ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. പഞ്ചാബിലേറ്റ കനത്ത തിരിച്ചടിക്ക് കാരണം മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ കഴിഞ്ഞ 4 വർഷത്തെ ഭരണത്തിന് എതിരായ ജനവികാരമാണ് എന്നായിരുന്നു കോൺഗ്രസ് വക്താവ് സുർജെ വാല വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അമരീന്ദർ സിങിന്റെ ട്വീറ്റ്.

കോൺഗ്രസ് നേതാക്കൾ ഒരിക്കലും പഠിക്കില്ലെന്നാണ് അമരീന്ദർ സിങ് ട്വീറ്റ് ചെയ്തത്. ആരാണ് യുപിയിൽ കോൺഗ്രസിന്റെ പതനത്തിന് കാരണം? മണിപ്പൂരിന്റെ, ഗോവയുടെ, ഉത്തരാഖണ്ഡിന്റെ അവസ്ഥ എന്താണ്? ഇതിനുള്ള ഉത്തരം വലിയ അക്ഷരങ്ങളിൽ ചുമരിൽ എഴുതി വച്ചാലും അവരത് വായിക്കാൻ പോകുന്നില്ല - കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ചുകൊണ്ട് അമരീന്ദർ സിങ് പറഞ്ഞു.

പഞ്ചാബിൽ ആകെയുള്ള 117 സീറ്റുകളിൽ 92 സീറ്റുകളായിരുന്നു എഎപി കൈയിലാക്കിയത്. കനത്ത തോൽവിക്ക് പിന്നാലെയാണ് അമരീന്ദർ സിങിന്റെ ഭരണത്തിനെതിരെ ഉണ്ടായ ഭരണ വിരുദ്ധ വികാരം തങ്ങൾക്ക് മറികടക്കാൻ സാധിച്ചില്ലെന്ന് അവകാശപ്പെട്ട് കോൺഗ്രസ് വക്താവ് രംഗത്തെത്തിയത്

ആം ആദ്മി പാർട്ടിയുടെ തേരോട്ടത്തിൽ കോൺഗ്രസ് വിട്ട് പുതിയ പാർട്ടിയുണ്ടാക്കി മത്സരിച്ച മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനും കാലിടറിയിരുന്നു. പട്യാല അർബൻ മണ്ഡലത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അജിത് പാൽ സിങ് കോഹ്ലിയോടാണ് ക്യാപ്റ്റൻ പരാജയപ്പെട്ടത്.

അമരീന്ദർ സിംഗിന് 22,862 വോട്ടുകൾ ലഭിച്ചപ്പോൾ അജിത് പാൽ സിങ് കോഹ്ലിക്ക് 36,645 വോട്ടുകൾ ലഭിച്ചു. അകാലിദൾ സ്ഥാനാർത്ഥി ഹർപൽ ജുനേജ 9657 വോട്ടുകളുമായി മൂന്നാമതെത്തി.

രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിംഗിന്റെ പരാജയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റാനുള്ള തങ്ങളുടെ തീരുമാനം ശരിവെക്കുന്നതാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. അദ്ദേഹത്തിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നുവെന്നും കോൺഗ്രസ് വാദിക്കുന്നു.

2017ലെ തെരഞ്ഞെടുപ്പിൽ 49 ശതമാനം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ക്യാപ്റ്റൻ വിജയിച്ചത്. സെപ്റ്റംബറിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയശേഷം പുതിയ പാർട്ടി രൂപീകരിച്ച് മത്സരിച്ച അമരീന്ദർ സിംഗിന് ഈ പരാജയം വലിയ രാഷ്ട്രീയ തിരിച്ചടിയായി.

ജനവികാരം മനസിലാക്കിയാണ് അമരീന്ദർ സിംഗിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അഹങ്കാരം നിറഞ്ഞ പെരുമാറ്റവും സാധാരണക്കാർക്ക് സമീപിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതും ശക്തമായ ഭരണവിരുദ്ധ വികാരത്തിന് കാരണമാകുമെന്ന് തിരിച്ചറിഞ്ഞാണ് നടപടിയെടുത്തതെന്നും നേതാക്കൾ പറയുന്നു.

പാർട്ടി നേതാവ് സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ , മൂന്ന് തവണ അപമാനിക്കപ്പെട്ടുവെന്നും ഇനി അത് സഹിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടിയിലെ എതിരാളി നവജ്യോത് സിദ്ദുവിന്റെ പിന്നിലേക്ക് ക്യാപ്റ്റനെ മാറ്റിനിർത്താൻ കോൺഗ്രസ് തീരുമാനിച്ചതോടെ അമരീന്ദർ സിങ് കളംവിടാൻ തയാറാവുകയായിരുന്നു. 79കാരനായ തനിക്ക് ഇനിയും രാഷ്ട്രീയം അവശേഷിക്കുന്നുണ്ടെന്നും അതുകൊണ്ട് സൂര്യാസ്തമയത്തിലേക്ക് നടക്കാൻ താൽപര്യപ്പെടുന്നില്ലെന്നുമാണ് അദ്ദേഹം അന്ന് വ്യക്തമാക്കിയത്.