- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഗന്ധലേപന വിപണിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗലത്തിന്റെ ഛർദിൽ കടത്തു സംഘങ്ങൾ കേരളത്തിൽ സജീവം; 16 കോടി രൂപ വിലയുള്ള ആംബർ ഗ്രീസുമായി ഇരിട്ടി സ്വദേശിയടക്കം നാലുപേർ കുടകിൽ അറസ്റ്റിൽ; പടിച്ചെടുത്തത് ഗൾഫിലേക്ക് കടത്താൻ പദ്ധതിയിട്ട മുതൽ
ഇരിട്ടി : അന്താരാഷ്ട്ര മാർക്കറ്റിൽ പതിനാറുകോടി വിലയുള്ള ആംബർഗ്രീസുമായി ഇരിട്ടി സ്വദേശിയടക്കം അടക്കം നാലുപേർ കുടകിൽ പിടിയിലായി. രഹസ്യവിവരം ലഭിച്ചതനുസരിച്ച് കുടകിലെ കുശാൽ നഗറിൽ നിന്നാണ് വനംവകുപ്പ് നാലുപേരെ പിടികൂടിയത്.
സുഗന്ധലേപന വിപണിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗലത്തിന്റെ ഛർദിൽ (ആംബർ ഗ്രീസ്) കടത്തുന്ന സംഘം കേരളത്തിൽ സജീവമാണെന്ന സൂചനയാണ് ഈ കേസും നൽകുന്നത്. കഴിഞ്ഞ മാസം തൃശൂരിൽ നിന്ന് 30 കോടിരൂപ വിലമതിക്കുന്ന ആംബർഗ്രിസുമായി 3 പേർ പിടിയിലായിരുന്നു.
ഇരിട്ടി സ്വദേശി കെ.എം. ജോർജ്, കുടക് സ്വദേശികളായ കെ.എ ഇബ്രാഹിം, ബി.എ റഫീഖ്, താഹിർ എന്നിവരാണ് ഇന്നലെ പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഗൾഫിലേക്ക് കടത്താനായി എത്തിച്ചതായിരുന്നു ഇത്. 8.2 കിലോഗ്രാം ഭാരമുള്ള ആംബർഗ്രീസ് കാറിൽ ഒളിപ്പിച്ചു കടത്താനായിരുന്നു സംഘത്തിന്റെ ശ്രമം.
1972ലെ വന്യജീവി നിയമപ്രകാരം രാജ്യത്ത് ആംബർഗ്രീസ് വിൽപന നിരോധിതമാണ്. ഈ നിയമത്തിൽ വിശദമാക്കുന്നതനുസരിച്ച്പിടിച്ച് വളർത്തുന്നതോ വന്യമൃഗമോ ആയ കീടങ്ങൾ അല്ലാതെയുള്ള ഒരു ജീവിയുടെ തോൽ ഉപയോഗിച്ച് കരകൗശല വസ്തുപോലുള്ളവ നിർമ്മിക്കാൻ വസ്തുക്കളായ ആംബർഗ്രീസ്, കസ്തൂരി മറ്റ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നത് കുറ്റകരമാണ്.
ഇത്തരം വസ്തുക്കൾ കേടുവരാതെ പാകപ്പെടുത്തുന്നതും സംരക്ഷിക്കുന്നതും ഇത് ഉപയോഗിച്ച് സ്മാരകം പോലുള്ളവ നിർമ്മിക്കുന്നതും കുറ്റകരമാണ്. അൺക്യുവേർഡ് ട്രോഫി എന്നാണ് ഇത്തരം വസ്തുക്കളെ വിശദമാക്കുന്നത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗൾഫിലെ സുഗന്ധലേപന വിപണിയിലേക്ക് കടത്താൻ വേണ്ടിയാണ് ആംബർ ഗ്രീസ് എത്തിച്ചത്.
1972ലെ വന്യജീവി നിയമപ്രകാരം രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന ആംബർ ഗ്രിസിന്റെ വിൽപന നിരോധിച്ചിട്ടുണ്ട്. തൂശൂരിലെ ഇടപാടിൽ പലരും ഇനിയും പിടിക്കപ്പെടാനുണ്ട്. തൃശൂരിൽ പിടിയിലായവർക്ക് ഉൽപ്പന്നം കൈമാറിയ മലപ്പുറം തിരൂരിലെ സംഘം മുങ്ങിയിരുന്നു. പ്രതികളെ തിരൂരിലെത്തിച്ച് വ്യാഴാഴ്‌ച്ച തെളിവെടുപ്പ് നടത്തി.
പിടിയിലായ വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരെ വനംവകുപ്പ് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് കൊണ്ടു വരികയായിരുന്നു. ആന്ധ്രയിലെ ഗുണ്ടൂർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ വിപണനത്തിന്റെ റാക്കറ്റുകളുണ്ടെന്ന് സൂചനയുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്