- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗേൾസ് സ്കുൾ ആണെന്നറിയാതെ മകനെ ചേർക്കാൻ എത്തിയ അച്ഛൻ; പിശക് തിരുത്തി വിദ്യാലയത്തിൽ അഡ്മിഷൻ വാങ്ങിക്കൊടുത്ത് ഫാദർ; തേപ്പുകാരന്റെ മകൻ എന്ന കളിയാക്കലുകൾക്കിടയിലും ചേർത്ത് പിടിച്ച ജോർജ്ജെന്ന സുഹൃത്ത്; ചെറിയ തടസ്സങ്ങളിൽ തട്ടിവീണെങ്കിലും വീണ്ടും ഓടി വിജയം നേടി അമർനാഥ്; 'വിക്രമാദിത്യൻ' പോലൊരു ജീവിത കഥ
തിരുവനന്തപുരം: ചില കാര്യങ്ങൾ അങ്ങിനെയാണ് ചെറിയ ലക്ഷ്യങ്ങളിൽ തട്ടി വീണാലും വലിയ ലക്ഷ്യങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ടാകും വീണ്ടും എഴുന്നേറ്റ് ഓടുന്നവർക്ക് മാത്രമായി.. വിക്രമാദിത്യൻ സിനിമയിലെ ആദിത്യൻ എന്ന കഥാപാത്രം പറയുന്ന സംഭാഷണം ഇങ്ങനെയാണ്..സിനിമയിലെ ഈ സംഭാഷണം സ്വന്തം ജീവിതത്തിൽ പറയുകയും പ്രാവർത്തികമാക്കുകയും ചെയ്ത ഒരാളുണ്ട് ഇരങ്ങാലക്കുടയിൽ.. അമർനാഥ്..ഈ സംഭാഷണം മാത്രമല്ല..ചിത്രത്തിൽ ദുൽഖറിന്റെ ജീവിതത്തിലേക്ക് നിവിൻപോളിയുടെ കഥാപാത്രം എത്തുന്നപോലെ അമർനാഥിന്റെ ജീവിത്തിലും ഒരു സുഹൃത്ത് ഉണ്ട്..അമർനാഥിന്റെ യഥാർത്ഥ ജീവിതത്തെ അറിയുമ്പോൾ അത് വിക്രമാദിത്യൻ സിനിമാക്കഥപോലെ നമുക്ക് തോന്നിയേക്കാം...അത്രയേറെ സാമ്യമുണ്ട് അമർനാഥിന്റെ ജീവിതത്തിന് ആ കഥയുമായി.
ഏഴുവർഷം മുന്പായിരുന്നു കഥ തുടങ്ങുന്നത്..താമസം ഇരിങ്ങാലക്കുടയാണെങ്കിലും അമറിന്റെ സ്വദേശം അങ്ങ് തേനി കമ്പത്താണ്..അവിടെ നിന്ന് അമർനാഥ് ഒരു കത്ത് എഴുത്തുന്നു.അവിടം മുതലാണ് അമർനാഥിന്റെ ജീവിതം അരംഭിക്കുന്നത്. ഇരിങ്ങാലക്കുടയിൽ ഇസ്തിരി ജോലി ചെയ്യുന്ന അച്ഛനായിരുന്നു അമർ അന്ന് കത്തയച്ചത്.. ആവശ്യം ഇങ്ങനെ..'അച്ഛാ, എനിക്ക് പഠിക്കണം. ഇവിടെ നിന്നാൽ അതിന് കഴിയില്ല. അച്ഛൻ വന്ന് എന്നെ കൂട്ടിക്കൊണ്ട് പോകണം. എന്നെ മാത്രമല്ല, അർച്ചനയെയും അമ്മയെയും. ഞാൻ അവിടെ വന്ന് നന്നായി പഠിക്കും. അച്ഛന്റെ കഷ്ടപ്പാടുകൾ തീർക്കും. നമുക്ക് നല്ലൊരു ജീവിതമുണ്ടാകും. തീർച്ച....'
