ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ടാൽ മുട്ട് വിറക്കുന്നവരാണ് ഭൂരിഭാഗം രാഷ്ട്രീയ നേതാക്കാളും. എന്നാൽ പഞ്ചാബ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംങിനെ എന്തായാലും ആ കൂട്ടത്തിൽ പെടുത്താൻ കഴിയില്ല. കർഷക സമരത്തിൽ മധ്യസ്ഥാനാവണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായുമായി ചർച്ചക്കെത്തിയപ്പോൾ തന്റെ നിലപാട് വിട്ടുവീഴ്ചയില്ലാതെ ആവർത്തിക്കയാണ് അമരീന്ദർ സിങ് ചെയ്തത്.

കേന്ദ്രത്തിന്റെ നടപടിയിൽ തനിക്കുള്ള എതിർപ്പ് ആവർത്തിച്ചി പറഞ്ഞിട്ടുണ്ടെന്നും കേന്ദ്രവും കർഷകരും തമ്മിലാണ് പ്രശ്നമെന്നും തനിക്ക് പരിഹരിക്കാൻ പറ്റുന്നതല്ല പ്രശ്നമെന്നും അമരീന്ദർ സിംങ് പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള ചർച്ചയ്ക്ക് പിന്നാലെയായിരുന്നു പ്രതികരണം.''കർഷകരും കേന്ദ്രവും തമ്മിൽ ചർച്ച നടക്കുന്നു, എനിക്ക് പരിഹരിക്കാൻ ഇതിൽ ഒന്നുമില്ല. ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഞാൻ എന്റെ എതിർപ്പ് ആവർത്തിച്ചിട്ടിണ്ട്. ഇത് എന്റെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെയും രാജ്യത്തിന്റെ സുരക്ഷയെയും ബാധിക്കുന്ന പ്രശ്നമാണ്, പരിഹരിക്കാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്''-അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമരീന്ദർ സിംങ് പറഞ്ഞു. ഇതേ അഭിപ്രായം താൻ അദ്ദേഹത്തോട് തുറന്നു പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

കർഷക പ്രതിഷേധത്തിന് പഞ്ചാബ് സർക്കാറും കോൺഗ്രസും നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇന്ന് നടക്കുന്ന ചർച്ച കേന്ദ്രത്തിന് നൽകുന്ന അവസാന അവസരമാണെന്ന് കർഷകർ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ കർഷകരെ അനുനയിപ്പിക്കാൻ അമിത് ഷായ്ക്ക് സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി. ആദ്യഘട്ടത്തിൽ കർഷകരുമായി സംസാരിച്ചിരുന്നത് അമിത് ഷാ ആയിരുന്നെങ്കിലും പിന്നീട് ആ ചുമതല കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന് കൈമാറുകയായിരുന്നു. ഇപ്പോൾ കർഷകരെ അനുനയിപ്പിക്കാൻ അമിത് ഷാ തന്നെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.