കണ്ണൂർ: ആർ എസ് എസിൽ നിന്ന് കൂറുമാറിയെത്തിയ അമ്പാടിമുക്ക് സഖാക്കൾ പാർട്ടിക്ക് തലവേദനയാകുന്നു. ആര് എന്ത് പറഞ്ഞാലും പി ജയരാജനെ ഉയർത്തിക്കാട്ടുമെന്ന നിലപാടിലാണ് അമ്പാടിമുക്കിലെ പഴയ ആർഎസ്എസുകാരായ സിപിഎമ്മുകാർ. ഇത് പാർട്ടിയുടെ കേന്ദ്രീകൃത ജനാധിപത്യത്തിന് വെല്ലുവിളിയാകുന്ന തരത്തിൽ വളരുകയാണ്. അമ്പാടിമുക്ക് സഖാക്കളെ കൈവിടാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ പരസ്യമായി അമ്പാടിമുക്കിലെ സിപിഎമ്മുകാർ വെല്ലുവിളിച്ചതായി സി.പി.എം നേതൃത്വം വിലയിരുത്തുന്നു. എന്നാൽ ഇവിടെ എടപെടാൻ ആർക്കും കഴിയുന്നതുമില്ല.

വ്യക്തിപൂജ ആരോപിച്ച് സി.പി.എം. സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനത്തിനു വിധേയനായ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന് പിന്തുണതേടി സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെട്ടത് നേതൃത്വത്തിന് ക്ഷീണമായി. സി.പി.എം. കണ്ണൂർ ഏരിയാ സമ്മേളനവേദിയായ ശിക്ഷക്സദന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികളുടെ കുപ്പായത്തിലാണ് 'സപ്പോർട്ട് പി.ജെ.' എന്നെഴുതിയ സ്റ്റിക്കറുകൾ കണ്ടത്. ഇതിന് പിന്നിൽ അമ്പാടി മുക്കിലെ സഖാക്കളാണെന്നാണ് സി.പി.എം നേതൃത്വം വിലയിരുത്തുന്നത്. തന്നെ തിരുത്താൻ പാർട്ടിക്ക് അവകാശമുണ്ടെന്നും വ്യക്തിപൂജാ വിവാദത്തിൽ പരിഭവമില്ലെന്നും ജയരാജൻ പറഞ്ഞിരുന്നു. ഇതോടെ വിവാദം തീർന്നുവെന്നും സി.പി.എം വിലയിരുത്തി. ഇതിനിടെയാണ് ജയരാജൻ അനുകൂല ക്യാമ്പൈനുമായി ചിലരെത്തിയത്.

കുട്ടുകളുടെ കുപ്പായത്തിലെ സ്റ്റിക്കറിൽ ജയരാജന്റെ ചിത്രം പതിച്ചിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പലരും മൊബൈലിൽ കുട്ടികളുടെ ചിത്രം പകർത്തി. തുടർന്ന് വാട്സാപ്പിലും ഫേസ്‌ബുക്കിലും ഫോട്ടോ പടർന്നു. കുട്ടികളുടെ കുപ്പായത്തിൽ അമ്പാടിമുക്കിലെ ചിലരാണ് സ്റ്റിക്കർ പതിച്ചതെന്ന് നേതൃത്വം മനല്ലിസാക്കി. കണ്ണൂർ തളാപ്പിലെ അമ്പാടിമുക്കിലെ വലിയൊരു സംഘം ആർഎസ്എസ്. പ്രവർത്തകരെ സിപിഎമ്മിലേക്ക് ആകർഷിച്ചത് ജയരാജനായിരുന്നു. ഈ പുത്തൻ 'അമ്പാടിമുക്ക് സഖാക്ക'ളാണ് ജയരാജനെ അർജുനനായും ആഭ്യന്തരമന്ത്രിയായും ചിത്രീകരിച്ച് ഫ്ലക്സുയർത്തി വിവാദത്തിന് തിരികൊളുത്തിയത്.