കമ്പത്തെ ഒരുതുണ്ടുഭൂമിയിൽ പൊട്ടിപ്പൊളിയാറായ വീടായിരുന്നു, ആ കുടുംബത്തിന്. അതിലാണ് അമർനാഥ് താമസിച്ചിരുന്നത്. ആ ചെറിയ സ്വത്തിന് അഞ്ച് അവകാശികൾ. അവരും അവരുടെ കുടുംബവും ആ വീട്ടിൽത്തന്നെയായിരുന്നു. ഈ സ്വത്തിന്റെ പേരിലുള്ള തർക്കങ്ങളും പോരുമായിരുന്നു കത്തിൽ അമർനാഥ് സൂചിപ്പിച്ചിരുന്നത്. അത് അവിടെത്താമസിക്കുന്ന തന്റെ പഠനത്തെയും ജീവിതത്തെയും എത്രമാത്രം ബാധിക്കുന്നെന്നും അവൻ കത്തിൽ വിവരിച്ചിരുന്നു.
ആ കത്ത് വായിച്ചുകഴിഞ്ഞപ്പോൾ ഇരിങ്ങാലക്കുടയിലെ വാടകമുറിയിലിരുന്ന് മുരുകേശൻ പൊട്ടിക്കരഞ്ഞു.പിന്നെ ഒന്നും നോക്കിയില്ല അഞ്ചാം ക്ലാസുകാരനായ മകന്റെ വിഷമം കണ്ട് മുരുകേശൻ കമ്പത്തേക്ക് പുറപ്പെട്ടു. അവിടെനിന്ന് കുടുംബത്തെക്കൂട്ടി തിരികെ ഇരിങ്ങാലക്കുടയിേലക്ക്. ഒരു പെട്ടിയിൽ കുറച്ച് വസ്ത്രങ്ങളും സാധനങ്ങളും. അതായിരുന്നു അവർ കേരളത്തിലേക്ക് കൊണ്ടുവന്ന സ്വത്ത്.
രണ്ട് കനൽ ഇസ്തിരിപ്പെട്ടികളും ഒരു സ്റ്റൗവും കലവും മാത്രമുള്ള മുറി.ഇരിങ്ങാലക്കുടയിലെ ആ മുറിയിലാണ് മുരുകേശനും പിതാവ് വെള്ളച്ചാമിയും താമസിക്കുന്നത്.പതിനൊന്നുകാരനായ അമർനാഥും അനിയത്തി അർച്ചനയും അമ്മ ജയലക്ഷ്മിയും ആ മുറി സ്വർഗമാക്കി താമസം തുടങ്ങി.
ഇസ്തിരിപ്പണിക്കായി വെള്ളച്ചാമി 31 വർഷം മുമ്പ് കമ്പത്തുനിന്ന് ഇരിങ്ങാലക്കുടയിൽ എത്തിയതാണ്. പത്താം ക്ലാസ് ജയിച്ചെങ്കിലും ഉപരിപഠനത്തിന് വകയില്ലാത്തതിനാൽ മുരുകേശനും വെള്ളച്ചാമിയോടൊപ്പം ഇരിങ്ങാലക്കുടയിലേക്ക് പോന്നു. മുരുകേശൻ ഇവിടെയെത്തി ഇസ്തിരിജോലി ചെയ്ത് ജീവിക്കാൻ തുടങ്ങിയിട്ട് 21 വർഷം. അമർനാഥും അനിയത്തിയും അമ്മയും എത്തിയിട്ട് ഏഴുവർഷവും.ഒറ്റമുറിയിൽനിന്ന് ചെറിയൊരു വാടകവീട്ടിേലക്ക് മാറി എന്നത് മാത്രമാണ് ഇതിനിടെയുണ്ടായ മാറ്റം.
നാട്ടിലെത്തിയ ഉടനെ മകനെ സ്‌കൂളിൽ ചേർക്കുകയായിരുന്നു മുരുകേശന്റെ ലക്ഷ്യം.അബദ്ധമായ ആ യാത്രയായിരുന്നു അമർനാഥിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്.അഞ്ച് വരെ തമിഴ് നാട്ടിൽ പഠിച്ച് ആറാം ക്ലാസിലാണ് അമർനാഥ് കേരളത്തിലേക്ക് വരുന്നത്.അമർനാഥിനെ പഠിപ്പിക്കാൻ മാതാപിതാക്കൾ ആദ്യം കൊണ്ടുപോയത് ഇരിങ്ങാലക്കുടയിലെ ലിറ്റിൽ ഫ്ലവർ സ്‌കൂളിൽ.ഇത് ഗേൾസ് സ്‌കൂളാണെന്ന് അറിഞ്ഞിരുന്നില്ല.
