ആലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും തിരുവാഭരണത്തിലെ നവരത്നങ്ങൾ പതിച്ച പതക്കം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം പ്രഹസനമാകുന്നതായി പരാതി. കുന്തം പോയാൽ കുടത്തിലും തപ്പണമെന്ന് പഴമക്കാരുടെ ചൊല്ലിനെയാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ മാതൃകയാക്കുന്നത്. 88 ഗ്രാം തൂക്കമുള്ള പതക്കങ്ങൾക്കായി കഴിഞ്ഞ 22 ദിവസമായി അമ്പലം മുഴുവൻ ഇളക്കി പരിശോധിക്കുകയാണ് അന്വേഷണ സംഘം. ഏറ്റവും ഒടുവിൽ ക്ഷേത്രക്കിണർ വറ്റിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ഇപ്പോൾ അന്വേഷണം ക്ഷേത്രത്തിലെ മേൽശാന്തിമാരിലേക്ക് തിരിയുകയാണ്. പതക്കങ്ങൾ അപ്രത്യക്ഷമായതോടെ ജീവനക്കാരും അഡ്‌മിനിസ്ട്രേറ്ററും രണ്ടുതട്ടിലായിരുന്നു. ക്ഷേത്രത്തിലെ ആഭരണ സൂക്ഷിപ്പുക്കാരനാണ് വിശേഷദിവസങ്ങളിൽ തിരുവാഭരണങ്ങൾ മേൽശാന്തിയെ ഏൽപ്പിക്കുന്നത്. ഭഗവാന് ചാർത്തിയശേഷം ഇത് തിരികെ നൽകി കണക്ക് കൃത്യമാക്കേണ്ടതാണ്

എന്നാൽ കഴിഞ്ഞ വിഷുദിവസം ആഭരണങ്ങൾ പുറത്തെടുത്തശേഷം പിന്നീട് മടക്കിക്കൊടുത്തില്ലെന്ന് അഡ്‌മിനിസ്ട്രേറ്റർ പറയുമ്പോൾ മറ്റ് ആഭരണങ്ങൾക്കൊപ്പം പതക്കവും നൽകിയെന്ന് മേൽശാന്തിയും പറയുന്നു. മാത്രമല്ല ആഭരണങ്ങൾ തിരികെ ഏൽപ്പിച്ച ശേഷം നാലുദിവസങ്ങൾ കഴിഞ്ഞാണ് പതക്കം അപ്രത്യക്ഷമായ വിവരം പുറത്താകുന്നത്. ഇത് ദുരൂഹത പടർത്തിയിരുന്നു. നാലു വിധത്തിലാണ് പതക്കങ്ങളെ കുറിച്ചുള്ള അന്വേഷണം പൊടിപൊടിച്ചത്. ലോക്കൽ പൊലീസ്, ക്രൈംബ്രാഞ്ച്, ദേവസ്വം കമ്മീഷണർ...നാട്ടുകാർ വേറെയും.

എന്നാൽ ഈ അന്വേഷണങ്ങൾക്കൊന്നും ഭഗവാന്റെ പതക്കം തിരിച്ചെടുക്കാൻ കഴിഞ്ഞില്ല. ആദ്യം ക്ഷേത്രപരിസരവും, ശ്രീകോവിലും അരിച്ചുപെറുക്കിയ പൊലീസ് പിന്നീട് ക്ഷേത്രത്തിൽ കത്തിച്ചുകളഞ്ഞ ചവറുകൂട്ടത്തിലെ ലോഹസാന്നിധ്യം പരിശോധിച്ചു. പിന്നീട് ആലപ്പുഴയിലേയും അമ്പലപ്പുഴയിലേയും ജൂവലറികളിലും പരിശോധന നടത്തി. എന്നിട്ടും കര പറ്റാൻ കഴിയാതെ വീണ്ടും ക്ഷേത്രക്കിണർ വറ്റിച്ചു പതക്കം തപ്പി, കിട്ടിയില്ല.

ഏറ്റവും ഒടുവിൽ കുളംവറ്റിച്ച് പതക്കം തപ്പാനുള്ള അനുമതിക്കായി അന്വേഷണ സംഘം കാത്തിരിക്കുകയാണ്. തിരച്ചിലെല്ലാം പാഴായതോടെ പുതിയ ആവശ്യവുമായി വിശ്വസികൾ രംഗത്തെത്തിക്കഴിഞ്ഞു. ക്ഷേത്ര ജീവനക്കാർ, തിരുമേനിമാർ, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങിയവരുടെ ഫോൺ വിളികളും യാത്രാരേഖകളും പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ക്രമക്കേടുകൾ വിവിധങ്ങളായി അമ്പലത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന സാഹചര്യത്തിലാണ് വിവാദങ്ങൾക്ക് വീണ്ടും ആളിക്കത്തിച്ച് നാട്ടുകാർ രംഗത്തുള്ളത്.

നേരത്തെ ഭഗവാന് നേദിച്ച പായസം പുറംമാർക്കറ്റിൽ അനധികൃതമായി വിറ്റഴിച്ച തട്ടിപ്പുകാരെ കൈയോടെ വിജിലൻസ് പിടികൂടിയിരുന്നു. ഇതോടെ അമ്പലത്തിന്റെ നടത്തിപ്പുതന്നെ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു. പിന്നീട് ആനയെ പരിപാലിക്കുന്നതിൽ കാട്ടിയ അമാന്തം, ക്ഷേത്രത്തിൽ വിശ്വാസികൾ എത്തിക്കുന്ന എണ്ണ കച്ചവടം ചെയ്യുന്നത്, നടയിരുത്തുന്ന കാലികളെ കയറ്റിവിട്ട സംഭവം... എല്ലാം ക്ഷേത്രത്തിന്റെ സുതാര്യമായ നടത്തിപ്പിൽ കരിനിഴൽ വീഴ്‌ത്തിയിരുന്നു. പുതുതായി ഉയരുന്നത് ക്ഷേത്രത്തിലെ നേർച്ചയായെത്തുന്ന എണ്ണ എങ്ങോട്ടു പോകുന്നുവെന്നതാണ്. അടുത്തദിവസങ്ങളിൽ എണ്ണ വിൽപ്പനയിലെ അഴിമതി ചോദ്യം ചെയ്യപ്പെടുമെന്നാണ് അറിയുന്നത്.