ് എന്തെങ്കിലും കഴിക്കുന്നത്. ഇടയ്ക്ക് വെറുംചായമാത്രമാണ് ആഹാരം.
ഗ്രാമപഞ്ചായത്തധികൃതർ വീട്ടിലെത്തി അൽഫോൻസിയയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പരാതികൊടുത്തിട്ടുണ്ട്. നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. കൈ സുഖപ്പെട്ടാലേ ഇനി കച്ചവടത്തിനിറങ്ങാനാകൂ. അതുവരെ എങ്ങനെ ചെലവുകഴിയുമെന്നറിയില്ല. പലരും വാങ്ങിയ മീനിന്റെ പണംനൽകാനുണ്ട്. ആരും പറ്റിക്കില്ല. ചിലർ ചന്തയിൽ കൊണ്ടുവന്ന് പണംതരും. ആരുടെ കൈയിലും പണമില്ലാത്തതിനാലാണ് തരാൻ വൈകുന്നത്. -അവർ പറഞ്ഞു.
ഇവർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. മത്സ്യക്കച്ചവടം ഒഴിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ ഇരുവിഭാഗവും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു കേസുകൾ. ജോലി തടസ്സപ്പെടുത്തിയതായി ആറ്റിങ്ങൽ നഗരസഭ നൽകിയ പരാതിയിന്മേൽ അൽഫോൻസിയ, 3 ഓട്ടോ ഡ്രൈവർമാർ എന്നിവരെ പ്രതികളാക്കി പൊലീസ് കേസ് എടുത്തു. മർദിച്ചതായി അൽഫോൻസിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 3 നഗരസഭ ജീവനക്കാർക്കെതിരെയും കേസ് എടുത്തു.
അതേസമയം മത്സ്യവിൽപന സംഘർഷത്തിലെത്തിയ അവനവൻഞ്ചേരി ജംക്ഷനിലെ അതേ സ്ഥലത്തും പരിസരത്തും ഇന്നലെയും മത്സ്യക്കച്ചവടം നടന്നു. എന്നാൽ കടുത്ത നടപടിക്കു നഗരസഭ മുതിർന്നില്ല. ഉച്ചയ്ക്കു നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ഇന്ന് മുതൽ വഴിയോര കച്ചവടം പാടില്ലെന്നു നിദേശം നൽകി. ഇതു കർശനമായി നടപ്പാക്കുമെന്ന് നഗരസഭ അധ്യക്ഷ എസ്.കുമാരി പറഞ്ഞു. എന്നാൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചന്തകളിലെ ആൾക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് നടപടി എടുക്കുന്നതിനാലാണു വഴിയോര കച്ചവടം തുടങ്ങിയതെന്നാണു വിൽപനക്കാർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