ന്യുഡൽഹി: കോറോണ മാഹാമാരി ഘട്ടത്തിലും പതാറാതെ മുന്നോട്ട് പോയ ഇന്ത്യൻ ബിസിനസ് ഉടമകളിൽ ഒരാളാണ് മുകേഷ് അംബാനി. ഈ കാലയളവിൽ അദ്ദേഹത്തിന്റെ കീഴിലുള്ള കമ്പനികളിലേക്ക് ഒഴുകിയെത്തിയത് 2000 കോടി ഡോളറിലേറെയാണ്. തന്റെ കീഴിലുള്ള ജിയോ പ്ലാറ്റ്ഫോമിന്റെ 33 ശതമാനം ഓഹരി വിറ്റാണ് അദ്ദേഹം പണം സ്വരൂപിച്ചത്. ഫേസ്‌ബുക്, ഗൂഗിൾ തുടങ്ങിയ കമ്പനികളടക്കം പല ആഗോള ഭീമന്മാരും അംബാനിയുടെ കമ്പനിയിൽ പണം മുടക്കി പങ്കാളികളാകുകയായിരുന്നു. ഇപ്പോഴിതാ മുകേഷ് അംബാനി ആമസോണിലേക്ക് കണ്ണെറിയുന്ന വാർത്തയാണ് പുറത്ത് വരുന്നത്.

പല പ്രാദേശിക ഓൺലൈൻ റീട്ടെയിൽ കമ്പനികളെയും ഏറ്റെടുക്കുകയാണ് അംബാനി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അർബൻ ലാഡർ എന്ന ഗൃഹോപകരണ വിൽപ്പനക്കമ്പനി, സിവമേ (ദശ്മാല) എന്ന അടിവസ്ത്ര നിർമ്മാണ കമ്പനി, നെറ്റ്മെഡ്സ് എന്ന മരുന്നു വിൽപ്പന കമ്പനി തുടങ്ങിയവ എല്ലാം അദ്ദേഹം വാങ്ങിക്കൂട്ടാനൊരുങ്ങുകയാണ്. തന്റെ റീട്ടെയിൽ വിൽപ്പനാ സാധ്യത വർധിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഇതിലൂടെ ആമസോൺ അടക്കമുള്ള ആഗോള ഭീമന്മാരെയും പ്രാദേശിക എതിരാളികളെയും പിന്നിലാക്കാനാണ് അംബാനിയുടെ ശ്രമം.

മഹാമാരി പടർന്നതോടെ പല പ്രാദേശിക കച്ചവടക്കാരും പ്രശ്നത്തിലാണ് എന്നതും ഇപ്പോൾ കച്ചവട സ്ഥാപനങ്ങൾ വാങ്ങാൻ അംബാനി ഇറങ്ങാനുള്ള കാരണങ്ങളിലൊന്നാണത്രെ. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം പടർന്നതോടെ അദ്ദേഹം വാങ്ങാനാഗ്രഹിക്കുന്ന കമ്പനികൾക്ക് വിലയുടെ കാര്യത്തിൽ അത്ര മസിലു പിടിക്കാനൊന്നും ഒക്കില്ലെന്നതും ഇപ്പോൾ വാങ്ങിക്കൂട്ടാനിറങ്ങിയിരിക്കുന്ന അംബാനിക്ക് അറിയാമെന്നു കരുതുന്നു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യൻ റീട്ടെയിൽ വിപണന രംഗത്തെ അനിഷേധ്യ രാജാവായി അംബാനി മാറുമെന്ന കാര്യത്തിൽ സംശയത്തിനിടയില്ല എന്നാണ് വിലയിരുത്തൽ.

ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സിവമെ കമ്പനിക്ക് 160 ദശലക്ഷം ഡോളറാണ് അംബാനി ഇട്ടിരിക്കുന്ന വില. അർബൻ ലാഡറിന് 30 ദശലക്ഷം ഡോളറായിരിക്കും നൽകുക. നെറ്റ്മെഡ്സിന് 120 ദശലക്ഷം ഡോളർ നൽകുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അടുത്തതായി ലക്ഷ്യമിട്ടിരിക്കുന്ന കമ്പനി പാൽ വിതരണ കമ്പനിയായ മിൽക്‌ബാസ്‌ക്കറ്റ് ആണത്രെ. പുതിയ വാങ്ങലുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നു തുടങ്ങിയതെ റിലയൻസിന്റെ ഓഹരി 1.3 ശതമാനം വർധിച്ചു. ഇത്തരം വാങ്ങിക്കൂട്ടലുകൾക്ക് അംബാനി തുടക്കമിടുന്നത് 2017ലാണ്. ബ്രിട്ടിഷ് കളിപ്പാട്ട വിൽപ്പന ശൃംഖലയായ ഹാംലെയ്സ്, മ്യൂസിക് സ്ട്രീമിങ് ആപ്പായ സാവൻ, ലോജിസ്റ്റിക്സ ഓപ്പറേഷൻ നടത്തുന്ന ഗ്രാബ് എ ഗ്രബ്, ഹാപ്റ്റിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് തുടങ്ങിയവ അതിൽ പെടും. ഇന്ത്യൻ റീട്ടെയിൽ രംഗത്തെ പ്രധാനപ്പെട്ട കമ്പനികളിലൊന്നായ ഫ്യൂച്ചർ ഗ്രൂപ്പിന്റെ പല യൂണിറ്റുകളും താമസിയാതെ വാങ്ങിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

നേരത്തെ അംബാനി അവതരിപ്പിച്ച സ്വന്തം ഓൺലൈൻ വിപണനശാലയായ ജിയോ മാർട്ടിന് ഇപ്പോൾ 200 നഗരങ്ങളിൽ സാന്നിധ്യമുണ്ട്. പരമ്പരാഗത വിൽപ്പനക്കാർ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ഈ കോവിഡ്-19 വേളയിൽ ആക്രമിച്ചു കയറാൻ നല്ല സമയമാണെന്നും പല ബിസിനസുകാർക്കും അറിയാം. ആമസോൺ ഇന്ത്യയിൽ ഏകദേശം 5.5 ബില്ല്യൻ ഡോളർ ഇറക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, 16 ബില്ല്യൻ ഡോളർ മുടക്കി ഫ്ളിപ്കാർട്ട് വാങ്ങിയ അമേരിക്കൻ റീട്ടെയിൽ ഭീമൻ ഇനി ഒരു പക്ഷേ അധികം പണം ഇന്ത്യയിൽ ഇറക്കിയേക്കില്ലെന്നു പറയുന്നവരും ഉണ്ട്. ഫ്ളിപ്കാർട്ട് വാങ്ങൾ വാൾമാർട്ടിന് ക്ഷീണമായിരിക്കും സമ്മാനിക്കുക എന്നു വാദിക്കുന്നവരുണ്ട്.

ഐടി മന്ത്രാലയം അവതരിപ്പിച്ച പുതിയ മത്സരത്തിൽ, ഐഐടി മദ്രാസ്, സിഡിഎസി എന്നിവിടങ്ങളിൽ നിർമ്മിച്ച മൈക്രോപ്രോസസറുകൾ ഉപയോഗിച്ച് ഉപകരണങ്ങൾ നിർമ്മിക്കുന്നതു പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ശക്തി (32 ബിറ്റ്) വെഗാ (64ബിറ്റ്) എ്ന്നീ പ്രോസസറുകളാണ് യഥാക്രമം ഐഐടി മദ്രാസും, സിഡിഎസിയും നിർമ്മിച്ചിരിക്കുന്നത്. സ്വദേശി മൈക്രോപ്രോസസർ വെല്ലുവിളി - ആത്മനിർഭർ ഭാരതിനു വേണ്ടി ഉൽപ്പന്നങ്ങൾ നിർമ്മിക്കുക, എന്ന വെല്ലുവിളിയാണ് ഇപ്പോൾ ഐടി മന്ത്രി രവിശങ്കർ പ്രസാദ് നടത്തിയിരിക്കുന്നത്. നിർമ്മാണ രംഗത്തു പ്രാവീണ്യമുള്ളവർ, സ്റ്റാർട്ട്-അപ്പുകൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് വെല്ലുവിളി ഏറ്റെടുക്കാം. ഇന്ത്യയ്ക്ക് ടെക്നോളജിയിൽ സ്വയം പര്യാപ്തത കൈവരണമെങ്കിൽ ഇത്തരം നീക്കങ്ങൾ കൊണ്ടുവന്നേ തീരൂ. സുരക്ഷ, ലൈനസൻസിങ്, കാലഹരണപ്പെട്ട ടെക്നോളജിയുടെ ഉപയോഗം കുറയ്ക്കൽ തുടങ്ങി നിരവധി പ്രശ്നങ്ങൾ തരണം ചെയ്യേണ്ടതായുണ്ട്. ജൂൺ 2021വരെയാണ് കോൺടെസ്റ്റ് സമയം.

