- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ടിലിനടിയിൽ തുണികൊണ്ടു മൂടിയ നിലയിൽ ടിന്റുവിന്റെ മൃതദേഹം; കനത്ത മഴയായതിനാൽ ക്രൂര കൊലപാതകം അയൽക്കാർ പോലും അറിഞ്ഞില്ല; വിദേശത്തെ നഴ്സായ ടിന്റു ജോലിക്ക് തിരിച്ചുപോകാനിരിക്കേ ക്രൂര കൊലപാതകം; നല്ല സ്നേഹത്തിലായിരുന്ന ദമ്പതികൾക്കിടയിൽ സംഭവിച്ചത് എന്തെന്ന് അറിയില്ലെന്ന് ബന്ധുക്കൾ
അമയന്നൂർ: അയർകുന്നത്ത് ദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടിൽ മാറുന്നില്ല നാട്ടുകാർ. ദാരുണമായി കൊലപാതകവും ആത്മഹത്യയുമാണ് നടന്നത്. അമയന്നൂർ ഇല്ലിമൂല പതിക്കൽ താഴെ സുധീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. ടിന്റുവിന്റെ മൃതദേഹം കട്ടിലിനടിയിലാണ് കണ്ടെത്തിയത്. അതേസമയം സുധീഷിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ടിന്റുവിന്റെ കഴുത്തി ഷാളിട്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം സുധീഷ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
തൊട്ടുചേർന്നു വീടുകൾ ഉണ്ടെങ്കിലും പതിക്കൽ താഴെ വീട്ടിൽ നടന്ന ദാരുണമായ കൊലപാതകവും ആത്മഹത്യയും അയൽക്കാർ ആരും അറിഞ്ഞില്ല. കനത്ത മഴയത്ത് ആവാം സംഭവം നടന്നതെന്നു പരിസരവാസികൾ കരുതുന്നു. ഇന്നലെ രാവിലെ സുധീഷിന്റെയും ടിന്റുവിന്റെയും വിവരം ഒന്നും ഇല്ലാത്തതിനെ തുടർന്നാണ് മാതാവ് കുഞ്ഞമ്മണി വീട്ടിൽ എത്തിയത്. ആദ്യം സുധീഷിന്റെ മരണവിവരമാണ് പുറത്തുവന്നത്. ടിന്റുവിന്റെ മൃതദേഹം ആദ്യം കണ്ടിരുന്നില്ല.
പൊലീസ് എത്തി അകത്തു കയറി പരിശോധന നടത്തുമ്പോഴാണ് കട്ടിലിനു അടിയിൽ മെത്തകളും തുണികളും കൊണ്ടു മൂടിയ നിലയിൽ ടിന്റുവിന്റെ മൃതദേഹം കണ്ടത്. മുഖം മറച്ച നിലയിലായിരുന്നു. സുധീഷ് വിദേശത്തായിരുന്നപ്പോൾ പിതാവ് പ്രഭാകരനും, മാതാവ് കുഞ്ഞമ്മണിയും ടിന്റുവിനൊപ്പമാണ് താമസിച്ചിരുന്നത്. സുധീഷ് വന്നപ്പോൾ ഇവർ മൂത്ത മകൻ ഗിരീഷിന്റെ വീട്ടിലേക്ക് മാറി. സൗദിയിൽ മെക്കാനിക് ആയിരുന്നു സുധീഷ്.
2 വർഷത്തിനു ശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. വിദേശത്ത് നേരത്തെ നഴ്സായിരുന്ന ടിന്റു കോവിഡ് കാലത്ത് നാട്ടിൽ വന്ന ശേഷം തിരിച്ചു പോയില്ല. അടുത്ത ആഴ്ച വീണ്ടും മകനെയും കൂട്ടി പോകാനിരിക്കെയാണ് ദാരുണ കൊലപാതകം ഉണ്ടായത്. കൊലപാതക വിവരമറിഞ്ഞ ഉടൻ പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ, സ്ഥിരം സമിതി അധ്യക്ഷരായ ജിജി നാഗമറ്റം, കെ.സിഐപ്പ്, ബ്‌ളോക് പഞ്ചായത്ത് അംഗം സുജാത ബിജു, പഞ്ചായത്ത് അംഗങ്ങളായ ഷീന മാത്യു, ഋഷി.കെ.പുന്നൂസ്, മുൻ അംഗം തോമാച്ചൻ പേഴുംകാട്ടിൽ എന്നിവരും സ്ഥലത്ത് എത്തി.