അവിടെയെത്തി മകന് പ്രവേശം തേടിയ മാതാപിതാക്കളെ പ്രിൻസിപ്പലായ സിസ്റ്റർ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ലിസ്യൂ സ്‌കൂളിലേക്ക് പറഞ്ഞയച്ചു.അവിടെയെത്തിയപ്പോൾ ഇവരെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു ആ സ്‌കൂളിന്റെ പ്രിൻസിപ്പൽ.തേപ്പുപണി ചെയ്ത് മക്കളെ വളർത്തുന്ന കുടുംബത്തിന് താങ്ങായി സ്‌കൂൾ അധികൃതരുടെ അടുത്ത നടപടി. എത്രത്തോളം പഠിക്കാമോ അത്രത്തോളം ഫീസില്ലാതെ പഠിപ്പിക്കാൻ സ്‌കൂൾ അധികൃതർ തീരുമാനിച്ചു. അതിനനുസരിച്ച് അമർനാഥ് പഠിച്ചു.
അമർനാഥ് പലകുറി പഠനം നിർത്താൻ തുനിഞ്ഞതാണ്.തമിഴ് മാത്രമറിയുന്ന, പഠനത്തിൽ പിന്നാക്കക്കാരനായ ഒരാളോട് മലയാളികളായ ചില സഹപാഠികളുടെ കളിയാക്കലായിരുന്നു കാരണം. പാണ്ടിയെന്നും തേപ്പുകാരനെന്നും ചിലർ വിളിച്ചു.പക്ഷെ അവിടെയും അവന് കരുത്തായത് അദ്ധ്യാപകരുടെ പിന്തുണയായിരുന്നു.സ്‌കൂളിന് അകത്തും പുറത്തും അമർനാഥിന് തുണയായത് സ്മിനി, സുബി തുടങ്ങിയ അദ്ധ്യാപികമാരായിരുന്നു. അച്ഛനും മുത്തച്ഛനും ഇടവേളകളില്ലാതെ ജോലിയെടുത്താണ് വീട്ടുവാടകയുൾപ്പെടെയുള്ള ചെലവും വരവും കൂട്ടിമുട്ടിക്കാൻ പെടാപാട് പെട്ടത്.
അടുത്ത വീടുകളിൽ അമ്മ ജയലക്ഷ്മി പണിക്ക് പോയി. അമർനാഥിനെയും അനിയത്തി അർച്ചനയെയും പരമാവധി പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം.എങ്കിലും വീട്ടിലെ പ്രാരബ്ധം കൂടിവന്നു. ഉന്നതപഠനം എന്ന ലക്ഷ്യവും സ്വപ്നവും ഉപേക്ഷിച്ച് എന്തെങ്കിലും പണിക്ക് പോകാനുള്ള ആലോചനയിലായിരുന്നു അമർനാഥ്.ഇങ്ങനെ അമർനാഥിന് മുന്നിൽ പ്രതിസന്ധികൾ പല തരത്തിൽ അവതരിച്ചു.പഠനം നിർത്താൻ പോലും ആലോചിച്ച സമയം..അപ്പോഴാണ് ഒൻപതാം ക്ലാസിൽ പുതുതായെത്തിയ ജോർജ് എന്ന വിദ്യാർത്ഥി മറ്റൊരു തുണയായത്.പഠനത്തിൽ ഒന്നാമനായ ജോർജുമായുള്ള ചങ്ങാത്തമാണ് മികച്ച വിജയങ്ങളിലേക്ക് അമർനാഥിന് തുടക്കം നൽകിയത്. പത്തിൽ അമർനാഥ് 96 ശതമാനം മാർക്ക് നേടി.
