ആലപ്പുഴ : അമ്പലപ്പുഴയിൽനിന്നും കോടികളുമായി മുങ്ങിയ ചിട്ടി കമ്പനിയുടമ പിടിയിൽ. അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപം തെക്കെമഠം സ്വകാര്യ സാമ്പത്തിക ഇടപാട് സ്ഥാപനം നടത്തിവന്നിരുന്ന തെക്കേമഠത്തിൽ മോഹനപ്പണിക്കർ (55) ആണ് അറസ്റ്റിലായത്.

പുനലൂരിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അമ്പലപ്പുഴ എസ് ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. 3.5 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സ്വർണ്ണ പണയം, ചിട്ടി എന്നിവയിൽ നടത്തിയ തട്ടിപ്പിനെ പറ്റി കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

പ്രതി പിടിയിലായതോടെ കൂടതൽ പരാതികൾ എത്താൻ സാധ്യതയുണ്ടെന്നും പൊലീസ്. ഒരു മാസക്കാലമായി സ്ഥാപനം അടച്ചിട്ട നിലയിൽ കാണപ്പെട്ടതിനെ തുടർന്നാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ വീടും സ്ഥലവും വിറ്റ് കുടുബസമേതം മുംബയിലാണെന്ന് വിവരം ലഭിച്ചിരുന്നു. പിന്നീട് വീട്ടിലും സ്ഥാപനത്തിലും തിരച്ചിൽ നടത്താൻ ശ്രമം നടത്തിയെങ്കിലും ഇവ അടഞ്ഞുകിടക്കുകയായിരുന്നു.

അടഞ്ഞുകിടന്നിരുന്ന സ്ഥാപനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ചിട്ടി രജിസ്റ്ററുകളും മണി ലെന്റിങ്ങ് രേഖകളും കണ്ടെത്തിയിരുന്നു. എന്നാൽ സ്ഥിരനിക്ഷേപം സ്വീകരിക്കാനുള്ള ലൈസൻസ് ഇല്ലാതിരുന്നതായി പൊലീസ് വ്യക്തമാക്കി. നോട്ടു നിരോധനത്തിനിടയിൽ വൻ നിക്ഷേപങ്ങൾ പുതിയ നോട്ടാക്കി മാറ്റിയെടുക്കാൻ കഴിയാതിരുന്നതാണ് സ്ഥാപന നടത്തിപ്പിന് തടസ്സമായതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

എന്നാൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ 50 ലക്ഷം രൂപയുടെ സ്വർണ്ണ ഉരുപ്പടികൾ നിക്ഷേപിച്ചതിന്റെ രേഖകൾ ഇയാളിൽ നിന്നും പൊലീസ് കണ്ടെടുത്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പിന്നീട് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ് ഐ പ്രജീഷ് കുമാർ പറഞ്ഞു.