അമൃത്സർ: കർഷക പ്രക്ഷോഭത്തിന്റെ അനുരണനത്തിന്റെ ഫലമായി പഞ്ചാബിൽ വ്യാപകമായി റിലയൻസ് ജിയോ ടവറുകൾ നശിപ്പിക്കപ്പെട്ടതിന് പിന്നാലെ പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗും ഗവർണർ വി.പി സിങ് ബദ്‌നോറും തമ്മിൽ തർക്കം. മൊബൈൽ ടവറുകൾ നശിപ്പിക്കപ്പെട്ട സംഭവത്തിൽ പഞ്ചാബിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഗവർണർ സമൻസ് അയച്ച നടപടിയാണ് അമരീന്ദറിനെ പ്രകോപിപ്പിച്ചത്.

എന്തെങ്കിലും വിശദീകരണം വേണമെങ്കിൽ തന്നെയാണ് വിളിക്കേണ്ടതെന്നും അല്ലാതെ തന്റെ ഉദ്യോഗസ്ഥരെയല്ല എന്നും അമരീന്ദർ പ്രതികരിച്ചു. ഭരണഘടനാ കാര്യാലയത്തെ ബിജെപി. അനിഷ്ടകരമായ അജണ്ട യിലേക്ക് വലിച്ചിടുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെക്കുറിച്ചുള്ള ബിജെപിയുടെ കുപ്രചാരണത്തിന് ഗവർണർ വഴങ്ങിയിട്ടുണ്ടെന്ന് അമരീന്ദർ സിങ് പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെക്കുറിച്ച് ബിജെപിയുടെ പ്രചാരണം കാർഷിക നിയമ ന്രിന്നും കർഷക പ്രക്ഷോഭത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്നും പഞ്ചാബ് സർക്കാർ പ്രസ്താവനയിൽ പറയുന്നു. 'നമ്മുടെ കർഷകരുടെ നിലനിൽപ്പ് തന്നെ അപകടത്തിലായ ഒരു ഘട്ടത്തിൽ, ബിജെപി നേതാക്കൾ വൃത്തികെട്ട രാഷ്ട്രീയത്തിൽ ഏർപ്പെടുകയും ഗവർണറുടെ ഭരണഘടനാ കാര്യാലയത്തെ അതിലേക്ക് വലിച്ചിടുകയും ചെയ്യുന്ന തിരക്കിലാണ്, ' അമരീന്ദർ സിങ് പറഞ്ഞു.