പത്തിനുശേഷം ജോർജും അമർനാഥും മാപ്രാണത്തെ ഹോളി ക്രോസ് സ്‌കൂളിൽ ചേർന്നു. ബയോ മാത്‌സായിരുന്നു വിഷയം.പ്ലസ്ടു കഴിഞ്ഞ് ജോർജ് രാജ്യാന്തര സർവകലാശാലകളിലേക്ക് പ്രവേശനത്തിനായി നടത്തുന്ന എസ്.എ.ടി. പരീക്ഷാപരിശീലനത്തിന് കൊച്ചിയിൽ പോയി. എന്നാൽ സാമ്പത്തീക പ്രതിസന്ധി അമർനാഥിനെ അതിൽ നിന്നും വിലക്കി. എസ്.എ.ടി. പരീക്ഷ ജയിച്ച ജോർജ് അമേരിക്കയിലെ സർവകലാശാലയിൽ 2.75 കോടിയുടെ സ്‌കോളർഷിപ്പ് നേടി.
പക്ഷെ ഇവിടെയും തന്റെ ആത്മാർത്ഥ സുഹൃത്തിനെ ഉപേക്ഷിക്കാൻ ജോർജ്ജ് തയ്യാറായില്ല. ജോർജ് തന്റെ പഠനസാമഗ്രികളെല്ലാം അമർനാഥിന് നൽകി.പരീക്ഷ ജയിക്കാനുള്ള പ്രായോഗിക ഉപദേശങ്ങളും പറഞ്ഞുകൊടുത്തു. അപേക്ഷ അയയ്ക്കാൻ സഹായിച്ചു. അമർനാഥ് ഉണർന്നുപ്രവർത്തിച്ചു. അത് ഫലം കണ്ടു.കൊച്ചുവാടകവീട്ടിലേക്ക് ഒത്തിരി സന്തോഷമെത്തി. തേപ്പുകാരന്റെ മകനെന്നും പാണ്ടിത്തമിഴനെന്നും കളിയാക്കിയിരുന്നവരെ അമർനാഥ് വലിയ നേട്ടത്തിലൂടെ ഞെട്ടിച്ചു.
അമർനാഥിലൊരു പ്രതിഭയുണ്ടെന്ന് കണ്ടെത്തി പ്രോത്സാഹിപ്പിച്ച അദ്ധ്യാപകർ സ്വപ്നം കണ്ടിരുന്ന നേട്ടം കൂടിയായിരുന്നു അത്.മാതാപിതാക്കളുടെ പ്രാർത്ഥനയ്ക്ക് കിട്ടിയ പ്രതിഫലം- അമേരിക്കയിൽ നാലുവർഷത്തെ എൻജിനീയറിങ് പഠനത്തിന് സർവകലാശാലയുെട ഒന്നരക്കോടി രൂപയുടെ (2.09 ലക്ഷം ഡോളർ) സ്‌കോളർഷിപ്പാണ് അമർനാഥ് നേടിയെടുത്തത്. വെമോണ്ടിലെ നോർവിച്ച് സർവകലാശാലയിൽ നാലുവർഷത്തെ കംപ്യൂട്ടർ സയൻസ് പഠനത്തിനുള്ള സ്‌കോളർഷിപ്പാണ് അമർനാഥ് നേടിയത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഒന്നാംവർഷ രസതന്ത്രബിരുദവിദ്യാർത്ഥിയായിരുന്നു അമർനാഥ് അപ്പോൾ. അമേരിക്കയിലെ ഏഴ് സർവകലാശാലകളിലും ഇറ്റലിയിലെ ഒരു സർവകലാശാലയിലും അമർനാഥിന് സ്‌കോളർഷിപ്പ് കിട്ടിയിരുന്നു. അതിൽ മികച്ചതായ വെമോണ്ടിലെ നോർവിച്ച് സർവകലാശാലയാണ് തിരഞ്ഞെടുത്തത്.
