കൊച്ചി: കേരളത്തെ നടുക്കിയ കൂട്ടക്കൊലയായിരുന്നു, 2001 ജനുവരി ആറിന് ആലുവയിൽ നടന്നത്. ആലുവയിൽ മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ ജോസഫ്(47), ഭാര്യ ബേബി(42) മക്കളായ ജെയ്‌മോൻ (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊല്ലപ്പെട്ടത്.

കേസിൽ പ്രതിയായ ആന്റണിക്ക് വധശിക്ഷ ലഭിച്ചെങ്കിലും പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറച്ചു. കോടാലികൊണ്ട് പ്രതി ആന്റണി ഒരോരുത്തരെയായി തലക്ക് അടിച്ച് വീഴ്‌ത്തിയതും, മരിക്കാത്തവരെ ഷോക്കടിപ്പിച്ചും, കറിക്കത്തികൊണ്ട് ഞരമ്പ് മുറിച്ചും കൊന്നത് കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. പക്ഷേ അതിക്രൂരമായ ക്രിമനിൽ കേസ് എന്നതിന് ഉപരിയായി, അതിസങ്കീർണ്ണമായ സിവിൽ കേസുമാണ് ഈ സംഭവം ഉണ്ടാക്കിയത്. കാരണം മരിച്ച അഗസ്റ്റിന്റെ കോടികൾ വരുന്ന സ്വത്തുക്കളുടെ അവകാശികൾ ആരാണെന്ന തർക്കമാണ് 16 വർഷം നീണ്ടുനിന്ന കോടതി വ്യവഹാരങ്ങൾക്ക് ഇടയാക്കിയത്.

ആരാണ് ആദ്യം മരിച്ചത്?

നമ്മുടെ നിയമസംവിധാനത്തിന്റെ പോരായ്മയും ഇവിടെ വലിയ ചർച്ചയാവുന്നുണ്ട്. കുടുംബം ഒന്നാകെ മരണപെട്ടതിനാൽ കുടുംബസ്വത്തിന്റെ പിന്തുടർച്ചാവകാശം സംബന്ധിച്ച് സങ്കീർണ്ണതകൾ ഉണ്ടായി. അഗസ്റ്റിന്റെ അമ്മയും ഭാര്യയും മകനും മകളുമൊക്കെ കൊല്ലപ്പെട്ടതിനാൽ അഗസ്റ്റിന്റെ സഹോദരങ്ങളും ഭാര്യ ബേബിയുടെ സഹോദരങ്ങളമാണ് കേസിന്റെ നിയമപരമായ അവകാശികൾ. ഇവിടെയും പ്രശ്നം വന്നു.

ബന്ധുക്കൾ സംയുക്തമായി ഒത്തുതീർപ്പിലൂടെ സ്വത്ത് ഭാഗം വെക്കാൻ തീരുമാനിച്ചെങ്കിലും ആദ്യം ആരാണ് മരണമടഞ്ഞത് എന്നത് സംബന്ധിച്ച കാര്യത്തിൽ തീർപ്പാക്കാനാവാതെ ഭാഗം വെക്കാനാവില്ല എന്ന നിലപാടിൽ കോടതി എത്തിചേർന്നിരുന്നു. അതായത് ആദ്യം മരിച്ചത് ഭാര്യയാണെങ്കിൽ ഭർത്താവ് മുഴുവൻ സ്വത്തിന്റെയും ഉടമയായി തീരും. പിന്നീടാണ് ഭർത്താവ് മരിക്കുന്നതെന്നാൽ കുടംബത്തിന്റെ മുഴുവൻ സ്വത്തും ഭർത്താവിന്റെ അനന്തരവകാശികൾക്ക് ലഭിക്കും. ഇനി, ആദ്യം മരിക്കുന്നത് ഭർത്താവാണെങ്കിൽ ഭാര്യയുടെ ബന്ധുക്കൾക്കാണ് സ്വത്ത് പോവുക. പക്ഷേ ഇവിടെ ആരാണ് ആദ്യം മരിച്ചത് എന്ന് കൃത്യമായി കണ്ടെത്താനുമായില്ല.

