മെൽബൺ: പകർച്ചപ്പനി പടർന്നിരിക്കുന്ന വേളയിൽ ഫ്‌ലൂവിന് വാക്‌സിനേഷൻ നൽകാൻ ഫാർമസിസ്റ്റുകളും രംഗത്തെത്തി. പത്ത് ഡോളർ ചെലവിൽ ഫ്‌ലൂ വാക്‌സിൻ എടുത്തു കൊടുക്കുന്ന സംവിധാനവുമായാണ് പടിഞ്ഞാറൻ ഓസ്‌ട്രേലിയിയലെ ഫാർമിസ്റ്റുകൾ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഫാർമസിസ്റ്റുകളുടെ നീക്കത്തിനെതിരേ ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്.

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ ഫ്‌ലൂ പടരുന്നതിനെ തുടർന്നാണ് പത്തു ഡോളർ നിരക്കിൽ വാക്‌സിനേഷൻ സംവിധാനവുമായി ഫാർമസിസ്റ്റുകൾ രംഗത്തെത്തിയത്. ഇതിന് ആരോഗ്യവകുപ്പിന്റെ അംഗീകാരവും ലഭിച്ചു. എന്നാൽ പത്തു ഡോളർ എന്ന ഡിസ്‌കൗണ്ട് നിരക്കിൽ ഫ്‌ലൂ വാക്‌സിനേഷൻ നൽകുന്നതാണ് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷനെ ചൊടിപ്പിച്ചിരിക്കുന്നത്. മികച്ച പരിശീലനം ലഭിക്കാത്തവരാണ് വാക്‌സിനേഷൻ നൽകുന്നതെങ്കിൽ അതിന് ഏറെ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും എഎംഎ ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നു.

ഏറെ നാളുകളോളം പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലുള്ള ഫാർമസികൾക്ക് പരിശീലനം ലഭിച്ച നഴ്‌സിന്റെ സഹായത്തോടെ ഫ്‌ലൂ വാക്‌സിനുകൾ നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഫ്‌ലൂ പടർന്നിരിക്കുന്ന സാഹചര്യങ്ങൾക്ക് ഇൻജക്ഷൻ നൽകാൻ ഫാർമസിസ്റ്റുകൾക്കു തന്നെ നേരിട്ട് അധികാരം നൽകിയിരിക്കുകയാണ് സർക്കാർ. ലോക്കൽ ജിപിയുടെ പക്കൽ നിന്നു മാത്രമേ വാക്‌സിൻ സ്വീകരിക്കാവൂ എന്ന നിലപാടിലാണ് എഎംഎ വെസ്റ്റേൺ ഓസ്‌ട്രേലിയ പ്രസിഡന്റ് മൈക്കിൾ ഗാനോൻ.
അതേസമയം വാക്‌സിനേഷൻ നൽകുന്നതിന് മുമ്പ് ഫാർമസിസ്റ്റുകൾക്ക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് പരിശീലനം നൽകും.

അതുകൊണ്ട് വാക്‌സിനേഷന് എത്തുന്നവർ ഒട്ടും പേടിക്കേണ്ട കാര്യമില്ലെന്നാണ് ഫാർമസി ഗിൽഡ് പ്രസിഡന്റ് ജോർജ് ടാംബാസിസ് വ്യക്തമാക്കുന്നത്. മെച്ചപ്പെട്ട സാഹചര്യത്തിൽ, ഒരു കൺസൾട്ടിങ് റൂമിൽ വച്ച് വാക്‌സിനേഷൻ സ്വീകരിക്കുന്നവർക്ക് ഒന്നും പേടിക്കേണ്ടതില്ലെന്ന് ടാംബാസിസ് ഉറപ്പു നൽകുന്നു. വാക്‌സിനേഷൻ റേറ്റ് കൂട്ടുകയെന്നത് ഇപ്പോൾ സർക്കാരിന്റെ മുന്നിലുള്ളതെന്നും അതിന് സഹകരണം നൽകുകയാണ് വേണ്ടതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

അടുത്തകാലത്ത് ക്യൂൻസ് ലാൻഡിൽ ഇതേ സംവിധാനം നടപ്പിലാക്കിയപ്പോൾ അഞ്ചു മാസം കൊണ്ട് 11,000 പേർ വാക്‌സിൻ എടുത്തുകഴിഞ്ഞു. ഫ്‌ലൂ വാക്‌സിനേഷൻ കൂടാതെ അഞ്ചാം പനി, വില്ലൻ ചുമ എന്നിവയ്ക്കുള്ള വാക്‌സിനേഷനും ഇത്തരത്തിൽ വ്യാപകമാക്കാനാണ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ശ്രമിക്കേണ്ടതെന്നും ഇവർ വ്യക്തമാക്കുന്നു.

2010-ൽ ഫ്‌ലൂ വാക്‌സിൻ എടുത്ത നൂറു കണക്കിന് കുട്ടികൾക്ക് വിപരീത ഫലം ഉളവായതിന്റെ അടിസ്ഥാനത്തിലാണ് ഡോ. ഗാനോൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആന്തരീകാവയവങ്ങൾക്കു പോലും കേടുപാടുകൾ സംഭവിച്ച ആ സംഭവത്തോടെ ആളുകൾക്ക് വാക്‌സിനേഷനിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും അതുകൊണ്ട് ഫാർമസിസ്റ്റുകളെ കൊണ്ട് വാക്‌സിനേഷൻ നൽകുന്ന രീതി ഒട്ടും അഭികാമ്യമല്ലെന്നുമാണ് എഎംഎ വാദിക്കുന്നത്.