തിരുവനന്തപുരം: കാൻസർ രോഗത്തിന് എന്താണ് ഏറ്റവും മികച്ച ചികിത്സ? ശാസ്ത്രലോകം അംഗീകരിച്ച ചികിത്സാ രീതി അലോപ്പതി ചികിത്സ തന്നെയാണ്. എന്നാൽ, എറ്റെന്ത് രോഗവുമെന്ന പോലും കാൻസറിനെ ഭേദപ്പെടുത്താൻ പച്ചമരുന്ന് ചികിത്സ പരീക്ഷിച്ചവരാണ് മലയാളികൾ. ലക്ഷ്മി തരുവിന്റെയും മുള്ളാത്തയുടെയും പേര് പറഞ്ഞാണ് പ്രകൃതിചികിത്സ എന്ന പേരിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രചരണങ്ങൾ നടത്തിയത്. ഈ രണ്ട് ഔഷധങ്ങളും കഴിച്ച് രോഗം മാറിയെന്ന പ്രചരണവും അതിശക്തമായിരുന്നു. എന്നാൽ, ഇങ്ങനെ രോഗം മാറിയവർ എത്രപേര് ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് എന്ന ചോദിക്കുമ്പോഴാണ് പ്രകൃതി ചികിത്സയുടെ പേരിലെ തട്ടിപ്പിനെ കുറിച്ച് വ്യക്തമാകുക. ഏറ്റവും ഒടുവിൽ പുറത്തുവന്ന ഒരു മരണവാർത്ത കേരളത്തിലെ കാൻസർ രോഗികളുടെയെല്ലാം കണ്ണ് തുറപ്പിക്കേണ്ടതാണ്.

ലക്ഷ്മി തരുവും മുള്ളാത്തയും കാൻസർ ഭേദപ്പെടുത്തുമെന്ന പ്രചരണം നയിച്ച തൃശ്ശൂർ ഒല്ലൂർ സ്വദേശിയായ സെബി വല്ലച്ചിറക്കാരനാണ് ഒടുവിൽ കാൻസർ ബാധിച്ച് മരിച്ചത്. അർബുദത്തിനെതിരെ പോരാട്ടമെന്ന നിലയിൽ ലക്ഷ്മി തരുവിന്റെയും മുള്ളാത്തയുടെയും പ്ചരാകനായിരുന്നു സെബി. രണ്ട് വർഷം മുമ്പ് കാൻസർ ബാധിച്ച സെബി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആദ്യ ഘട്ടത്തിൽ റേഡിയേഷൻ ചികിത്സയാണ് നടത്തിയത്. ഉമിനീർ ഗ്രന്ഥിയിലാണ് സെബിക്ക് ക്യാൻസർ ബാധിച്ചത്. പിന്നീട് ഇദ്ദേഹം ലക്ഷ്മി തരുവിന്റെയും മുള്ളാത്തയും ഉപയോഗിച്ച് ചികിത്സ നടത്തി.

മണ്ണുത്തി കാർഷിക സർവകലാശാലയിലെ റിട്ട. പ്രൊഫസർ അഗസ്റ്റിന്റെ നിർദ്ദേശത്തെ തുടർന്നാണ് സെബി ലഷ്മി തരുവിന്റെയും മുള്ളാത്തയുടെയും പ്രചാരകനായത്. സെബിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പൾസ് സ്വാന്തന സ്പർശമെന്ന സംഘടനയുടെ നേതൃത്വത്തിൽ കർണാടകയിൽ നിന്ന് ആയിരക്കണക്കിന് ലക്ഷ്മി തരു ചെടികൾ ഇറക്കിയ സെബി രോഗികൾക്ക് അത് സൗജന്യമായി വിതരണം ചെയ്തു. ഇതോടെ ഈ പ്രകൃതി ചികിത്സയുടെ വക്താക്കളായി നിരവധി പേർ എത്തി.