അഗസ്റ്റിന്റെ സഹോദരങ്ങളും, ഭാര്യ ബേബിയുടെ ബന്ധുക്കളും സ്വത്തിൽ ഒരുപോലെ സ്വത്തിൽ അവകാശവാദം ഉന്നയിച്ചിരുന്നു. പക്ഷേ നിയമക്കുരുക്ക് പ്രശ്നമായി. ആരാദ്യം മരിച്ചുവെന്ന് തെളിയിക്കാനായില്ല. അങ്ങനെ 2001ൽ തുടങ്ങിയ സിവിൽ കേസ് 2015ലാണ് പരിഹരിച്ചത്. ഒടുവിൽ സ്വത്ത് കിട്ടിയതാവട്ടെ അഗസ്റ്റിന്റെ ബന്ധുക്കൾക്കും ആയിരുന്നു

കൊലയാളിയുടെ മൊഴി നിർണ്ണായകമായി

കൊലയാളി ആന്റണിയുടെ മൊഴിയിൽ ആദ്യം കോടാലികൊണ്ട് അടിച്ചത് അഗസ്റ്റിനെയാണെങ്കിലും ആദ്യം മരിച്ചത് ബേബിയാണെന്നതിന് സൂചനയുണ്ട്. തലക്ക് കിട്ടിയ ഒറ്റയടിക്ക് ബേബി തലപൊത്തിയിരുന്ന് ചോര വാർന്ന് മരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മെഡുല്ല ഒബ്ളാങ്കട്ടക്ക് ഏറ്റ മാരക ക്ഷതം പറയുന്നുണ്ട്. ഇങ്ങനെ ഒരു ക്ഷതം വന്നാൽ സെക്കൻഡുകൾ കൊണ്ട് മരിക്കുമത്രേ. പത്രങ്ങളിൽ മുട്ട് കുത്തി തലക്ക് കൈകൊടുത്ത് എന്ന രീതിയിൽ ഇരുന്ന മരിച്ച ബേബിയുടെ പടവും അടിച്ചുവന്നിരുന്നു. എന്നാൽ അഗസ്റ്റിൻ കോടലികൊണ്ടുള്ള വെട്ടേറ്റിട്ടും തൽക്ഷണം മരിച്ചില്ല. പിന്നെയും നിരവധി തവണ വെട്ടുകയും, കറിക്കത്തികൊണ്ട് ഞരമ്പ് മുറിച്ചുമൊക്കെയാണ് അഗസ്റ്റിന്റെ ജീവൻ എടുത്തതെന്നാണ് ആന്റണിയുടെ മൊഴി. പോസ്്റ്റുമോർട്ടം റിപ്പോർട്ടും ഇത് സ്ഥിരീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം മരിച്ചത് ബേബിയാണെന്ന് തീരുമാനിച്ചു. ഇതോടൊപ്പം മറ്റുകാര്യവും കോടതി പരിഗണിച്ചു. അഗസ്റ്റിന്റെ സ്ഥലവും കച്ചവടസ്ഥാപനങ്ങളും അടക്കമുള്ളത് പിതാവിൽ നിന്ന് കിട്ടിയ ഹെറിഡിറ്ററി പ്രോപ്പർട്ടിയായിരുന്നു.