ജയരാജനെതിരേ പാർട്ടി സംസ്ഥാനകമ്മിറ്റിയിൽ കഴിഞ്ഞദിവസമുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് പാർട്ടി കണ്ണൂർ ഏരിയാ സമ്മേളനത്തിൽ ചൊവ്വാഴ്ച രാവിലെ പി. ജയരാജൻ പ്രസംഗിക്കാനെത്തിയത്. വ്യക്തിയെ സപ്പോർട്ടു ചെയ്യുന്ന പരാമർശമുള്ള ഇത്തരം സ്റ്റിക്കറുകൾ വിഭാഗീയതയായി ചൂണ്ടിക്കാട്ടിയേക്കാം എന്നുള്ളതുകൊണ്ടാവാം കുട്ടികളുടെ വസ്ത്രത്തിൽ മാത്രം സ്റ്റിക്കർ ഒട്ടിച്ചതെന്നു പറയുന്നു. സമൂഹമാധ്യമങ്ങളിലും ജയരാജനെ പിന്തുണച്ചുകൊണ്ട് ഒട്ടേറെ പോസ്റ്റുകൾ വരുന്നുണ്ട്. എല്ലാവരും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ടാണ് പോസ്റ്റിട്ടിരിക്കുന്നത്. ഇതിന് പിന്നിലും അമ്പാടിമുക്കിലെ സഖാക്കൾക്ക് കൈയുണ്ടെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തൽ.

അങ്ങനെ ഗണപതിയെ ചുവപ്പിച്ചും ഗണേശോൽസവം നടത്തിയും പ്രതിരോധത്തിലായ സി.പി.എം കണ്ണൂർ നേതൃത്വത്തിനു വീണ്ടും തലവേദന സൃഷ്ടിച്ച് അമ്പാടിമുക്ക് സഖാക്കൾ വീണ്ടും സജീവമാവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിന്റെ പ്രചാരണ ബോർഡിൽ പാർട്ടി നേതാക്കളെ ഹിന്ദുപുരാണം വഴി ചിത്രീകരിച്ചാണ് ആദ്യം ഇവർ വിവാദത്തിനു തിരികൊളുത്തിയത്. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനു വിളിപ്പാടകലെയുള്ള തളാപ്പ് അമ്പാടിമുക്കിൽ സ്ഥാപിച്ച ബോർഡിൽ, കുരുക്ഷേത്ര യുദ്ധത്തിനായി പുറപ്പെട്ട അർജുനനായി പിണറായി വിജയനെയും അശ്വസേനയുടെ തേര് തെളിക്കുന്ന ശ്രീകൃഷ്ണനായി ജില്ലാ സെക്രട്ടറി പി ജയരാജനെയുമാണ് ചിത്രീകരിച്ചിരുന്നത്.

പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾ തുടരുന്നത് ജില്ലാ നേതൃത്വത്തിൽ ചിലരുടെ മൗനാനുവാദമുണ്ടെങ്കിലും കൂടുതൽ പേർക്ക് അമർഷമുണ്ടായിരുന്നു. പിന്നീട് ജയരാജനെ ആഭ്യന്തരമന്ത്രിയായി ചിത്രീകരിക്കുന്ന ഫ്‌ലക്‌സ് ബോർഡുമായി അമ്പാടിമുക്ക് സഖാക്കൾ. ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപൻ,ശക്തനായ മുഖ്യമന്ത്രിക്ക് ശക്തനായ ആഭ്യന്തരമന്ത്രി. ആഭ്യന്തരമന്ത്രി പി.ജയരാജൻ സല്യൂട്ട് സ്വീകരിക്കുന്നു. പ്രത്യക്ഷപ്പെട്ട ബോർഡിൽ ഇങ്ങനെയായിരുന്നു ബോർഡിലെ വാചകങ്ങൾ. ബ്‌ളാക്ക് ക്യാറ്റ് കമാൻഡോകളുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ ജയരാജൻ പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നത്തിന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് ഉപയോഗിച്ചത്്.

ആഭ്യന്തരമന്ത്രി പി. ജയരാജൻ സല്യൂട്ട് സ്വീകരിക്കുന്നുവെന്നും എഴുതിയിട്ടുണ്ട്. അങ്ങനെ ജയരാജനോട് മാത്രം അടുപ്പം കാണിച്ചായിരുന്നു അമ്പാടിമുക്ക് സഖാക്കളുടെ പ്രവർത്തനം. ഇപ്പോൾ വ്യക്തിപൂജാ വിവാദത്തിൽ ജയരാജനെ സി.പി.എം സംസ്ഥാന സമിതി തള്ളിപ്പറയുമ്പോഴും ഈ പഴയ പരിവാറുകാർ പി ജയരാജനെ ഉയർത്തിക്കാട്ടി പ്രതിരോധത്തിന് നിൽക്കുന്നതും സിപിഎമ്മിനെ വെട്ടിലാക്കുന്നുണ്ട്.