തിരുവനന്തപുരം: അമ്പലമുക്കിൽ കൊല ചെയ്യപ്പെട്ട വിനീതയുടെ കുടുംബത്തിന് സിപിഐഎം വീട് വച്ച് നൽകും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂർണമായി പാർട്ടി ഏറ്റെടുക്കുമെന്നും അറയിച്ചു. രണ്ടാഴ്ചക്കുള്ളിൽ വീട് നിർമ്മാണം ആരംഭിക്കും. സിപിഐഎം നെടുമങ്ങാട് ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം.

ഞായറാഴ്ചയാണ് അമ്പലമുക്കിലെ അലങ്കാര ചെടി വിൽപന കേന്ദ്രത്തിൽ നെടുമങ്ങാട് സ്വദേശിനിയായ വിനീതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിനീതയുടെ ആഭരണം കൈക്കലാക്കാനാണ് കൊലപാതകമെന്നാണ് കണ്ടെത്തൽ.

വിനീതയിൽ നിന്നും മോഷ്ടിച്ച മാല പൊലീസ് കണ്ടെത്തിയിരുന്നു. കേരളാ തമിഴ്‌നാട് ബോർഡർ ആയ പഴയകടയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നാണ് മാല കണ്ടെടുത്തത്. തമിഴ്‌നാട്ടിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് രാജേന്ദ്രൻ. ഇക്കഴിഞ്ഞ ഡിസംബറിലാണ് രാജേന്ദ്രൻ തിരുവനന്തപുരത്തെത്തിയത്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി സാമ്പത്തിക ആവശ്യത്തിനായാണ് മോഷണം നടത്തിയത്. ഇയാൾ കൈയിൽ കത്തി കരുതാറുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ഇരട്ടകൊലക്കേസിലെ പ്രതിയാണ് രാജേന്ദ്രൻ 2014 ൽ കസ്റ്റ്ംസ് ഓഫീസറേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിൽ വിചാരണ നടക്കവേയാണ് ഇയാൾ സംസ്ഥാനം വിടുന്നത്.

ചെടി നനയ്ക്കാനായി വിനീത കെട്ടിടത്തിന്റെ ടെറസിൽ കയറുന്നത് ചിലരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിന് ശേഷം സ്ഥാപനത്തിൽ ആരോ എത്തി വിനീതയുമായി തർക്കം ഉണ്ടാവുകയും ഇതുകൊലപാതകത്തിൽ കലാശിച്ചുവെന്നുമാണ് പ്രാഥമികമായി ലഭിച്ച വിവരം. വിനീതയെ കാണാതായതോടെ മറ്റൊരു ജീവനക്കാരി സുനിതയാണ് അന്വേഷിക്കാനെത്തിയത്. ഇവരാണ് വിനീതയെ മരിച്ചനിലയിൽ കണ്ടത്.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രാജേന്ദ്രനിലേക്ക് എത്തുന്നത്.