പക്ഷേ ഇതൊന്നും സോളിഡ് എവിഡൻസ് ആയിരുന്നില്ല. അഗസ്റ്റിന്റെ ഭാര്യ ബേബിയുടെ ബന്ധുക്കൾ ഒബ്ജക്്റ്റ് ചെയ്തിരുന്നെങ്കിൽ പ്രശ്നമാവുമായിരുന്നു. അപ്പോഴേക്കും കേസിന് നടന്ന് ബേബിയുടെ ബന്ധുക്കൾക്കും മടുത്തിരുന്നു. 16 കൊല്ലമായി. അങ്ങനെ അഗസ്റ്റിന്റെ സ്വത്തിനെക്കുറിച്ച് ഒബ്ജക്ഷൻ വേണ്ട എന്ന ഇരുകൂട്ടരും തമ്മിൽ ധാരണയിൽ എത്തി. എങ്ങനെ ഈ സ്വത്തുകേസ് തീർക്കുമെന്ന് കോടതിക്കും അറിയില്ലായിരുന്നു. അങ്ങനെയാണ് അഗസ്റ്റിന്റെ സഹോദരങ്ങൾക്ക് സ്വത്ത് കിട്ടുന്നത്. അവർ ന്യായമായ കോമ്പൻസേഷൻ ബേബിയുടെ ബന്ധുക്കൾക്ക് കൊടുത്തതായാണ് അറിയുന്നത്.

കൊല്ലപ്പെടുന്ന സമയത്ത് അഗസ്റ്റിന് സ്വകാര്യ ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപമാണുണ്ടായിരുന്നത്. ഇന്നത് കോടികളായി മാറിയിട്ടുണ്ട്. അന്വേഷണത്തിനിടയിൽ വീട്ടിൽനിന്നും ബാങ്ക് ലോക്കറിൽനിന്നും പൊലീസ് സ്വർണാഭരണങ്ങൾ കണ്ടെടുത്തിരുന്നു. ഇത് കോടതിയിൽ തന്നെ സൂക്ഷിച്ചിരിക്കയാണെന്നാണ് നേരത്തെ റിപ്പോർട്ട് വന്നിരുന്നത്. എന്നാൽ ഇതും ഇപ്പോൾ ബന്ധുക്കൾ കൈപ്പറ്റിയിട്ടുണ്ട്.

കേസിന്റെ ആദ്യ കാലത്ത് ബന്ധുക്കളാണ് അഗസ്റ്റിനെ കൊന്നത് എന്നതായിരുന്നു നാട്ടുകാർ ഉറച്ച് വിശ്വസിച്ചിരുന്നത്. ബന്ധുക്കളും അഗസ്്റ്റിനും തമ്മിൽ സ്വത്ത് തർക്കം ഉള്ളതിനാൽ സംസാരിക്കുക പോലും ഉണ്ടായിരുന്നില്ല. പൊലീസിൽ നിന്നും വലിയ പീഡനമാണ് അഗസ്റ്റിന്റെ ബന്ധുക്കൾ ഉണ്ടായത്.ബേബിയുടെ ബന്ധുക്കളും അഗസ്റ്റിന്റെ ബന്ധുക്കളെ കുറ്റപ്പെടുത്തിയിരുന്നു. ഈ കേസിൽ വിധിപറഞ്ഞ, ജസ്റ്റിസ് കമാൽപാഷ സഫാരി ടിവിയിലെ 'ചരിത്രം എന്നിലുടെ' എന്ന പരിപാടിയിൽ ഈ സിവിൽ കേസിന്റെ സങ്കീർണ്ണതകളും പറയുന്നുണ്ട്്.

ഒരാൾക്ക് ഒറ്റക്ക് ആറുപേരെ കോല്ലാൻ കഴിയുമോ?

ഒരാൾക്ക് ഒറ്റക്ക് ആറുപേരെ കൊല്ലാൻ കഴിയുമോ എന്നതായിരുന്നു ആലുവ കൂട്ടക്കൊലയിൽ ഏറ്റവും നിർണ്ണയാകമായത്. കുടുംബാംഗത്തെപ്പോലെ കരുതിയിരുന്ന അഗസ്റ്റിന്റെ വീട്ടിൽ എപ്പോഴും കയറിയിറങ്ങുന്ന ആന്റണി ഇങ്ങനെ ചെയ്യുമോ എന്നായിരുന്നു പലരുടെയും സംശയം. പക്ഷേ, സാഹചര്യ തെളിവുകളും ശാസ്ത്രീയതെളിവുകളും പ്രതി ആന്റണി തന്നെയാണെന്ന് ഉറപ്പിച്ചു. ഒടുവിൽ വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തതോടെ കേരളം ഞെട്ടിയ കൂട്ടക്കൊലക്കേസിന്റെ ചുരുളഴിയാൻ തുടങ്ങി.

