തിരുവനന്തപുരം: അമ്പലമുക്കിൽ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരിയുടെ കൊലപാതകിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കടയ്ക്ക് സമീപമുള്ള സിസിടിവിയിൽ കണ്ടെത്തിയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. മുട്ടടയിൽ നിന്നും കേശവദാസപുരത്തേക്ക് ഒരു സ്‌കൂട്ടറിന് പിന്നിൽ ഇയാൾ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

വേഷം മാറി സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പേരൂർക്കട പൊലീസ്. പേരൂർക്കടയിലെ കൊലപാതകത്തിന് ശേഷം പ്രതി ഡ്രെസ്സ് മാറി പരുത്തിപ്പാറക്കും വയലിക്കടക്കും ഇടക്കുള്ള സ്ഥലത്തു നിന്നും ഞായറാഴ്ച ഉച്ചക്ക് 12:11 മണിയോട് കൂടി ഒരു ആക്ടിവ സ്‌കൂട്ടറിൽ ലിഫ്റ്റ് ചോദിച്ചു പോകുന്നുണ്ട്.. ഈ ലിഫ്റ്റ് അറിയാതെ കൊടുത്ത ആൾ പൊലീസുമായി ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

യുവതി കൊല്ലപ്പെട്ട കടയ്ക്ക് സമീപമുള്ള സിസിടിവിയിൽ നിന്ന് മാസ്‌കും, സ്‌കാർഫും ധരിച്ചു പ്രതി നടന്ന് പോകുന്നു ദൃശ്യങ്ങൾ പൊലീസിന് നേരത്തെ ലഭ്യമായിരുന്നു. 11.15 ഓടെയാണ് ഇയാൾ ഈ വഴിയിലൂടെ പോകുന്നത്.

കുറവൻകൊണം അമ്പലമുക്ക് റോഡിൽ ഓട്ടോയിൽ സഞ്ചരിച്ച ഇയാൾ മുട്ടട ഭാഗത്ത് ഇറങ്ങിയെന്നാണ് സൂചന. പിന്നീട് ഇവിടെയുള്ള ഒരു കുളത്തിന് സമീപം വസ്ത്രം മാറിയ ശേഷം ഇയാൾ ഒരു ഇരു ചക്ര വാഹനത്തിൽ ലിഫ്റ്റ് ചോദിച്ചു. ഒടുവിൽ പ്രതി കേശവദാസപുരത്തേക്ക് സഞ്ചരിച്ചെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്നു വിവരം. ഇയാളുടെ കയ്യിൽ മുറിവ് ഉണ്ടായിരുന്നതായും മൊഴി ലഭിച്ചിട്ടുണ്ട്. 30 നും 35 വയസിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഇയാൾ തമിഴ് കലർന്ന മലയാളമാണ് സംസാരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. രേഖാ ചിത്രം അടക്കം തയ്യാറാക്കി പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പേരൂർക്കട പൊലീസ്.

ഞായറാഴ്ച ഉച്ചയോടെയാണ് അമ്പലമുക്കിൽ അലങ്കാര ചെടിക്കടക്കുള്ളിൽ വിനീത വിജയന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ മുറിവേറ്റ നിലയിലായിരുന്നു, സ്വർണമാലയും കാണാനില്ലായിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലൊന്നും പൊലീസിന് പ്രതിയെ കുറിച്ച് വ്യക്തമായ ഒരു സൂചനയും ലഭിച്ചില്ല. സ്ഥാപനത്തിന് തൊട്ടുമുന്നിലുള്ള വീട്ടിലെ സിസിടി പ്രവർത്തിക്കുന്നില്ലെന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചത്.

ഞായറാഴ്ച ലോക്ഡൗണിന് സമാനമായി നിയന്ത്രണം ആയതിനാൽ കടയിലേക്ക് വന്നയാളെ നാട്ടുകാരും കണ്ടിരുന്നില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് സുപ്രധാന സൂചന പൊലീസിന് ലഭിക്കുന്നത്. കടയ്ക്ക് സമീപമുള്ള ഒരു സ്ഥാപനത്തിലെ സിസിടിവിയിലാണ് പ്രതിയെന്ന സംശയക്കുന്നയാളിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ഞായറാഴ്ച 11 മണിയോടെ തലയിൽ സ്‌കാർഫ് ധരിച്ച ഒരാൾ ചെടിക്കടയിലേക്ക് പോകുന്നുണ്ട്. 11.30 മണിയോടെ തിരിച്ചെത്തുന്ന ഇയാൾ ഒരു ഓട്ടോയിൽ കയറി പോകുന്നു.

മെഡിക്കൽ കോളേജിലേക്കെന്ന് പറഞ്ഞ ഓട്ടോയിൽ കയറിയ അയാൾ മുട്ടടയെത്തിയപ്പോൾ പുറത്തിറങ്ങി. ഇയാളുടെ കൈയിൽ മുറിവുണ്ടായിരുന്നുവെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. മറ്റ് ചില നിർണായക സാക്ഷിമൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്വർണ മാല മോഷ്ടിച്ച ശേഷം ഇയാൾ കടന്നു കടന്നു കളഞ്ഞുവെന്നാണ് പൊലീസ് സംശയം. കടയിലുണ്ടായിരുന്ന പണം മോഷണം പോയിട്ടില്ല.

സമീപത്തെ വീടുകളിലുള്ളവർ വിനീതയുടെ നിലവിളിയൊന്നും കേട്ടിട്ടില്ല. വിനീതക്ക് പരിചയമുള്ള ആളാണോ കൊലപതാകിയെന്നും സംശയിക്കുന്നുണ്ട്. സാക്ഷി മൊഴികളുടെയുടം സിസി ടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കും. രേഖാചിത്രം പുറത്തുവിടാനാണ് പൊലീസ് തീരുമാനം. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.