സെമി-ഫൈനലിലേക്കു കടക്കുന്ന 100 പേർക്ക് മൊത്തം 1 കോടി രൂപയ്ക്കുള്ള സമ്മാനങ്ങൾ നൽകും. ഫൈനലിലേക്കു കടക്കുന്ന 25 പേർക്കും 1 കോടി രൂപ വീതിച്ചു നൽകും. മത്സരത്തിൽ മുന്നിലെത്തുന്ന 10 ടീമുകൾക്ക് 2.3 കോടി രൂപ വീതിച്ചു നൽകുമെന്നതു കൂടാതെ, അവരുടെ ഉദ്യമത്തിന് 1 വർഷത്തേക്ക് സാമ്പത്തിക സഹായവും നൽകും. ഏതു തലത്തിലുമുള്ള വിദ്യാർത്ഥികൾക്കും സ്റ്റാർട്ട്-അപ്പുകൾക്കും ഈ അവസരം മുതലാക്കാം. പ്രാദേശികമോ ആഗോളമോ ആയ പല പ്രശ്നങ്ങൾക്കും സാങ്കേതികവിദ്യാപരമായ പരിഹാരമാർഗങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ് നൽകിയിരിക്കുന്നത്.

ആപ്പിളിന്റെ ലാപ്ടോപ്പുകൾക്കു മാത്രമാണ് ലക്ഷങ്ങൾ വില നൽകേണ്ടിവരിക എന്ന ചിന്ത വേണ്ട-വിലകൂടിയ വിൻഡോസ് പിസികളും ഉണ്ട്. അത്തരത്തിലൊന്നാണ് ഡെൽ എക്സ്പിഎസ് 17. തുടക്ക വേരിയന്റിന്റെ വില 209,500 രൂപയായിരിക്കും. രണ്ടു കഷണം മെഷീൻഡ് അലൂമിനിയം ആണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കോർണിങ് ഗൊറിലാ ഗ്ലാസ് 6 ഇവയോടു ചെർത്തിരിക്കുന്നു. പത്താം തലമുറയിലെ ഇന്റൽ കോർ ഐ-7 പ്രോസസർ, എൻവിഡിയ ജിഫോഴ്സ് ജിടിഎക്സ് 1650 ടിഐ ജിപിയു തുടങ്ങിയവയാണ് ഹാർഡ്വെയർ മികവുകൾ. സ്‌ക്രീൻ റെസലൂഷൻ 4കെ അൾട്രാ എച്ഡി പ്ലസ് ആണ്.

നിങ്ങൾ പോകുന്ന വഴികൾ, വിളിക്കുന്ന ആളുകൾ തുടങ്ങി നിങ്ങളെപ്പറ്റിയുള്ള മിക്ക കാര്യങ്ങളും ആധുനിക സ്മാർട് ഫോണുകൾക്കും, അവയിൽ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾക്കും അറിയാം. എന്നാൽ അധികം താമസിയാതെ നിങ്ങൾ മദ്യപിച്ചോ എന്നും ഫോണുകൾക്ക് തിരിച്ചറിയാനാകുമത്രെ! ഫോണുകളിൽ ഉൾപ്പെടുത്താൻ പോകുന്ന സെൻസറുകളുടെ സഹായത്തോടെയായിരിക്കും നിങ്ങൾ ഇറയ്ക്കാത്ത ചുവടുകൾവച്ച്, ആടിയായി നടക്കുന്ന കാര്യം ഫോൺ മനസ്സിലാക്കുക. ഇപ്പോൾ കൂടുതൽ സമയം സ്മാർട് ഫോണുകൾ ഉപയോഗിച്ചാൽ മുന്നറിയിപ്പു തരുന്ന സംവിധാനങ്ങൾ ഫോണുകളിലുണ്ട്. അതുപോലെ അമിതമായി മദ്യപിച്ച് പ്രശ്നങ്ങളിൽ ചെന്നു ചാടാതരിക്കാനുള്ള മുന്നറിയിപ്പു നൽകുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇവ കൊണ്ടുവരികയത്രെ. ജേണൽ ഓഫ് സ്റ്റഡീസ് ഓൺ ആൽക്കഹോൾ ആൻഡ് ഡ്രഗ്സിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത് അമിതമായി മദ്യപിക്കുന്നു എന്ന കാര്യം തത്സമയം മദ്യപനെ അറിയിക്കുന്നത് പ്രാധാന്യമർഹിക്കുന്ന കാര്യമാണ് എന്നാണ്. ഇതിനായാണ് ശക്തമായ സെൻസറുകൾ ഫോണുകളിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നതത്രെ.