- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലിൽ ഒഴുകി നടക്കുന്ന പരന്ന ഗന്ധമുള്ള വിചിത്ര വസ്തു കണ്ടപ്പോൾ വെറുതേ വള്ളത്തിലിട്ടു കൊണ്ടുവന്നു; കടൽത്തീരത്തു വിശ്രമിക്കുമ്പോൾ 'തലയണ' പോലെ ഉപയോഗിച്ചത് 30 കോടിയുടെ മുതൽ; തിമിംഗല ഛർദിൽ കേസിൽ മത്സ്യത്തൊഴിലാളിയുടെ നിർണ്ണായക മൊഴി; ആംബർ ഗ്രീസിൽ മൂല്യം തിരിച്ചറിഞ്ഞത് ഇടനിലക്കാർ മാത്രം
തൃശൂർ: ചേറ്റുവയിൽ നിന്നു പിടികൂടിയ ആംബർ ഗ്രിസിൽ അനിശ്ചിതത്വം തുടരുന്നു. സുഗന്ധദ്രവ്യ നിർമ്മാണത്തിനുപയോഗിക്കുന്ന അമൂല്യ അസംസ്‌കൃത വസ്തുവായ ആംബർ ഗ്രിസുമായി പിടിയിലായ പ്രതികളെ ഫ്‌ളയിങ് സ്‌ക്വാഡിൽ നിന്ന് പട്ടിക്കാട് റേഞ്ച് ഓഫിസ് സംഘം വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. 30 കോടി രൂപ വിലമതിക്കുന്ന 19 കിലോ തിമിംഗല ഛർദിലുമായി (ആംബർ ഗ്രിസ്) 3 പേർ വനം വകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡിന്റെ പിടിയിലായിരുന്നു.
ഇത് ലഭിച്ചത് കടലിൽ നിന്നെന്നാണ് പ്രതികളുടെ മൊഴി. മലപ്പുറം സ്വദേശിയായ മത്സ്യത്തൊഴിലാളി കടലിൽ പോയപ്പോൾ തിരയിൽ ഒഴുകി നടന്നിരുന്ന ആംബർ ഗ്രിസ് കാണുകയായിരുന്നെന്നാണ് വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം പിടിയിലായ ഹംസ, റഫീഖ്, ഫൈസൽ എന്നിവർ വനംവകുപ്പിനു മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളെ കുറിച്ച് ആലോചന നടക്കുകയാണ്. സ്വാഭാവികമായി ഇത്തരത്തിൽ ഇത് കിട്ടാറുണ്ട്. സുഗന്ധദ്രവ്യ അസംസ്‌കൃത വസ്തുക്കളിലൊന്നായ തിമിംഗല ഛർദിൽ കേരളത്തിൽ നിന്നു പിടിക്കപ്പെടുന്നത് ആദ്യമായാണ്.
അത്തർ വ്യാപാരിയായ ഹംസയ്‌ക്കൊഴികെ മറ്റുള്ളവർക്കാർക്കും ഇതിന്റെ മൂല്യത്തെക്കുറിച്ച് അറിവില്ലായിരുന്നെന്നും സൂചനയുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വിടാൻ കോടതി അനുവാദം നൽകി. ഗുണ്ടൂരിൽ ആംബർ ഗ്രിസ് വിൽപന സംഘത്തെ കുടുക്കിയ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് ഇതേക്കുറിച്ചു വിവരം ലഭിച്ചതാണ് നിർണായകമായത്. ആംബർ ഗ്രിസിന്റെ വിലയോ നിയമക്കുരുക്കുകളോ അറിയില്ലായിരുന്നു എന്നു റഫീഖും ഫൈസലും മൊഴിനൽകി.
മത്സ്യത്തൊഴിലാളിയിൽ നിന്നു ഹംസയും കൂട്ടരും ആംബർ ഗ്രിസ് വാങ്ങിയത് മനസ്സിലാക്കി വനം വിജിലൻസ് സംഘം ആഴ്ചകളോളം വിലപേശി ഇവരെ കുടുക്കുകയായിരുന്നു. പ്രതികൾക്ക് ആംബർ ഗ്രിസ് കൈമാറിയയാൾ എന്നു സംശയിക്കുന്ന മത്സ്യത്തൊഴിലാളിയെ വനംവകുപ്പ് സംഘം ബന്ധപ്പെട്ടപ്പോൾ ലഭിച്ചത് കൗതുകം നിറഞ്ഞ മറുപടിയായിരുന്നു.
കടലിൽ ഒഴുകി നടക്കുന്ന പരന്ന, ഗന്ധമുള്ള, വിചിത്ര വസ്തു കണ്ടപ്പോൾ വെറുതേ വള്ളത്തിലിട്ടു കൊണ്ടുപോരുകയായിരുന്നത്രെ. കടൽത്തീരത്തു വിശ്രമിക്കുമ്പോൾ 'തലയണ' പോലെ ഉപയോഗിച്ചിരുന്നു എന്നും തൊഴിലാളി മറുപടി നൽകി. ഈ തൊഴിലാളി അടക്കം 2 പേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. മൊഴി അനുസരിച്ചാണെങ്കിൽ ഇവരെ പിടിക്കുന്നത് ശരിയുമല്ല. എങ്കിലും കേസുമായി മുമ്പോട്ടു പോകേണ്ട അവസ്ഥയിലാണ് വനംവകുപ്പ്.
വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക 2ൽ പെടുന്നതാണു തിമിംഗലം എന്നതിനാൽ ഇതു കൈവശപ്പെടുത്തുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണ്. വാങ്ങാനെന്ന വ്യാജേന ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസർ ഭാസി ബാഹുലേയൻ റഫീഖുമായി ഫോണിൽ സംസാരിച്ച പ്പോൾ 30 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇതിനിടെ ഇവർ ചേറ്റുവയിലുണ്ടെന്നു കണ്ടെത്തി പിടികൂടുകയായിരുന്നു.
സ്‌പേം വെയിൽ വിഭാഗത്തിൽപ്പെടുന്ന തിമിംഗലങ്ങൾ അപൂർവമായി പുറം തള്ളുന്ന പദാർഥമാണ് ആംബർ ഗ്രിസ്. ഒഴുകുംസ്വർണം എന്നാണ് അറിയപ്പെടുന്നത്.തിമിംഗലം വിഴുങ്ങുന്ന ജീവികളുടെ എല്ല്,മുള്ള് എന്നിവയിൽ നിന്ന് കുടലിനെ സംരക്ഷിക്കുന്ന ഭാഗമാണിത്. മെഴുക് രൂപത്തിലുള്ള ഈ വസ്തു തിമിംഗലം ഇടയ്ക്ക് പുറംതള്ളും. രൂക്ഷഗന്ധമുള്ള ദ്രവമായി പുറത്തുവരുന്ന ഛർദിൽ പിന്നീടു ഖരരൂപമായി ഒഴുകി നടക്കും.
ഇതിലടങ്ങിയിരിക്കുന്ന ആൽക്കഹോൾ സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിൽ വിലപിടിപ്പുള്ള ഘടകമാണ്. ഒമാൻ തീരം ആമ്പർഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. സ്‌പേം വെയിൽ വിഭാഗത്തിലെ തിമിംഗലങ്ങൾ വംശനാശ ഭീഷണി നേരിടുന്നവയായതിനാൽ ആംബർഗ്രിസ് വിൽപന ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. ചാര നിറത്തിലോ കറുപ്പുനിറത്തിലോ ആണ് ഇത് കാണപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