2001 ജനുവരി ആറിന് രാത്രിയോടെയാണ് ആന്റണി പൈപ്പ് ലൈൻ റോഡിലെ അഗസ്റ്റിന്റെ വസതിയിലെത്തുന്നത്. അഗസ്റ്റിന്റെ കുടുംബവുമായി ആന്റണിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന്റെ പേരിലാണ് അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണി വിദേശത്തേക്ക് പോകാൻ സഹായിക്കാമെന്നേറ്റത്. ഡിവോഴസിയായ കൊച്ചുറാണിയുമായി ആന്റണിക്ക് അടുപ്പവും ഉണ്ടായിരുന്നു. എന്നാൽ പണം ആവശ്യം വന്നപ്പോൾ നൽകില്ലെന്നായിരുന്നു കൊച്ചുറാണിയുടെ മറുപടി. ജനുവരി ആറിന് രാത്രിയും ഇതേ ആവശ്യവുമായാണ് ആന്റണി ഇവരുടെ വീട്ടിലെത്തിയത്. ആദ്യം വീട്ടുകാരുമായി സംസാരിച്ചിരുന്നു. പിന്നീട് അഗസ്റ്റിനും ഭാര്യയും മക്കളും സെക്കൻഡ് ഷോ സിനിമ കാണാനായി തിയേറ്ററിൽ പോയി. ഇതിനിടെ ആന്റണി കൊച്ചുറാണിയോട് പണം ആവശ്യപ്പെട്ടു. പണം തരില്ലെന്ന് കൊച്ചുറാണി ആവർത്തിച്ചതോടെ ആന്റണിയുടെ ഭാവംമാറി. അടുത്തിരുന്ന ഒറ്റച്ചവിട്ട് കൊടുത്തപ്പോൾ കൊച്ചുറാണി മറിഞ്ഞ് വീണുപോയി.

ഡൈനിങ്ങ്ഹാളിൽ പിറ്റേന്ന് ഞായറാഴ്ചക്കുള്ള ചില വിഭവങ്ങൾ ഒരുക്കുകയായിരുന്ന കൊച്ചുറാണി കറിക്കത്തിയുമായി എഴുന്നേറ്റതോടെ ഇത് തന്നെ കൊല്ലാനാണെന്നാണ് ആന്റണി ധരിച്ചത്. അയാൾ അടുത്തുണ്ടായിരുന്നു ഇരുമ്പ് സ്്റ്റൂൾ എടുത്തുകൊച്ചുറാണിയുടെ തലക്ക് അടിച്ച്. ബഹളം കേട്ട് എത്തിയ മാതാവ് ക്ലാരയെയും ആന്റണി അടിച്ചു വീഴീത്തി. അപ്പോഴും വീണു എന്നല്ലാതെ കൊച്ചു റാണി മരിച്ചിരുന്നില്ല. വീട്ടിലെ വാക്കെത്തിും കോടാലിയും എടുത്തുകൊച്ചുറാണിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. അമ്മയെയും അങ്ങിനെ ചെയ്തു. അഗസ്റ്റിൻ വീട്ടിൽനിന്ന് പോയത് തന്നെ കണ്ടുകൊണ്ടാണ്. അതുകൊണ്ട് ഇനി മറ്റുള്ളവരെയും അങ്ങനെ ചെയ്യാൻ തീരുമാനിക്കായായിരുന്നു. അല്ലാതെ താൻ ഈ കൊല നേരത്തെ പ്ലാൻ ചെയ്തിട്ടില്ലായിരുന്നുവെന്നാണ് ആന്റണി മൊഴി നൽകിയത്.