ഇവിടെക്കൊണ്ടും പ്രതിസന്ധി തീർന്നിരുന്നില്ല.സ്‌കോളർഷിപ്പ് കിട്ടുക രണ്ടാംവർഷം മുതലാണ്.ആദ്യവർഷത്തേക്കുള്ള പണവും യാത്രയ്ക്കുള്ള തുകയും കണ്ടെത്തണം. ഒട്ടും ചെറുതല്ലാത്ത തുക. അമർനാഥിനും കുടുംബത്തിനും ചിന്തിക്കാനാകുന്നതിലും വലുതാണ്. ഉടൻ കണ്ടെത്തുകയും വേണം.2021 ഓഗസ്റ്റിൽ ക്ലാസ് തുടങ്ങും. അതിനുമുന്നേ അമേരിക്കയിലെത്തണം.കുറേപ്പേർ സഹായമെത്തിച്ചു. പക്ഷേ, അതുകൊണ്ടൊന്നും തികയില്ല. അമേരിക്കയിലെ പഠനം അനിശ്ചിതത്വത്തിലായി. പഠനത്തിനായി അമേരിക്കയിലേക്ക് പോകുംമുന്നേ യാത്ര പറയാൻ ജോർജ് അമർനാഥിന്റെ വീട്ടിലേക്ക് എത്തി.
ജോർജിന് വേറെ സർവകലാശാലയിലാണ് പ്രവേശനം കിട്ടിയിരിക്കുന്നത്. അവിടെ മുന്നേ ക്ലാസ് തുടങ്ങുകയാണ്. അമർനാഥിന്റെ പഠനം ആരംഭിക്കാൻ സമയമുണ്ട്. അമേരിക്കയിൽവെച്ച് കാണാമെന്ന് പറഞ്ഞ് ജോർജ് പിരിഞ്ഞു.കാണാൻ സാധ്യതയില്ലെന്ന കാര്യം അമർനാഥ് ജോർജ്ജിനെ അറിയിച്ചില്ല.പല സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും വലുതും ചെറുതുമായ സഹായമെത്തിയെങ്കിലും അമർനാഥിന് അത് ആദ്യവർഷ പഠനത്തിന് മാത്രമായൊതുങ്ങി.
യാത്രക്കൂലിക്ക് പണമില്ല.അതാണ് വലിയ പ്രതിസന്ധിയായി നിന്നത്.അതിനിടെ വീട്ടിലേക്കൊരു അപരിചിതനെത്തി. അമർനാഥ് എന്ന മിടുക്കനെ കാണാനും പരിചയപ്പെടാനും എത്തിയതാണ്. അമേരിക്കയിലേക്കുള്ള യാത്രാ ഒരുക്കം എവിടെവരെയെത്തിയെന്ന് അദ്ദേഹം ചോദിച്ചു. യാത്രക്കൂലി ഇനിയും കണ്ടെത്താനുണ്ടെന്ന് പറഞ്ഞു. യാത്രയും സ്വപ്നവും മുടങ്ങില്ലെന്ന ഉറപ്പും നൽകിയാണ് അദ്ദേഹം പോയത്.മൂന്നാം ദിനം രാവിലെ അമേരിക്കയിലേക്കുള്ള വിമാന ടിക്കറ്റുമായാണ് അദ്ദേഹം എത്തിയത്.അമർനാഥ് പേര് ചോദിച്ചപ്പോൾ എന്റെ പേരിലെന്തിരിക്കുന്നു, നിന്റെ പേരാണ് എല്ലാവരും കേൾക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ആ അജ്ഞാതൻ ഇന്നും അജ്ഞാതൻ തന്നെ.
അങ്ങനെ അമർനാഥ് അമേരിക്കയിലെത്തി പഠനം തുടങ്ങി. പണം കണ്ടെത്താൻ പാർട്ട് ടൈം ജോലി കണ്ടെത്തി.സർവകലാശാലയിലെ റസിഡൻഷ്യൽ അഡൈ്വസർ ജോലിയാണ് ആദ്യം കിട്ടിയത്. അഭിമുഖം, ചർച്ച തുടങ്ങിയ കടമ്പകൾ കടന്നാണ് ഈ ജോലി നേടിയത്. സർവകലാശാലയിൽ വിദ്യാർത്ഥികൾ തങ്ങുന്ന കെട്ടിടങ്ങളിലെ സുരക്ഷാ പ്രോട്ടോകോൾ സംരക്ഷണമാണ് ജോലി. ഗവേഷണം നടത്തുന്ന അദ്ധ്യാപകരെ സഹായിക്കുന്ന അപ്രന്റീസ്ഷിപ് ജോലിയായിരുന്നു പിന്നാലെ.