''എന്റെ കുഞ്ഞിന് ആപത്തൊന്നും പറ്റില്ല എന്നു വിശ്വസിച്ചിരുന്നു. കഴിഞ്ഞ ദിവസം പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. മോളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. സുധീഷിന്റെ ഫോൺ റിങ് ചെയ്തെങ്കിലും എടുത്തില്ല. എന്തെങ്കിലും അസുഖമായിരിക്കും എന്നു കരുതി കഴിഞ്ഞ ദിവസം രാത്രി ഒരു പോള കണ്ണടച്ചില്ല. ഇന്നലെ രാവിലെ ഇവരുടെ സ്‌കൂട്ടർ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞതോടെ രണ്ടുപേരും വീട്ടിൽത്തന്നെ ഉണ്ടല്ലോയെന്ന ആശ്വാസത്തിലിലായിരുന്നു. ഇതിനിടെയാണ് സുധീഷിന്റെ അമ്മ വീട്ടിലെത്തി വിളിച്ചിട്ടും കതകു തുറക്കുന്നില്ല എന്ന് അറിഞ്ഞത്. ഞാൻ വേഗം അവിടെയെത്തി.
പക്ഷേ കണ്ടത് ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചയായിരുന്നു'': ടിന്റുവിന്റെ പിതാവ് മണർകാട് വെള്ളിമഠത്തിൽ ഷാജി വാക്കുകൾ മുഴുമിപ്പിക്കാനാകാതെ വിതുമ്പി. കടബാധ്യതകളൊന്നും ഇല്ലെന്നും ഇരുവരും തമ്മിൽ നല്ല സ്‌നേഹത്തിലായിരുന്നുവെന്നും ഷാജി പറഞ്ഞു. ഇപ്പോൾ താമസിക്കുന്ന വീടിനു സമീപം 20 സെന്റ് സ്ഥലം കൂടി ഇവർ വാങ്ങാൻ ഇരിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
രണ്ട് മാസം മുമ്പാണ് സുധീഷ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. മകൻ സിദ്ധാർത്ഥിനെയും ഭാര്യ ടിന്റുവിനെയും വിദേശത്തുകൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നു സുധീഷ്. ഇതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. വിദേശത്ത് പോകാനുള്ള രേഖകളുടെ ആവശ്യത്തിനായി സുധീഷും ടിന്റുവും കഴിഞ്ഞ ചൊവ്വാഴ്‌ച്ച തിരുവനന്തപുരത്തേക്ക് പോയിരുന്നു.
മകനെ സമീപത്തെ ബന്ധുവീട്ടിലാക്കിയാണ് ഇവർ തിരുവനന്തപുരത്തേക്ക് പോയത്. എന്നാൽ ഇരുവരും എപ്പോഴാണ് തിരിച്ചെത്തിയത് എന്ന് ബന്ധുക്കൾക്കും അറിവില്ല. സുധീഷിന്റെ ചേട്ടൻ ഗിരീഷിന്റെ വീട്ടിലായിരുന്നു മകൻ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർ തിരിച്ചെത്തുമെന്നായിരുന്നു പറഞ്ഞത്. എന്നാൽ വീട്ടുകാർ വിളിച്ചട്ട് ഇവരെ ഫോണിൽ കിട്ടിയില്ല. ഇരുവരും രാത്രിയോടെയാണ് വീട്ടിൽ തിരിച്ചെത്തിയതെന്നാണ് കരുതുന്നത്. സുധീഷിന്റെ മാതാവ് കുഞ്ഞമ്മിണി ഇന്നലെ രാവിലെ അയൽവീട്ടിൽ വിളിച്ച് വിവരം തിരക്കിയിരുന്നു. ആ സമയം സുധീഷിന്റെ സ്‌കൂട്ടർ വീട്ടുമുറ്റത്തുണ്ടെന്ന് അറിഞ്ഞിരുന്നു.
കുഞ്ഞമ്മിണി വീട്ടിലെത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതുകൊണ്ട്, നാട്ടുകാർ ഇടപെടുകയായിരുന്നു. ഇവർ ജനൽച്ചില്ല് പൊട്ടിച്ച് നോക്കിയപ്പോഴാണ് സുധീഷിന്റെ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസ് എത്തി വീട് തുറന്നു. ഇതോടെ ടിന്റുവിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഒരു ഫോൺ നമ്പറിൽ നിന്നുള്ള കോളുകളെ തുടർന്നുണ്ടായ സംശയങ്ങളാണ് കൊലപാതകത്തിലേക്കും, ഇയാളുടെ ആത്മഹത്യയിലേക്കും നയിച്ചതെന്ന് കരുതുന്നതായി പൊലീസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