രാത്രി പന്ത്രണ്ടുമണിയോടെ വീട്ടിലെത്തിയ അഗസ്റ്റിനും ഭാര്യയും മക്കളും കണ്ടതുകൊച്ചുറാണിയുടെയും ക്ലാരയുടെയും ചോരയിൽ കുളിച്ച മൃതദേഹങ്ങൾ. പക്ഷേ, വീടിനുള്ളിൽ പതുങ്ങിയിരുന്ന ആന്റണി അവരെയും വെറുതെവിട്ടില്ല. നാലുപേരെയും ഒന്നൊന്നായി വെട്ടിനുറുക്കി. ആറുപേരും കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ പണം അപഹരിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മുംബൈ വഴി ദമാമിലുമെത്തി.

തൂക്കുമരം ജീവപര്യന്തമാവുന്നു

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി പ്രതി ആന്റണി തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. ആന്റണി തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചതോടെ ഇയാളെ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് ഫെബ്രുവരി 18ന് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കേസ് അന്വേഷണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടും കൊല്ലപ്പെട്ട ബേബിയുടെ ബന്ധുക്കൾ രംഗത്തെത്തി. സിബിഐയും വിശദമായ അന്വേഷണം നടത്തിയെങ്കിലും കൂടുതലായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ആന്റണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. വിചാരണകോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മാറ്റമുണ്ടായില്ല. എല്ലാ കോടതികളും വധശിക്ഷ ശരിവച്ചു. രാഷ്ട്രപതിക്ക് 2010-ൽ ദയാഹർജി നൽകിയെങ്കിലും അഞ്ചുവർഷത്തിനുശേഷം ഹർജി തള്ളി. സുപ്രീംകോടതിയിൽ ആദ്യംനൽകിയ പുനഃപരിശോധന ഹർജിയും പിന്നീട് തള്ളിയതോടെ ആന്റണിക്ക് തൂക്കുമരം ഉറപ്പായി.

മേൽക്കോടതികൾ വധശിക്ഷ ശരിവയ്ക്കുകയും ദയാഹർജി തള്ളുകയും ചെയ്ത സാഹചര്യത്തിൽ പൂജപ്പുര സെൻട്രൽ ജയിലിൽ ആന്റണിക്കായി കഴുമരം തയ്യാറാക്കുന്ന ജോലികൾ തുടങ്ങിയിരുന്നു. ശിക്ഷ നടപ്പിലാക്കാനായി ആരാച്ചാർമാരെ കണ്ടെത്തുകയും ഇവരെ പരിശീലനത്തിനായി തമിഴ്‌നാട്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ 2014ൽ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആർ.എം. ലോധയുടെ നിർണായക ഉത്തരവ് ആലുവ കൂട്ടക്കൊലക്കേസിലും വഴിത്തിരിവായി.

വധശിക്ഷയ്ക്കെതിരായ പുനഃപരിശോധന ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നായിരുന്നു അന്നത്തെ ഉത്തരവ്. ഇതോടെ 2014-ലെ ഉത്തരവിന്റെ ആനുകൂല്യം ആന്റണിക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വധശിക്ഷക്കെതിരെ നിലകൊള്ളുന്ന കൂട്ടായ്മകളും ചില അഭിഭാഷകരും വീണ്ടും സുപ്രീം കോടതിയിൽ ഹർജി നൽകി. 2016-ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആന്റണിയുടെ വധശിക്ഷ സ്റ്റേ ചെയ്തു. തുടർന്ന് പുനഃപരിശോധന ഹർജിയിൽ വാദം തുടരുകയും ജസ്റ്റിസ് മദൻ ബി. ലാക്കൂർ അധ്യക്ഷനായ ബെഞ്ച് 2018-ൽ വധശിക്ഷ ജീവപര്യന്തമായി ലഘൂകരിക്കുകയുമായിരുന്നു.