തൃശ്ശൂരിലെ അഞ്ചേരിയെന്ന ഗ്രാമം മുഴുവൻ ഇത്തരത്തിൽ മുള്ളാത്തയുടെയും ലക്്മി തരുവിന്റെയും വക്താക്കളായി മാറി. എല്ലാ വീടുകളിലും ഇത്തരം ചെടികൾ നട്ടു വളർത്തുകയും ചെയ്തു. ഇതിനിടെ ചില മാദ്ധ്യമങ്ങൾ പോലും ഈ ഔഷധങ്ങളുടെ വക്താക്കളി രംഗത്തെത്തി. സെബിയുടെ ജീവിതം ചൂണ്ടി വലിയ ലേഖനങ്ങളും പത്രങ്ങളിൽ വന്നു. കാൻസറിനെ അതിജീവിക്കാനുള്ള മൃതസ്ഞീജിവിനി എന്ന വിധത്തിലായിരുന്നു പ്രചരണങ്ങൾ. എന്തായാലും ഇത്തരം പ്രചരണങ്ങളുടെയെല്ലാം സാംഗത്യത്തെ ചോദ്യം ചെയ്യുന്നതാണ് സെബിയുടെ മരണവും.

ലക്ഷ്മിതരുവിന്റെ ഇലയും മുള്ളാത്തയുടെ ഇലയും കഷായം വച്ചു കഴിച്ചാൽ കാൻസര് ഭേദപ്പെടുമെന്ന വിധത്തിൽ ഇപ്പോഴും പ്രചരണം ശക്താണ്. കാൻസർ മാറാൻ ആഫ്രിക്കയിലെ ഗോത്രവർഗ്ഗക്കാർ ഉപയോഗിച്ചിരുന്ന ടോണിക്കാണിതെന്നും മറ്റും പ്രചരണം ഉണ്ടായത്. ചില അലോപ്പതി ഡോക്ടർമാർ പോലും ലക്ഷ്മി തരു ചികിത്സയെ അനുകൂലിച്ച് രംഗത്തുവന്നിരുന്നുവെന്ന പ്രചരണവുമുണ്ടായി. എന്തായാലും ലക്ഷ്മി തരുവിനം മുള്ളാത്തയ്ക്കും മുമ്പിൽ കാൻസർ കീഴടങ്ങിയിട്ടില്ലെന്ന് തന്നെ വേണം കരുതാൻ.

ഒരിക്കൽ തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സിനിമാനടൻ ജിഷ്ണുവും മുള്ളാത്ത ലക്്ഷ്മി തരു ചികിത്സയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ലക്ഷ്മിത്തരു, മുള്ളാത്ത എന്നിവ രോഗം കൂടുതൽ വഷളാക്കിയന്നും കാൻസർ രോഗികൾ അലോപ്പതി ചികിത്സ സ്വീകരിക്കുകയാണ് വേണ്ടതെന്നും മറിച്ചുള്ള പ്രചരണങ്ങളിൾ വിശ്വസിക്കരുതെന്നുമാണ് ജിഷ്ണു പറഞ്ഞത്.

അർബുദത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതെന്ന നിലയിൽ പ്രചരിക്കുന്ന ലക്ഷ്മിത്തരു, മുള്ളാത്ത എന്നിവയാണ് തന്റെ രോഗം കൂടുതൽ വഷളാക്കിയതെന്നും ജിഷ്ണു രാഘവൻ തുറന്നു പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലെ പ്രചാരണവും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും നിർബന്ധവും മൂലമാണ് ഇവ പരീക്ഷിച്ചത്. ഇതുമൂലം ട്യൂമർ കുറഞ്ഞില്ലെന്ന് മാത്രമല്ല കൂടുതൽ വഷളാവുകയും ചെയ്തു. അർബുദം മാറ്റാനുള്ള മരുന്നെന്ന നിലയിൽ ഇത്തരം മരുന്നുകളെ ഒരിക്കലും നിർദ്ദേശിക്കരുതെന്നും ജിഷ്ണു പറഞ്ഞിരുന്നു.

അർബുദ ചികിത്സയെ നേരിടാൻ കീമോതെറാപ്പി തന്നെയാണ് നിലവിൽ ഏറ്റവും പോപ്പുലറായ മാർഗ്ഗം. ലക്ഷ്മി തരു കാൻസർ മാറ്റുമെന്ന പ്രചരണത്തോ ശാസ്ത്രലോകവും അംഗീകരിച്ചിരുന്നില്ല. ഇതേക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താതെ ഈ ചികിത്സാ മാർഗ്ഗം തിരഞ്ഞെടുക്കുന്നത് കാൻസർ രോഗികളെ കൂടുതൽ കുഴപ്പത്തിൽ ചാടിക്കുമെന്ന കാര്യം ഉറപ്പാണ്.