ഒരേസമയം രണ്ട് പാർട്ട് ടൈം ജോലിയാണ് ഇവിടെ ചെയ്യാനാകുക. അപ്രന്റീസ്ഷിപ് ഓഗസ്റ്റ് പകുതിയോടെ തീരും. അപ്പോൾ തുടരാനായുള്ള അടുത്ത ജോലിയും കിട്ടി. പുതിയതായി എത്തുന്ന വിദ്യാർത്ഥികളെ കംപ്യൂട്ടർ കോഡിങ് പഠിപ്പിക്കുന്ന ജോലിയായിരുന്നു. സർവകലാശാലയിൽ രണ്ടുപേർക്ക് മാത്രമാണ് ഈ കോഡിങ് പഠിപ്പിക്കാനുള്ള അനുമതിയുള്ളത്. അതിലൊന്ന് അമർനാഥിനാണ്.ഓഗസ്റ്റിൽ തുടങ്ങാവുന്ന മറ്റൊരു ജോലിയും കിട്ടിയിട്ടുണ്ട്. സർവകലാശാലയിൽ റിസർച്ച് ലീഡ് അംബാസഡറാണത്. ഏറെ ബുദ്ധിമുട്ടുള്ള അഭിമുഖത്തിനും കടമ്പകൾക്കും ശേഷമാണ് ഈ ജോലിയും നേടിയത്.
അമേരിക്കയിലെത്തിയെങ്കിലും നാട്ടിലെ സേവനങ്ങളും അമർനാഥ് നിർത്തിയിരുന്നില്ല. അമേരിക്കയിൽ പഠനത്തിനായുള്ള യാത്രാ തീരുമാനം അനന്തമായി നീണ്ടപ്പോൾ അക്കാദമിക് സേവനം നടത്തുന്ന ഒരു സന്നദ്ധസംഘടനയിൽ അമർനാഥ് അംഗമായിട്ടുണ്ടായിരുന്നു. റോബിൻഹുഡ് ആർമി എന്ന ആ സംഘടനയുെട ദക്ഷിേണന്ത്യാ ലീഡറായി. ഇരിങ്ങാലക്കുടയിലും ഇതിന് ശാഖ തുറന്നു. അതുവഴി നിരവധി അക്കാദമിക് സേവനങ്ങളും നടത്തി.
അക്കാലത്ത് ഈ അക്കാദമിയിൽ അംഗമായിരുന്നു ഇരിങ്ങാലക്കുടയിലെ ശ്രീഭദ്ര. വിദേശത്ത് നഴ്സിങ് പഠന മോഹവുമായി നടന്നിരുന്ന ശ്രീഭദ്രയ്ക്ക് അതിനുള്ള അപേക്ഷ അയച്ച് േനടിയെടുക്കുന്ന രീതി അറിയില്ലായിരുന്നു. അമർനാഥ് അതിനുള്ള വഴിയൊരുക്കി. ജോർജ് ആരംഭിച്ച് അമർനാഥ് പങ്കാളിയായ 'നിറ്റിവോ' എന്ന വിദേശ പഠനസഹായ കൺസൾട്ടൻസി ശ്രീഭദ്രയെ എസ്.എ.ടി. പരീക്ഷയെഴുതാൻ സഹായിച്ചു. അപേക്ഷ അയച്ചതും മാർഗനിർദ്ദേശം നൽകിയതുമെല്ലാം നിറ്റിവോ ആണ്.
നോർവിച്ച് സർവകലാശാലയിൽ 1.25 കോടിയുടെ സ്‌കോളർഷിപ്പോടെ ശ്രീഭദ്ര നഴ്സിങ് പ്രവേശനം നേടി. ഇരിങ്ങാലക്കുടയിൽ നിന്ന് നോർവിച്ച് സർവകലാശാലയിേലക്ക് സ്‌കോളർഷിപ്പോടെ പ്രവേശനം നേടിയ രണ്ടാമത്തെ ആളായി ശ്രീഭദ്ര. വിമാനടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞ ശ്രീഭദ്ര ഓഗസ്റ്റ് അവസാനം അമേരിക്കയിലെത്തും.ഒരു സിനിമാക്കഥപോലെ അമർനാഥിന്റെ കഥ ഇനിയും തുടരുകയാണ്..
മറുനാടന് മലയാളി ബ്യൂറോ