രാത്രികാലങ്ങളിൽ പലരും ഭയന്നു, മാഞ്ഞൂരാൻ വീട് ഇന്നില്ല

കൂട്ടക്കൊലയ്ക്കു ശേഷം പൈപ്പ് ലൈൻ റോഡിലെ വലിയ വീട്ടിൽ ആരും താമസിക്കാനെത്തിയില്ല. വർഷങ്ങളോളം വീടും സ്ഥലവും അനാഥമായി കിടന്നിരുന്നു. പ്രദേശം കാടു പിടിച്ചതോടെ രാത്രികാലങ്ങളിൽ അതുവഴി സഞ്ചരിക്കുന്നവർ പോലും ഏറെ ഭയന്നു. സാമ്പത്തികമായി ഏറെ മുന്നിട്ടുനിന്ന കുടുംബമായിരുന്നു അഗസ്റ്റിന്റേത്. ആലുവ റെയിൽവേ സ്റ്റേഷൻ റോഡിലെ സാന്റോ കോംപ്ലക്‌സിൽ ഒരു ഹാർഡ് വെയർ കടയും നടത്തിയിരുന്നു.

പൈപ്പ് ലൈൻ റോഡിലെ വീട് ഇതിനോടകം തന്നെ ഇടിഞ്ഞ് ഉപയോഗശൂന്യമായി മാറിയിരുന്നു. അഗസ്റ്റിന്റെ ഹാർഡ്വെയർ ഷോപ്പിന്റെയും ബിസിനസിന്റെയും കാര്യവും അങ്ങനെ തന്നെ. ആ ബിസിനസ് നശിച്ചു. കോടതി ഇത് പെട്ടെന്ന് തീർത്തിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാവുമായിരുന്നില്ല. ഇന്ത്യൻ സിവിൽ വ്യവഹാരങ്ങളിൽ ഇതുപോലെ എത്രയോ കുരുക്കുകൾ ഉണ്ടെന്നാണ് പ്രമുഖ അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നത്. ആധുനികവത്ക്കരിക്കപ്പെട്ട ഏക സിവിൽ കോഡ് ഇവിടെ അത്യാവശ്യമാണെന്നാണ് ഈ അനുഭവം ചൂണ്ടിക്കാട്ടുന്നത്.

വീടിരുന്ന സ്ഥലം, ചുണങ്ങുംവേലിയിലെ ഒരേക്കർ റബ്ബർ തോട്ടം, സാന്റോ കോംപ്ലക്‌സിലെ കടമുറിയിലെ ഹാർഡ്വെയർ സാധനങ്ങൾ എന്നിവ സഹോദരങ്ങൾക്ക് ലഭിച്ചു. കൂട്ടക്കൊല നടന്ന സ്ഥലം മുറിച്ച് മറ്റൊരാൾക്ക് വിറ്റു. ഏതാനും വർഷം മുന്പ് ഇവിടെ പുതിയൊരു വീട് ഉയരുകയും ചെയ്തു. കടമുറിയിലെ സാധനങ്ങൾ മാറ്റിയതോടെ ഉടമ ഇലക്ട്രോണിക്സ് കട നടത്താൻ മറ്റൊരാൾക്ക് മുറി വാടകയ്ക്ക് നൽകി. അതേസമയം സംഭവത്തിനു ശേഷം ആന്റണിയുടെ ഭാര്യയും മക്കളും ആലുവയിൽനിന്ന് പോയി. ഇവർ ഇപ്പോൾ കേരളത്തിനു പുറത്താണ്. കേസിൽ നിർണ്ണായകമായതും പൊലീസിന് നൽകിയ മൊഴി മാറ്റാതെ കോടതിയിലും ആവർത്തിച്ച ആന്റണിയുടെ ഭാര്യയുടെ നിലപാട് ആയിരുന്നു.